ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി സിപിഐയുമായി ഇനി ചർച്ചയില്ലെന്ന പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പരസ്യ നിലപാട് തള്ളി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. മുന്നണിക്കുള്ളിലെ തർക്കങ്ങൾ പരസ്പര കൂടിയാലോചനകളിലൂടെയും സംഭാഷണങ്ങളിലൂടെയും പരിഹരിക്കുമെന്നാണ് ടി.പി. രാമകൃഷ്ണന്റെ പ്രതികരണം.
എൽഡിഎഫ് എന്ന രാഷ്ട്രീയം ഉയർത്തിപ്പിടിക്കാൻ എപ്പോഴും കൂടിയാലോചനകൾ ആവശ്യമാണെന്നും സിപിഎം മാത്രം ഒറ്റയ്ക്ക് തീരുമാനമെടുക്കേണ്ട വിഷയമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണി യോഗം നിശ്ചിത ധാരണകളുടെ അടിസ്ഥാനത്തിൽ ചേർന്ന് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും കൺവീനർ വ്യക്തമാക്കി.
അതേസമയം, പിണറായി വിജയന്റെ ഏകപക്ഷീയമായ നിലപാടിനെതിരെ മുന്നണിയിലെ നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. തർക്കത്തിൽ വിട്ടുവീഴ്ചയ്ക്ക് സിപിഎം തയ്യാറായില്ലെങ്കിൽ കടുത്ത നിലപാടുകളിലേക്ക് കടക്കാനാണ് സിപിഐ തീരുമാനം. പ്രശ്നപരിഹാരത്തിനായി സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ സിപിഎം കേന്ദ്രനേതാവ് എം.എ. ബേബിയുമായി ഉടൻ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. എന്നാൽ, പ്രശ്നം സംസ്ഥാന നേതൃത്വം തന്നെ ചർച്ച ചെയ്ത് പരിഹരിക്കട്ടെ എന്ന മുൻ നിലപാടിലാണ് കേന്ദ്ര നേതൃത്വം നിലവിലുള്ളത്.
Tags : LDFConvenor PinarayiVijayan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash