ദുബായി: അമേരിക്കയും ഇസ്രയേലും ഇറാൻ യുദ്ധത്തിനു തുടക്കമിട്ടിട്ട് ആറുമാസമായി. ആക്രമണം തുടങ്ങിയ ഫെബ്രുവരി 28നു തന്നെ ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ ഗുരുതരമായി പരിക്കേറ്റ മകൻ മുജ്തബ ഖമനയ് ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, ഇതുവരെ അദ്ദേഹം പുറംലോകത്തു പ്രത്യക്ഷപ്പെട്ടിട്ടില്ല.
മുജ്തബ ഖമനയ് എവിടെ, അദ്ദേഹത്തിന്‍റെ അവസ്ഥ എന്ത് തുടങ്ങിയ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നല്കാൻ ഇറാൻ തയാറായിട്ടില്ല. ഭരണ നിയന്ത്രണം മുജ്തബയ്ക്കാണെന്ന് ഇറേനിയൻ നേതൃത്വം പറയുന്നു. സുരക്ഷാ കാരണങ്ങളാലാണത്രേ അദ്ദേഹം വെളിച്ചത്തുവരാത്തത്.
ആക്രമണത്തിൽ മുജ്തബയുടെ മുഖത്തും കൈകാലുകളിലും ഗുരുതരമായി പൊള്ളലേൽക്കുകയും പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. സംസാരശേഷിയെപ്പോലും ഇത് ബാധിച്ചിരിക്കാമെന്നും പറയുന്നു.
ആറുമാസത്തിനിടെ മുജ്തബയുടെ ഫോട്ടോയോ വീഡിയോയോ പുറത്തുവന്നിട്ടില്ല. ശബ്ദസന്ദേശങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. പിതാവ് അലി ഖമനയ്‌യുടെ കഴിഞ്ഞമാസം നടന്ന വിപുലമായ സംസ്കാരച്ചടങ്ങിലും മുജ്തബയുടെ അസാന്നിധ്യം ശ്രദ്ധേയമായി.
എഴുതിത്തയാറാക്കിയ ഏതാനും സന്ദേശങ്ങൾ മാത്രമാണ് മുജ്തബയുടേതായി ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ഇറേനിയൻ മാധ്യമങ്ങൾ ഇത് ഉച്ചത്തിൽ വായിച്ചുകേൾപ്പിക്കാറുണ്ട്.
ഇത്തരം കാര്യങ്ങൾ മുജ്തബയുടെ അവസ്ഥയെക്കുറിച്ചും ഇറേനിയൻ ഭരണത്തിൽ അദ്ദേഹത്തിനുള്ള പങ്കിനെക്കുറിച്ചും വലിയ സംശയങ്ങൾക്കിടയാക്കുന്നു.
മുജ്തബയുമായി ഏഴു മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയെന്ന് ഇറേനിയൻ പ്രസിഡന്‍റ് മസൂദ് പസെഷ്കിയാൻ ഓഗസ്റ്റ് 10ന് പ്രഖ്യാപിച്ചിരുന്നു. മുജ്തബ ഖമനയി മരിച്ചിട്ടില്ലെന്നും എന്നാൽ അദ്ദേഹത്തിന് അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് അടുത്തിടെ പറയുകയുണ്ടായി. പക്ഷേ, മുജ്തബയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാൻ ഇതൊന്നും സഹായകരമായിട്ടില്ല.
Tags : Mojtaba Khamenei Iran Gulf War