Kerala
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ സംഘർഷം. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ പരിക്കേറ്റ എംഎൽഎ ആശുപത്രിയിൽ ചികിത്സതേടി. പ്രാദേശിക കോൺഗ്രസ് നേതാക്കൾ തന്നെ മർദിച്ചെന്നാണ് രമ്യ ഹരിദാസിന്റെ ആരോപണം.
അതേസമയം എംഎൽഎ തന്നെ മർദിച്ചെന്ന ആരോപണവുമായി ജില്ലാ പഞ്ചായത്തംഗം സജിത്ത് രംഗത്തെത്തി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നിരുന്നു. യോഗവുമായി നേരിട്ട് ബന്ധമില്ലാത്ത പാളയം പ്രദീപ് യോഗത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്.
രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ളയാളാണ് പാളയം പ്രദീപ് എന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. വിഷയത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ഫേസ്ബുക്കിലൂടെ വിമർശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി രമ്യ ഹരിദാസും പാളയം പ്രദീപും ഡിസിസി ജനറൽ സെക്രട്ടറിയുടെ വീട്ടിലെത്തിയിരുന്നു.
ഇക്കാര്യമറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തുകയും എംഎൽഎയുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. പിന്നീട് ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെയാണ് സംഘർഷമുണ്ടായത്.
Kerala
തിരുവനന്തപുരം: ഇന്ദിരാ ഗ്യാരന്റി ബസ് യാത്രാ വിവാദത്തിൽ പ്രതികരണവുമായി ചിറയിന്കീഴിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ്. പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ചട്ടങ്ങളെക്കുറിച്ച് യുഡിഎഫിന് വ്യക്തമായ ബോധ്യമുണ്ടെന്നും രമ്യ പറഞ്ഞു. യാത്ര നടത്തിയത് ചിറയിൻകീഴ് മുതൽ കോരാണി വരെയാണ്.
ബസിലുണ്ടായിരുന്നത് മഹിളാ കോൺഗ്രസ് പ്രവർത്തകർ മാത്രമായിരുന്നു. ഇന്ദിരാ ഗ്യാരന്റി ബസ് ആരും തടഞ്ഞിട്ടില്ല. വിവാദങ്ങൾക്ക് പിന്നിൽ പദ്ധതിയോടുള്ള അസഹിഷ്ണുതയാണ്. പദ്ധതിയെ കേരളം ഏറ്റെടുത്തതിന്റെ തെളിവാണ് വാർത്തകളെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ അറിഞ്ഞിട്ടില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.
രമ്യാ ഹരിദാസിന്റെ നേതൃത്വത്തില് സൗജ്യ ബസ് യാത്ര നടത്തിയ സംഭവത്തിൽ എല്ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ജില്ലാ കളക്ടറോട് റിപ്പോര്ട്ട് തേടിയിരുന്നു.
District News
തിരുവനന്തപുരം: ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി രമ്യാ ഹരിദാസിനെ പ്രഖ്യാപിച്ചതോടെ ഈ മണ്ഡലത്തിൽ യുഡിഎഫ്-എൽഡിഎഫ് പോരാട്ടം ശക്തമാകും.
എൽഡിഎഫിൽ സിപിഐ ആണ് ഇവിടെ മത്സരിക്കുന്നത്. മനോജ് ബി. ഇടമനയെ ഇവിടെ സ്ഥാനാർഥിയായി നേരത്തെ തന്നെ സിപിഐ പ്രഖ്യാപിച്ചിരുന്നു. രമ്യ ഹരിദാസിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ ഇനിയുള്ള ദിവസങ്ങളിൽ പ്രചാരണചൂടേറും. എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനമാണ് ഇനി വരാനുള്ളത്. ഇന്നോ നാളെയോ ആയി എൻഡിഎയുടെ ചിറയിൻകീഴ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതോടെ പോരാട്ടചിത്രം പൂർണമാകും.
ജില്ലയിൽ വട്ടിയൂർകാവ്, ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് മൂന്നു മുന്നണികളുടേയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. വട്ടിയൂർകാവിൽ കെ. മുരളീധരന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ ഈ മണ്ഡലത്തിലെ മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളായി. യുഡിഎഫിൽ നിന്നും കെ. മുരളീധരൻ, എൽഡിഎഫിൽനിന്നും വി.കെ പ്രശാന്ത്, എൻഡിഎയിൽ നിന്നും ആർ. ശ്രീലേഖ എന്നിവരുടെ സ്ഥാ നാർഥിത്വം പ്രഖ്യാപിച്ചതോടെ മൂന്നു മുന്നണികളും പ്രചാരണം സജീവമാക്കി.
ആറ്റിങ്ങൽ മണ്ഡലത്തിലും മൂന്നു മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യുഡിഎഫിൽ ആർഎസ്പിക്ക് അനുവദിച്ച ഈ സീറ്റിൽ സന്തോഷ് ഭദ്രനാണ് സ്ഥാനാർഥി. ഇടതു മുന്നണിക്കായി സിറ്റിംഗ് എംഎൽഎ ഒ.എസ്. അംബിക മത്സരത്തിനിറങ്ങുന്പോൾ അഡ്വ. പി. സുധീറാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി.
Kerala
തിരുവനന്തപുരം: രമ്യ ഹരിദാസിന്റെ സ്ഥാനാര്ത്ഥിത്വവുമായി ബന്ധപ്പെട്ട് ചിറയിന്കീഴ് കോണ്ഗ്രസില് പൊട്ടിത്തെറി. കഠിനംകുളം പഞ്ചായത്ത് ഓഫീസിനു സമീപത്തു നടത്തിയ പ്രതിഷേധത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും രമ്യ ഹരിദാസിന്റെയും കോലം കത്തിച്ചു.
രമ്യയെ ചിറയിന്കീഴില് മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ നേരത്തെയും പ്രതിഷേധം ഉയര്ന്നിരുന്നു. കോഴിക്കോട് ജില്ലക്കാരിയായ രമ്യയെ ചിറയിന്കീഴ് കെട്ടിയിറക്കാന് ശ്രമിക്കുന്നുവെന്നായിരുന്നു വിമര്ശനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കള് എഐസിസി നേതൃത്വത്തിന് പരാതി നല്കിയിരുന്നു.
അടൂര് പ്രകാശ് തിരുവനന്തപുരത്തെ പ്രവര്ത്തകരുടെ വികാരം വ്രണപ്പെടുത്തുകയാണെന്നും രമ്യ ഭയന്നോടിയാണ് തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നും ഇവര് പരാതിയില് ആരോപിച്ചിരുന്നു. ഗ്രൗണ്ടില് ഇറങ്ങി പ്രവര്ത്തിക്കാതെ പാട്ടുംപാടി കറങ്ങി നടന്ന് തോറ്റയാളാണ് രമ്യാ ഹരിദാസ് എന്നും പരാതിയില് പറയുന്നു.
NRI
ലണ്ടൻ: ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കി. "പടയൊരുക്കം - മാറ്റത്തിനായി കൈകോർക്കാം' എന്ന തലക്കെട്ടിൽ ഒരുക്കിയ അതിവിപുലമായ സോഷ്യൽ മീഡിയ ക്യാമ്പയിനിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഐഒസി - കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
എല്ലാ നിയോജക മണ്ഡലങ്ങളിലേയും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സർവസജ്ജമായ വാർ റൂം പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. ഐഒസി യുകെ നാഷണൽ പ്രസിഡന്റ് കമൽ ദാലിവാൾ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
കെപിസിസി വൈസ് പ്രസിഡന്റും മുൻ എംപിയുമായ രമ്യ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. മാറ്റം സാധ്യമാക്കാൻ കൂട്ടായ്മയും ആശയദൃഢതയും ജനകീയ പ്രചാരണവും അനിവാര്യമാണെന്ന് രമ്യ ഹരിദാസ് പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങൾക്കും പുരോഗമന രാഷ്ട്രീയത്തിനും പ്രവാസി മലയാളികൾ തുടരുന്ന പിന്തുണയ്ക്കും അവർ നന്ദി രേഖപ്പെടുത്തി. ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് സ്വാഗതം ആശംസിക്കുകയും പ്രചാരണ പ്രവർത്തനങ്ങങ്ങളും രീതികളും വിശദീകരിക്കുകയും ചെയ്തു.
പരിപാടിയുടെ കോഓർഡിനേറ്ററും ഐഒസി യുകെ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയുമായ റോമി കുര്യാക്കോസ് ആമുഖ പ്രസംഗം നടത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. ഷോബിൻ സാം നന്ദി രേഖപ്പെടുത്തി.
വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഐഒസി നേതാക്കന്മാരായ ജോർജ് എബ്രഹാം (വൈസ് ചെയർമാൻ - ഐഒസി യുഎസ്), അനുരാ മത്തായി (ഐഒസി ഗ്ലോബൽ കോഓർഡിനേറ്റർ), സിരോഷ് ജോർജ് (വൈസ് - പ്രസിഡന്റ്, ഐഒസി യൂറോപ്പ്), ജോയ് കൊച്ചാട്ട് (പ്രസിഡന്റ്, ഐഒസി സ്വിറ്റ്സർലൻഡ്), ലിങ്ക്വിൻസ്റ്റർ മാത്യു (പ്രസിഡന്റ്, ഐഒസി അയർലൻഡ്), ടോമി തോണ്ടാംകുഴി (പ്രസിഡന്റ്, ഐഒസി സ്വിറ്റ്സർലൻഡ് - കേരള ചാപ്റ്റർ), സണ്ണി ജോസഫ് (പ്രസിഡന്റ്, ഐഒസി ജർമനി - കേരള ചാപ്റ്റർ), ജിൻസ് തോമസ് (പ്രസിഡന്റ്, ഐഒസി പോളണ്ട്), ഗോകുൽ ആദിത്യൻ (ജനറൽ സെക്രട്ടറി ഐഒസി പോളണ്ട്) എന്നിവർ പങ്കെടുത്തു.
ഐഓസി യുകെ കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ജോയിന്റ് ട്രഷറര് മണികണ്ഠൻ ഐക്കാട്, സെക്രട്ടറി ബോബിൻ ഫിലിപ്പ്, മിഡ്ലാൻഡ്സ് ഏരിയ യൂണിറ്റ് പ്രസിഡന്റുമാരായ കെ. മിഥുൻ, റോയ് ജോസഫ്, പീറ്റർ പൈനാടത്ത്, ഡോ. ജോബിൻ സെബാസ്റ്റ്യൻ, ബിബിൻ കാലായിൽ, ബിബിൻ രാജ്, ജോർജ് ജോൺ, ജിബ്സൺ ജോർജ്, അരുൺ ഫിലിപ്പോസ്, ജിബീഷ് തങ്കച്ചൻ, ജോഷി ജോസഫ്, കേരള ചാപ്റ്ററിലെ മറ്റു നേതാക്കൾ, പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്ക് പുറമെ 140 നിയോജക മണ്ഡലങ്ങളിലും യുഡിഫ് സംഘടനാ സംവിദാനങ്ങളോടൊപ്പം ചേർന്ന് നിന്നുകൊണ്ട് ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിലുള്ള കർമ്മസേന അംഗങ്ങൾ താഴെത്തട്ട് മുതൽ പ്രചരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും.
പ്രവാസി കുടുംബങ്ങളുടെ വോട്ട് യുഡിഎഫിന് അനുകൂലമായി ഉറപ്പിക്കുന്നതിനും വിശദമായ പദ്ധതികൾ ആസൂത്രം ചെയ്തിട്ടുണ്ട്. പോസ്റ്റർ കാമ്പയിൻ, ലഘുലേഖ വിതരണം, വാഹന പ്രചരണം, ഗൃഹ സന്ദർശനം തുടങ്ങി യുഡിഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കുന്നതിന് വേണ്ടി സാധ്യമായ എല്ലാ പ്രചാരണ പ്രവർത്തനങ്ങളിലും ഐഒസി കർമസേന അംഗങ്ങൾ ഭാഗമാകും.
മിഡ്ലാൻഡ്സ് ഏരിയ നേതൃത്വം നൽകുന്ന കാമ്പയിൻ യുഡിഫ് പ്രവർത്തകരെ ഉണർത്തുകയും വാർ റൂമും ക്രമബദ്ധമായ സോഷ്യൽ മീഡിയ തന്ത്രങ്ങളും വഴി പ്രചാരണ വ്യാപ്തി വർധിപ്പിക്കുമെന്ന ആത്മവിശ്വാസവും പരിപാടിയിൽ പങ്കെടുത്തവർ പ്രകടിപ്പിച്ചു.
Kerala
പാലക്കാട്: ആലത്തൂര് മുന് എംപിയും കോണ്ഗ്രസ് നേതാവുമായ രമ്യ ഹരിദാസിന് ദേശീയ രാഷ്ട്രീയത്തില് പുതിയ ഉത്തരവാദിത്തം. യൂത്ത് കോണ്ഗ്രസിന്റെ ദേശീയ അച്ചടക്ക സമിതി അംഗമായി രമ്യയെ നിയമിച്ചു.
ദേശീയ അധ്യക്ഷന് നേരിട്ട് ഫോണില് വിളിച്ചാണ് നിയമന വിവരം അറിയിച്ചതെന്ന് രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു.
എപ്പോഴും പറയാറുള്ളത് പോലെ ഒരു കുഗ്രാമത്തിൽ പിന്നോക്ക വിഭാഗത്തിൽ ജനിച്ച എനിക്ക് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ അവസരം നൽകിയതും ഒരുപാട് മഹാരഥന്മാരായ നേതാക്കളുടെ കൂടെ പ്രവർത്തിക്കാനും അവർ ഇരുന്നിരുന്ന സ്ഥാനങ്ങളിൽ പ്രവർത്തിക്കാനും അവസരം നൽകിയത് എന്റെ പ്രസ്ഥാനമാണ്. ഈ ഉത്തരവാദിത്വം എന്നെ ഏൽപ്പിക്കാൻ തയാറായ നേതാക്കൾക്ക് നന്ദിയെന്നും രമ്യ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ല പിടിക്കാൻ തലപ്പൊക്കമുള്ള മുതിർന്ന നേതാക്കളെയും യുവനിരയെയും ഒരേ സമയം കളത്തിലിറക്കാൻ കോണ്ഗ്രസും യുഡിഎഫും. കെപിസിസി മുൻ പ്രസിഡന്റുമാരും മുൻ മന്ത്രിമാരും ഘടകകക്ഷി നേതാവും അടക്കമുള്ള പ്രമുഖരുടെ പേരുകളാണ് തിരുവനന്തപുരം ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ പറഞ്ഞു കേൾക്കുന്നത്.
ജില്ലയിലെ 14 മണ്ഡലങ്ങളിൽ കോവളം മാത്രമാണ് നിലവിൽ യുഡിഎഫിന് ഒപ്പമുള്ളത്. 13 ഇടത്തും ഇടതുമുന്നണിക്കായിരുന്നു 2021ൽ വിജയം. തിരുവനന്തപുരം ജില്ലയിലെ ഭൂരിഭാഗം സീറ്റും പിടിച്ചാൽ മാത്രമേ സംസ്ഥാനത്ത് അധികാരത്തിൽ എത്താൻ കഴിയുകയുള്ളു വെന്നാണ് പറയപ്പെടുന്നത്. ഇതു മുന്നിൽ കണ്ടാണ് കെപിസിസി മുൻ പ്രസിന്റുമാരായ കെ. മുരളീധരനും എം.എം. ഹസനും വിവിധ മണ്ഡലങ്ങളിൽ സ്ഥാനം പിടിച്ചത്. മത്സരിക്കാൻ ഇല്ലെന്ന് അറിയിച്ചെങ്കിലും വി.എം. സുധീരന്റെ പേരും കഴക്കൂട്ടം മണ്ഡലത്തിലേക്ക് സജീവമായി പറഞ്ഞു കേൾക്കുന്നു. യൂത്ത് കോണ്ഗ്രസ് നേതാവായ ജെ.എസ്. അഖിലാണ് ഇവിടെ സജീവമായി രംഗത്തുള്ളത്.
എന്നാൽ, ത്രികോണ പോരാട്ടത്തിനു വേദിയായ നേമത്തേക്ക് കോണ്ഗ്രസ് പ്രവർത്തകസമിതി അംഗവും എംപിയുമായ ശശി തരൂരിന്റെ പേര് വ്യാപകമായി പ്രചരിച്ചിരുന്നു. മത്സരരംഗത്തേക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. തരൂർ ഇല്ലെങ്കിൽ മറ്റൊരു പ്രമുഖനെ ഇവിടെയെത്തിക്കാനാണ് നീക്കം.
നഗരമണ്ഡലമായ തിരുവനന്തപുരത്ത് പ്രധാന ഘടകകക്ഷിയായ സിഎംപിയുടെ ജനറൽ സെക്രട്ടറി സി.പി. ജോണിന്റെ പേരിനാണ് ഏറെ നാളായി മുൻതൂക്കമുള്ളത്.
കോണ്ഗ്രസിന്റെ മണ്ഡലം സിഎംപിക്ക് കൈമാറിയില്ലെങ്കിൽ കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ, മുൻ എംഎൽഎയും കോണ്ഗ്രസ് കോർപറേഷൻ മേയർ സ്ഥാനാർഥിയായി മത്സരിപ്പിച്ച കെ.എസ്. ശബരീനാഥനും കഴിഞ്ഞ തവണ കഴക്കൂട്ടത്തു പരാജയപ്പെട്ട ഡോ.എസ്.എസ്. ലാലും പരിഗണനാ പട്ടികയിലുണ്ട്.
വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെ പേരിനാണ് മുൻതൂക്കം. സിപിഎമ്മിലെ വി.കെ. പ്രശാന്തിനെ പരാജയപ്പെടുത്താൻ മുൻ എംഎൽഎ കൂടിയായ കെ. മുരളീധരനു മാത്രമേ കഴിയൂ എന്നാണ് വിവിധ റിപ്പോർട്ടുകൾ. ഏറെനാളായി വട്ടിയൂർക്കാവ് മണ്ഡലത്തിൽ സജീവമാണ് മുരളീധരൻ. അദ്ദേഹം മറ്റേതെങ്കിലും മണ്ഡലത്തിലേക്കു മാറിയാൽ കെ.എസ്. ശബരീനാഥനോ, മുൻപ് ഇവിടെ മത്സരിച്ചിട്ടുള്ള യൂത്ത് കോണ്ഗ്രസ് നേതാവ് വീണ് എസ്. നായരോ സ്ഥാനാർഥിയാകും.
വോട്ടർപട്ടികയിൽനിന്നു സിപിഎമ്മുകാർ വെട്ടിയതിനെത്തുടർന്ന് ഏറെ വാർത്താപ്രാധാന്യം നേടി കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ച വൈഷ്ണ സുരേഷിനെയും പരിഗണിക്കുന്നുണ്ട്.
അരുവിക്കരയിലേക്ക് എം.എം. ഹസൻ
അരുവിക്കര നിയോജകമണ്ഡലം തിരിച്ചുപിടിക്കാൻ കെപിസിസി മുൻ പ്രസിഡന്റും യുഡിഎഫ് മുൻ കണ്വീനറുമായ എം.എം. ഹസന്റെ പേരാണ് സജീവമായുള്ളത്. വീണാ എസ്. നായർ, തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ യുവനേതാക്കളായ സുധീർ ഷാ പാലോട്, ഗോപു നെയ്യാർ എന്നിവരും പരിഗണനാ പട്ടികയിലുണ്ട്.
ആറ്റിങ്ങലിൽ പന്തളം സുധാകരൻ വന്നേക്കും
ആർഎസ്പിയിൽ നിന്ന് ആറ്റിങ്ങൽ കോണ്ഗ്രസ് ഏറ്റെടുത്താൽ ഇവിടെ മുൻമന്ത്രി പന്തളം സുധാകരൻ മത്സര രംഗത്തു വന്നേക്കും. ഇതോടെ ഇടതുമുന്നണിയുടെ കുത്തകയായി കണക്കാക്കപ്പെടുന്ന ആറ്റിങ്ങലിൽ കടുത്ത മത്സരം വരും. സംവരണ മണ്ഡലമായ ആറ്റിങ്ങലിനു പകരം വാമനപുരമോ അരുവിക്കരയോ നൽകണമെന്നാണ് ആർഎസ്പിയുടെ ആവശ്യം. അങ്ങനെ വന്നാൽ, ലഭിക്കുന്ന സീറ്റിൽ ആർഎസ്പിയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ.എസ്. സനൽകുമാറാകും സ്ഥാനാർഥി.
കോവളത്ത് സിറ്റിംഗ് എംഎൽഎ എം. വിൻസന്റ് തന്നെയാകും മത്സര രംഗത്ത്. നെടുമങ്ങാട് മണ്ഡലത്തിൽ ബി.ആർ.എം. ഷെഫീർ, പാലോട് രവി, രമണി.പി. നായർ, സുധീർഷാ പാലോട് തുടങ്ങിയവരുമുണ്ട്. വാമനപുരത്ത് ആനാട് ജയനും പാലോട് രവിയുമാണ് പരിഗണനാ പട്ടികയിൽ.
പാറശാലയിൽ മുൻമന്ത്രി വി.എസ്. ശിവകുമാറിന്റെ പേരാണ് പരിഗണനയിൽ. നെയ്യാറ്റിൻകരയിൽ മുൻ സ്പീക്കർ എൻ. ശക്തൻ, നെയ്യാറ്റിൻകര സനൽ, സി.ആർ. പ്രാണകുമാർ തുടങ്ങിയവരും പരിഗണനാ പട്ടികയിലുണ്ട്.
ചിറയിൻകീഴിലേക്ക് രമ്യാ ഹരിദാസ് എത്തുമോ?
മറ്റൊരു സംവരണ മണ്ഡലമായ ചിറയിൻകീഴിലേക്ക് ആലത്തൂർ മുൻ എംപിയായ രമ്യാ ഹരിദാസ് എത്തുമെന്ന പ്രചാരണം സജീവമാണ്. ഇവരെ ഇവിടെയെത്തിക്കാൻ ചില മുതിർന്ന നേതാക്കൾ സജീവമായി രംഗത്തുണ്ട്. രമ്യാ ഹരിദാസ് എത്തിയില്ലെങ്കിൽ കഴിഞ്ഞ തവണ മത്സരിച്ച ബി.എസ്. അനൂപാണ് പ്രധാന പരിഗണനയിലുള്ള മറ്റൊരാൾ.