Kerala
തിരുവനന്തപുരം: ശബരിമല കൊടിമര പുനർനിർമാണത്തിനു ശേഷം ബാക്കി വന്ന 29 പവനോളം സ്വർണവുമായി ബന്ധപ്പെട്ട കണക്ക് ദേവസ്വം ബോർഡിന്റെ കൈവശമില്ലെന്ന് വിജിലൻസ് കണ്ടെത്തൽ.
ഇതു സംബന്ധിച്ച ഫയലുകൾ ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്നു കണ്ടെത്തിയെങ്കിലും ബാക്കി വന്ന സ്വർണവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. സ്വർണക്കൊടിമര നിർമാണവുമായി ബന്ധപ്പെട്ട ആദ്യ ക്രമക്കേടാണ് വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.
കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി 9.57 കിലോ സ്വർണമാണ് ദേവസ്വം ബോർഡ് സ്പോണ്സർഷിപ്പുകളിലൂടെ അടക്കം കണ്ടെത്തിയത്. ഇതിൽ 9.34 കിലോ സ്വർണം കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി വേണ്ടിവന്നു. ബാക്കി വന്ന 29 പവൻ സ്വർണത്തിന്റെ കണക്കുകളാണ് ദേവസ്വം ബോർഡിന്റെ കൈവശമില്ലാത്തത്.
കൊടിമര നിർമാണത്തിനുശേഷം 29 പവൻ സ്വർണം ബാക്കി വന്നിരുന്നതായി ദേവസ്വം ബോർഡ് നേരത്തേ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ദേവസ്വം ഓഫീസിലെ കൂടുതൽ രേഖകളും കണ്ടെടുത്തു.
ശബരിമലയിലെ കൊടിമര പുനർനിർമാണം നടത്തിയ അനന്തൻ ആചാരിയിൽനിന്ന് വിജിലൻസ് മൊഴിയെടുത്തു. ചെന്പ് ഉപയോഗിച്ചുള്ള നിർമാണപ്രവൃത്തികളാണു പ്രധാനമായി ചെയ്തതെന്ന് അനന്തൻ ആചാരി മൊഴി നൽകി.
തിരുവാഭരണം കമ്മീഷണർ ഓഫീസിലെ സൂപ്രണ്ടിന്റെയും മൊഴി വിജിലൻസ് ശേഖരിച്ചു. സന്നിധാനത്തെത്തി കൊടിമരം അടക്കമുള്ളവയുടെ വിവരങ്ങളും ശേഖരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ വിജിലൻസ് പ്രത്യേക അന്വേഷണ സംഘം.
2017ൽ നടന്ന കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയവരിൽ നിന്നെല്ലാം മൊഴിയെടുക്കും. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള മുപ്പതോളം പേരുടെ വിവരങ്ങളാണ് വിജിലൻസ് പ്രത്യേക അന്വേഷണ സംഘം തേടിയിട്ടുള്ളത്.
ഇവരിൽ നിന്നു പണം സ്വീകരിച്ച ശേഷം രസീത് നൽകിയിട്ടില്ലെന്ന ആരോപണവും ഉയർന്നിരുന്നു. ഇവരിൽ പലരും സ്വർണപ്പാളികൾ ഒട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ ഇവരിൽ നിന്നെല്ലാം മൊഴി ശേഖരിക്കും.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് എസ്ഐടിക്ക് വിജിലൻസ് കത്ത് നൽകി.
Kerala
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്നതിനുള്ള വിജിലൻസ് സംഘത്തെ ഇന്ന് തീരുമാനിക്കും. വിജിലൻസ് മേധാവിയുടെ മേൽനോട്ടത്തിൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക.
നിലവിൽ സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റയും ദേവസ്വം വിജിലൻസിന്റെയും കൈയിലാണ് സ്വർണക്കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട രേഖകളുള്ളത്. ഇത് വിജിലൻസ് സംഘം പരിശോധിക്കും.
2017ൽ കൊടിമര പുനർനിർമാണത്തിന് ശേഖരിച്ച സ്വർണത്തിന്റെ കാര്യത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ഹൈക്കോടതി തിങ്കളാഴ്ച വിജിലൻസിന് നിർദേശം നൽകിയിരുന്നു. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കും.
കൊല്ലം വിജിലൻസ് കോടതിയിൽ ഇന്നലെ പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായിരുന്നു. കട്ടിളപ്പാളി, ദ്വാരപാലക കേസുകളിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വാദം തുടരുന്നത്.
District News
ചേർത്തല: ചേർത്തല ചെങ്ങണ്ട വളവ് മുതൽ കാളികുളം ജംഗ്ഷൻ വരെയും വാരനാട് ക്ഷേത്രംവഴി ചേർത്തല തണ്ണീർമുക്കം റോഡിലെ വാരനാട് ജംഗ്ഷൻ വരെയുമുള്ള റോഡ് പുനർനിർമാണം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ നിർദേശപ്രകാരം ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒമ്പതുകോടി രൂപ ഉപയോഗിച്ചാണ് പുനർനിർമാണം നടത്തുന്നത്.
ചെങ്ങണ്ട വളവു മുതൽ കാളികുളം ജംഗ്ഷൻ വരെയുള്ള 2.18 കിലോമീറ്ററും വാരനാട് ക്ഷേത്രംവഴി വാരനാട് ജംഗ്ഷൻ വരെയുള്ള 2.1 കിലോമീറ്ററും ഉൾപ്പെടെ 4.28 കിലോമീറ്റർ റോഡ് ആണ് ബിഎംബിസി നിലവാരത്തിൽ പുനർ നിർമിക്കുന്നത്. കലുങ്ക് പുനർനിർമാണം, വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ ഓട നിർമാണം, ആവശ്യമായ സ്ഥലങ്ങളിൽ കരിങ്കൽ സംരക്ഷണഭിത്തി, ലഭ്യതയുള്ള സ്ഥലങ്ങളിൽ റോഡിന്റെ ഇരുവശത്തും ഇന്റർലോക്ക്കട്ട പാകൽ, റോഡ് മാർക്കിംഗ്, റോഡ് സുരക്ഷാ പ്രവൃത്തികൾ എന്നിവയും നിർമാണത്തിന്റെ ഭാഗമാണ്.
റോഡ് നിർമാണം പൂർത്തിയാകുന്നതോടെ ചേർത്തലയുടെ വടക്ക്- കിഴക്കൻ മേഖലയിലൂടെ വരുന്നവർക്ക് നഗരത്തിൽ പ്രവേശിക്കാതെ കോട്ടയം, ആലപ്പുഴ ഭാഗത്തേക്ക് പോകാൻ സാധിക്കും.
വാരനാട് ജംഗ്ഷനിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസന്നൻ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം വിജയശ്രീ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി. ശശികല, ഹരിഹരപ്പണിക്കർ, പഞ്ചായത്ത് അംഗങ്ങളായ പ്രവീൺ ജി. പണിക്കർ, വൃന്ദ സുനിൽ, പി. ജയേഷ്, പൊതുമരാമത്ത് അസിസ്റ്റന്റ് എന്ജിനിയർ ചിത്ര, എം.ഇ. സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ആലപ്പുഴ : ജില്ലാക്കോടതി പാലം പുനർനിർമാണ പദ്ധതിയിൽ ഫ്ലൈ ഓവറിന്റെ പണി തുടങ്ങി. ആകെയുള്ള 168 പൈലിംഗ് പ്രവൃത്തികളിൽ 97 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി.
വാടത്തോടിന്റെ വടക്കേക്കരയിൽ പുന്നമട ഭാഗത്തേക്കുള്ള റോഡിൽ തോടിന്റെ തീരത്താണ് ഫ്ലൈ ഓവർ നിർമാണം തുടങ്ങിയത്. ഫ്ലൈ ഓവറിന്റെ താഴെ കിഴക്കുപടിഞ്ഞാറായി റോഡിന്റെയും റൗണ്ട് എബൗട്ട് മാതൃകയിലുള്ള പാലത്തിൽ നിന്നു പുന്നമട ഭാഗത്തേക്ക് പോകാനുള്ള റാംപ് റോഡിന്റെയും റാംപ് റോഡിനോട് ചേർന്ന് ഓടയുടെയും നിർമാണം പുരോഗമിക്കുന്നു.
വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനാണു റൗണ്ട് എബൗട്ട് മാതൃകയിൽ പാലം നിർമിക്കുന്നത്. തോടിന്റെ ഇരു കരകളിലും നാല് വശങ്ങളിലേക്കു ഫ്ലൈ ഓവറുകൾ നിർമിക്കും. അടിപ്പാതയും, റാംപ് റോഡുകളും പാലവും ഉൾപ്പെടെ 600 മീറ്റർ നീളം ഉണ്ടായിരിക്കും. പ്രധാന പാലത്തിനു മാത്രം 90 മീറ്റർ നീളവും 60 മീറ്റർ വീതിയുമുണ്ട്.
International
ഗാസ പുനര്നിര്മാണം: 20,000 സൈനികരെ പാക്കിസ്ഥാന് ഗാസയിലേക്ക് അയയ്ക്കും
ഇസ്ലാമാബാദ്: യുദ്ധാന്തര ഗാസയുടെ പുനര്നിര്മാണവുമായി ബന്ധപ്പെട്ട് ഇസ്രയേലിനും പലസ്തീനുമിടയില് സംരക്ഷണ സേനയെ പോലെ പാകിസ്ഥാന് സൈനികര് പ്രവര്ത്തിക്കും. ഇതിന്റെ ഭാഗമായി ഗാസയിലേക്ക് 20,000 സൈനികരെ പാക്കിസ്ഥാന് അയയ്ക്കും.
പ്രത്യുപകരമായി പാക്കിസ്ഥാന് വലിയ സാമ്പത്തിക പാക്കേജുകളും വായ്പകളും ലഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേല് ചാര സംഘടനയായ മൊസാദിന്റേയും യുഎസ് സീക്രട്ട് സര്വീസായ സിഐഎയുടേയും ഉന്നത ഉദ്യോഗസഥരും പാക് കരസേനാ മേധാവി അസിം മുനീറുമായി ഈജിപ്തില് നടന്ന രഹസ്യ ചര്ച്ചയ്ക്ക് പിന്നാലെയാണ് നീക്കം.
ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകാത്ത ഒരു നിഷ്പക്ഷ സൈനിക സേനയെയാണ് യുദ്ധാനന്തരം ഗാസയിൽ വിന്യസിക്കാൻ സാധ്യത. ഈ പശ്ചാത്തലത്തിലാണ് ഇസ്രയേലുമായി ഒരു തരത്തിലുള്ള നയതന്ത്ര ബന്ധവും ഇല്ലാത്ത പാകിസ്ഥാന്റെ 20,000 സൈനികരെ വിന്യസിക്കാനുള്ള നീക്കം ശ്രദ്ധേയമാകുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരാനുണ്ടെങ്കിലും ഗാസയിലെ ഭാവി നിർണയിക്കുന്നതിൽ ഈ നീക്കം നിർണായക പങ്ക് വഹിച്ചേക്കാം.