1977ൽ ഇടതുമുന്നണി തകർപ്പൻ ജയം നേടിയപ്പോഴും, 2011ൽ സിപിഎമ്മിനെ തൃണമൂൽ കോൺഗ്രസ് നിലംപരിശാക്കിയപ്പോഴും വലിയ ആഘോഷങ്ങളായിരുന്നു സംസ്ഥാനത്തുണ്ടായത്. എന്നാലിന്ന് ബിജെപി വൻ വിജയം നേടിയപ്പോൾ ആഘോഷത്തിന്റെ അന്തരീക്ഷമല്ല, കരുതലിന്റെ മൂഡ് ആണെന്നാണ് റിപ്പോർട്ടുകൾ.
അതെന്തായാലും, തെരഞ്ഞെടുപ്പിനു ശേഷം വ്യാപകമായ അക്രമങ്ങളാണ് ബംഗാളിലുണ്ടായത്. തെരഞ്ഞെടുപ്പുകൾക്കുശേഷം അക്രമങ്ങൾ ഉണ്ടാകുന്നത് ബംഗാൾ രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായുള്ള വലിയ പ്രശ്നമാണ്. തൃണമൂൽ കോൺഗ്രസിന്റെ നിരവധി പാർട്ടി ഓഫീസുകൾ തകർക്കുകയും തീയിടുകയും ചെയ്തു. ഫലം വന്ന് ദിവസങ്ങൾക്കകം ഒരു മുതിർന്ന ബിജെപി നേതാവ് തെരുവിൽ വെടിയേറ്റ് മരിച്ചു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ശത്രുതയും തെരുവുയുദ്ധങ്ങളും കൂടുതൽ രൂക്ഷമായി.
►സാംസ്കാരിക പുനഃസംഘടന◄
ചരിത്രപരമായ സ്മരണകളെ തന്ത്രപരമായ രീതിയിൽ പുനർവ്യാഖ്യാനം ചെയ്യുക എന്നതാണ് സാംസ്കാരിക പുനർനിർമാണത്തിനുള്ള പ്രധാന വഴികളിലൊന്ന്. പ്രാദേശിക പ്രതീകങ്ങളെയും പരിഷ്കർത്താക്കളെയും സാംസ്കാരിക നായകന്മാരെയും തങ്ങളുടെ അജൻഡകൾക്കനുസൃതമായി ഭൂതകാലവുമായി കൂട്ടിച്ചേർത്ത് അവതരിപ്പിക്കുകയാണ് ചെയ്യുക. രബീന്ദ്രനാഥ ടാഗോർ, സ്വാമി വിവേകാനന്ദൻ, നേതാജി സുഭാഷ് ചന്ദ്രബോസ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ എന്നിവരൊക്കെ ബംഗാളിന്റെ ചരിത്രപുരുഷന്മാരാണ്. എന്നാൽ അവരുടെ ചിത്രം കാലത്തിനും അജൻഡകൾക്കുമൊപ്പം മാറിവരുന്നുണ്ട്. ഒരു ചരിത്രപുരുഷനുതന്നെ ഒന്നിലധികം വ്യാഖ്യാനങ്ങളുണ്ടാകുന്നു എന്നു ചുരുക്കം.
►മതപരമായ പ്രതീകങ്ങൾ◄
മുൻകാലങ്ങളിൽ, പശ്ചിമബംഗാളിൽ ശക്തമായ ഒരു മതേതര ചിന്താധാര നിലനിന്നിരുന്നു. അത് സംസ്ഥാനത്തിന്റെ രാഷ്ട്രീയ സംസ്കാരത്തെ സ്വാധീനിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആധുനിക കാലഘട്ടത്തിൽ, മതപരമായ ദൃശ്യങ്ങൾക്കും പരസ്യമായ അനുഷ്ഠാനങ്ങൾക്കും കൂടുതൽ രാഷ്ട്രീയ പ്രാധാന്യം വന്നിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ഉത്സവമായ ദുർഗാ പൂജ ഈ മാറ്റത്തിന്റെ വ്യക്തമായ ഉദാഹരണമാണ്. മുമ്പ് ഒരു പ്രാദേശിക കൂട്ടായ്മയുടെ അടിസ്ഥാനത്തിലുള്ള മത-സാംസ്കാരിക ചടങ്ങായിരുന്നെങ്കിൽ ഇപ്പോൾ രാഷ്ട്രീയ ആശയവിനിമയത്തിന്റെയും ജനശ്രദ്ധ ആകർഷിക്കുന്നതിന്റെയും വേദിയായി മാറിയിരിക്കുന്നു. ഇത് കേവലം ആരാധനാപരമായ ഒരു ചടങ്ങ് എന്നതിലുപരി കൂട്ടായ അഭിമാനത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു.
മറ്റൊന്ന് പരസ്പരം കീഴടക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന രണ്ടു കാഴ്ചപ്പാടുകളാണ്. ഹിന്ദുക്കൾ, മുസ്ലിംകൾ, ക്രൈസ്തവർ തുടങ്ങിയവരുടെ സഹവർത്തിത്വത്തിന്റെ കഥയിലൂടെ ബംഗാളിന്റെ മതസൗഹാർദത്തെ ഒരു വിഭാഗം മുന്നോട്ടു വയ്ക്കുന്നു. മറുവശത്താകട്ടെ, ബംഗാളി സ്വത്വത്തെ വിശാലമായ ഹൈന്ദവ നാഗരിക പശ്ചാത്തലത്തിൽ പ്രതിഷ്ഠിക്കുകയും പ്രാദേശിക അഭിമാനത്തെ ദേശീയ ഹൈന്ദവ ഭൂരിപക്ഷവാദവുമായി ചേർത്തുവയ്ക്കുകയും ചെയ്യുന്നു. ചരിത്രപുരുഷന്മാർ, ഭാഷാഭിമാനം, മതപരമായ ഉത്സവങ്ങൾ, പൊതു സ്മാരകങ്ങൾ എന്നിവ കേവലം പൈതൃകത്തെ ആദരിക്കാൻ മാത്രമല്ല ഇപ്പോൾ ഉപയോഗിക്കുന്നത്. മറിച്ച്, സമകാലിക രാഷ്ട്രീയ അധികാരം തുടർച്ചയായ ഒരു ധാർമികതയുടെ ഭാഗമാണെന്ന് വരുത്തിത്തീർക്കാനാണ്.
ബംഗാളി സംസ്കാരവും രാഷ്ട്രീയവും എക്കാലത്തും ആഴത്തിൽ പരസ്പരം അലിഞ്ഞുചേർന്നതാണ്. എന്നാൽ മാറുന്ന സാഹചര്യത്തിൽ അധികാര രാഷ്ട്രീയത്തിനുവേണ്ടി അതിനെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഭാവിയെക്കുറിച്ചുള്ള ആശങ്ക.
►വെല്ലുവിളികളും ഭാവിയും◄
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പശ്ചിമബംഗാളിന്റെ രാഷ്ട്രീയ സംസ്കാരം നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ട്. സുസ്ഥിരമായ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിന് തൊഴിലില്ലായ്മയെയും വ്യവസായ തകർച്ചയെയും അഭിമുഖീകരിക്കേണ്ടതുണ്ട്. ദാരിദ്ര്യം, ജാതിവിവേചനം, മതപരമായ ധ്രുവീകരണം തുടങ്ങിയ പ്രശ്നങ്ങൾ സാമൂഹിക ഐക്യത്തിന് നിരന്തരമായി തടസം നില്ക്കുന്നു. രാഷ്ട്രീയ അക്രമങ്ങൾക്ക് അവസാനമുണ്ടാകണം. ഒപ്പം സഹിഷ്ണുതയുടെയും സംവാദങ്ങളുടെയും ഒരു സംസ്കാരം ഉയർത്തിക്കൊണ്ടുവരണം. മതപരവും ഭാഷാപരവുമായ സ്വത്വങ്ങൾക്ക് നൽകുന്ന വർധിച്ചുവരുന്ന ഊന്നൽ സാമൂഹിക വിഭജനങ്ങളിലേക്കും രാഷ്ട്രീയ അസ്ഥിരതയിലേക്കും നയിച്ചേക്കാം.
പശ്ചിമബംഗാളിന്റെ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാവി നിലനിൽക്കുന്നത് ഈ വെല്ലുവിളികളെ നേരിടാനും മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുമുള്ള അതിന്റെ കഴിവിനെ ആശ്രയിച്ചായിരിക്കും. സാമൂഹിക പ്രസ്ഥാനങ്ങളുടെയും ബൗദ്ധിക ഇടപെടലുകളുടെയും ജനാധിപത്യ പങ്കാളിത്തത്തിന്റെയും സമ്പന്നമായ ചരിത്രം ബംഗാളിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയുടെ അടിത്തറയാണ്.
(അവസാനിച്ചു)
Tags : Reconstruction Bengali Bengali Identity