നെന്മാറ: പാതിവഴിയിൽ നിലച്ചുകിടക്കുന്ന നെന്മാറ- ഒലിപ്പാറ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിച്ച് പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനം.
ഇതുസംബന്ധിച്ച് നെന്മാറ ടിബിയിൽ കെ. പ്രേമൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ആലോചനായോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്.
ജനങ്ങളുടെ ദീർഘകാല യാത്രാദുരിതവും റോഡിന്റെ ശോചനീയാവസ്ഥയും പരിഗണിച്ചാണ് വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി യോഗം വിളിച്ചുചേർത്തത്. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ആക്്ഷൻ കമ്മിറ്റി ഭാരവാഹികൾ, ദേശീയപാത പൊതുമരാമത്ത് വകുപ്പ് (എൻഎച്ച് പിഡബ്ല്യുഡി) ഉദ്യോഗസ്ഥർ, കരാറുകാരന്റെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. റോഡ് നിർമാണത്തിന്റെ പുരോഗതി നിരന്തരം വിലയിരുത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ ഏകോപനം ഉറപ്പാക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രൻ, വൈസ് പ്രസിഡന്റ് തോട്ടം നാരായണൻ, അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി, നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. സുനിൽ, എൻഎച്ച് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബേസിൽ ചെറിയാൻ, അസിസ്റ്റന്റ് എൻജിനീയർ സ്മിത, കെ. കണ്ണനുണ്ണി, മണി തിട്ടുമ്പുറം, കെ.എൻ. മോഹനൻ എന്നിവർ പ്രസംഗിച്ചു. ആക്്ഷൻ കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ രഘുകുമാർ, ജനറൽ കൺവീനർ എസ്.എം. ഷാജഹാൻ, വൈസ് ചെയർമാൻ എസ്. ഉമ്മർ, ലിന്റോ വർക്കി എന്നിവരും പങ്കെടുത്തു.