നവീകരിച്ച ആലപ്പുഴ റെയിൽവേ സ്റ്റേഷൻ.
ആലപ്പുഴ: അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂർത്തിയായതായി റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ദിവ്യകാന്ത് ചന്ദ്രകാർ കെ.സി. വേണുഗോപാല്‍ എംപിയെ അറിയിച്ചു. പൊതുജനങ്ങൾക്ക് ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ നടപടിയെടുക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപി റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പൂർത്തിയായത്. സ്റ്റേഷന് നവീകരണം, പാര്‍ക്കിംഗ് ഏരിയ, പുതിയ പ്രവേശന കവാടം, എസി വിശ്രമകേന്ദ്രം, പുതിയ ബുക്കിംഗ് ഓഫീസ്, സര്‍കുലേറ്റിംഗ് ഏരിയയുടെ വിപുലീകരണം, വിഐപി ലോഞ്ച് തുടങ്ങിയ സൗകര്യങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്.
പ്ലാറ്റ് ഫോമുകളുടെ ഉപരിതലം മെച്ചപ്പെടുത്തൽ, ആറുമീറ്റര്‍ വീതിയിലുള്ള ഫുട് ഓവർ ബ്രിഡ്ജ്, സ്റ്റേഷന് അപ്രോച്ച് റോഡിന്റെ പുനര്‍നിര്‍മാണം, ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയും പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. വാട്ടര്‍ കൂളറുകൾ, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ലൈറ്റിംഗ് സംവിധാനങ്ങൾ, ഹൈമാസ്റ്റ് ലൈറ്റുകള്‍, ഫാനുകൾ, ജനറേറ്റര്‍ തുടങ്ങിയ വൈദ്യുതീകരണ ജോലികളും പൂര്‍ത്തിയായി.
ട്രെയിനുകളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഡിസ്പ്ലേ ബോര്‍ഡുകൾ, പാസഞ്ചര്‍ അനൗണ്‍സ്മെന്റ് സിസ്റ്റം, പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പുകള് പ്രദര്‍ശിപ്പിക്കുന്ന ഡിസ്പ്ലേ ബോര്‍ഡുകൾ, എല്‍ഇഡി ടിവികള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി പാഴ്സല്‍ ഓഫീസിന്റെ നിര്‍മാണവും ഉടൻ ആരംഭിക്കും. ഇതിന്റെ പ്രാരംഭ നടപടികള്‍ പുരോഗമിക്കുകയാണ്. നേരത്തേ അനുവദിച്ച രണ്ട് ലിഫ്റ്റുകളും നാല് എസ്കലേറ്ററുകളും സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കുന്ന നടപടികളും പുരോഗമിക്കുന്നതായി റെയില്‍വേ വ്യക്തമാക്കി. അടുത്ത വര്‍ഷം സെപ്റ്റംബറോടെ ലിഫ്റ്റുകളും എസ്കലേറ്ററുകളും സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കാനാകും. ഇതിനൊപ്പം നിർമാണം തുടങ്ങിയ കായംകുളം റെയില്‍വേ സ്റ്റേഷനിൽ നടന്നുവരുന്ന നിര്‍മാണ പ്രവർത്തനങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായി.
പാര്‍ക്കിംഗ് ഏരിയ, കാത്തിരപ്പ് മുറികള്‍, പ്രവേശന കവാടം, ആര്‍ച്ച്, പോര്‍ട്ടിക്കോ, ബുക്കിംഗ് ഓഫീസ്, സര്‍കുലേറ്റിംഗ് ഏരിയ, പ്ലാറ്റ്ഫോം നവീകരണം, വാട്ടര്‍ കൂളറുകൾ, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ട്രെയിന്‍ യാത്രാ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഡിസ്പ്ലേ ബോര്‍ഡുകൾ, എല്‍ഇഡി ടിവികള്‍, പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പ് സംവിധാനങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവും സജ്ജീകരണവും പൂര്‍ത്തിയായി. ശേഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എക്സിക്യൂട്ടീവ് ലോഞ്ച്, നടപ്പാത, സ്റ്റേഷന് അപ്രോച്ച് റോഡ്, ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങൾ, മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കോച്ച് ഇന്‍ഡിക്കേഷന്‍ ഡിസ്പ്ലേ ബോര്‍ഡുകളുടെ 95 ശതമാനം സ്ഥാപിക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. ശേഷിക്കുന്നവ സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും നവംബര്‍ 30നകം അവ പൂര്‍ത്തിയാക്കുമെന്നും റെയില്‍വേ അറിയിച്ചു.
കായംകുളം റെയില്‍വേ സ്റ്റേഷനിലെ ഒന്നും രണ്ടും മൂന്നും പ്ലാറ്റഫോമുകളില്‍ ലിഫ്റ്റുകളും നാല് എസ്കലേറ്ററുകളും സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഉടന്‍ തയാറാക്കി നല്‍കും. അടുത്ത വര്‍ഷം സെപ്റ്റംബറോടെ ഇവ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ പൂർത്തിയാക്കും. റെയില്‍വെ സ്റ്റേഷനിലെ നവീകരണവുമായി ബന്ധപ്പെട്ട നിര്‍മാണ ജോലികള്‍ നീണ്ടുപോകുന്നതില്‍ കെസി വേണുഗോപാല്‍ എംപി റെയില്‍ അധികൃതരെ അതൃപ്തി അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഡി.ആർ.എം നേരിട്ടെത്തി നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിരുന്നു. വേഗത്തില്‍ ഇവയുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഒരു നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.
Tags : District News Nattuvishesham Reconstruction completed Alappuzha Railway Station inauguration