പകൽവീട് കരിപ്പാടം വെള്ളൂർ ആർബി കെയർ ഫൗണ്ടേഷന്റെ പകൽ വീട്ടിൽ ഒത്തുകൂടിയ വയോജനങ്ങൾ.
തലയോലപ്പറമ്പ്: ജീവിത സായാഹ്നത്തിൽ ഒറ്റപ്പെടലിന്റെ നൊമ്പരപ്പാടുകളുണ്ടാതെ വയോജനങ്ങൾക്കു പ്രഭാതം മുതൽ പ്രദോഷം വരെ ഉല്ലസിക്കാൻ സ്നേഹ സ്പർശമായി ഒരു പകൽവീട്. വൈക്കം വെള്ളൂർ കരിപ്പാടത്ത് മൂവാറ്റുപുഴയാറിന്റെ ഓരത്ത് കരിപ്പാടം ആർബി കെയർ ഫൗണ്ടേഷൻ ഒരുക്കിയ പകൽവീടാണ് വയോധികർക്ക് സാന്ത്വനമാകുന്നത്.
മൂന്നു വർഷം മുമ്പാണ് സമുദ്രോത്പന്ന കയറ്റുമതി വ്യവസായിയായ പി.കെ. രാജു പുല്ലുവേലി കരിപ്പാടം ആർബി കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പകൽവീട് ആരംഭിച്ചത്. രാവിലെ തലയോലപറമ്പ്, മറവൻതുരുത്ത്, വെള്ളൂർ, ചെമ്പ് പഞ്ചായത്തുകളിലെ വയോധികർ പകൽവീട്ടിലെത്തും. ചെസ്, കാരംസ്, ഷട്ടിൽ തുടങ്ങി വിവിധ കളികളിലേർപ്പെട്ട് സല്ലപിച്ചും കലാപരിപാടികൾ അവതരിപ്പിച്ചും പകൽ മുഴുവൻ ആഹ്ലാദിക്കാം. ഇപ്പോൾ 60 പേർ പകൽവീട്ടിലെ ആഹ്ലാദം പങ്കിട്ട് ശാരീരിക-മാനസിക ആരോഗ്യം തിരിച്ചുപിടിച്ച് ജീവിതം പ്രതീക്ഷാനിർഭരമാക്കുന്നു. സ്വാദൂറുന്ന വിഭവങ്ങൾ ഒരുക്കാൻ വാസവേട്ടനും സ്മിത ഷാജിയുമുണ്ട്.
ഉച്ചയൂണിന് അഞ്ചുതരം കറികളുണ്ട്. ആഴ്ചയിൽ മൂന്നു ദിവസം മീൻകറി . ഒരു ദിവസം ഇറച്ചിക്കറിയുമുണ്ട്. പകൽ വീട്ടിലെത്തുന്ന എല്ലാവരുടെയും പങ്കാളിത്തം ഭക്ഷണം ഒരുക്കുന്നതിലുണ്ട്.
ഇവർക്കു പുറമേ ഈ സ്നേഹക്കൂടാരത്തിലെ കൂട്ടായ്മയുടെ ഭാഗമാകാൻ അയൽപക്കത്തെ വീട്ടമ്മമാരും എത്തും. പകൽവീടിനെ സജീവമാക്കാൻ കരിപ്പാടം ആർബി ഫൗണ്ടേഷൻ ചെയർമാൻ പി.കെ. രാജു പുല്ലുവേലിയുടെ നേതൃത്വത്തിൽ മുൻ പഞ്ചായത്തംഗം ഡൊമിനിക് ചെറിയാൻ, അജിത് പ്രകാശ്, കെ.എസ്.സാബു തുടങ്ങിയവരുടെ ഏകോപനത്തോടെയുള്ള പ്രവർത്തനമുണ്ട്.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കരിപ്പാടം ആർബി കെയർ ഫൗണ്ടേഷൻ തലയോലപ്പറമ്പ്, വെളളൂർ, മറവൻതുരുത്ത്, ചെമ്പ് പഞ്ചായത്തുകളിലെ നിർധനരായ പാലിയേറ്റീവ് രോഗികൾക്കുള്ള ഉപകരണങ്ങൾ, വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ്, കുത്തിവയ്പിനുള്ള മരുന്നുകൾ എന്നിവ നൽകിവരുന്നു.
നാടിന് കൈത്താങ്ങാകാൻ പകൽവീട് തുടങ്ങി
നാട്ടിലെ പ്രിയപ്പെട്ടവർക്ക് മാനസിക ഉല്ലാസത്തിന് ഒരിടം ഒരുക്കണമെന്നും അവരുടെ നൊമ്പരങ്ങൾക്കൊപ്പം ചേർന്ന് സാന്ത്വനിപ്പിക്കാൻ കഴിയാവുന്നത് ചെയ്യണമെന്ന ആഗ്രഹമാണ് പകൽവീടിലൂടെ സാർഥകമായത്. ഇവിടെ എത്തുന്ന എല്ലാവരും നിറഞ്ഞ സന്തോഷത്തോടെ ഭക്ഷണം കഴിച്ച് വിശ്രമിച്ച് വൈകുന്നേരം മടങ്ങുന്നത് കാണുമ്പോൾ ലഭിക്കുന്ന സന്തോഷം വിവരിക്കാൻ കഴിയില്ല.
പി.കെ. രാജു പുല്ലുവേലിൽ
ചെയർമാൻ ആർബി ഫൗണ്ടേഷൻ കരിപ്പാടം
മാനസിക-ശാരീരിക ആരോഗ്യ പരിരക്ഷയ്ക്ക് മുൻഗണന
മക്കൾ ജോലിക്കു പോയശേഷം വീട്ടിൽ തനിച്ചാകുന്ന വയോധികരും മക്കളോ ബന്ധുക്കളോ അന്വേഷിക്കാനില്ലാത്തവരും പകൽവീട്ടിലെത്തുന്നുണ്ട്. അവരുടെ ആരോഗ്യപ്രശ്നങ്ങളിലും ആർബി കെയർ ഫൗണ്ടേഷൻ ഇടപെടുന്നുണ്ട്. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂളിനോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശീലനത്തിനായി 65 ലക്ഷം രൂപ വിനിയോഗിച്ച് ആർബി കെയർ ഫൗണ്ടേഷൻ സ്നേഹസ്പർശം ഇൻക്ലൂസീവ് കെയർ ഹബ് ഒരുക്കി നൽകിയിട്ടുണ്ട്.
ഡൊമിനിക് ചെറിയാൻ
മുൻ പഞ്ചായത്തംഗം, തലയോലപ്പറമ്പ്
Tags : District News Nattuvishesham Velloor Karippadam Day Home