പ്രകടനത്തിനിടെ കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷികത്തോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് വലിച്ച് കീറുന്ന പ്രവർത്തകൻ.
കൊല്ലം : എസ്എഫ്ഐ പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്ത്തകന് അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ച് കീറി. തിരുവനന്തപുരത്തെ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലം നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെയാണ് സംഭവം. ചിന്നക്കടയിലെ ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം സ്ഥാപിച്ചിരുന്ന കോടിയേരിയുടെ ഫ്ലക്സ് ബോര്‍ഡാണ് പ്രവര്ത്തകന് വലിച്ചുമറിച്ചിട്ട് തകര്‍ത്തത്.
മാര്‍ച്ചിന്റെ മുന്‍നിരയിലുണ്ടായിരുന്ന പ്രവര്ത്തകന് യൂത്ത് കോണ്‍ഗ്രസിനെതിരേ മുദ്രാവാക്യം വിളിച്ചുകൊണ്ട് മീഡിയനില്‍ വച്ചിരുന്ന ഫ്ലെക്സ് കീറി മറിച്ചിട്ടു.
ഫ്ലെക്സ് തകര്‍ത്തശേഷം വീണ്ടും പ്രകടനത്തില്‍ കയറി മുദ്രാവാക്യം വിളിച്ച് ഇയാള്‍ നടന്നുനീങ്ങി. കോടിയേരി ബാലകൃഷ്ണന്റെ നാലാം ഓര്‍മദിനമായ ഇന്നലെ രാവിലെ ചിന്നക്കടയില്‍ സ്ഥാപിച്ച ഫ്ലെക്സാണ് തകര്‍ത്തത്.
രണ്ടു ദിവസം മുന്‍പ് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ ചിന്നക്കടയിലും പരിസരത്തുമുണ്ടായിരുന്ന കോണ്‍ഗ്രസിന് ഫ്ലെക്സുകളും കൊടികളും തകര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി നടന്ന എസ്എഫ്ഐ പ്രകടനത്തിനിടെ കോണ്‍ഗ്രസിന്റെ ബാക്കിയുള്ള ബോര്‍ഡുകളും നശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് എസ്എന്‍ കോളജ് ജംഗ്ഷനില്‍നിന്നാണ് എസ് എഫ്ഐ പ്രകടനം ആരംഭിച്ചത്. പ്രടനം ചിന്നക്കടയില്‍ എത്തിയപ്പോഴാണ് ഹെഡ് പോസ്റ്റ് ഓഫിസിനു സമീപമുള്ള ബോര്‍ഡ് പ്രവര്ത്തകന് വലിച്ചു കീറിയത്.
പ്രകടനത്തിനിടെ അപ്രതീക്ഷിതമായി ഓടിക്കയറിയ വ്യക്തിയാണ് ഫ്ലെക്സ് തകര്‍ത്തതെന്നാണ് എസ്എഫ്ഐ പ്രസ്താവനയില്‍ വിശദീകരിച്ചത്. ഇയാള്‍ എസ്എഫ്ഐ പ്രവര്‍ത്തകനല്ലെന്നും പ്രതിഷേധ പ്രകടനത്തിലേക്ക് എങ്ങനെയെത്തിയെന്നു പരിശോധിക്കുമെന്നും നിയമപരമായി മുന്നോട്ടു നീങ്ങുമെന്നും എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Tags : District News Nattuvishesham SFI activist Kodiyeri Balakrishnan