കല്‍പ്പറ്റ: കോട്ടത്തറ പഞ്ചായത്തിലെ പള്ളിക്കുന്ന് - വെണ്ണിയോട് റോഡിന്റെ പുനര്‍നിര്‍മാണത്തിന് ബജറ്റില്‍ അഞ്ച് കോടി രൂപ അനുവദിച്ചതായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി ടി. സിദ്ദിഖ്.
കോട്ടത്തറ പഞ്ചായത്തിലെ നവീകരിച്ച പിഎച്ച്സി-കല്ലുമൊട്ടംകുന്ന് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ പള്ളിക്കുന്ന് ലൂര്‍ദ് മാതാ പള്ളിയിലേക്ക് യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് തീര്‍ഥാടകര്‍, വിദ്യാര്‍ഥികള്‍, വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍, പ്രദേശവാസികള്‍ എന്നിവര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ പള്ളിക്കുന്ന്-വെണ്ണിയോട് റോഡിന്റെ നവീകരണം സാധ്യമാക്കും. ജില്ലയിലെ മറ്റ് റോഡുകളുടെയും അപ്രോച്ച് റോഡുകളുടെയും നവീകരണ പ്രവൃത്തികളില്‍ കൃത്യമായ ഇടപെടല്‍ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
കോട്ടത്തറ പഞ്ചായത്തിലെ ഷെല്‍ട്ടര്‍ ഹോം നിര്‍മാണം പുരോഗമിക്കുകയാണ്. സാസ്കി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെറ്ററിനറി കേന്ദ്രം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കോട്ടത്തറ പഞ്ചായത്ത് മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക രംഗത്ത് നടപ്പാക്കേണ്ട ഇടപെടലുകള്‍ സംബന്ധിച്ച് പൊതുജനങ്ങളും തദ്ദേശസ്ഥാപനങ്ങളും അഭിപ്രായം അറിയിക്കണമെന്നും അതില്‍ സാധ്യമായ തുടര്‍ നടപടികള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വനിതാ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്ത് ആദ്യമായി സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തെ പദ്ധതി പ്രഖ്യാപിക്കുകയും പ്രാഥമിക ചെലവുകള്‍ക്കായി 3.5കോടി രൂപ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ വന്യമൃഗശല്യം പരിഹരിക്കുന്നതിനുള്ള ആശയങ്ങള്‍ സ്വീകരിക്കുന്നതിന് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന മോഡല്‍ കോണ്‍ക്ലേവ് അടുത്ത മാസം നടക്കും.
എല്ലാ മേഖലകളിലുമുള്ള പ്രശ്നങ്ങള്‍ നീതിപൂര്‍വം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.സിഎംഎല്‍ആര്‍ആര്‍പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 39 ലക്ഷവും പഞ്ചായത്ത് വിഹിതമായ 11 ലക്ഷവും ഉള്‍പ്പെടെ 50 ലക്ഷം രൂപ ചെലവഴിച്ചാണ് പിഎച്ച്സി - കല്ലുമൊട്ടം കുന്ന് റോഡ് നവീകരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.സി. അജീഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഇ.ആര്. പുഷ്പ, പി.പി. രനീഷ്, ലീലാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം എം. സുനില്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി. ജെനിമോള്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു, ജോണ്‍സി സജി, സജീഷ് കുമാര്‍, സനിലേഷ്, എലിസബത്ത്, റംല അസീസ്, പി.കെ. ജോണ്‍, ജെസ്റ്റിന് സിറിയക്, പഞ്ചായത്ത് സെക്രട്ടറി കെ.എ. മിനി, അസിസ്റ്റന്റ് എന്‍ജിനീയര്‍ മഞ്ജുഷ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സുരേഷ് ബാബു വാളല്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ പുഷ്പ സുന്ദരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.സി. തങ്കച്ചന്, അബ്ദുള്ള വൈപ്പടി, മധു എസ്. നമ്പൂതിരി, എം.കെ. ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
Tags : nattu vishesham Five crores reconstruction Venniyod road