ചേർത്തല: ചേർത്തല ചെങ്ങണ്ട വളവ് മുതൽ കാളികുളം ജംഗ്ഷൻ വരെയും വാരനാട് ക്ഷേത്രംവഴി ചേർത്തല തണ്ണീർമുക്കം റോഡിലെ വാരനാട് ജംഗ്ഷൻ വരെയുമുള്ള റോഡ് പുനർനിർമാണം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ നിർദേശപ്രകാരം ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒമ്പതുകോടി രൂപ ഉപയോഗിച്ചാണ് പുനർനിർമാണം നടത്തുന്നത്.
ചെങ്ങണ്ട വളവു മുതൽ കാളികുളം ജംഗ്ഷൻ വരെയുള്ള 2.18 കിലോമീറ്ററും വാരനാട് ക്ഷേത്രംവഴി വാരനാട് ജംഗ്ഷൻ വരെയുള്ള 2.1 കിലോമീറ്ററും ഉൾപ്പെടെ 4.28 കിലോമീറ്റർ റോഡ് ആണ് ബിഎംബിസി നിലവാരത്തിൽ പുനർ നിർമിക്കുന്നത്. കലുങ്ക് പുനർനിർമാണം, വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ ഓട നിർമാണം, ആവശ്യമായ സ്ഥലങ്ങളിൽ കരിങ്കൽ സംരക്ഷണഭിത്തി, ലഭ്യതയുള്ള സ്ഥലങ്ങളിൽ റോഡിന്റെ ഇരുവശത്തും ഇന്റർലോക്ക്കട്ട പാകൽ, റോഡ് മാർക്കിംഗ്, റോഡ് സുരക്ഷാ പ്രവൃത്തികൾ എന്നിവയും നിർമാണത്തിന്റെ ഭാഗമാണ്.
റോഡ് നിർമാണം പൂർത്തിയാകുന്നതോടെ ചേർത്തലയുടെ വടക്ക്- കിഴക്കൻ മേഖലയിലൂടെ വരുന്നവർക്ക് നഗരത്തിൽ പ്രവേശിക്കാതെ കോട്ടയം, ആലപ്പുഴ ഭാഗത്തേക്ക് പോകാൻ സാധിക്കും.
വാരനാട് ജംഗ്ഷനിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസന്നൻ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം വിജയശ്രീ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി. ശശികല, ഹരിഹരപ്പണിക്കർ, പഞ്ചായത്ത് അംഗങ്ങളായ പ്രവീൺ ജി. പണിക്കർ, വൃന്ദ സുനിൽ, പി. ജയേഷ്, പൊതുമരാമത്ത് അസിസ്റ്റന്റ് എന്ജിനിയർ ചിത്ര, എം.ഇ. സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham Reconstruction Chengandavalavu-Waranad