Leader Page
ലോകമെങ്ങുമുള്ള ക്രൈസ്തവർ മിശിഹായുടെ തിരുവുത്ഥാനത്തിന്റെ സ്മരണയിൽ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. മാനവചരിത്രത്തെ പ്രകാശത്തിലേക്കും നിത്യജീവനിലേക്കും നയിച്ച വിപ്ലവകരമായ സംഭവമാണ് മിശിഹായുടെ ഉത്ഥാനം. ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലും അടിസ്ഥാനവും ഈ ഉത്ഥാനരഹസ്യമാണ്. വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയ്ക്കെഴുതിയ ലേഖനത്തിൽ ഈ സത്യം അടിവരയിട്ടു പറയുന്നു: ""മിശിഹാ ഉയിർപ്പിക്കപ്പെട്ടില്ലങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം” (1 കോറിന്തോസ് 15:14). ക്രൂശിന്റെ വേദനയും കല്ലറയുടെ നിശബ്ദതയും പിന്നിട്ട് ഉയിർത്തെഴുന്നേറ്റ ഈശോ നമ്മോട് പറയുന്നു: “ഭയപ്പെടേണ്ട, ഞാൻ ജീവിക്കുന്നു.” ഈ വാക്കുകൾ ഇന്നും നമ്മുടെ ജീവിതത്തിന്റെ അന്ധകാരങ്ങളിൽ പ്രത്യാശയുടെ വെളിച്ചം പകരുന്നതിനാൽ, ഈസ്റ്റർ നമുക്ക് വെറുമൊരു ആഘോഷമല്ല, മറിച്ച് പ്രതിസന്ധികളിൽ തളരാത്ത ക്രിസ്തീയ പ്രത്യാശയുടെ വിളംബരമാണ്.
ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകൾ ഇവിടെ വളരെ പ്രസക്തമാണ്: ""മിശിഹായുടെ ഉത്ഥാനം ചരിത്രത്തിലെ ഒരു സാധാരണ സംഭവമല്ല, മറിച്ച് മാനവചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം (Quantum Leap) ആണ്. അക്രമംകൊണ്ട് ലോകത്തെ മാറ്റാമെന്ന വ്യാമോഹത്തിനു മുകളിൽ സ്നേഹം നേടിയ വിജയമാണത്'' (2006ലെ ഈസ്റ്റർ വിജിൽ പ്രഭാഷണത്തിൽ നിന്ന്). മിശിഹായുടെ ഉത്ഥാനം എന്നത് പഴയ ജീവിതത്തിലേക്കുള്ള ഒരു മടക്കയാത്രയല്ല മറിച്ച് മരണമില്ലാത്ത ഒരു പുതിയ അവസ്ഥയിലേക്കുള്ള പ്രവേശനമാണ്. ഉത്ഥാനത്തിലൂടെ മരണം എന്നത് ഒരു അവസാനമല്ലെന്നും, മറിച്ച് ദൈവവുമായുള്ള നിത്യമായ ഐക്യത്തിലേക്കുള്ള വാതിലാണെന്നും തെളിയിക്കപ്പെട്ടു. ഉത്ഥാനം ചെയ്ത മിശിഹായുടെ ശരീരം മഹത്വീകരിക്കപ്പെട്ടതാണ്. അവിടത്തേക്ക് അടഞ്ഞ വാതിലുകളിലൂടെ കടന്നുപോകാനും അതേസമയം തന്നെ ശിഷ്യന്മാരോടൊപ്പം ഭക്ഷണം കഴിക്കാനും സാധിച്ചു. ഇത് കേവലം ഒരു അത്ഭുതമല്ല, മറിച്ച് ഇശോയുടെ മനുഷ്യാസ്തിത്വത്തിൽ സംഭവിച്ച വിപ്ലവകരമായ പരിവർത്തനമാണ്.
« സമകാലിക പ്രസക്തി «
ഉത്ഥാനത്തിരുനാൾ വെറുമൊരു ഗതകാല സംഭവത്തിന്റെ ആവർത്തനമല്ല, മറിച്ച് മനുഷ്യപ്രകൃതിയുടെതന്നെ നവീകരണം ലക്ഷ്യമാക്കിക്കൊണ്ടുള്ള കാലിക പ്രസക്തമായ അനുസ്മരണമാണ്. സഭാപിതാവായ വിശുദ്ധ അത്തനാസിയൂസ് പഠിപ്പിക്കുന്നതുപോലെ, ""നാം ദൈവത്തെപ്പോലെ ആകേണ്ടതിന് ദൈവം മനുഷ്യനായി, മിശിഹായുടെ ഉത്ഥാനത്തിലൂടെ മരണം അതിന്റെ അധികാരം എന്നെന്നേക്കുമായി കൈവെടിഞ്ഞു” (‘De Incarnatione’). വിശുദ്ധ ജോൺ ക്രിസോസ്തം തന്റെ പ്രശസ്തമായ ഈസ്റ്റർ പ്രഭാഷണത്തിൽ ഉദ്ഘോഷിക്കുന്നു: ""മരണമേ, നിന്റെ വിജയം എവിടെ? പാതാളമേ, നിന്റെ ദംശനം എവിടെ? മിശിഹാ ഉയിർത്തെഴുന്നേറ്റു, മരണം പരാജയപ്പെട്ടിരിക്കുന്നു. ആദത്തിലൂടെ മരണം ലോകത്തിലേക്ക് പ്രവേശിച്ചുവെങ്കിൽ, പുതിയ ആദമായ മിശിഹായിലൂടെ നിത്യജീവൻ നമ്മിലേക്ക് സന്നിവേശിച്ചിരിക്കുന്നു (Paschal Homily of St. John Chrysostom).'' മിശിഹായുടെ ഉത്ഥാനം വഴി പാപത്തിന്റെ അടിമത്തത്തിൽനിന്ന് നാം വിമോചിതരാക്കപ്പെടുകയും ദൈവപുത്രസ്ഥാനത്തേക്ക് ഉയർത്തപ്പെടുകയും ചെയ്തു. ശൂന്യമായ കല്ലറ മിശിഹായുടെ അഭാവത്തെയല്ല, മറിച്ച് അവിടന്ന് പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്നു എന്ന സത്യത്തെയാണ് വെളിപ്പെടുത്തുന്നത്.
ഭൗതികമായ ഒരു പരിമിതിക്കുള്ളിൽ ഒതുങ്ങിനിന്നിരുന്ന സാന്നിധ്യത്തിൽനിന്നു കാലാതീതവും സർവവ്യാപിയുമായ ദൈവികതയിലേക്കുള്ള പരിവർത്തനമാണത്. മിശിഹായുടെ ശൂന്യമായ കല്ലറയെ ധ്യാനിക്കുമ്പോൾ അവിടുന്ന് ഏതെങ്കിലും ഒരു പ്രത്യേക ദേശത്തോ കാലത്തോ മാത്രം തളയ്ക്കപ്പെട്ടവനല്ലെന്നും മറിച്ച്, അവിടത്തെ ഉത്ഥാനചൈതന്യം ലോകത്തിന്റെ നാനാകോണുകളിലും പടർന്നിരിക്കുന്നുവെന്നും നാം തിരിച്ചറിയുന്നു. ദുരിതമനുഭവിക്കുന്നവന്റെ വിലാപത്തിലും യുദ്ധക്കളങ്ങളിലെ നിസഹായതയിലും വേട്ടയാടപ്പെടുന്നവന്റെ പലായനത്തിലും പ്രത്യാശയുടെ പ്രകാശമായി മിശിഹാ കൂടെയുണ്ടെന്ന വലിയ സത്യം ശൂന്യമായ കല്ലറ നമ്മെ ഓർമിപ്പിക്കുന്നു.
നമ്മുടെ കാലഘട്ടം വലിയ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുദ്ധവാർത്തകളും നിഷ്കളങ്കരായ മനുഷ്യരുടെ നിലവിളികളും നമ്മുടെ ഹൃദയങ്ങളെ വേദനിപ്പിക്കുന്നുണ്ട്. അതിക്രമങ്ങളും അധികാരമോഹങ്ങളും മനുഷ്യജീവന്റെ മഹത്വത്തെ വിസ്മരിക്കുമ്പോൾ, ഈസ്റ്റർ നൽകുന്ന സന്ദേശം ഏറെ പ്രസക്തമാണ്. കുരിശിലെ ബലിയർപ്പണം പരാജയമായിരുന്നില്ല, മറിച്ച് ലോകത്തെ വീണ്ടെടുക്കാനുള്ള ദൈവത്തിന്റെ കരുണയുടെ അടയാളമായിരുന്നു. ""ലോകത്തിൽ നിങ്ങൾക്ക് കഷ്ടതയുണ്ട്; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” (യോഹന്നാൻ 16: 33) എന്ന മിശിഹായുടെ വചനം ഇന്നത്തെ യുദ്ധക്കെടുതികളിൽ ഉഴലുന്ന ജനതയ്ക്ക് വലിയൊരു ആശ്വാസമാണ്. അക്രമംകൊണ്ട് ആർക്കും ശാശ്വതമായ വിജയം നേടാനാവില്ലെന്നും സ്നേഹംകൊണ്ടുള്ള കീഴടങ്ങലിലാണ് യഥാർഥ വിജയമെന്നും ഉത്ഥാനരഹസ്യം നമ്മെ ഓർമിപ്പിക്കുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പറയുന്നതുപോലെ; ""മനുഷ്യരാശിയുടെ ഭാവി യുദ്ധങ്ങളിലോ അക്രമങ്ങളിലോ അല്ല, മറിച്ച് ജീവനിലും സമാധാനത്തിലുമാണ്. കുരിശ് പരാജയമായിരുന്നെങ്കിൽ ഉത്ഥാനം ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് അക്രമത്തിന് നമ്മുടെ ഭാവിയുടെ അവസാന വാക്ക് പറയാനാകില്ല’’ (ലോക സമാധാനദിന സന്ദേശം, 2005).
« സമാധാനം, ഉത്ഥിതന്റെ സമ്മാനം «
ഇന്നു നാം കാണുന്ന യുദ്ധങ്ങളും ക്രൂരതകളും നമ്മുടെ ഹൃദയങ്ങളിലെ പ്രത്യാശയെ കെടുത്തിക്കളയാൻ ശ്രമിക്കുമ്പോൾ, മിശിഹായുടെ കല്ലറ അടച്ചുവച്ചിരുന്ന വലിയ കല്ലുകൾ ദൈവികശക്തിയാൽ ഉരുട്ടിമാറ്റപ്പെട്ടത് നാം ഓർമിക്കണം . അനീതിയുടെയും മരണത്തിന്റെയും കല്ലറകൾക്കുമേൽ അവയെത്ര ബലമുള്ളതെന്നു തോന്നിയാലും പ്രത്യാശയുടെ സൂര്യൻ ഉദിക്കുകതന്നെ ചെയ്യും. ഉത്ഥിതനായ മിശിഹാ തന്റെ ശിഷ്യന്മാർക്ക് നൽകിയ ആദ്യത്തെ സമ്മാനം സമാധാനമായിരുന്നു. ഭയത്തിന്റെയും ആശങ്കയുടെയും നിഴലിൽ കഴിഞ്ഞിരുന്ന ആ മനുഷ്യരിലേക്ക് ""നിങ്ങൾക്ക് സമാധാനം’’ എന്ന് ആശംസിച്ചുകൊണ്ട് കടന്നുവന്ന മിശിഹാ, സമാധാനം എന്നത് കേവലം സങ്കർഷങ്ങളുടെ അഭാവമല്ല മറിച്ച് ദൈവസാന്നിധ്യമാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. മിശിഹാ നൽകിയ ഈ സമാധാനം ഹൃദയങ്ങളിൽ ആഴത്തിൽ സ്വീകരിച്ചുകൊണ്ട്, സഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പുതിയൊരു ലോകം പടുത്തുയർത്താനാണു നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്. നമുക്കിടയിലുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതിലുകൾ തകർക്കാനും അപരനെ ശത്രുവായി കാണാതെ ദൈവത്തിന്റെ പ്രതിരൂപമായി സ്നേഹിക്കാനും ഈ ഉയിർപ്പുകാലം നമുക്ക് പ്രചോദനമാകട്ടെ. മിശിഹായുടെ സമാധാനം നമ്മിലൂടെ കുടുംബത്തിലേക്കും സമൂഹത്തിലേക്കും പങ്കുവയ്ക്കപ്പെടുമ്പോഴാണ് ഉത്ഥാനത്തിന്റെ യഥാർഥ മനോഹാരിത ലോകം തിരിച്ചറിയുന്നത്.
« പ്രത്യാശിക്കാൻ ധൈര്യം തരുന്ന ഉത്ഥാനം «
മിശിഹായുടെ ഉത്ഥാനം മനുഷ്യരാശിക്ക് പകർന്നുതരുന്ന ഒരു ആത്മീയ ഔഷധമാണ് പ്രത്യാശ. വിശുദ്ധ പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നതുപോലെ, ""പ്രത്യാശ നമ്മെ ലജ്ജിപ്പിക്കുന്നില്ല; കാരണം, നമുക്ക് നൽകപ്പെട്ടിട്ടുള്ള പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു’’ (റോമ 5:5). പ്രത്യാശ എന്നത് വെറുമൊരു ആഗ്രഹമല്ല, മറിച്ച് ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള ഉറച്ച വിശ്വാസമാണ്. നിരാശയുടെ അന്ധകാരത്തിൽ കഴിയുന്നവരെ വിശുദ്ധ അഗസ്തിനോസ് ഇങ്ങനെ ഓർമിപ്പിക്കുന്നു; ""വിശ്വാസം എന്നത് നാം കാണാത്ത കാര്യങ്ങൾ വിശ്വസിക്കലാണ്; ആ വിശ്വാസത്തിന്റെ പ്രതിഫലം നാം വിശ്വസിക്കുന്നത് നേരിട്ടു കാണുക എന്നതാണ്.’’ പ്രത്യാശയുള്ള ഹൃദയം പരാജയത്തെ അറിയുന്നില്ല. പ്രത്യാശയാണ് ഈ ലോകത്തെ മാറ്റിമറിക്കാൻ നമുക്ക് നൽകപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ആയുധം. പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പപ്പാ നമ്മെ ഓർമിപ്പിക്കുന്നു; ""ക്രിസ്തീയ പ്രത്യാശ എന്നത് വെറുമൊരു ദുർബലമായ സ്വപ്നമല്ല, മറിച്ച് ഉത്ഥിതനായ മിശിഹായുടെ ഹൃദയത്തിലേക്ക് എറിയപ്പെട്ട കരുത്തുറ്റ ഒരു നങ്കൂരമാണ്. കഠിനമായ ഇരുളിലും പ്രഭാതത്തിന്റെ വെളിച്ചം കാണാൻ നമ്മെ സഹായിക്കുന്ന ശാന്തമായ കരുത്താണത്. ദൈവത്തോടൊപ്പമാണെങ്കിൽ ഒരു ശൈത്യകാലവും ശാശ്വതമല്ലെന്നും ഒരു പരാജയവും അന്തിമമല്ലെന്നും അത് നമ്മെ ഓർമിപ്പിക്കുന്നു’’ (63-ാമത് ലോക ദൈവവിളി പ്രാർഥനാദിനത്തിൽ നൽകിയ സന്ദേശത്തിൽനിന്ന്).
മിശിഹായുടെ ഉത്ഥാനം നമ്മെ പഠിപ്പിക്കുന്നത് മരണത്തിൽ അവസാനിക്കാത്ത ഒരു ജീവിതമുണ്ടെന്നും, അന്ധകാരത്തിന് പ്രകാശത്തെ കീഴടക്കാൻ കഴിയില്ലെന്നുമാണ്. ""കുരിശില്ലാതെ ഈസ്റ്റർ സാധ്യമല്ല. മരിക്കാൻ തയാറുള്ളവർക്കേ ജീവിക്കാൻ അവകാശമുള്ളൂ. ക്രിസ്തുവിന്റെ ഉത്ഥാനം നമുക്ക് നൽകുന്ന സന്ദേശം ഇതാണ്: സ്നേഹത്തിന് മരണത്തേക്കാൾ ശക്തിയുണ്ട്. അന്ധകാരത്തിന് വെളിച്ചത്തെ കീഴടക്കാൻ കഴിയില്ലെന്ന് ശൂന്യമായ കല്ലറ നമ്മെ പഠിപ്പിക്കുന്നു’’ എന്നു ബിഷപ് ഫുൾട്ടൺ ജെ. ഷീൻ പറഞ്ഞ വാക്കുകൾ (ലൈഫ് ഓഫ് ക്രൈസ്റ്റ്) പുതിയൊരു പ്രകാശത്തിൽ ഉയിർപ്പുതിരുനാൾ ആഘോഷിക്കാൻ നമുക്ക് പ്രചോദനം നൽകുന്നുണ്ട്. ഉത്ഥിതനായ മിശിഹായോടൊപ്പം നമുക്കും പ്രത്യാശയുടെ പുതിയ ജീവിതത്തിലേക്ക് ഉയർത്തെഴുന്നേൽക്കാം. നമുക്ക് പ്രത്യാശയുടെ വിത്തുകൾ വിതയ്ക്കുന്നവരാകാം. കാരണം, കല്ലറ ഒഴിഞ്ഞുകിടക്കുന്നു; മിശിഹാ ഉയിർത്തെഴുന്നേറ്റു, അവിടന്ന് ഇന്നും നമ്മോടൊപ്പമുണ്ട്. ഉയിർപ്പുതിരുനാളിന്റെ ദൈവാനുഗ്രഹങ്ങൾ എല്ലാവർക്കും ആശംസിക്കുന്നു.
Leader Page
ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടേണ്ട രണ്ടു ദിനങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ലൈഫ് മിഷൻ മുഖേന പത്തുവർഷത്തിനുള്ളിൽ അഞ്ചുലക്ഷം വീടുകൾ പൂർത്തീകരിച്ചെന്ന പ്രഖ്യാപനം. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ടവർക്കായി കൽപ്പറ്റയിൽ സർക്കാർ നിർമിച്ച ടൗണ്ഷിപ്പിന്റെ ഉദ്ഘാടനം. ഇത് രണ്ടും കേവലമായ ചടങ്ങുകളല്ല. മനുഷ്യന്റെ അതിജീവനത്തെയും ജീവനോപാധികളെയും ഉറപ്പാക്കുന്ന സാമൂഹിക ഇടപെടലുകളുടെ സാക്ഷാത്കാരമാണ്.
സ്വന്തമായി ഒരു തുണ്ട് ഭൂമിയും അതിൽ സുരക്ഷിതമായ വീടും എന്നത് സാധാരണ മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നമാണ്. ആ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളുടെ ഏകോപിതമായ രൂപം എന്ന നിലയിലാണ് 2017ൽ സംസ്ഥാന സർക്കാർ ലൈഫ് മിഷൻ ആരംഭിച്ചത്. ഭവന നിർമാണത്തെ ഒരു ക്ഷേമപദ്ധതിയായി മാത്രമല്ല, ഒരു അവകാശമായി കൈകാര്യം ചെയ്തു. അഞ്ചു ലക്ഷം വീടുകൾ എന്ന അഭിമാന സംഖ്യയിൽ നേട്ടം എത്തുന്പോൾ എണ്ണപ്പെടുന്നത് ചുവരുകളും മേൽക്കൂരകളും അല്ല. ഇരുപതു ലക്ഷത്തിൽപരം മനുഷ്യരുടെ ജീവിതമാണ്.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ മനുഷ്യന്റെ നിസഹായതയുടെ ആഴം കാണിച്ച ദുരന്തമായിരുന്നു. പ്രകൃതിയുടെ താണ്ഡവത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണുനീർ നമ്മുടെയാകെ വേദനയായി. ഇന്ന് കൽപ്പറ്റ പട്ടണത്തിനു സമീപം ഉയർന്ന ടൗണ്ഷിപ്പ് സാങ്കേതികമായി ഒരു കെട്ടിടസമുച്ചയം ആണെന്ന് വിശേഷിപ്പിക്കാമെങ്കിലും അത് ‘ആരും ഒറ്റയ്ക്കല്ല’ എന്ന സമൂഹത്തിന്റെ ഉറച്ച വാക്കാണ്. ദുരന്തനിവാരണവും പുനരധിവാസവും വെറും അടിയന്തര സഹായമായി ഒതുങ്ങാതെ, മാന്യമായ ജീവിതത്തിലേക്കുള്ള പൂർണ പുനഃപ്രവേശനമാകണം എന്ന തീരുമാനത്തിന്റെ പ്രായോഗിക രൂപമാണ് അത്.
കിടപ്പാടമില്ലാത്തവർക്ക് വീടും ദുരന്തബാധിതർക്കു സുരക്ഷിതമായ പുനരധിവാസവും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ യാഥാർഥ്യമാകുന്പോൾ, പറഞ്ഞത് ചെയ്യും എന്ന വാക്കാണ് പാലിക്കപ്പെടുന്നത്. നാടിന്റെ വികസനം എന്നത് കൂട്ടിയും കിഴിച്ചും അവതരിപ്പിക്കുന്ന കണക്കുകളല്ല; മറിച്ച് പിന്നിലായവരെ മുന്നിലാക്കുന്നതാണ് എന്ന തിരിച്ചറിവാണ് ഈ നേട്ടങ്ങളുടെ അടിസ്ഥാനം. ഇതിനെ ഭരണനേട്ടത്തിന്റെ ആഘോഷം മാത്രമായി കാണുന്നതിന് പകരം മനുഷ്യജീവിതത്തിന്റെ ഗൗരവവും മനുഷ്യത്വത്തിന്റെ പ്രാധാന്യവും സംരക്ഷിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ തെളിവായി സർക്കാർ കാണുകയാണ്. നാടിന്റെ പല ഭാഗങ്ങളിലും ദുരന്തങ്ങൾ സംഭവിക്കാറുണ്ട്; പുനരധിവാസ വാഗ്ദാനങ്ങൾ ഉയരാറുണ്ട്. എന്നാൽ, വാഗ്ദാനങ്ങൾ വീടുകളായും പുതുജീവിതങ്ങളായും മാറുന്ന ഇടപെടലുകൾ എളുപ്പം കണ്ടെത്താനാവില്ല. ആ അർഥത്തിൽ കേരളത്തിന്റെ ദുരന്തനിവാരണ മാതൃകയും പൊതുവായ ക്ഷേമപ്രവർത്തനങ്ങളും രാജ്യത്തെ ഏറ്റവും തിളക്കമുള്ളതാണ്.
ലൈഫ് ഭവനപദ്ധതി
സന്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയാണ് ലൈഫ് മിഷൻ. 2026 ഫെബ്രുവരി 21 വരെ 6,04,046 കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ ഭവനനിർമാണ ധനസഹായം അനുവദിച്ചു. ഇതിൽ അഞ്ചു ലക്ഷത്തിലധികം വീടുകളുടെ നിർമാണം പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനമാണ് ഇന്നു നടക്കുന്നത്. സ്വതന്ത്രമായ വീടുകൾക്ക് പുറമെ ഭവന സമുച്ചയങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു. നാല് ഭവനസമുച്ചയങ്ങളുടെ നിർമാണം പൂർത്തീകരിച്ചു. ഒരു ഭവനസമുച്ചയം വിലയ്ക്കു വാങ്ങി ഗുണഭോക്താക്കൾക്ക് കൈമാറി. 10 ഭവനസമുച്ചയങ്ങളുടെ നിർമാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുന്നു. ഇതിനുപുറമെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ/സന്നദ്ധ സംഘടനകൾ, പാർട്ട്ണർഷിപ്പ്/ സ്പോണ്സർഷിപ്പ് എന്നിവയിലൂടെ 13 ഭവനസമുച്ചയങ്ങളുടെ നിർമാണം പൂർത്തിയാക്കി ഭൂരഹിത ഭവനരഹിതർക്ക് കൈമാറിയിട്ടുണ്ട്.
വിവിധ പദ്ധതികൾ സംയോജിപ്പിച്ച് സമഗ്ര പദ്ധതിയായിട്ടാണ് സംസ്ഥാനത്ത് ‘ലൈഫ്’ നടപ്പിലാക്കുന്നത്. എല്ലാം ചേർത്ത് ഗുണഭോക്താക്കൾക്ക് നാലു ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്നു. സങ്കേതങ്ങളിലും ദുർഘട പ്രദേശങ്ങളിലും വസിക്കുന്ന പട്ടികവർഗ കുടുംബങ്ങൾക്ക് ആറു ലക്ഷം രൂപയാണ് ആനുകൂല്യം.
ലൈഫ് ഭവനപദ്ധതിക്കായി 2017-18 വർഷം മുതൽ ഇക്കഴിഞ്ഞ ദിവസം വരെയുള്ള ആകെ ചെലവ് 20,831.60 കോടി രൂപയാണ്. അതിൽ 2,488.90 കോടി രൂപയാണ് കേന്ദ്ര വിഹിതം. ബാക്കി 18,342.70 കോടി രൂപ സംസ്ഥാന വിഹിതമാണ്. അതിൽ ഹഡ്കോയിൽ നിന്നെടുത്ത വായ്പയും ഉൾപ്പെടും. പരിമിതമായി ലഭിക്കുന്ന പിഎംഎവൈ ഗ്രാമീണ, നഗര പദ്ധതികളുടെ വിഹിതം, പിഎംജൻ പദ്ധതിയിൽ നിന്നുള്ള 2.11 കോടി രൂപ എന്നിവ ഒഴിച്ചാൽ നമ്മുടെ സംസ്ഥാനത്തിന്റെ പദ്ധതിയാണിത്.
കേരളം ഇവിടെ വേറിട്ട് നിൽക്കുകയാണ്. ഇത്തരമൊരു സന്പൂർണ പാർപ്പിട-സുരക്ഷാ പദ്ധതി രാജ്യത്തിന്റെ മറ്റൊരു ഭാഗത്തും ഇല്ല. ഉള്ള ചില പദ്ധതികൾ ഇതുപോലെ ലക്ഷ്യത്തിലെത്തുന്നുമില്ല.
കൽപ്പറ്റ ടൗണ്ഷിപ്പ്
വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടൽ ലോക മനഃസാക്ഷിയെ ഞെട്ടിച്ച ദുരന്തമായിരുന്നു. അനവധി ജീവനുകളും സ്വപ്നങ്ങളും നഷ്ടപ്പെട്ട ആ ദുരന്തം സംഭവിച്ച ദിനം മുതൽ തന്നെ സർക്കാർ സാധ്യമായ എല്ലാ ഊർജവും വിനിയോഗിച്ചു. വിവിധ രക്ഷാപ്രവർത്തന ഏജൻസികൾ, സന്നദ്ധസംഘടനകൾ, ജനങ്ങളുടെ നിസീമമായ സഹകരണം -ഇവയെല്ലാം ചേർന്നാണ് ആദ്യഘട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി പൂർത്തീകരിച്ചത്.
അതിനു പിന്നാലെ, പുനരധിവാസം എന്ന ദൗത്യം സർക്കാർ ഏറ്റെടുത്തു. ദുരന്തബാധിതർക്കു സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൽപ്പറ്റയിലെ എൽസ്റ്റണ് എസ്റ്റേറ്റിൽ മാതൃകാ ടൗണ്ഷിപ്പ് പടുത്തുയർത്തുകയാണ്. 2025 മാർച്ച് 27ന് തറക്കല്ലിട്ട ഈ ടൗണ്ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മാർച്ച് ഒന്നിന് നടക്കും.
64.47 ഹെക്ടർ ഭൂമിയിൽ ഉയർന്നുവരുന്ന ഈ ടൗണ്ഷിപ്പിൽ ആകെ 410 വീടുകളാണ് നിർമിക്കുന്നത്. ഇതിൽ 178 വീടുകൾ പൂർത്തിയായി. 410 വീടുകളുടെയും പണി തീരുന്നതോടെ 1,662ലധികം ആളുകൾക്ക് സുരക്ഷിത കിടപ്പാടം ലഭ്യമാകും. എന്നാൽ ഇത് വെറും വീടുകളുടെ സമുച്ചയം മാത്രമല്ല. പൊതുറോഡുകൾ, ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്ററുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സമഗ്ര പാർപ്പിട പദ്ധതിയാണ്. വയനാടിന്റെ ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടെയും പ്രത്യേകതകൾ പരിഗണിച്ചാണ് നിർമാണം നടക്കുന്നത്. കൂടാതെ, ഇവിടെ പണിയുന്ന വീടുകൾ ചെറിയ ഭൂകന്പങ്ങളെ പ്രതിരോധിക്കുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
പുനരധിവാസ പ്രവർത്തനം വീടുകൾ നിർമിച്ചു നൽകുന്നതിൽ ഒതുങ്ങുന്നതല്ലെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് ഉറപ്പാക്കി. കടമുറികൾ നഷ്ടപ്പെട്ടവർക്ക് ഏഴു ലക്ഷം രൂപ വീതവും ഒന്നിൽ കൂടുതൽ കടമുറികൾ നഷ്ടമായാൽ അധികമുള്ള ഓരോ മുറിക്കും 2.5 ലക്ഷം രൂപ വീതവും അനുവദിക്കുന്നു. സംരംഭകർക്ക് ഉണ്ടായ നഷ്ടത്തിന്റെ 50 ശതമാനം വരെ നഷ്ടപരിഹാരം നൽകും. മാനുഫാക്ചറിംഗ് മേഖലയിൽ പരമാവധി 20 ലക്ഷം രൂപ, സർവീസ് മേഖലയിലാണെങ്കിൽ 10 ലക്ഷം രൂപ, ട്രേഡ് മേഖലയിലാണെങ്കിൽ ഏഴു ലക്ഷം രൂപ എന്നിങ്ങനെയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. ഈ തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് അനുവദിക്കുന്നത്.
ദുരന്തബാധിതരുടെ കടബാധ്യതയും സർക്കാർ ഏറ്റെടുത്തു. 155 കുടുംബങ്ങളുടെ 1620 വായ്പകൾ ഏറ്റെടുത്തു. ഇതിന് ഏകദേശം 18.75 കോടി രൂപ ചെലവായി. കേന്ദ്രസർക്കാർ കടബാധ്യത എഴുതിത്തള്ളാൻ കഴിയില്ലെന്ന നിലപാട് എടുത്തപ്പോഴും സംസ്ഥാന സർക്കാർ നിസംഗമായി നിന്നില്ല. കേരള ബാങ്ക് നേരത്തേതന്നെ വായ്പകൾ എഴുതിത്തള്ളിയിരുന്നു. അതിനു പുറമെയുള്ള കടങ്ങൾ തീർക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക കണ്ടെത്തിയത്.
വീട് നഷ്ടപ്പെട്ടവർക്ക് വാടകവീട്ടിൽ കഴിയാൻ ഇതുവരെ 6.16 കോടിയിൽപരം രൂപ നൽകിയിട്ടുണ്ട്. ജീവകാരുണ്യ സഹായമായി ഒരാൾക്ക് 300 രൂപ വീതം 1184 പേർക്ക് വിതരണം തുടരുന്നു; ഇതിനായി ഇതിനകം 17.7 കോടി രൂപ ചെലവായി. ദുരന്തത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് 13 കോടിയിൽപരം രൂപ നഷ്ടപരിഹാരമായി നൽകി. മാതാപിതാക്കൾ നഷ്ടപ്പെട്ട 21 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതം ഡിപ്പോസിറ്റായി അനുവദിച്ചു. 958 പേർക്ക് ഇപ്പോഴും ഭക്ഷണ കൂപ്പണുകൾ നൽകുന്നു. സർക്കാർ നിർമിക്കുന്ന ടൗണ്ഷിപ്പിൽ വീട് വേണ്ടെന്നു പറഞ്ഞ 14 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകി.
വിവിധ സർക്കാർ വകുപ്പുകളും സർക്കാർ ഇതര ഏജൻസികളും തൊഴിലാളികളും ചേർന്ന ഏകോപിതമായ പ്രവർത്തനഫലമാണ് മാതൃകാ ടൗണ്ഷിപ്പ്. ദുരന്തം സംഭവിച്ച് ഒന്നര വർഷത്തിനുള്ളിൽ ഇത്രയും വലിയ പുനർനിർമാണ ദൗത്യം യാഥാർഥ്യമാക്കാൻ കഴിഞ്ഞത് കൂട്ടായ്മയുടെ വിജയമാണ്. ദുരന്തങ്ങളെ അതിജീവിച്ച് മുന്നേറുന്ന ഒരു സമൂഹത്തിന്റെ കരുത്തിനും ജനപക്ഷ സർക്കാരിന്റെ പ്രതിബദ്ധതയ്ക്കും തെളിവായി ഈ പദ്ധതി നിലകൊള്ളുന്നു.
കൽപ്പറ്റ ടൗണ്ഷിപ്പ് ഉദ്ഘാടനഘട്ടത്തിൽ ആ ദുരന്തത്തെ നമ്മുടെ നാട് എങ്ങനെ നേരിട്ടു എന്നുകൂടി ഓർക്കേണ്ടതുണ്ട്. മഹാദുരന്തത്തിന്റെ ആദ്യ നാളുകളിൽ തന്നെ കേരളം ഒറ്റക്കെട്ടായി ഉയർന്നുനിന്നു. മന്ത്രിമാർ, ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, സേനാസംവിധാനങ്ങൾ, സന്നദ്ധപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി നാനാ മേഖലകളിൽ നിന്നുള്ളവർ ജീവൻപണയംവച്ച് രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നത് നമ്മുടെ നാടിന്റെ കൂട്ടായ്മയുടെ ഉജ്വലമായ ഉദാഹരണമാണ്.
ആ ഘട്ടത്തിൽ തന്നെ, ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ലോകോത്തര നിലവാരത്തിൽ പുനരധിവസിപ്പിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. ഇന്ന്, ആ വാഗ്ദാനം യാഥാർഥ്യത്തിലേക്ക് മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ ചരിത്രനിമിഷം സർക്കാരിന്റെ മാത്രം നേട്ടമല്ല. രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന ഓരോ കൈയും പുനരധിവാസത്തിനായി അകമഴിഞ്ഞു സഹായം നൽകിയ ഓരോ മനസും ചേർന്നുണ്ടാക്കിയ മഹാനേട്ടമാണ്.
ദുരന്തത്തെ അതിജീവിച്ചും വേദനയെ ശക്തിയാക്കി മാറ്റിയും മുന്നേറുന്ന നമ്മുടെ നാടിന്റെ യാത്ര, ഒറ്റക്കെട്ടായി നാം തീർത്ത ഒരു ‘റിയൽ കേരള സ്റ്റോറി’യാണ്. അത് ലോകത്തിന് മുന്നിൽ ഒരു മാതൃകയായി ഉയർന്നുനിൽക്കും. മനുഷ്യസ്നേഹവും ഉത്തരവാദിത്വവും ചേർന്നാൽ ഒരു സമൂഹത്തിന് എത്ര ഉയരത്തിൽ എത്താനാകുമെന്നതിന്റെ തെളിവായി തിളങ്ങി നിൽക്കും.
Business
കൊച്ചി: കേരള മാസ്റ്റര് പ്രിന്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘പ്രിന്റ് ആൻഡ് ബിയോണ്ട്’ സെമിനാര് പത്താം എഡിഷന് 28ന് റാഡിസണ് ബ്ലൂ ഹോട്ടലില് നടക്കും.
കേരളത്തിലെ അച്ചടി മേഖലയുടെ വികസനത്തിന് നിസ്വാര്ഥ സേവനമനുഷ്ഠിച്ച പ്രിന്റേഴ്സ് കാസില് ഉടമ ജോസ് ജോസഫിന്റെ സ്മരണാര്ഥമാണു പരിപാടി സംഘടിപ്പിക്കുന്നത്. ‘ആഗോളവത്കരിക്കപ്പെട്ട ലോകത്ത് അച്ചടിയുടെ അതിജീവനം’ എന്നതാണ് ഈ വര്ഷത്തെ പ്രമേയം.
കെഎംപിഎ സംസ്ഥാന പ്രസിഡന്റ് ലൂയിസ് ഫ്രാന്സിസിന്റെ അധ്യക്ഷതയില് ഓള് ഇന്ത്യ ഫെഡറേഷന് ഓഫ് മാസ്റ്റര് പ്രിന്റേഴ്സ് പ്രസിഡന്റ് സി. രവീന്ദര് റെഡ്ഢി ഉദ്ഘാടനം ചെയ്യും.
കൂടുതല് വിവരങ്ങള്ക്ക്: 95674 72715 email: [email protected].
Kerala
ചങ്ങനാശേരി: അക്ഷരഭടന്മാരുടെ അതിജീവന പോരാട്ടമായി കേരള കാത്തലിക് ടീച്ചേഴ്സ് ഗില്ഡ് വിദ്യാഭ്യാസ അവകാശസംരക്ഷണ മഹാറാലിയും സമ്മേളനവും. അവകാശപോരാട്ടങ്ങളില് തളരില്ല, തോല്ക്കില്ല, നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന മുദ്രാവാക്യങ്ങളുയര്ത്തിയാണ് മലയാളക്കരയിലെ ഏറ്റവുംവലിയ അധ്യാപക സംഘടനയിലെ അംഗങ്ങള് ചങ്ങനാശേരിയിൽ നടന്ന അവകാശറാലിയില് അണിചേര്ന്നത്.
ചുവപ്പും വെള്ളയും മഞ്ഞയും കലര്ന്ന പതാകകള് കൈകളിലുയര്ത്തി തലയില് തൊപ്പികളണിഞ്ഞും വിവിധ അവശ്യങ്ങളെഴുതിയ പ്ലക്കാര്ഡുകള് ഉയര്ത്തിപ്പിടിച്ചുമാണ് കൊടുംചൂടിനെ അവഗണിച്ച് നൂറുകണക്കിന് അധ്യാപകര് അണിനിരന്നത്.
1956ല് ജന്മംകൊണ്ട കേരള കാത്തലിക് ടീച്ചേഴ്സ് ഗില്ഡിന്റെ എഴുപതാംജന്മദിനത്തോടനുബന്ധിച്ചാണ്, സംഘടന പിറന്ന മണ്ണില് മഹാസംഗമവും റാലിയും സംഘടിപ്പിച്ചത്. ചങ്ങനാശേരി ആര്ച്ച്ബിഷപ്സ് ഹൗസ് കവാടത്തില് ആരംഭിച്ച അവകാശസംരക്ഷണറാലി കൊടിക്കുന്നില് സുരേഷ് എംപി കേരള കാത്തലിക് ടീച്ചേഴ്സ് ഗില്ഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യുവിന് പതാക കൈമാറി ഫ്ളാഗ് ഓഫ് ചെയ്തു.
അതിരൂപത വികാരിജനറാള് മോണ്. ആന്റണി എത്തയ്ക്കാട്ട് ആമുഖപ്രസംഗം നടത്തി. അതിരൂപത വികാരിജനറാള് മോണ്. സ്കറിയ കന്യാകോണില്, ഗില്ഡ് സംസ്ഥാന ഡയറക്ടര് ഫാ. ആറണി അറയ്ക്കല്, അതിരൂപത കോര്പറേറ്റ് മാനജര് ഫാ. ജോബി ആന്റണി മൂലയില്, അസിസ്റ്റന്റ് കോര്പറേറ്റ് മാനേജര്മാരായ ഫാ. ടോണി ചെത്തിപ്പുഴ, ഫാ. സെബു ചാലയ്ക്കല്, ജനറല് കണ്വീനര് ഫാ. ജോജോ പള്ളിച്ചിറ എന്നിവര് പ്രസംഗിച്ചു.
റാലി സെന്ട്രല് ജംഗ്ഷനിലൂടെ എസ്ബി കോളജില് എത്തിയതിനെതുടര്ന്ന് സംസ്ഥാന സമ്മേളനം ആരംഭിച്ചു. സീറോമലബാര്, മലങ്കര, ലത്തീന് രൂപതകളിലെ വിവിധ സ്കൂളുകളില് നിന്നുള്ള നാലായിരത്തിലധികം അധ്യാപകരാണ് റാലിയിലും സമ്മേളനത്തിലും പങ്കെടുത്തത്.
ടീച്ചേഴ്സ് ഗില്ഡ് നേതാക്കളായ ജി. ബിജു, റോബിന് മാത്യു, സി.എ. ജോണി, ബിജു പി. ആന്റണി, സി.ജെ. ആന്റണി, ഷൈനി കുര്യാക്കോസ്, സുഭാഷ് മാത്യു, ഈശോ തോമസ്, ഡോ.ജീമോള് അലക്സ്, ജോഗോഷ് വര്ഗീസ്, സിസ്റ്റര് ഷൈനമ്മ ജയിംസ്, പ്രകാശ് കെ. തോമസ്, ഷേര്ളിക്കുട്ടി ആന്റണി, സിസ്റ്റര് സോഫിയാമ്മ ജോര്ജ്, ബിജു ടി. ജോണ്, എം.സി. ബിനു, ബോണി ലിയോ തോമസ്, റിന്സ് വര്ഗീസ് തുടങ്ങിയവര് റാലിക്കും സമ്മേളനത്തിനും നേതൃത്വം നല്കി.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പോടെ തങ്ങളെ നിലംപരിശാക്കാൻ നോക്കിയ ഇടത്, വലത് മുന്നണികളോടുള്ള വാശിതീർക്കലാണ് എൻഡിഎ പ്രവേശനമെന്നു തുറന്നടിച്ച സാബു ജേക്കബിനും ട്വന്റി 20 പാർട്ടിക്കും ഇനി മുന്നിലുള്ളത് അഗ്നിപരീക്ഷ. ആരംഭഘട്ടത്തിലുണ്ടായിരുന്ന തിളക്കം കുറയുകയും പലരും പാർട്ടി വിടുകയും ചെയ്തതോടെ പ്രതിസന്ധിയിലായ ട്വന്റി 20യ്ക്കു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ നിലനില്പ് ഉറപ്പിക്കാനുള്ള നീക്കമായാണു ബിജെപി കൂട്ടുകെട്ടിനെ വിലയിരുത്തുന്നത്.
2020ൽ നാല് ഗ്രാമപഞ്ചായത്തുകളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും ഭരണം പിടിച്ച് ഇടത്, വലത് മുന്നണികളെ ഞെട്ടിച്ച ട്വന്റി 20ക്ക് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആ മികവ് തുടരാനായില്ല. കിഴക്കമ്പലത്തു പാർട്ടിയുടെ തേരോട്ടത്തിനു തടയിടാൻ യുഡിഎഫും എൽഡിഎഫും പരോക്ഷ പിന്തുണയോടെ പൊതു സ്വതന്ത്രസ്ഥാനാർഥികളെ കളത്തിലിറക്കിയതിനെ പ്രതിരോധിച്ച് ഭരണം നിലനിർത്തിയെങ്കിലും മുന്നോട്ടുപോക്ക് പഴയപോലെ സുഗമമല്ലെന്ന് ട്വന്റി 20 നേതാക്കളും തിരിച്ചറിയുന്നുണ്ട്.
പാർട്ടി ഇക്കുറി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചത് ഐക്കരനാടും കിഴക്കമ്പലത്തും മാത്രമാണ്. കഴിഞ്ഞതവണ ഭരണമുണ്ടായിരുന്ന മഴുവന്നൂരും കുന്നത്തുനാടും ഇക്കുറി പാർട്ടിയെ കൈവിട്ടു. സംസ്ഥാനത്ത് ഒമ്പതു ജില്ലകളിലായി 880 സ്ഥാനാർഥികളെ മത്സരിപ്പിച്ച ട്വന്റി 20യിൽ വിജയിച്ചത് 78 പേർ മാത്രമാണ്.
പുതിയ കൂട്ടുകെട്ടിലൂടെ മികച്ച സ്ഥാനാർഥിയെ അവതരിപ്പിച്ച് കുന്നത്തുനാട് നിയമസഭാമണ്ഡലത്തിൽ വിജയിക്കാമെന്ന് ട്വന്റി 20 കണക്കുകൂട്ടുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ടുനിലയിൽ പാർട്ടി എൽഡിഎഫിനെ പിന്തള്ളി രണ്ടാമതെത്തിയിരുന്നു. എൻഡിഎയ്ക്ക് മണ്ഡലത്തിൽ 12000- 15000 വോട്ടുകളുണ്ടെന്നാണ് കണക്കുകൂട്ടൽ. ഇതുകൂടി ചേർത്താൽ വിജയിക്കാമെന്ന് ട്വന്റി 20 പ്രതീക്ഷിക്കുന്നുണ്ട്.
എറണാകുളം ജില്ലയിൽ ട്വന്റി 20യിലൂടെ ഒരു നിയമസഭാ സീറ്റ് എൻഡിഎ സ്വപ്നം കാണുന്നുണ്ട്. അതു സഫലമാക്കിയാൽ പ്രസിഡന്റ് സാബു ജേക്കബിനും ട്വന്റി 20യ്ക്കും വലിയ നേട്ടമാകും. അതേസമയം ട്വന്റി 20യുടെ ബിജെപി കൂട്ടുകെട്ട് തങ്ങൾക്കു നേട്ടമാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.
ട്വന്റി 20 യിൽ ഭിന്നാഭിപ്രായം
കൊച്ചി: എൻഡിഎയിലേക്കു പോകാനുള്ള ചർച്ചകൾ ട്വന്റി 20യിൽ ഒരു വർഷത്തിലേറെയായി നടക്കുന്നുണ്ടെങ്കിലും അതിനു ചൂടുപിടിച്ചത് തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം. കഴിഞ്ഞ മാസം ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ സാബു ജേക്കബ് ഈ വിഷയം അവതരിപ്പിച്ചപ്പോൾ ഒരുവിഭാഗം എതിർപ്പ് അറിയിച്ചിരുന്നു.
പ്രധാന ശത്രു സിപിഎം എന്ന നിലയിൽ കോൺഗ്രസുമായി സഹകരിക്കണമെന്നും യുഡിഎഫിൽ ചേരാൻ ചർച്ച നടത്തണമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഒരു വിഭാഗം ആവശ്യമുന്നയിച്ചതാണ്. ഭൂരിപക്ഷ അഭിപ്രായപ്രകാരമാണ് എൻഡിഎയിലേക്കു പോകാൻ തീരുമാനിച്ചത്. സാബു ജേക്കബിനു പുറമെ പ്രധാന നേതാക്കൾ പുതിയ തീരുമാനത്തോടു നിലവിൽ യോജിക്കുന്നുണ്ടെങ്കിലും അണികളിൽ ചോർച്ചയുണ്ടാകുമെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ കാൻസർ അതിജീവന നിരക്ക് റിക്കാർഡ്ൽ.
കാൻസർ ചികിത്സാരംഗത്തെ ഗവേഷണങ്ങളും രോഗം നേരത്തെ കണ്ടുപിടിക്കാനുള്ള നൂതന മാർഗങ്ങളുമാണ് ഈ പുരോഗതിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അമേരിക്കയിലെ അഞ്ച് വർഷത്തെ കാൻസർ അതിജീവന നിരക്ക് ഇപ്പോൾ 70 ശതമാനമാണ്. 1970കളുടെ പകുതിയിൽ 50 ശതമാനം മാത്രമായിരുന്നു. ലിവർ കാൻസർ അതിജീവന നിരക്ക് 1990കളിലെ ഏഴ് ശതമാനത്തിൽ നിന്നും 2023ൽ 22 ശതമാനമായി വർധിച്ചു.
ലംഗ് കാൻസർ അതിജീവന നിരക്ക് 15 ശതമാനത്തിൽ നിന്നും 28 ശതമാനമായും , മൈലോമ അതിജീവന നിരക്ക് 32 ശതമാനത്തിൽ നിന്നും 62 ശതമാനമായുംഉയർന്നു.
ദൂരെയുള്ള അവയവങ്ങളിലേക്ക് പടർന്ന കാൻസറുകളുടെ അതിജീവന നിരക്ക് 1990കളിലെ 17 ശതമാനത്തിൽ നിന്നും 35 ശതമാനമായി വർധിച്ചിട്ടുണ്ട്.
1991ലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും കാൻസർ മരണനിരക്ക് ഇതുവരെ 34ശതമാനമായി കുറഞ്ഞു. പുരുഷന്മാരിലെ ലംഗ് കാൻസർ മരണനിരക്ക് 1990ന് ശേഷം 62 ശതമാനമായി കുറഞ്ഞു. സ്ത്രീകളിലെ ബ്രെസ്റ്റ് കാൻസർ മരണനിരക്ക് 1989നും 2023നും ഇടയിൽ 44 ശതമാനമായി കുറഞ്ഞു.
മരണനിരക്ക് കുറയുന്നുണ്ടെങ്കിലും പുതിയ കാൻസർ കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. 2026ൽ ഏകദേശം 21 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് കണക്കാക്കുന്നു.
പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസറും സ്ത്രീകളിൽ ബ്രെസ്റ്റ് കാൻൻസറുമാണ് ഏറ്റവും കൂടുതൽ സ്ഥിരീകരിക്കപ്പെടുന്നത്. പാൻക്രിയാറ്റിക് കാൻസർ, ഓറൽ കാവിറ്റി കാൻസർ എന്നിവ രണ്ട് ലിംഗവിഭാഗങ്ങളിലും വർധിച്ചുവരുന്നതായി കാണപ്പെടുന്നു.
നേരത്തെയുള്ള രോഗനിർണയം , ഇമ്മ്യൂണോതെറാപ്പി , ടാർഗെറ്റഡ് തെറാപ്പി, ആധുനിക സർജറി രീതികൾ എന്നിവ അതിജീവന നിരക്ക് വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
കാൻസർ ഒരു മരണശിക്ഷ എന്നതിലുപരി ചികിത്സിച്ചു മാറ്റാവുന്ന ഒരു വിട്ടുമാറാത്ത രോഗമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Leader Page
ഡിസംബർ 31ലെ മഞ്ഞുതിരുന്ന രാവ്. ഒരു വർഷം ഉരുട്ടിക്കയറ്റിയ ജീവിതഭാരം കൈവിട്ട് പൊട്ടിച്ചിരിക്കുന്ന നിമിഷം. ഹർഷവും ഉന്മാദവും സങ്കടവും നിരാശയും പ്രതീക്ഷയും കൂടിക്കലർന്ന് മനുഷ്യനെ വിണ്ണോളമുയർത്തി ഭൂമിയിലേക്കു തിരികെയെത്തിക്കുന്ന മാന്ത്രികാനുഭവമാണ് ഓരോ പുതുവത്സരവും സമ്മാനിക്കുന്നത്.
നാളെ രാവിലെ ഉണരും എന്ന പ്രതീക്ഷയോടെയാണ് എല്ലാ ദിവസവും രാത്രി നാം ഉറങ്ങുന്നത്. രാവിലെ കണ്ണു തുറക്കുമ്പോൾ ജീവിച്ചിരിക്കുന്നു എന്ന തിരിച്ചറിവു നല്കുന്ന ആഹ്ലാദമാകട്ടെ അവർണനീയവും. ആ നിലയ്ക്ക് ഓരോ ദിവസവും പുതുജീവനാണ് നമ്മിൽ തുടിക്കുന്നത്. അനന്തമായ കാലപ്രവാഹത്തിൽ നിരവധി പുതുജീവിതങ്ങളിലൂടെ കടന്നുപോകുന്ന ജീവൻ.
പുതുവർഷമെത്തിയപ്പോൾ ജപ്പാനിലെ ഒരു സെൻ ആശ്രമത്തിലെ വാതിലിൽ ഗുരുവായ സന്യാസി എഴുതിവച്ചതിങ്ങനെ: “ഇന്നലെകൾ മരിച്ചു, നാളെകൾ ജനിച്ചിട്ടില്ല. അതിനാൽ ഈ നിമിഷം മാത്രമാണ് പുതിയത്.”
ഒരു ശിഷ്യൻ ആശ്ചര്യത്തോടെ ചോദിച്ചു: “ഗുരുവേ, പിന്നെ എന്തിനാണ് നമ്മൾ പുതുവർഷം ആഘോഷിക്കുന്നത്?” ചിരിച്ചുകൊണ്ട് ഗുരുവിന്റെ മറുപടി: “ഓരോ ശ്വാസവും ഓരോ പുതുവർഷമാണ്. നീ അത് തിരിച്ചറിയുന്ന നിമിഷം ആഘോഷമായി മാറുന്നു.”
കാലത്തെ വർഷങ്ങളായല്ല, ഓരോ നിമിഷവും ശ്വാസവുമായാണ് സെൻ ജീവിതം അനുഭവിക്കുന്നത്. ഇവിടെ പുതുവർഷം എന്നത് ഉണർന്നിരിക്കാനുള്ള ഒരു ഓർമപ്പെടുത്തൽ മാത്രമാണ്. പുതുവർഷം എന്നത് വരാനിരിക്കുന്ന ഒന്നല്ല, നാം ജീവിക്കുന്ന ഈ നിമിഷമാണെന്ന് ഈ കഥ നിരന്തരം നമ്മെ ഓർമിപ്പിക്കുന്നുണ്ട്.
“വയസാകുംതോറും ആളുകൾ സ്വപ്നങ്ങളുടെ പിന്നാലെ പോകാതാകും എന്നു പറയുന്നത് ശരിയല്ല. സ്വപ്നങ്ങളുടെ പിന്നാലെ പോകാതിരിക്കുമ്പോൾ അവർക്ക് വയസാകുകയാണ്” എന്ന് പറഞ്ഞത് ഗബ്രിയേൽ ഗാർസിയ മാർകേസ് ആണ്. ഓരോ ദിവസവും മാസവും വർഷവും മാറുമ്പോൾ മരണവും നമ്മളും തമ്മിലുള്ള ദൂരം കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്. തീവ്രവെളിച്ചത്തിന്റെ മതിഭ്രമങ്ങളുടെയും സംഗീതവിസ്ഫോടനങ്ങളുടെയും നൃത്തത്തിന്റെ ചടുലവേഗങ്ങളുടെയും അകമ്പടിയോടെ ഓരോ പുതുവർഷത്തിലും നമ്മളാഘോഷിക്കുന്നത് ആസന്നമായ നമ്മുടെ മരണത്തെത്തന്നെയല്ലേ?
മരണവും ഉത്ഥാനവും അതിജീവനവും, ചിന്തിക്കാൻ തുടങ്ങിയതുമുതൽ മനുഷ്യരുടെ ദാർശനികവ്യഥകൾക്കു കൂട്ടാണ്. ഓരോ രാവും മൃത്യുവിന്റേതാണ്. ഓരോ പുലർച്ചയും ഉയിർപ്പിന്റേതും. കാലത്തിന്റെ നീരാളിപ്പിടിത്തത്തിൽനിന്ന് കുതറിമാറാനുള്ള ശ്രമം ഓരോ ജീവിതത്തെയും വ്യതിരിക്തവും അർഥപൂർണവും വേദന നിറഞ്ഞതുമാക്കുന്നുണ്ട്. നൈമിഷികമായ ആഹ്ലാദങ്ങളും വിജയാട്ടഹാസങ്ങളും അന്തരീക്ഷത്തെ ത്രസിപ്പിക്കുന്നുണ്ടെങ്കിലും അകക്കാമ്പിൽ ആകുലനാണ് മനുഷ്യൻ. ആ ആകുലതയാണ് മതങ്ങളും ദർശനങ്ങളും പങ്കുവയ്ക്കുന്നത്. ആ ആകുലതയുടെ വകഭേദങ്ങളാണ് കൊല്ലുന്ന മനുഷ്യനെയും നശിപ്പിക്കുന്ന മനുഷ്യനെയും തിന്നുന്ന മനുഷ്യനെയും പീഡിപ്പിക്കുന്ന മനുഷ്യനെയുമൊക്കെ രൂപപ്പെടുത്തുന്നത്.
എല്ലാ ജീവജാലങ്ങളിലുമെന്നപോലെ അതിജീവനത്തിനുള്ള ത്വര മനുഷ്യരിലും തുടിക്കുന്നുണ്ട്. മനുഷ്യവംശത്തിന്റെ ചരിത്രംതന്നെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും തോരാമഴയുടെ പെയ്ത്താണ്. “കാലമിനിയുമുരുളും, വിഷു വരും, വർഷം വരും” എന്ന് കവി പാടുമ്പോഴും, ഹിറ്റ്ലർക്കു മുന്നിൽ നാലു സ്വർണപ്പതക്കം മാറോടടുക്കി കറുത്തൊരു മഹാമേരുവായി നിന്ന ജസ്സി ഓവൻസിനെ ഓർക്കുമ്പോഴും, ബധിരതയ്ക്കു നേരേ പുഞ്ചിരിച്ച് ഉൾമനസിലെ താളബോധത്താൽ ബീഥോവൻ തീർത്ത സിംഫണികൾ നമുക്കുള്ളിൽ പിടഞ്ഞുയരുമ്പോഴും ഈ തോരാമഴ നാമനുഭവിക്കുന്നുണ്ട്.
യുദ്ധഭൂമിയാണ് മനുഷ്യമനസ്. അവിടെ ചിതറിവീഴുന്ന കബന്ധങ്ങൾക്കും ഒഴുകുന്ന ചോരയ്ക്കും അവസാനമില്ല. ഓരോ ദുരന്തവും ചങ്ങല കിലുക്കി നമ്മെ തളച്ചിടാനെത്തുമ്പോഴും ഫീനിക്സ് പക്ഷിയുടെ ചിറകടിയാണ് ഉള്ളിലുയരേണ്ടത്. “കഴിഞ്ഞ വർഷത്തെ വാക്കുകൾ കഴിഞ്ഞ വർഷത്തെ ഭാഷയുടേതാണ്; വരാനിരിക്കുന്ന വർഷത്തെ വാക്കുകൾ പുതിയൊരു ശബ്ദത്തിനായി കാത്തിരിക്കുന്നു.” എന്ന ടി.എസ്. എലിയറ്റിന്റെ വാക്കുകൾ തീവ്രസംഗീതമായി കൂടെയുണ്ട്.
അനിശ്ചിതത്വത്തിന്റെയും ആശ്ചര്യങ്ങളുടെയും സാധ്യതകളുടെയും സൗന്ദര്യശാസ്ത്രമാണ് ജീവിതത്തെ നയിക്കുന്നത്. അവിടെ മാറ്റത്തിന്റെ രഹസ്യം പഴയതിനോട് പോരാടുന്നതിലല്ല; മറിച്ച്, പുതിയത് കെട്ടിപ്പടുക്കുന്നതിലാണ്. ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങൾ നിറഞ്ഞ പുതുവർഷത്തെ സ്വാഗതം ചെയ്യുമ്പോൾ അനിശ്ചിതത്വത്തെ മറികടന്ന് സാധ്യതകളെ സ്വീകരിക്കാൻ നാം തയാറാകുകയാണ്.
മനുഷ്യന്റെ അന്വേഷണകാന്തി ഓരോ പുലരിയെയും ജ്വലിപ്പിക്കുകയാണ്. രണ്ടുപേർ ഒരിക്കലും ഒരു വഴിക്ക് അന്വേഷിക്കുന്നില്ല എന്ന് ലോകസാഹിത്യത്തിലെ മഹാനായ ജർമൻ ദാർശനികൻ ഹെർമൻ ഹെസ്സെ വിളംബരം ചെയ്യുമ്പോൾ ഈ സത്യമാണ് തെളിഞ്ഞു പ്രകാശിക്കുന്നത്.
ഹെസ്സെയുടെ ‘സിദ്ധാർഥ’ എന്ന നോവലിൽ മകന്റെ അവഹേളനത്താൽ ആകുലചിത്തനായി സിദ്ധാർഥ ഒരു നദിയിലിറങ്ങുന്നുണ്ട്. അച്ഛൻ, മകൻ, കമല, ഗോവിന്ദ, ഒടുവിൽ താനും നദിയിൽ പ്രത്യക്ഷമാകുകയാണ്. എല്ലാവരും ഒറ്റയ്ക്കൊറ്റയ്ക്ക്. ഓരോരുത്തരും ഓരോ ലക്ഷ്യത്തിലേക്കു തിരിഞ്ഞുനിൽക്കുന്നു. എല്ലാവർക്കും അവരവരുടേതായ വേദനകൾ. എന്നാൽ എല്ലാ വേദനകളും നദിയുടെ ഒഴുക്കിൽ അലിഞ്ഞില്ലാതാകുന്നു. ഈ പുഴ കാലപ്രവാഹമാണ്. കാലപ്രവാഹത്തിൽ അലിയാത്ത വേദനകളില്ല എന്ന ശാശ്വതസത്യമാണ് ഈ പുഴയിലെ ഓളങ്ങൾ മനുഷ്യരോടു പറയുന്നത്.
ഹെസ്സെയുടെ ‘ഏകാകിയായ ചെന്നായ’യെപ്പോലെയാണ് ആധുനികലോകത്തിലെ മനുഷ്യർ. ഒരേസമയം ചെന്നായയായും മനുഷ്യനായും അവർ മാറും. അധികാരത്തിനു മുന്നിൽ മുട്ടുകുത്തി നാലുകാലിൽ ഇഴയേണ്ടിവരുന്നു. അടുത്തനിമിഷം ഇരയുടെമേൽ ചെന്നായയെപ്പോലെ ചാടിവീണ് കടിച്ചുകീറുന്നു.
യുദ്ധത്തിന്റെയും അശാന്തിയുടെയും കാർമേഘപടലങ്ങൾ ഭൂമിയെ മൂടിയിരിക്കുന്നു. അതിനിടയിലൂടെ കടന്നുവരാൻ സൂര്യരശ്മികൾ അതികഠിനമായ ശ്രമത്തിലാണ്. എന്നത്തെയുംപോലെ പഴയതിനെ നവീകരിച്ചുകൊണ്ട് പുതിയൊരു തലമുറ ഉദയം ചെയ്യുന്നുണ്ട്. ഭേദചിന്തകളില്ലാതെ, കാപട്യങ്ങളില്ലാതെ വളരാൻ അവർക്ക് ഇടമുണ്ടാകട്ടെ. തങ്ങളുടെമേൽ പുതച്ചിരിക്കുന്ന ആട്ടിൻതോലിന്റെ നിഷ്കളങ്കതയിലേക്ക് ചെന്നായ്ക്കൾ പരിവർത്തനം ചെയ്യപ്പെടട്ടെ.
“മഞ്ഞുകാലത്തിന്റെ മധ്യത്തിലും തന്റെയുള്ളിൽ തോൽപ്പിക്കാനാകാത്ത ഒരു വേനൽക്കാലമുണ്ട്” എന്ന് ലെയോ ടോൾസ്റ്റോയി തിരിച്ചറിഞ്ഞതുപോലെ ഈ പുതുവർഷനിമിഷത്തിൽ മനുഷ്യരാശിക്കും തിരിച്ചറിവുണ്ടാകട്ടെ.
Viral
ഒഡീഷയിലെ കേന്ദ്രപാര ജില്ലയിൽ പ്രകൃതിയുടെ വന്യതയ്ക്കിടയിൽ അരങ്ങേറിയ ഒരു അപൂർവ പ്രതിരോധത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ലോകമെങ്ങും ചർച്ചയാവുകയാണ്.
മഹാനദിയുടെ കൈവഴിയായ ഖരിനാസി നദീതീരത്ത് വെള്ളം കുടിക്കാനെത്തിയ കുരങ്ങൻമാരുടെ സംഘത്തിലെ ഒരാളെ അപ്രതീക്ഷിതമായി എത്തിയ മുതല ആക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
നിമിഷനേരം കൊണ്ട് ഇരയെ വെള്ളത്തിനടിയിലേക്ക് വലിച്ചിഴയ്ക്കാൻ മുതല ശ്രമിച്ചെങ്കിലും, ഭയന്നോടുന്നതിന് പകരം അസാമാന്യമായ ഐക്യത്തോടെ തിരിച്ചടിക്കാൻ തീരുമാനിക്കുകയായിരുന്നു ആ വാനരക്കൂട്ടം.
തങ്ങളുടെ കൂട്ടുകാരന്റെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ നിമിഷം, ഒട്ടും ഭയക്കാതെ മുപ്പതിലധികം വരുന്ന കുരങ്ങൻമാർ ഒന്നിച്ച് നദിയിലേക്ക് എടുത്തുചാടി.
ചതുപ്പും മുതലകളുടെ സാന്നിധ്യവും നിറഞ്ഞ അപകടകരമായ ആ വെള്ളത്തിലേക്ക് സ്വന്തം ജീവൻ പണയപ്പെടുത്തി അവർ നീന്തിച്ചെന്നു. മുതലയെ ചുറ്റും വരിഞ്ഞും ബഹളം വെച്ചും ആക്രമിച്ചും വാനരപ്പട സൃഷ്ടിച്ച അപ്രതീക്ഷിത പ്രതിരോധം മുതലക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു.
ഒടുവിൽ വാനരസംഘത്തിന്റെ കരുത്തിനു മുന്നിൽ പതറിപ്പോയ മുതല തന്റെ ഇരയെ ഉപേക്ഷിച്ച് വെള്ളത്തിനടിയിലേക്ക് പിൻവാങ്ങി. ഭയത്തെ അതിജീവിച്ചുള്ള ഈ കൂട്ടായ പോരാട്ടം വന്യജീവി ലോകത്ത് തന്നെ അത്യപൂർവമായ ഒന്നാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
അപകടത്തിൽപ്പെട്ട സുഹൃത്തിനെ സുരക്ഷിതമായി കരയ്ക്കടുപ്പിച്ച ശേഷം മാത്രമാണ് ആ സംഘം അവിടെ നിന്നും മാറിയത്.
മനുഷ്യർക്കിടയിൽ പോലും ഐക്യദാർഢ്യം കുറഞ്ഞുവരുന്ന ഈ കാലത്ത്, വന്യമൃഗങ്ങൾക്കിടയിലെ ഈ നിസ്വാർഥമായ സ്നേഹവും അച്ചടക്കത്തോടെയുള്ള രക്ഷാപ്രവർത്തനവും വലിയൊരു പാഠമാണെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
പ്രകൃതിയിലെ ഏറ്റവും കരുത്തരായ വേട്ടക്കാരെ പോലും സ്നേഹവും ഒത്തൊരുമയും കൊണ്ട് പരാജയപ്പെടുത്താമെന്ന് തെളിയിക്കുന്നതാണ് ഒഡീഷയിൽ നിന്നുള്ള ഈ ഹൃദയസ്പർശിയായ കാഴ്ച.
National
ന്യൂഡൽഹി: ഉന്നാവോ കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതിയിൽ വിധിയിൽ അതൃപ്തി രേഖപ്പെടുത്തി അതിജീവിത. ഹൈക്കോടതി വിധി കുടുംബത്തിന്റെ മരണമാണ്. വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
അതിനിടെ വിധിയില് പ്രതിഷേധിച്ച അതിജീവിതയും അമ്മയും ഡല്ഹിയില് സിആർപിഎഫിന്റെ കൈയേറ്റത്തിന് ഇരയായി.
കോടതി വിധിക്കെതിരേ ഇന്ത്യാ ഗേറ്റിൽ നടന്ന പ്രതിഷേധത്തിന്റെ പേരിൽ അതിജീവിതയെയും അമ്മയും സാമൂഹ്യപ്രവർത്തക യോഗിത ഭയാനയെയും ചൊവ്വാഴ്ച അറസ്റ്റ്ചെയ്തിരുന്നു. തുടർന്ന് ഇന്നലെ ഇവരെ സിആർപിഎഫ് ബസിൽ പുറത്തേക്കുകൊണ്ടുവന്നപ്പോഴാണ് അതിക്രമം. ഇതിന്റെ ദൃശ്യങ്ങൾ യോഗിത ഭയാന സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അതിജീവതയുടെ അമ്മയെ സേനാംഗങ്ങൾ തടയുകയും പുറത്തേക്ക് തള്ളിയിടുകയായിരുന്നു. അതിജീവിതയുടെ അമ്മ ബസിന്റെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോള് സിആര്പിഎഫ് ഉദ്യോഗസ്ഥര് കൈമുട്ടു കൊണ്ട് തട്ടുകയും ബസില്നിന്ന് ചാടാന് ആവശ്യപ്പെടുകയും ചെയ്തു. ഇവർ പുറത്തുചാടിയതോടെ ബസ് നിര്ത്താതെ അതിജീവിതയുമായി ഉദ്യോഗസ്ഥര് മുന്നോട്ടുപോയി.
അഭിഭാഷകനെ കാണുന്നതിൽ നിന്ന് അതിജീവിതയെ സിആർപിഎഫ് വിലക്കുന്നതായി പറയപ്പെടുന്ന ഓഡിയോ സംഭാഷണവും യോഗിത ഭയാന സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
ചൊവ്വാഴ്ചയാണു കുല്ദീപ് സെന്ഗാറിന്റെ ജീവപര്യന്തം തടവുശിക്ഷ ഡൽഹി ഹൈക്കോടതി മരവിപ്പിച്ചത്. 2017 മുതൽ തടവിൽക്കഴിയുന്ന സെൻഗാറിനു കോടതി കർക്കശ ഉപാധികളോടെ ജാമ്യം അനുവദിക്കുകയുമായിരുന്നു.