District News
വാടാനപ്പള്ളി: ദേശീയപാത 66 തിരുമംഗലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്നുപേർക്ക് പരിക്ക്.
പൊക്കുളങ്ങര സ്വദേശി വേലായുധൻ(69), വാടാനപ്പള്ളി സ്വദേശികളായ അഭിജിത്ത്(16), ഫാരിസ്( 18 ) എന്നിവർക്കാണ് പരിക്കേറ്റത് പരിക്കേറ്റവരെ ചേറ്റുവ ലെവൽ ഓഫ് കെയർ ആംബുലൻസ് പ്രവർത്തകർ എങ്ങണ്ടിയൂർ എംഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
District News
കുന്നുംകൈ: പരപ്പച്ചാൽ പാലത്തിനു സമീപമുള്ള അപകടവളവിൽ ലോറി പുഴയിലേക്കു മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശി അഷ്കറിനെയും ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി വരദരാജിനെയും കാസർഗോഡ് മിംസ് ആശുപത്രിയിലും സാരമായി പരിക്കേറ്റ ഞാണിക്കടവ് സ്വദേശി മൊയ്തുവിനെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് ജൈവവളം കയറ്റിവന്ന ലോറി പരപ്പച്ചാൽ ഇറക്കത്തിൽ നിന്നു പാലത്തിലേക്ക് കയറുമ്പോൾ നിയന്ത്രണം വിട്ട് പുഴയിലേക്ക് വീഴുകയായിരുന്നു. വേനൽക്കാലമായതിനാൽ പുഴയിൽ കാര്യമായി വെള്ളമുണ്ടായിരുന്നില്ല. രണ്ടു വർഷം മുമ്പ് ഇതേ സ്ഥലത്ത് സിമന്റ് കയറ്റിവന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു.
അന്നു തന്നെ ഒരു ഗ്യാസ് ലോറിയും ഇവിടെനിന്ന് പുഴയിലേക്ക് വീണിരുന്നു. പാലത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ഇരുവശങ്ങളിലുമുള്ള കൊടുംവളവുകളും കുത്തനെയുള്ള ഇറക്കവുമാണ് അപകടങ്ങൾക്കിടയാക്കുന്നത്. വളവുകൾ നികത്തിയും ഇറക്കം കുറച്ചും വീതി കൂട്ടിയും ഇവിടെ പുതിയൊരു പാലം നിർമിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നതാണ്.
Kerala
അങ്കമാലി: എറണാകുളം അങ്കമാലിയിൽ എംസി റോഡിൽ കെഎസ്ആർടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കും ലോറി ഡ്രൈവർക്കും ഒരു ബസ് യാത്രക്കാരനും പരിക്കേറ്റു. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിച്ചതിനെത്തുടർന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് എംസി റോഡിൽ അല്പസമയം ഗതാഗതം തടസപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
District News
ചേര്ത്തല: താലൂക്ക് ആശുപത്രി ജംഗ്ഷനില് വാഹനാപകടങ്ങള് പതിവാകുന്നു. തിരക്കേറിയ ജംഗ്ഷനില് നിത്യേന നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. ചൊവാഴ്ച രാവിലെ എട്ടോടെ ഒട്ടോറിക്ഷയും മിനിവാനും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില് ഓട്ടോറിക്ഷയില് യാത്ര ചെയ്യുകയായിരുന്ന മൂന്നു യാത്രക്കാര്ക്കും പരിക്കേറ്റിട്ടുണ്ട്.
താലൂക്ക് ആശുപത്രിയില്നിന്നും യാത്രക്കാരെയും കൊണ്ടുപോയ ഓട്ടോറിക്ഷയാണ് അപകടത്തില്പ്പെട്ടത്. അപകടങ്ങള് പതിവായതോടെ ജംഗ്ഷനില് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള ഡിവൈഡറുകള് റോഡുകളില് സ്ഥാപിക്കണമെന്നാവശ്യം ശക്തമാണ്.
District News
കരിന്തളം: കൊല്ലംപാറയിൽ വഴിയാത്രികയെ ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു.
റോഡ് മുറിച്ചുകടക്കുകയായിരുന്ന ലോട്ടറി വില്പനക്കാരി കരിന്തളം തോളേനിയിലെ രമണി (50), സ്കൂട്ടർ യാത്രക്കാരായ കരിന്തളത്തെ വിമുക്തഭടൻ നാരായണൻ, റിട്ട. പോസ്റ്റുമാൻ ചിമ്മത്തോട്ടിലെ കുഞ്ഞിക്കണ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രമണിയെ മംഗളൂരുവിലെയും മറ്റു രണ്ടുപേരെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
National
ന്യൂഡൽഹി: അസമിൽ വെസ്റ്റ് കർബി ജില്ലയിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു. കർബി ആംഗ്ലോംഗ് ഓട്ടോണമസ് കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് അംഗവും ബിജെപി നേതാവുമായ തുലിറാം റോങ്ഹാംഗിന്റെ കുടുംബ വീടിനാണ് തീയിട്ടത്.
ഗോത്ര വിഭാഗത്തിൽപ്പെട്ടവർക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്. ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിനായി നിരാഹാരം അനുഷ്ഠിച്ചവരെ നീക്കിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
District News
ശാസ്താംകോട്ട: തെരുവുനായ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയവർക്ക് നേരെയും നായ പാഞ്ഞടു ത്തെങ്കിലും ഇവർ സമീപത്തെ വീട്ടിലേക്ക് ഓടി കയറി ഗേറ്റ് അടച്ചതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു.
ശാസ്താംകോട്ട മനക്കര അനുഭവനത്തിൽ രാധാമണി( 60 )യെ ആണ് ആദ്യം തെരുവുനായ ആക്രമിച്ചത്.
വീട്ടിൽ നിന്നും തൊട്ടടുത്ത അയൽ വീട്ടിലേക്ക് കയറിയ സമയം നായ കുരച്ചുകൊണ്ട് ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. മറിഞ്ഞുവീണ രാധാമണിയുടെ വലത് കാലിന്റെ പാദത്തിലും ഇടതുകാലിലും നായയുടെ കടിയേറ്റ് ആഴത്തിലുള്ള മുറിവ് ഉണ്ടായി.
വീഴ്ചയിൽ കാലിന് ക്ഷതവും സംഭവിച്ചിട്ടുണ്ട്.തുടർന്ന് മനക്കര കുഴിയിൽ കിഴക്കതിൽ ഉദയ ഭവനത്തിൽ ഷീബ, ബിഎസ്സി നഴ്സിംഗ് വിദ്യാർഥി മഠത്തിൽ പടിഞ്ഞാറ്റതിൽ നസീന സുൽത്താന എന്നിവർക്കും കടിയേറ്റു.
National
ലക്നോ: ഉത്തർപ്രദേശിലെ പടക്കനിർമാണശാലയിൽ സ്ഫോടനം. അപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്ന്പേർക്ക് പരിക്കേറ്റു.
ബരാബങ്കി ജില്ലയിലെ ടികൈത്നഗർ പ്രദേശത്തെ സരായ് ബരായ് ഗ്രാമത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ലക്നോവിലെ ട്രോമ സെന്ററിലേക്ക് മാറ്റി. ഫാക്ടറി പ്രവർത്തനങ്ങളിലുണ്ടായ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥിക നിഗമനം.
പോലീസ് റിപ്പോർട്ട് അനുസരിച്ച്, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തൊഴിലാളികൾ യൂണിറ്റിനുള്ളിൽ പതിവ് ജോലിചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ഫാക്ടറിയിൽ നിന്നുമുണ്ടായ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിശമന സേനാംഗങ്ങളുടെ മണിക്കൂറുകളുടെ ശ്രമഫലമായാണ് തീ കെടുത്തിയത്.
ഫാക്ടറി അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും സ്ഫോടനത്തിനുശേഷം തീ ആളിക്കത്തിയതാണ് അപകട തീവ്രത വർധിക്കാൻ കാരണമായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അനുരാഗ് സിംഗ് സ്ഥിരീകരിച്ചു. പടക്കനിർമാണശാലയുടെ ലൈസൻസ് ഈ വർഷം മാർച്ചിൽ അവസാനിച്ചിരുന്നുവെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. സ്ഫോടനത്തിൽ ഫാക്ടറി ഉടമ ഖാലിദിനും സഹോദരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.