കോഴിക്കോട്: പന്തീരാങ്കാവ് ടോള്‍പ്ലാസയില്‍ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പരാതികളിലും യാത്രക്കാരും പ്രദേശവാസികളും നേരിടുന്ന കടുത്ത യാത്രാദുരിതത്തിലും അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രകൃതി സംരക്ഷണ സമിതി സംസ്ഥാന വൈസ് ചെയര്മാന് കരീം പുതുപ്പാടി ആവശ്യപ്പെട്ടു.
ടോള്‍പ്ലാസയില്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നതും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. നിശ്ചിത പരിധിയിലധികം വാഹനങ്ങള്‍ ക്യൂവില്‍ നില്ക്കുന്ന സാഹചര്യമുണ്ടായാല്‍ ഗതാഗത തടസം ഒഴിവാക്കുന്നതിനുള്ള ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് എന്‍എച്ച്എഐ അധികൃതര്‍ ഉറപ്പാക്കണം.
ടോള്‍പ്ലാസയ്ക്ക് സമീപത്തെ അപൂര്‍ണമായ ഗതാഗത ക്രമീകരണങ്ങളും സര്‍വീസ് റോഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രദേശവാസികള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
പ്രദേശവാസികളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ക്കും അനാവശ്യ തര്‍ക്കങ്ങള്‍ക്കും അധികൃതര്‍ ഉടനടി വ്യക്തത വരുത്തണം. ടോള്‍ പിരിവിനായി നിയോഗിച്ച ജീവനക്കാരുടെ യൂണിഫോം, തിരിച്ചറിയല്‍ എന്നിവ സംബന്ധിച്ചും യാത്രക്കാരില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
ടോള്‍ പിരിവ് നിയമാനുസൃതവും സുതാര്യവുമായ രീതിയിലാണ് നടക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികൃതരുടെ ഉത്തരവാദിത്വമാണ്. യാത്രക്കാരുടെ സുരക്ഷ, സുഗമമായ ഗതാഗതം, പ്രദേശവാസികളുടെ അവകാശങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്കി ദേശീയപാതാ അധികൃതരും പോലീസും അടിയന്തര ഇടപെടല്‍ നടത്തണമെന്നും കരീം പുതുപ്പാടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.