പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിൽ ഡിജിറ്റൽ പെയ്മെന്റ് വഴിയുള്ള ടോൾപിരിവ് നടപ്പായില്ല. രാജ്യത്തെ ടോള്‍പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഡിജിറ്റൽ പെയ്മെന്റ് വഴി മാത്രമേ ടോൾപിരിവ് നടത്തൂവെന്ന ദേശീയപാത അഥോറിറ്റിയുടെ നിർദേശമുണ്ടായിട്ടും പാലിയേക്കരയിൽ ഇത് നടപ്പിലാക്കിയില്ല.
ബിഒടി സംവിധാനത്തിൽ പ്രവർത്തിക്കുന്ന പന്നിയങ്കര ടോൾപ്ലാസയിൽ നേരത്തേ യുപിഐ സംവിധാനം നടപ്പാക്കിയിട്ടും പാലിയേക്കരയിൽ ഇപ്പോഴും പഴയരീതിയിലാണ് ടോൾപിരിക്കുന്നത്. വാഹനയാത്രക്കാരിൽ വലിയ ശതമാനം ഇപ്പോഴും ഓൺലൈൻ പെയ്മെന്റ് സംവിധാനം ഉപയോഗിക്കാത്തവരുണ്ട് എന്നതാണ് പുതിയ നിർദേശം നടപ്പാക്കാത്തതിന് ടോൾപ്ലാസ അധികൃതർ പറയുന്ന ന്യായം. യുപിഐ ഇല്ലാത്ത സാഹചര്യത്തിൽ ഇ ചലാൻ വഴി തുക ഈടാക്കണമെന്നാണ് എൻഎച്ച്എഐ പറയുന്നത്. എന്നാൽ ഇത് പ്രായോഗികമല്ലെന്നും ടോൾപ്ലാസ അധികൃതർ പറയുന്നു.
വെള്ളിയാഴ്ച മുതൽ പുതിയ പരിഷ്കാരം നിലവില്‍ വരുമെന്നും ടോള്‍ അടയ്ക്കാന്‍ ഫാസ്ടാഗ് അല്ലെങ്കില്‍ യുപിഐ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂവെന്നും എൻഎച്ച്എഐ അറിയിച്ചിരുന്നു. ഇതിനായി എല്ലാ വാഹനങ്ങളിലും പ്രവര്‍ത്തനക്ഷമമായ ഫാസ്ടാഗ് ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്. ഫാസ്ടാഗ് ഇല്ലാത്തതോ, പ്രവര്‍ത്തനക്ഷമമല്ലാത്തതോ ആയ സാഹചര്യത്തിൽ യാത്രക്കാര്‍ക്ക് യുപിഐ വഴി പണമടയ്ക്കാം. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ സാധാരണ ടോള്‍തുകയുടെ 25 ശതമാനം തുക അധികമായി നല്‍കേണ്ടിവരും.
ടോള്‍പ്ലാസകളില്‍ പണം നല്‍കാനായി വാഹനങ്ങള്‍ കാത്തുനില്‍ക്കുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഡിജിറ്റല്‍ പെയ്മെന്റ് ആകുന്നതോടെ വാഹനങ്ങള്‍ക്ക് വേഗത്തില്‍ കടന്നുപോകാന്‍ സാധിക്കും. ചില്ലറ നൽകുന്നതിനെച്ചൊല്ലിയും ടോള്‍ ബൂത്തുകളില്‍ ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള തര്‍ക്കങ്ങളും ഇതിലൂടെ ഇല്ലാതാക്കാനാകും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാര്‍ഡുകള്‍ കാണിച്ച് സ്വകാര്യ വാഹനത്തിന് നേടിയിരുന്ന ടോള്ഇളവുകള് ഇനിമുതല്‍ നല്‍കില്ലെന്നാണ് ദേശീയപാത അഥോറിറ്റി അറിയിച്ചിരിക്കുന്നത്. പ്രത്യേക ഫാസ്ടാഗ് പതിപ്പിച്ചിട്ടുള്ള ഔദ്യോഗിക വാഹനങ്ങള്‍ക്ക് മാത്രമേ ഇനി ടോള്‍ ഇളവിന് അർഹതയുണ്ടാകൂ.
Tags : nattu vishesham Paliyekara Toll Plaza