ചവറ: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ട് കോടിയിലധികം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.
ചവറ വെറ്റമുക്കിന് സമീപം ഡാന്‍സാഫ് സംഘവും ചവറ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലോറിയില്‍ കടത്തിക്കൊണ്ട് വരികയായിരുന്ന പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. ലോറി ഡ്രൈവറായ ചവറ കൊട്ടുകാട് തെക്കടത്ത് വീട്ടില്‍ നൗഷാദ്(39) നെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം സിറ്റി പൊ ലീസ് കമ്മീഷണര്‍ ഹേമലതയ്ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചവറ വെറ്റമുക്കിന് സമീപം പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ആലപ്പുഴ ഭാഗത്തുനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്നര്‍ ലോറി പരിശോധിച്ചത്.
ലോറിയില്‍ ഒളിപ്പിച്ച നിലയില്‍ 163 ചാക്കുകളിലായി നിരോധിത പുകയില ഉല്‍പ്പന്നം കണ്ടെത്തുകയായിരുന്നു. പിടികൂടിയ നിരോധിത പുകയില ഉത്പന്നങ്ങള്‍ക്ക് ഏകദേശം 23472000 രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്.
ചോദ്യം ചെയ്യലില്‍, ആറ്റിങ്ങല്‍ സ്വദേശിയായ ഒരാള്‍ക്ക് വേണ്ടി ഡല്‍ഹിയില്‍ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ കൊണ്ടുവന്നതെന്ന് ഇയാള്‍ പൊലീസ് സംഘത്തോട് പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്നും നിരോധിത പുകയില ഉത്പന്നങ്ങളുടെ ഉറവിടവും ലക്ഷ്യസ്ഥാനവും സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തി വരികയാണ്.
കരുനാഗപ്പള്ളി എസിപി വിനോദ് കുമാറിന്റെ മേല്‍നോട്ടത്തിലും ചവറ പൊലീസ് ഇന്‍സ്പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തിലും എസ്ഐ മാരായ ഷമീര്‍, ജയകുമാര്‍, സിപിഒ രാജേഷ് എന്നിവരടങ്ങിയ സംഘവും എസ്ഐ മാരായ ഗോപകുമാര്‍, കണ്ണന്, സായിസേനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
നിരോധിത പുകയില ഉത്പന്നങ്ങളുടെ കടത്തും വില്പനയും തടയുന്നതിനായി കൊല്ലം സിറ്റി പൊലീസ് പരിശോധനകളും നടപടികളും ശക്തമാക്കിയിട്ടുണ്ട്.