District News
തൊടുപുഴ: ഭൂരഹിതര്‍ക്ക് വീട് നിര്‍മാണത്തിന് സ്ഥലം വാങ്ങി നല്‍കുന്നതുള്‍പ്പെടെ ഒട്ടേറെ ക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടുത്തി നഗരസഭയുടെ 2026-27 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്മാന് കെ. ദീപക് അവതരിപ്പിച്ചു.
75.35 കോടി രൂപ വരവും 66.85 കോടി ചെലവും 8.50 കോടി നീക്കിയിരിപ്പമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. നഗരസഭയ്ക്ക് ആധുനിക ഓഫീസ് മന്ദിരം നിര്‍മിക്കുന്നതിന് 2.10 കോടി വകയിരുത്തി. ലോറി, വാന്‍ സ്റ്റാന്‍ഡില്‍ കെട്ടിടം നിര്‍മിക്കുന്നതിനുളള ഡിപിആര്‍ തയാറാക്കി ഉടന്‍ നിര്‍മാണം ആരംഭിക്കും. ഭൂരഹിതര്‍ക്ക് വീടു വയ്ക്കാന്‍ സ്ഥലം വാങ്ങി നല്കുന്ന പദ്ധതിക്ക് 1.60 കോടി വകയിരുത്തി. മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കും ബോധവത്കരണത്തിനുമായി 1.11 കോടി വിനിയോഗിക്കും.
ശാന്തിതീരം പൊതുശ്മശാനത്തില്‍ പുതിയ ബ്ലോക്ക് നിര്‍മാണം - 50 ലക്ഷം, ഗാന്ധി സ്ക്വയറില്‍ നഗരസഭ ടൗണ്‍ഹാളിനോട് ചേര്‍ന്ന് പുതിയ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം - 2.50 കോടി, ഡിപിആര്‍ തയാറാക്കുന്നതിനായി - നാലു ലക്ഷം, ഐസിയു ആംബുലന്‍സ് -15 ലക്ഷം, മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിന് അനക്സ് കെട്ടിടനിര്‍മാണം- 1 കോടി, സെപ്റ്റിക് ടാങ്ക് മാലിന്യ സംസ്കരണ മൊബൈല്‍ ട്രീറ്റ്മെന്റ് യൂണിറ്റ് വാങ്ങുന്നതിന് -50 ലക്ഷം എന്നിങ്ങനെ നീക്കിവച്ചു.
തൊഴില്‍ നൈപുണ്യം വികസനം- 4 ലക്ഷം, കാര്‍ഷിക മേഖല - 25 ലക്ഷം, മൃഗസംരക്ഷണം- 20 ലക്ഷം, പ്രാദേശിക സാമ്പത്തിക വികസനം- 8 ലക്ഷം, ആധുനിക അറവുശാല - 50 ലക്ഷം, മുനിസിപ്പല്‍ മൈതാന നവീകരണം-25 ലക്ഷം രൂപയും വകയിരുത്തി.
ആധുനിക സ്ട്രീറ്റ് ലൈറ്റുകള്‍ - 25 ലക്ഷം, മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ്- 15 ലക്ഷം, നഗരസഭ പാര്‍ക്കും പഴയ ബസ് സ്റ്റാന്‍ഡ് മൈതാനവുമായി ബന്ധിപ്പിച്ച് മഴവില്‍ പാലം നിര്‍മാണം- 75 ലക്ഷം, ടൗണ്‍ഹാളും കോമ്പൗണ്ടും നവീകരണം- 30 ലക്ഷം രൂപയും മാറ്റിവച്ചു.
അമ്പലം ബൈപാസ് റോഡ് നവീകരണം-10 ലക്ഷം, ഖരമാലിന്യ സംസ്കരണം- 51 ലക്ഷം, മുനിസിപ്പല്‍ പാര്‍ക്കില്‍ മള്‍ട്ടി ഡൈമന്‍ഷണല്‍ തിയറ്റര്‍ -25 ലക്ഷം, ഓപ്പണ്‍ ജിം- നാലു ലക്ഷം, നഗരത്തിലെ പ്രധാന റോഡുകള്‍ ബിഎംപിസി നിലവാരത്തില്‍ നിര്‍മിക്കുന്നതിന് ഒരു കോടി, പട്ടികജാതി ഉന്നമനം- 1.05 കോടി, പട്ടികവര്‍ഗ ക്ഷേമം- 10 ലക്ഷം,ദാരിദ്ര്യ ലഘൂകരണം -40 ലക്ഷം ,വിവിധ വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കുന്നതിനായി 12 കോടി, വിധവകള്‍ക്ക് വീടുമെയിന്റനന്സ് -38 ലക്ഷം, വനിതാ വികസനം- 58 ലക്ഷം, കുടിവെള്ള പദ്ധതികള്‍ -1.90 കോടി, പാര്‍ക്കുകളില്‍ കളി ഉപകരണങ്ങള്‍ -7.5 ലക്ഷം രൂപയും വകയിരുത്തി.
നഗരസഭ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ അധ്യക്ഷരായ പി.എ.ഷാഹുല്‍ഹമീദ്, മേഴ്സി സെബാസ്റ്റ്യന്‍,റംസിയ നിയാസ്, ടി.കെ.സുധാകരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
കൊല്ലം: കോർപറേഷനു പണം നൽകാതെയും അപകടകരമായ രീതിയിലും നഗരറോഡുകളിലെ ഡിവൈഡറിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡുകൾ നീക്കാൻ മേയർ എ.കെ. ഹഫീസിന്റെ നേതൃത്വത്തിൽ എടുത്ത തീരുമാനം കൗൺസിൽ ഹാളിലെ നാലുചുമരുകളിൽ ഒതുങ്ങിയപ്പോൾ ബോർഡുകൾ റോഡിൽ ഭദ്രം. മേയർ എ.കെ. ഹഫീസും സ്ഥിരം സമിതി അധ്യക്ഷൻ കുരുവിള ജോസഫും ‘നീക്കിയേ തീരു’ എന്ന് ഒരുപോലെ നിലപാടെടുത്ത പരസ്യബോർഡുകൾ ആണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്ത കൗൺസിൽ യോഗം കഴിഞ്ഞ് ഒരു മാസം അടുക്കുമ്പോഴും പഴയ ദേശീയപാത റോഡിലെ കപ്പലണ്ടിമുക്ക് മുതൽ കളക്ടറേറ്റ് വരെ മീഡിയനുകളിൽ സസുഖം വാഴുന്നത്.
ജനുവരി 29നു നടന്ന പുതിയ ഭരണസമിതിയുടെ ആദ്യ കൗൺസിൽ യോഗത്തിലാണ് മേയറും സ്ഥിരം സമിതി അധ്യക്ഷനും ആവേശപൂർവം ഈ വിഷയത്തിൽ നടപടി ഉറപ്പെന്ന് പറഞ്ഞത്. കരാർ പോലും ഇല്ലെന്നും ഒരു ബോർഡ് സ്ഥാപിച്ചതിൽനിന്നും പണം കിട്ടുന്നില്ലെന്നും സ്ഥിരം സമിതി അധ്യക്ഷൻ പറഞ്ഞപ്പോൾ കരാർ കഴിഞ്ഞ ഭരണസമിതിയുമായി ഉണ്ടാക്കിയെന്നും എന്നാൽ, കരാർ ലംഘിച്ച് അനധികൃതമായ രീതിയിലും അപകടകരമായുമാണ് ബോർഡുകൾ മീഡിയന് കുറുകെ സ്ഥാപിച്ചതെന്നുമാണ് മേയർ എ.കെ. ഹഫീസ് കൗൺസിലിൽ പറഞ്ഞത്.
‘ബോർഡുകൾ നീക്കാൻ ഈ കൗൺസിൽ തീരുമാനം എടുക്കണം’ എന്ന് നിരവധി പ്രാവശ്യം ആവർത്തിച്ചതും മേയർ തന്നെയാണ്. നഗരസൗന്ദര്യവത്കരണത്തിനായി നട്ട ചെടികൾ മറച്ചും നശിപ്പിച്ചും ആണ് പലയിടത്തും ബോർഡുകൾ സ്ഥാപിച്ചത്. ബോർഡുകൾ നീക്കാൻ കൗൺസിൽ അംഗീകരിക്കുകയും ചെയ്തു. എന്നാൽ, ഒരുമാസമായിട്ടും ഇക്കാര്യത്തിൽ നടപടി മാത്രമുണ്ടായില്ല.
ഒരു ബോർഡ് പോലും ഇളകാതെ ഭദ്രമായി ഇപ്പോഴുമുണ്ട്. ഈ ബോർഡുകൾ നീക്കിയിട്ടില്ലെന്ന് ബിജെപി കൗൺസിലർ ശശികല റാവു കൗൺസിൽ യോഗത്തിൽ പൊതുചർച്ചയിൽ ചൂണ്ടിക്കാണിച്ചു. എന്നാൽ, ഇക്കാര്യത്തിൽ എന്തുകൊണ്ട് നടപടി ഉണ്ടായില്ല എന്ന വിശദീകരണം മേയറുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് നാല് പേർ മരിച്ച സംഭവത്തിന് പിന്നാലെ കർശന നടപടികൾക്കൊരുങ്ങി കോഴിക്കോട് കോർപറേഷൻ. അപകടത്തെ തുടർന്ന് കോർപറേഷന്റെ എല്ലാ കെട്ടിടങ്ങളും പരിശോധിക്കാനാണ് തീരുമാനം.
നേരത്തെ കാലപ്പഴക്കമുണ്ടെന്ന് കണ്ടെത്തിയ 16 കെട്ടിടങ്ങളിൽ പരിശോധന തുടരുകയാണ്. ഇതിൽ രണ്ട് കെട്ടിടങ്ങൾ അപകടാവസ്ഥയിൽ തുടരുന്നതായി കണ്ടെത്തിയിരുന്നു. ഈ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനാണ് തീരുമാനം.
നാല് പേർക്ക് ജീവൻ നഷ്ടമായ അപകടത്തിലെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കാനിരിക്കെ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തുമെന്നും കോർപറേഷൻ അറിയിക്കുന്നു. അപകടം ചർച്ച ചെയ്യാൻ ഇന്ന് കൗൺസിൽ യോഗവും ചേരുന്നുണ്ട്.
കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് അത്തോളി സ്വദേശി ബഷീര്‍, അഷ്റഫ്, തിരുവങ്ങൂര്‍ സ്വദേശി വിനോദന്‍, കിണാശേരി സ്വദേശി ജബാര്‍ എന്നിവരാണ് മരിച്ചത്.
District News
കൊച്ചി: പൊതു സ്വകാര്യ പങ്കാളിത്തത്തോടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍, മൂലധനം ഉറപ്പാക്കാന്‍ മുനിസിപ്പല്‍ ബോണ്ട്, കൊച്ചിക്കു സ്ഥിരം തലവേദനയായ കൊതുകുശല്യപരിഹാരത്തിന് ജിപിഎസ് മാപ്പിംഗും ഡ്രോണ്‍ നിരീക്ഷണവും...
കൊച്ചിയെ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ സമ്പൂര്‍ണ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റുകയെന്ന പ്രഖ്യാപനത്തോടെ കൊച്ചി കോര്പറേഷന് 2026-27 ബജറ്റ്. ഡെപ്യൂട്ടി മേയര്‍ ദീപക് ജോയ് അവതരിപ്പിച്ച യുഡിഎഫ് ഭരണസമിതിയുടെ ആദ്യ ബജറ്റില്‍ സാമൂഹ്യക്ഷേമം, പരിസ്ഥിതി, സുസ്ഥിര വികസനം, സംസ്കാരം, സാമ്പത്തികരംഗം മെച്ചപ്പെടുത്തല്‍ തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്.
13,56,49,91,401 രൂപ വരവും 11,36,20,45,999 രൂപ ചെലവും 2,20,29,45,402 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിന്മേല് നാളെ നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷം 27ന് അംഗീകാരം നല്‍കും.
കൊച്ചിയെ നൂറ് ശതമാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലിറ്ററസി ലക്ഷ്യമിടുന്ന നഗരമായി മാറ്റാനുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുന്ന ബജറ്റില്‍ കൊച്ചി കോര്പറേഷന് പ്രദേശവും സമീപ മേഖലകളും കൂട്ടിച്ചേര്‍ത്തുകൊണ്ട് ലിവബിള്‍ സിറ്റി എന്ന സങ്കല്പ്പത്തോടെ നഗരവികസന നയം, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശക സമിതി, സാമ്പത്തിക ഉപദേശക സമിതി തുടങ്ങിയ ആശയങ്ങളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
ചെന്നൈ, ചണ്ഡിഗഡ്, ഗാന്ധിനഗര്‍, നവി മുംബൈ നഗരങ്ങളുടെ മാതൃകയില്‍ കേരളത്തില്‍ ആദ്യമായി ഒരു നഗരത്തിന് നഗരനയവും ബജറ്റില്‍ ഉള്‍പ്പെടുത്തി. വമ്പന്‍ പദ്ധതികള്‍ക്കുള്ള സാമ്പത്തികത്തിനായി മുനിസിപ്പല്‍ ബോണ്ട്, ഗ്രീന്‍ ബോണ്ട്, ടെക്നോളജിക്കല്‍ ഇന്നോവേഷന്‍ ഉപയോഗിച്ച് നികുതി വര്‍ധിപ്പിക്കല്‍ എന്നിവയും ലക്ഷ്യമിടുന്നു. തനത് വരുമാനം 10 ശതമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ബജറ്റില്‍ നികുതി ചോര്‍ച്ച തടയാനുള്ള പദ്ധതികളുമുണ്ട്.
ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നടപ്പാക്കിയ വിജയകരമായ വികസന മാതൃകകള്‍ നേരിട്ട് കാണാനും പഠിക്കാനും കൗണ്‍സിലര്‍മാര്‍ക്ക് വിദേശയാത്രകള്‍, കണ്ടല്‍കാടുകളുടെ പുനരുജ്ജീവനം, ബജറ്റ് മോണിട്ടറിംഗിനായി ഡിജിറ്റല്‍ പ്രോജക്ട് ട്രാക്കിംഗ് സിസ്റ്റം തുടങ്ങിയ പദ്ധതികളും ഉള്‍പ്പെടുന്നതാണ് ബജറ്റ്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചായിരുന്നു ഡെപ്യുട്ടി മേയര്‍ കന്നി ബജറ്റ് അവതരിപ്പിച്ചത്.
ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍; എഐ പഠിക്കാന്‍ കൊച്ചി
നൂറ് ശതമാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലിറ്ററസി നഗരമാകാന്‍ കൊച്ചിയെ പ്രാപ്തമാക്കുന്ന എഐ ലിറ്ററസി മിഷന് പദ്ധതിക്കായി കോര്പറേഷന് 40 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്. എഐ പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം . സാധാരണക്കാര്‍ക്കും തൊഴില്‍ മേഖലയിലും പദ്ധതി എത്തിക്കും.
മൂലധനം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ട്
കൊച്ചിയുടെ സമഗ്ര വികസനത്തിന് ആവശ്യമായ മൂലധനം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ടുകള്‍ ഇറക്കാന്‍ കൗണ്‍സില്‍ നടപടിയെടുക്കും. സര്‍ക്കാര്‍ ഗ്രാന്റുകളെ മാത്രം ആശ്രയിക്കാതെ ഓഹരി വിപണിയില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നേരിട്ട് നിക്ഷേപം സ്വീകരിച്ച് വലിയ പദ്ധതികള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. സെബി നിബന്ധനകള്‍ പാലിച്ച് ബോണ്ടുകള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. ഇതിനായി ഹൈപവര്‍ കമ്മിറ്റി രൂപീകരിക്കും.
കൊച്ചിയെ പുഷ്പിക്കാന്‍ സിറ്റി ബ്ലൂം
കാലാവസ്ഥ വ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ നഗരത്തിലുടനീളം വൃഷ്യത്തൈകളും ചെടികളും നട്ടുപിടിപ്പിക്കുന്ന പദ്ധതി. റോഡ് മീഡിയനുകള്‍, വശങ്ങള്, പൊതുസ്ഥലങ്ങള്‍, ഫ്ളൈഓവറുകള്‍, കെട്ടിടങ്ങളുടെ പരിസരങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാകും പദ്ധതി. കുടുംബശ്രീ യൂണിറ്റുകള്‍ക്കും വനിതാ കൂട്ടായ്മകള്‍ക്കും പ്രത്യേക പരിശീലനം നല്‍കും. ഒരു കോടി രൂപയാകും ഇതിനായി ചെലവഴിക്കുക.
പി.ടി. തോമസിന് സ്മാരകം; കെ.ജെ. യേശുദാസിന് ആദരം
കോണ്‍ഗ്രസ് നേതാവും എംഎല്‍എയും എംപിയുമായിരുന്ന പി.ടി. തോമസിന്റെ സ്മരണാർഥം പനമ്പിള്ളിനഗറില്‍ രവിപുരം ശ്മശാനത്തിനോട് ചേര്‍ന്നുള്ള കോര്‍പറേഷന്റെ സ്ഥലത്ത് ‘ഈ മനോഹരതീരത്ത് ഓര്‍മയില്‍ പി.ടി’ എന്ന പേരില്‍ ഉദ്യാനവും ഓപ്പണ്‍ ലൈബ്രറിയും സ്ഥാപിക്കും. പദ്ധതിക്കായി രണ്ട് കോടി രൂപ ചെലവഴിക്കും. ഗായകന് കെ.ജെ. യേശുദാസിനോടുള്ള ആദര സൂചകമായി അദ്ദേഹം ജനിച്ചു വളര്‍ന്ന ഇപ്പോള്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ഫോര്‍ട്ടുകൊച്ചിയിലെ വീട് ഏറ്റെടുത്ത് മ്യൂസിയമാക്കും. ആറ് കോടി രൂപ ചെലവഴിച്ചാകും പദ്ധതി നടപ്പിലാക്കുക.
സീറോ വേസ്റ്റ് നഗരം
സീറോ വേസ്റ്റ് കൊച്ചിക്കായി ഡിവിഷനുകളെ ഘട്ടംഘട്ടമായി മാറ്റിയെടുക്കും. ഏഴ് സോണുകള്‍ കേന്ദ്രീകരിച്ച് മാലിന്യ ശേഖരണത്തിന് പ്രത്യേക മോണിട്ടറിംഗ് സംവിധാനമൊരുക്കും.
ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് ഹബ്ബ്
ഫോര്‍ട്ടുകൊച്ചിയിലെത്തുന്ന വിനോദസഞ്ചരികളെ റോ റോ, ബസ് എന്നീ ഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദേശം ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് ഹബ്ബായി വികസിപ്പിക്കും. അടിസ്ഥാന സൗകര്യങ്ങളടക്കം ഒരുക്കുന്നതിന് ഒരു കോടി രൂപ നഗരസഭ ചെലവഴിക്കും.
ഗോശ്രീ പാലത്തിന് സമാന്തരമായി പുതിയ പാലം
കൊച്ചിയിലെ ഗതാഗതക്കുരുക്കഴിക്കുന്നതിനും വൈപ്പിന്‍ മുളവുകാട് ദ്വീപ് നിവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനും കോര്പറേഷന് ജംഗ്ഷനെയും ബോള്‍ഗാട്ടിയെയും ബന്ധിപ്പിച്ച് നിലവിലെ ഗോശ്രീ പാലത്തിന് സമാന്തരമായി രണ്ടാമതൊരു പാലം നിര്‍മിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും ജിഡയുടെയും സഹകരണത്തോടെ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ 40 കോടിയുടെ പദ്ധതി
നഗരത്തിലെ പ്രധാന ഗതാഗത കേന്ദ്രങ്ങളിലൊന്നായ കലൂര്‍ ബസ് സ്റ്റാന്‍ഡിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് സമഗ്ര രൂപരേഖ തയാറാക്കുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പുറമേ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബഹുനിലമന്ദിരം അടങ്ങുന്നതായിരിക്കും രൂപ രേഖ. പ്രത്യേക ബസ് ബേകള്‍, ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനം എന്നിവയും പദ്ധതിയുടെ ഭാഗമാകും.
സാമ്പത്തിക ഉപദേശക സമിതി
സാമ്പത്തിക സ്രോതസുകള്‍ കാര്യക്ഷമമായി വിനിയോഗിക്കാനും പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനും സാമ്പത്തിക ഉപദേശക സമിതി രൂപീകരിക്കുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചാകും സമിതി. വരുമാന സ്രോതസുകള്‍ വര്‍ധിപ്പിക്കാനുള്ള പ്രത്യേക കര്‍മ പദ്ധതികള്‍ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കും.
ഇന്ദിരാ കാന്റീന്
നഗരത്തില്‍ സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം എന്ന ലക്ഷ്യത്തോടെ ഇന്ദിരാ കാന്റീന് പദ്ധതി ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ ഇടപ്പള്ളിയിലും ഫോർട്ടു കൊച്ചിയിലും. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ലഭ്യമാക്കുന്ന പദ്ധതി പിന്നീട് നഗരത്തിന്റെ വിവിധയിടങ്ങളിലേക്ക് വ്യാപിപ്പിക്കും. പ്രഭാത ഭക്ഷണത്തിന് 10 രൂപ, ഉച്ച ഭക്ഷണത്തിന് 30 രൂപ. സമൃദ്ധിക്കായി ഒരുക്കുന്ന സെന്‍ട്രലൈസ്ഡ് കിച്ചണില്‍ നിന്നാകും ഭക്ഷണം എത്തിക്കുക. 50 ലക്ഷം രൂപ ചെലവിലാണ് പദ്ധതി ഒരുങ്ങുന്നത്.
ബജറ്റ് ചോര്‍ന്നു; പ്രതിഷേധിച്ച് പ്രതിപക്ഷം
അവതരിപ്പിക്കുന്നതിനു മുമ്പേ ബജറ്റ് ചോര്‍ന്നുവെന്നാരോപിച്ച് പ്രതിപക്ഷം ബജറ്റ് അവതരണത്തിലുടനീളം മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. 2.46 മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിന്റെ ആരംഭിത്തിൽ തുടങ്ങിയ പ്രതിഷേധ മുദ്രാവാക്യം വിളി, ബജറ്റ് അവതരണത്തിനൊടുവിൽ ഡെപ്യൂട്ടി മേയര്‍ ബജറ്റ് മേശപ്പുറത്ത് വച്ചതോടെയാണ് അവസാനിപ്പിച്ചത്. കൗണ്‍സില്‍ ഹാളിന്റെ നടുത്തളത്തില്‍ കുത്തിയിരുന്നായിരുന്നു പ്രതിഷേധം.
സര്‍വ മേഖലയുടെയും വികസനത്തിന് ഉതകുന്ന ബജറ്റ്: മേയര്‍
നഗര വളര്‍ച്ചയ്ക്ക് വേഗം കൂട്ടുന്നതിനും സാമൂഹികസാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും സാംസ്കാരിക രംഗം സജീവമാക്കുന്നതിനും അടിസ്ഥാന സൗകര്യവികസനത്തിനും ഉതകുന്ന ബജറ്റാണിതെന്ന് മേയര്‍ വി.കെ. മിനിമോള്‍ അവകാശപ്പെട്ടു.
ബജറ്റ് നിർദേശങ്ങള്‍ നടപ്പിലാക്കുന്നതിനുളള ഒരു പ്രത്യേക മോണിട്ടറിംഗ് സംവിധാനം ഈ ബജറ്റിന്റെ ഭാഗമാണ്. മാലിന്യ നീക്കവും സംസ്കരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ നിരവധി പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് സമഗ്ര പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കനാലുകളുടെ സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഗതാഗത രംഗത്ത് സമൂലമായ പരിഷ്കാരങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. ഒരു പ്രാദേശിക സര്‍ക്കാര്‍ നടത്തേണ്ട എല്ലാ പദ്ധതികളും ഉള്‍പ്പെടുത്തികൊണ്ടുളള ബജറ്റാണിതെന്നും അവർ പറഞ്ഞു.
കൊച്ചിയെ പിന്നോട്ടടിക്കുന്നത്: സിപിഎം
അത്യാധുനിക നഗരമായി അനുദിനം വികസിക്കുന്ന കൊച്ചിയുടെ ഭാവിവളര്‍ച്ച മുന്നില്‍ കണ്ടുള്ള പദ്ധതിയോ നയമോ ഇല്ലാത്ത ബജറ്റാണെന്ന് സിപിഎം ജില്ലാസെക്രട്ടറി എസ്. സതീഷ് നഗരം ഇതുവരെ കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കുകയും കൊച്ചിയെ പിന്നോട്ടടിപ്പിക്കുന്നതുമാണ് ഈ ബജറ്റ്.
ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളോ നിര്‍ദേശങ്ങളോ കൊണ്ടുവരാന്‍ യുഡിഎഫ് ഭരണസമിതിക്കായില്ല. കൗണ്‍സിലില്‍ അവതരിപ്പിക്കും മുമ്പേ ബജറ്റ് വിവരങ്ങള്‍ പുറത്തായത് ഗുരുതര വീഴ്ചയാണെന്നും സതീഷ് പ്രസ്താവനയില്‍ പറഞ്ഞു.
നിരാശപ്പെടുത്തുന്നത്: എൽഡിഎഫ്
നിരാശപ്പെടുത്തുന്ന ബജറ്റാണ് യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി അവതരിപ്പിച്ചിരിക്കുന്നതെതെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാർട്ടി നേതാവ് വി.എ. ശ്രീജിത്ത് പറഞ്ഞു. കൊച്ചിയുടെ അഭിമാനമായ സമൃദ്ധിയെ തകര്‍ക്കാനും കോര്‍പറേഷന്റെ സ്വത്തുവകകള്‍ സ്വകാര്യ ഏജന്‍സികള്‍ക്കും കമ്പനികള്‍ക്കും വിട്ടുകൊടുക്കാനുമുള്ള ഗൂഢനീക്കങ്ങൾ ബജറ്റില്‍ ഒളിഞ്ഞിരിക്കുന്നു.
ബ്രഹ്മപുരത്ത് ശാസ്ത്രീയമായി ക്യാപ്പിംഗ് നടത്തിയ സ്ഥലത്ത് വീണ്ടും ബയോമൈനിംഗ് നടത്താനുള്ള നീക്കവും സംശയാസ്പദമാണ്. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള പദ്ധതികളില്‍ സുതാര്യതയും വ്യക്തതയും ആവശ്യമാണ്.
ബജറ്റില്‍ ഇടം പിടിച്ചിരിക്കുന്ന പലപദ്ധതികളും മുന്‍ഭരണസമിതി കാലയളവില്‍ ആരംഭിച്ചതോ, പ്രാരംഭ നടപടികള്‍ സ്വീകരിച്ചതോ ആണെന്നും ശ്രീജിത്ത് പറഞ്ഞു.
Kerala
കോഴിക്കോട്: വലിയങ്ങാടിയില്‍ നാലുപേരുടെ ദാരുണ മരണത്തിനിടയാക്കിയതിനു പിന്നില്‍ കോര്പറേഷന് അധികൃതരുടെ കുറ്റകരമായ അനാസ്ഥ. 50 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതില്‍ കോര്‍പറേഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് നാലു ജീവനുകള്‍ പൊലിയാന്‍ കാരണം.
പഴയ പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ സണ്‍ഷെയ്ഡാണ് തകര്‍ന്നു വീണത്. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റാന്‍ കോര്പറേഷന് രണ്ടു വര്‍ഷം മുമ്പ് തീരുമാനിക്കുകയും പുതിയ കെട്ടിടത്തിനുള്ള ഡിപിആര്‍ തയാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാപാരികളെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കാതെ മാസവാടക വാങ്ങി കച്ചവടം നടത്താന്‍ അനുവദിച്ചു. രണ്ടുമാസം മുമ്പും ഇവിടെ പുതിയ ഷോപ്പ് തുറന്നു.
ഇടയ്ക്ക് കോര്പറേഷന് കെട്ടിടത്തില്‍ ചില്ലറ അറ്റകുറ്റപ്പണികള്‍ നടത്തി. കെട്ടിടത്തിന് രൂപമാറ്റം വരുത്താനും കോര്പറേഷന് അധികൃതര്‍ കൂട്ടുനിന്നു. ഷട്ടര്‍ മാറ്റി പകരം ജനല്‍ സ്ഥാപിച്ചതടക്കമുള്ള രൂപമാറ്റവും അപകടകരമായ കെട്ടിടത്തില്‍ നടത്തിയിട്ടുണ്ട്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് ബോധ്യമുണ്ടായിട്ടും ഇവിടെ കച്ചവടം നടത്താന്‍ ഒത്താശ ചെയ്തതിനു പിന്നില്‍ ലക്ഷക്കണക്കിനു രൂപയുടെ അഴിമതിയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇന്നലെ തകര്‍ന്നു വീണ കെട്ടിടം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി 2014 ഫെബ്രുവരിയില്‍ കോര്പറേഷന് എന്‍ജിനീയറിംഗ് വിഭാഗം കോര്പറേഷന് ധനകാര്യ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ജൂണിൽ ഈ വിഷയം കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി ചര്‍ച്ച ചെയ്തു.
കെട്ടിടത്തില്‍ കച്ചവടം അനുവദിക്കരുതെന്ന് അന്ന് തീരുമാനമെടുത്തിരുന്നുവെന്ന് അക്കാലയളവിലെയും നിലവിലെയും കോണ്‍ഗ്രസ് കൗണ്‍സിലറായ കെ.സി.ശോഭിത ചൂണ്ടിക്കാട്ടി. കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ കടമുറികള്‍ പുനര്‍ലേലം ചെയ്യരുതെന്നും കെട്ടിടം പൊളിച്ചുനീക്കണമെന്നുമാണ് എന്‍ജിനീയറിംഗ് വിഭാഗം ശിപാര്‍ശ ചെയ്തിരുന്നത്.
അതേസമയം കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അപകടമുണ്ടായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാമ ട്രേഡേഴ്സ് ഉടമ അസ്ലം പറഞ്ഞു.
Kerala
കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനില്‍ ബലിദാനികളുടെയും ദൈവങ്ങളുടെയും നേതാക്കളുടെയും പേരില്‍ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തതു ചോദ്യംചെയ്യുന്ന ഹര്‍ജി ഹൈക്കോടതി ഈ മാസം 23ന് വീണ്ടും പരിഗണിക്കും.
20 കൗണ്‍സിലര്‍മാര്‍ക്ക് കോടതി നേരത്തേ നോട്ടീസ് അയച്ചിരുന്നു . ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണു വിഷയം പരിഗണിക്കുന്നത്.
പലരും ദൈവതുല്യരായി കാണുന്ന നേതാക്കളും മറ്റുമുണ്ടാകുമെന്നും എന്നാല്‍ അവരുടെ പേരിലുള്ള സത്യപ്രതിജ്ഞ ഉചിതമാണോയെന്നാണു പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
കേരള മുനിസിപ്പാലിറ്റി ആക്ടിലെ മൂന്നാം അനുച്ഛേദപ്രകാരം ദൈവനാമത്തിലുളള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ആണു വേണ്ടത്. ഇതിനു വിരുദ്ധമായ സത്യപ്രതിജ്ഞ നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി കോര്‍പറേഷനിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ്.പി. ദീപക്കാണു ഹര്‍ജി നല്‍കിയത്.
Kerala
തിരുവനന്തപുരം: നഗരഭരണം മികച്ചതാക്കാൻ സംസ്ഥാനത്തെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും സിറ്റി കാബിനറ്റ് ചേർന്ന് പദ്ധതികൾ നടപ്പാക്കുന്നതിന് അംഗീകാരം നൽകാൻ നഗരനയത്തിൽ നിർദേശം.
ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം അംഗീകരിച്ച നഗരനയത്തിലാണ് മന്ത്രിസഭയുടെ മാതൃകയിൽ സിറ്റി കാബിനറ്റും വിഭാവന ചെയ്യുന്നത്.
തദ്ദേശ വകുപ്പു മന്ത്രിസഭയിൽ അവതരിപ്പിച്ച നഗരനയത്തിൽ ഭേദഗതി വരുത്തിയാണ് മന്ത്രിസഭ അംഗീകരിച്ചത്. സംസ്ഥാനത്ത് അതിവേഗം നഗരവത്കരണം നടക്കുന്നതിനാൽ, കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും ഭരണസംവിധാനം കൂടുതൽ മികച്ചതാക്കുന്ന നടപടികളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്ത് ഇത്തരമൊരു നഗരനയം തയാറാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രിസഭ വിലിയിരുത്തി.
Kerala
ന്യൂഡൽഹി: ഡൽഹി പ്രവാസ് എല്ലാവർക്കും വലിയ ഗുണമാകും എന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിന് വേണ്ടത് ആവശ്യപ്പെടുമെന്നും രാജേഷ് അറിയിച്ചു.
കൗൺസിലർമാർ ഒന്നടങ്കം നാടുചുറ്റുകയാണ് എന്ന വിമർശനം തെറ്റാണ്. പ്രധാനപ്പെട്ട രണ്ടുപേർ തലസ്ഥാനത്ത് കാര്യങ്ങൾ നോക്കാൻ സദാസമയം ഉണ്ട്. യാത്ര മുഴുവൻ പാർട്ടി ചിലവിലാണെന്നും ധൂർത്ത് എന്ന വിമർശനം അടിസ്ഥാന രഹിതമാണെന്നും രാജേഷ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വിവാദങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് പുതിയ ഓഫീസ് തുറന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്. മരുതംകുഴിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ തുടങ്ങിയ വൈബ് സൊസൈറ്റിയുടെ കെട്ടിടത്തിലാണ് പുതിയ ഓഫീസ്.
വിവാദങ്ങളിലല്ല, വികസനത്തിലാണ് തനിക്ക് താല്പര്യമെന്നും അത് പ്രവർത്തിയിലൂടെ തെളിയിക്കുമെന്നും ഓഫീസ് ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വട്ടിയൂർക്കാവിലെ ജനങ്ങൾക്കൊപ്പമാണ് താനെന്നും വരുന്ന തെരഞ്ഞെടുപ്പിൽ എവിടെ മത്സരിക്കണം എന്നത് പാർട്ടി തീരുമാനിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
"ജനങ്ങൾക്ക് കുറച്ചുകൂടി എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ഇടം എന്നതാണ് ഓഫീസിന്റെ കാര്യത്തിൽ പരിഗണിച്ചത്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് കുറച്ചുകൂടെ സൗകര്യമുള്ള ഓഫീസാണ്. മണ്ഡലത്തിൽ വലിയ വികസനങ്ങൾ നടന്നു. ഇത്തരം വികസന പ്രവര്‍ത്തനങ്ങളെ മറച്ചുവച്ച് വിവാദങ്ങളെ ഉയര്‍ത്തിക്കാട്ടാൻ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് ഞാൻ സംശയിച്ചു'.
"പാർട്ടിയോടും വട്ടിയൂര്‍ക്കാവിലെ ജനങ്ങളോടും ആലോചിച്ചാണ് ഇങ്ങനെ ഒരു തീരുമാനം. അത് നന്നായി എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. എംഎൽഎയെ കാണാൻ 200 പേരെങ്കിലും ദിവസവും വരുന്നുണ്ട്. അവരെ ഉൾക്കൊള്ളാൻ പറ്റുന്ന ഇടമാണ് പുതിയ ഓഫീസ്'.
"പുതിയ ഓഫീസിൽ കൂടുതൽ സൗകര്യങ്ങളുണ്ട്. ഇത് ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടും. വിവാദങ്ങളുടെ മറവിൽ വട്ടിയൂർക്കാവിൽ വികസനം നടക്കുന്നില്ലെന്ന തരത്തിൽ കുപ്രചരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അത്തരം നീക്കങ്ങൾക്ക് വഴങ്ങിക്കൊടുക്കാൻ താൻ തയാറല്ലെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ ഓഫീസ് തനിക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
Kerala
തിരുവനന്തപുരം: മേയർ സ്ഥാനം വാഗ്ദാനം ചെയ്ത ശേഷം തെരഞ്ഞെടുപ്പ് കഴിഞ്ഞ് തന്നെ ഒഴിവാക്കിയെന്ന ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയുടെ വിമർശനത്തിൽ പ്രതികരണവുമായി തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്. ആർ. ശ്രീലേഖയുടെ പ്രസ്താവനയെക്കുറിച്ച് ഓൺലൈൻ വാർത്തകൾക്ക് അപ്പുറം കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും മറ്റ് കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും രാജേഷ് പറഞ്ഞു.
"കോർപറേഷൻ ഭരണത്തിനായി ശ്രീലേഖ ഉൾപ്പെടെ നന്നായി ഇടപെടുന്നുണ്ട്. തങ്ങൾ തമ്മിൽ ഇനിയും കാണുമല്ലോ, എന്താണെന്ന് അന്വേഷിക്കട്ടെ.'-രാജേഷ് പറഞ്ഞു.
തിരുവനന്തപുരം മേയർ സ്ഥാനത്ത് തന്നെ പരിഗണിക്കാത്തിലുള്ള അതൃപ്തി പരസ്യമാക്കി ബിജെപി നേതൃത്വത്തിനെതിരെ ശ്രീലേഖ കടുത്ത വിമർശനം നടത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ മത്സരത്തിനിറക്കിയത് മേയർ സ്ഥാനം വാഗ്ദാനം ചെയ്താണെന്നും തെരഞ്ഞെടുപ്പിന് ശേഷം എന്തോ കാരണംകൊണ്ട് അത് മാറ്റിയെന്നും ശ്രീലേഖ പറഞ്ഞു.
പോടാ പുല്ലെ എന്ന് പറഞ്ഞ് തീരുമാനത്തെ എതിർക്കാത്തത് ജയിപ്പിച്ച വോട്ടർമാരെ ഓർത്താണെന്നും ശ്രീലേഖ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. താനായിരിക്കും കോര്പറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖമെന്നാണ് കരുതിയതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. സ്ഥാനാര്‍ഥികള്‍ക്ക് എല്ലാവര്ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് താനെന്നും ശ്രീലേഖ പ്രതികരിച്ചിരുന്നു.
Kerala
ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ സന്ദർശിച്ച് തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്. ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയാണ് രാജേഷ് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ സുധാകരനെ കണ്ടത്.
കാലിന് പരിക്കേറ്റ് ഏറെ നാളായി വിശ്രമത്തിൽ കഴിയുകയാണ് സുധാകരൻ. വീട്ടിലെത്തിയ രാജേഷ് സുധാകരനെ പൊന്നാടയണിയിച്ച് ആദരിച്ചു. സുധാകരന്റെ ആരോഗ്യവിവരം ചോദിച്ചറിഞ്ഞ ശേഷമാണ് തിരുവനന്തപുരം മേയർ മടങ്ങിയത്.
ആലപ്പുഴയിലെ ബിജെപി നേതാക്കളും പ്രവർത്തകരും രാജേഷിനൊപ്പം ഉണ്ടായിരുന്നു.
Kerala
തൃശൂർ: പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്താലും താൻ കോൺഗ്രസുകാരിയായി തുടരുമെന്ന് തൃശൂരിലെ കൗൺസിലർ ലാലി ജെയിംസ്. തിരിച്ചെടുത്തില്ലെങ്കിലും മരണംവരെ കോൺഗ്രസുകാരെയായിരിക്കുമെന്നും തനിക്കെതിരായ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അവർ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ഇക്കാര്യത്തിൽ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്നും ലാലി പറഞ്ഞു.
താൻ ഒരിക്കലും ഒരു സാങ്കൽപ്പിക ലോകത്തല്ലെന്നും പ്രതികരണം വൈകാരികമാണെന്ന് നേതൃത്വം വിലയിരുത്തിയില്ല. പാർട്ടി നടപടി സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് ഡിസിസി പ്രസിഡൻന്റ് നടപടി സ്വീകരിച്ചതെന്നും തന്നെ കേൾക്കാൻ പോലും തയ്യാറായില്ലെന്നും ലാലി ജെയിംസ് വ്യക്തമാക്കി.
കോൺഗ്രസുകാരിയായി തുടരാൻ കോൺഗ്രസിന്റെ അംഗത്വം ആവശ്യമില്ല. സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ ഇല്ല. എഐസിസിയെയോ കെപിസിസിയെയോ സമീപിക്കില്ല. കാരണം രണ്ട് ഘടകങ്ങളും അവർക്കൊപ്പം ആണ്. അതുകൊണ്ടുതന്നെ സമീപിച്ചിട്ട് എന്ത് കാര്യം, ഉയർത്തിയ ആരോപണങ്ങളിൽ തന്നെയാണ് ഇപ്പോഴും ഉറച്ചുനിൽക്കുന്നത് ലാലി പ്രതികരിച്ചു.
പണം നൽകി എന്നത് പലരും രണ്ടു ദിവസം മുൻപ് പറഞ്ഞതാണ്. പണം നൽകിയതിനാൽ മേയർ പദവി പ്രതീക്ഷിക്കേണ്ടതില്ല എന്ന് പലരും പറഞ്ഞു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് തന്നോട് പാർട്ടി ഫണ്ട് ആവശ്യപ്പെട്ടിരുന്നുവെന്നും ലാലി പറഞ്ഞു.
പക്ഷേ തൻറെ കയ്യിൽ പണമില്ലാത്തതിനാൽ പാർട്ടി ഫണ്ട് നൽകാനായില്ല. പാർട്ടി ഫണ്ട് നിജി ജസ്റ്റിൻ നൽകിയിട്ടുണ്ടാകും അതുകൊണ്ടായിരിക്കാം ഇങ്ങനെ വന്നത് പാർട്ടിയ്ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യങ്ങളും ചെയ്തിട്ടില്ലെന്നും ലാലി ജെയിംസ് ആവർത്തിച്ചു.
അതേസമയം, പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങളിൽ അടിയന്തര അന്വേഷണം നടത്തിയ ഡിസിസിയുടെ റിപ്പോർട്ടിന്മേലാണ് കൗൺസിലർ ലാലി ജെയിംസിനെതിരായ നടപടി. സസ്പെൻഷൻ കാലാവധി വ്യക്തമാക്കാതെയുള്ള വാർത്താക്കുറിപ്പ് കെപിസിസി നേതൃത്വമാണ് പുറത്തിറക്കിയത്.
കോർപറേഷൻ മേയർ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡോ.നിജി ജസ്റ്റിൻഡിൽ നിന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ളവർ പണപ്പെട്ടി വാങ്ങിയെന്നായിരുന്നു ലാലിയുടെ ആരോപണം. നൂലിൽ കെട്ടിയിറക്കിയ കെ സി വിഭാഗത്തിന്റെ സ്ഥാനാർഥിയായിരുന്നു നിജി ജസ്റ്റിൻ എന്നും ചില നേതാക്കൾ മാത്രം ചേർന്നാണ് അവരെ മേയറാക്കാൻ തീരുമാനിച്ചതെന്നുമാണ് ലാലി പരസ്യ വിമർശനം ഉന്നയിച്ചത്.
Kerala
തൃശൂര്‍: മേയര്‍ പദവി പണം നല്കി സ്വന്തമാക്കിയതാണെന്ന കോണ്‍ഗ്രസ് നേതാവ് ലാലി ജെയിംസിന്റെ ആരോപണം തള്ളി മേയര്‍ സ്ഥാനാര്‍ഥി ഡോ. നിജി ജസ്റ്റിന്. ലാലിയോട് ഒന്നും പറയാന്‍ ഇല്ല. പറയേണ്ടത് പാര്‍ട്ടി പറയും.
താന്‍ 28 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് സംസ്ഥാന ജില്ലാ തലങ്ങളില്‍ ചുമതലകള്‍ വഹിച്ചുവരുന്നയാളാണ്. വിവാദങ്ങളില്‍ പകയ്ക്കുന്നയാളല്ലെന്നും 1999 മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും അവർ പറഞ്ഞു.
നിജി ജസ്റ്റിന് മേയര്‍ ആയത് പണം നല്‍കിയാണ് എന്ന അഭ്യൂഹം ഉണ്ടെന്ന ലാലിയുടെ വെളിപ്പെടുത്തലിനെതിരെ തന്റെ യാത്ര വിവരങ്ങൾ അന്വേഷിക്കാമെന്നും വിവാദങ്ങളില്‍ ഇന്ന് പ്രതികരിക്കാനില്ലെന്നും മേയര്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെയും വോട്ട് തനിക്ക് കിട്ടുമെന്നും അതില്‍ കൂടുതലും കിട്ടാന്‍ സാധ്യതയുള്ളതായും നിജി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായ തിരുവനന്തപുരം നഗരസഭയിലെ മേയർ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും മത്സരിക്കും. പുന്നക്കാമുഗൾ കൗൺസിലർ ആർ.പി. ശിവജി ആയിരിക്കും സിപിഎം സ്ഥാനാർഥി. മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.
മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് യുഡിഎഫും അറിയിച്ചു. സ്ഥാനാർഥിയെ 24 ന് തീരുമാനിക്കും. 24 ന് കൗൺസിലർമാരുടെ യോഗത്തിലാണ് സ്ഥാനാർഥിയെ തീരുമാനിക്കുക.
അതേ സമയം, നാല് പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ചാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലേക്കെത്തുന്നത്. വലിയ ആവേശത്തോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പം അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. മേയർ .
ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവ് കാര്യമാക്കുന്നില്ലെന്നും മേയര്‍ പ്രഖ്യാപനത്തിലെ സസ്പെൻസ് അങ്ങനെ നിലനിൽക്കട്ടെ എന്നും ബിജെപി നേതാക്കൾ പറഞ്ഞു. 26നാണ് മേയർ തെരഞ്ഞെടുപ്പ്. അത് വരെ ചർച്ച തുടരും. ആർ. ശ്രീലേഖയോ വി.വി. രാജേഷോ അതോ അപ്രതീക്ഷിത മേയർ വരുമോ എന്നും തീരുമാനമായിട്ടില്ല.
രണ്ട് സ്വതന്ത്ര അംഗങ്ങളുടെ നിലപാടും കോര്പറേഷൻ ഭരണത്തിൽ നിര്‍ണ്ണായകമാണ്. സ്വതന്ത്ര സ്ഥാനാര്‍ഥി മരിച്ച വിഴിഞ്ഞത്ത് ജനുവരി പന്ത്രണ്ടിനാണ് തെരഞ്ഞെടുപ്പ്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കൊർപറേഷനിലുണ്ടായ ഫലത്തെക്കുറിച്ച് പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നഗരസഭയിലെ ജനങ്ങൾ യുഡിഎഫിനെ ഭരണം എൽപ്പിച്ചിട്ടില്ലെന്നും അതിനാൽ തന്നെ ജനവിധി അട്ടിമറിക്കാൻ തങ്ങൾ ശ്രമിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
"തിരുവനന്തപുരം കോർപറേഷനിൽ ക്രിയാത്മകമായ പ്രതിപക്ഷമാകും. എന്നും ജനങ്ങൾക്കൊപ്പമുണ്ടാകും. ജനങ്ങളുടെ പ്രശ്നങ്ങൾ എല്ലാം ഏറ്റെടുക്കും.'-മുരളീധരൻ പറഞ്ഞു.
സുരേഷ് ഗോപി എം.പി ആയതുകൊണ്ടാണ് തൃശൂരിൽ യു.ഡി.എഫിന് അനുകൂലമായ സാഹചര്യം ഉണ്ടായത്. ആറ് മാസം കഴിയുമ്പോൾ ജനങ്ങൾ ബിജെപിയെ തിരിച്ചറിയുമെന്നും എൽഡിഎഫിന് ഏക ബദൽ യുഡിഎഫ് മാത്രമാണെന്നും മുരളീധരൻ അവകാശപ്പെട്ടു.
Kerala
തിരുവനന്തപുരം: കോർപറേഷനിൽ ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ. എൻഡിഎ എട്ട് സീറ്റുകളിൽ മുന്നേറുന്നു.
എൽഡിഎഫ് നാല് സീറ്റുകളിലാണ് മുന്നിലുള്ളത്. യുഡിഎഫ് രണ്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
Kerala
തിരുവനന്തപുരം: കണ്ണൂരിന് പിന്നാലെ തിരുവനന്തപുരത്തും വിമതരെ പുറത്താക്കി കോൺഗ്രസ്. നഗരസഭയില്‍ നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് റിബലായി മത്സരിക്കുന്ന ഏട്ട് പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എന്‍. ശക്തന് അറിയിച്ചു.
കഴക്കൂട്ടം വാര്‍ഡിലെ വി.ലാലു, ഹുസൈന്, പൗണ്ട്കടവ് വാര്‍ഡിലെ എസ്.എസ്.സുധീഷ്കുമാര്‍, പുഞ്ചക്കരി വാര്‍ഡിലെ കൃഷ്ണവേണി, വിഴിഞ്ഞം വാര്‍ഡിലെ ഹിസാന് ഹുസൈന്, ഉള്ളൂരിലെ ജോണ്സന് തങ്കച്ചന്, മണ്ണന്തല വാര്‍ഡിലെ ഷിജിന്, ജഗതിയിലെ സുധി വിജയന് എന്നിവരെയാണ് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്.
കണ്ണൂരിലും കോൺഗ്രസ് വിമതരെ പാർട്ടിയിൽ പുറത്താക്കിയിരുന്നു. നാറാത്ത് പഞ്ചായത്തിലെ നാലാംവാർഡായ കോട്ടാഞ്ചേരിയിൽ മത്സരിക്കുന്ന മനീഷ് കണ്ണോത്ത്, വളപട്ടണം പഞ്ചായത്തിലെ ഏഴാം വാർഡ് സ്ഥാനാർഥി കെ.പി. വസന്ത, ചിറക്കൽ പഞ്ചായത്തിലെ 16-ാം വാർഡ് സ്ഥാനാർഥി കെ. അജയകുമാർ എന്നിവരെയാണ് പുറത്താക്കിയത്.
ഉളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ വാർഡുകളിലും അയ്യൻകുന്ന് പഞ്ചായത്തിലെ നാലാം വാർഡിലും കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ വിമതരായി മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളെയും പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.
അയ്യൻകുന്ന് പഞ്ചായത്തിലെ നാലാം വാർഡ് വാണിയപ്പാറയിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്ന മഹിളാ കോൺഗ്രസിലെ സീമ സനോജിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു.
Kerala
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വിമത സ്ഥാനാർഥി. ബിജെപി പ്രവർത്തകനായിരുന്ന സി.ആർ സുജിത്താണ് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നത്.
വടൂക്കര 41 ഡിവിഷനിലാണ് ബിജെപി പ്രവർത്തകർ സ്ഥാനാർഥിയെ നിർത്തിയത്. ബിജെപി നിലപാടിൽ പ്രതിഷേധിച്ച് 20 ഓളം പ്രാദേശിക ഭാരവാഹികൾ രാജി വെച്ചിരുന്നു.
പാർട്ടിയിൽ നിന്നും ആർ. സുജിത്ത് രാജിവച്ചിരുന്നു. സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തി വ്യക്തമാക്കിയാണ് സുജിത്തിന്റെ രാജി. പത്മജ വേണുഗോപാലിന്റെ സമ്മർദ്ദത്തിൽ വാർഡിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയതിൽ പ്രതിഷേധിച്ചാണ് രാജി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്ത് വാർഡിൽ മത്സരിക്കുന്ന സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 25,000 രൂപ.
ബ്ലോക്ക് പഞ്ചായത്തിൽ ഇത് 75,000 രൂപയും ജില്ലാ പഞ്ചായത്തിൽ 1.50 ലക്ഷം രൂപയുമാണ്. മുനിസിപ്പാലിറ്റികളിൽ പരമാവധി 75,000 രൂപയും കോർപറേഷനിൽ 1.50 ലക്ഷം രൂപയും ചെലവാക്കാമെന്നും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി ജില്ലകളിൽ ചെലവു നിരീക്ഷകരുണ്ടാകും. മത്സരിച്ച എല്ലാ സ്ഥാനാർഥികളും തെരഞ്ഞെടുപ്പു ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ചെലവ് കണക്ക് നൽകേണ്ടത്. ഓണ്‍ലൈനായും വരവ് ചെലവു കണക്കു സമർപ്പിക്കാം.
സ്ഥാനാർഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ദിവസം മുതൽ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവു കണക്കാണ് നൽകേണ്ടത്. സ്ഥാനാർഥിയോ തെരഞ്ഞെടുപ്പ് ഏജന്റോ ചെലവാക്കിയ തുകയുടെ കണക്കു നൽകണം. കണക്കിനൊപ്പം രസീത്, വൗച്ചർ, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം. അവയുടെ ഒറിജിനൽ സ്ഥാനാർഥി സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്കായി നൽകുകയും വേണം.
തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നൽകുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാനാർഥികളെ കമ്മീഷൻ അഞ്ച് വർഷത്തേക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ അംഗമായി തുടരുന്നതിനോ അയോഗ്യനാക്കും.
Kerala
തിരുവനന്തപുരം: കോഴിക്കോട് കോര്‍പറേഷനിലെ സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ച് ബിജെപി. 45 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പാര്‍ട്ടി പുറത്തുവിട്ടിരിക്കുന്നത്. വനിത സംവരണ വാര്‍ഡുകള്‍ ഉള്‍പ്പെടെ 28 വാര്‍ഡുകളിലാണ് വനിതകള്‍ മത്സരിക്കും.
മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയും നിലവിലെ കൗണ്‍സിലറുമായ നവ്യ ഹരിദാസ് ഇത്തവണയും കാരപ്പറമ്പ് വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്. നിലവില്‍ ഏഴ് കൗണ്‍സിലര്‍മാരാണ് ബിജെപിക്ക് കോഴിക്കോട് ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 22 ഇടങ്ങളില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
2015ലും 2020ലും ബിജെപി ഏഴ് സീറ്റുകള്‍ വീതമായിരുന്നു സ്വന്തമാക്കിയിരുന്നത്. എന്നാല്‍ 2015ല്‍ ഏഴിടത്ത് രണ്ടാം സ്ഥാനം നേടിയത് 2020 ആയപ്പോഴേക്കും 22 ഇടത്തേക്ക് വ്യാപിപിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ഈ മികവ് നിലനിര്‍ത്തിക്കൊണ്ട് ഇത്തവണ 20-ല്‍ കുറയാത്ത സീറ്റുകള്‍ പിടിച്ചെടുക്കാനാവുമെന്നാണ് പാര്‍ട്ടി കരുതുന്നത്.
National
കോയമ്പത്തൂർ: കുതിര കടിച്ച് കോർപറേഷൻ കരാർ ജീവനക്കാരന് പരിക്ക്. കോർപറേഷൻ കരാർ ജീവനക്കാരനായ ജയപാലിനാണ് പരിക്കേറ്റത്. റോഡിലൂടെ ഓടിവന്ന കുതിരകളാണ് സൈക്കിളിലെത്തിയ ജയപാലിനെ ഇടിച്ചിട്ടശേഷം കടിച്ചത്.
കസ്തൂരി നായ്ക്കൻ പാളയം നെഹ്റു നഗർ പ്രദേശത്താണ് സംഭവം. ഈ ജനവാസ മേഖലയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. ഈ വളവിലൂടെ രണ്ട് കുതിരകൾ ഓടിവരികയും കുടിവെള്ള വിതരണ ജീവനക്കാരനായ ജയപാലിനെ ആക്രമിക്കുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദ്യശ്യങ്ങൾ പുറത്തുവന്നിരുന്നു.
രണ്ട് കുതിരകളാണ് ഓടി വന്നത്. അതിലൊന്ന് ജയപാലനെ ഇടിച്ചിടുകയും മറ്റൊന്ന് ജയപാലന്റെ കൈയിൽ കടിക്കുകയുമായിരുന്നു. കൈയ്ക്കു പരിക്കേറ്റ ജയപാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുത്തിവയ്പിനു വലിയ തുക വരുമെന്നതാണ് പ്രതിസന്ധി.
കോർപ്പറേഷൻ കുത്തിവയ്പിന്റെ തുക ഏറ്റെടുക്കണമെന്നാണ് ജീവനക്കാന്റെ കുടുംബം ആവശ്യപ്പെടുന്നത്. കുതിരകൾ റോഡിലൂടെ അതിവേഗം ഓടുന്നത് പതിവെന്നും ഉടമകൾക്കെതിരെ നടപടി എടുക്കാണെമെന്നും നാട്ടുകാർ പറയുന്നു. നിരവധി കുതിരകളാണ് റോഡിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്.