x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ക്കി​യേ തീ​രൂ എ​ന്ന് കോ​ർ​പ​റേ​ഷ​ൻ; നീങ്ങാ​തെ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ


Published: March 1, 2026 07:02 AM IST | Updated: March 1, 2026 07:02 AM IST

കൊ​ല്ലം: കോ​ർ​പ​റേ​ഷ​നു പ​ണം ന​ൽ​കാ​തെ​യും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലും ന​ഗ​ര​റോ​ഡു​ക​ളി​ലെ ഡി​വൈ​ഡ​റി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ​ര​സ്യ​ബോ​ർ​ഡു​ക​ൾ നീ​ക്കാ​ൻ മേ​യ​ർ എ.​കെ. ഹ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​നം കൗ​ൺ​സി​ൽ ഹാ​ളി​ലെ നാ​ലു​ചു​മ​രു​ക​ളി​ൽ ഒ​തു​ങ്ങി​യ​പ്പോ​ൾ ബോ​ർ​ഡു​ക​ൾ റോ​ഡി​ൽ ഭ​ദ്രം. മേ​യ​ർ എ.​കെ. ഹ​ഫീ​സും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കു​രു​വി​ള ജോ​സ​ഫും ‘നീ​ക്കി​യേ തീ​രു’ എ​ന്ന് ഒ​രു​പോ​ലെ നി​ല​പാ​ടെ​ടു​ത്ത പ​ര​സ്യ​ബോ​ർ​ഡു​ക​ൾ ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​നം എ​ടു​ത്ത കൗ​ൺ​സി​ൽ യോ​ഗം ക​ഴി​ഞ്ഞ് ഒ​രു മാ​സം അ​ടു​ക്കു​മ്പോ​ഴും പ​ഴ​യ ദേ​ശീ​യ​പാ​ത റോ​ഡി​ലെ ക​പ്പ​ല​ണ്ടി​മു​ക്ക് മു​ത​ൽ ക​ള​ക്ട​റേ​റ്റ് വ​രെ മീ​ഡി​യ​നു​ക​ളി​ൽ സ​സു​ഖം വാ​ഴു​ന്ന​ത്.

ജ​നു​വ​രി 29നു ​ന​ട​ന്ന പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ ആ​ദ്യ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് മേ​യ​റും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നും ആ​വേ​ശ​പൂ​ർ​വം ഈ ​വി​ഷ​യ​ത്തി​ൽ ന​ട​പ​ടി ഉ​റ​പ്പെ​ന്ന് പ​റ​ഞ്ഞ​ത്. ക​രാ​ർ പോ​ലും ഇ​ല്ലെ​ന്നും ഒ​രു ബോ​ർ​ഡ് സ്ഥാ​പി​ച്ച​തി​ൽ​നി​ന്നും പ​ണം കി​ട്ടു​ന്നി​ല്ലെ​ന്നും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞ​പ്പോ​ൾ ക​രാ​ർ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​മാ​യി ഉ​ണ്ടാ​ക്കി​യെ​ന്നും എ​ന്നാ​ൽ, ക​രാ​ർ ലം​ഘി​ച്ച് അ​ന​ധി​കൃ​ത​മാ​യ രീ​തി​യി​ലും അ​പ​ക​ട​ക​ര​മാ​യു​മാ​ണ് ബോ​ർ​ഡു​ക​ൾ മീ​ഡി​യ​ന് കു​റു​കെ സ്ഥാ​പി​ച്ച​തെ​ന്നു​മാ​ണ് മേ​യ​ർ എ.​കെ. ഹ​ഫീ​സ് കൗ​ൺ​സി​ലി​ൽ പ​റ​ഞ്ഞ​ത്.

‘ബോ​ർ​ഡു​ക​ൾ നീ​ക്കാ​ൻ ഈ ​കൗ​ൺ​സി​ൽ തീ​രു​മാ​നം എ​ടു​ക്ക​ണം’ എ​ന്ന് നി​ര​വ​ധി പ്രാ​വ​ശ്യം ആ​വ​ർ​ത്തി​ച്ച​തും മേ​യ​ർ ത​ന്നെ​യാ​ണ്. ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നാ​യി ന​ട്ട ചെ​ടി​ക​ൾ മ​റ​ച്ചും ന​ശി​പ്പി​ച്ചും ആ​ണ് പ​ല​യി​ട​ത്തും ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്. ബോ​ർ​ഡു​ക​ൾ നീ​ക്കാ​ൻ കൗ​ൺ​സി​ൽ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഒ​രു​മാ​സ​മാ​യി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി മാ​ത്ര​മു​ണ്ടാ​യി​ല്ല.

ഒ​രു ബോ​ർ​ഡ് പോ​ലും ഇ​ള​കാ​തെ ഭ​ദ്ര​മാ​യി ഇ​പ്പോ​ഴു​മു​ണ്ട്. ഈ ​ബോ​ർ​ഡു​ക​ൾ നീ​ക്കി​യി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി കൗ​ൺ​സി​ല​ർ ശ​ശി​ക​ല റാ​വു കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പൊ​തു​ച​ർ​ച്ച​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തു​കൊ​ണ്ട് ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല എ​ന്ന വി​ശ​ദീ​ക​ര​ണം മേ​യ​റു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ല്ല.

Tags : nattu vishesham Corporation will remove

Recent News

Corehub Up