Suresh Gopi
കഴിഞ്ഞ വർഷത്തെ പുലിക്കളിക്ക് 24 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രം
തൃശൂർ: തൃശൂരിന്റെ സംസ്കാരിക പെരുമയായ പുലിക്കളിക്ക് കഴിഞ്ഞവർഷം നൽകാമെന്നേറ്റ കേന്ദ്രധനസഹായം 24 ലക്ഷം രൂപ അനുവദിച്ചു. ഇക്കാര്യം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെയും അറിയിച്ചു. പുലിക്കളിയുടെ പ്രചാരണത്തിനായി അനുവദിച്ച സാന്പത്തിക സഹായം കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഒരു പ്രത്യേക കേസായി അനുവദിക്കുകയാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. ഒറ്റതവണ ഇളവ് അനുവദിക്കണമെന്ന അഭ്യർഥന പരിഗണിച്ചാണ് തുക അനുവദിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈ 16ന് പുലിക്കളി സംഘങ്ങൾ കത്തയച്ചിരുന്നു.
ഈ വർഷം മുതൽ നടത്താനിരിക്കുന്ന പുലിക്കളി ഉൾപ്പെടെയുള്ള മേളകൾക്കും ഉത്സവങ്ങൾക്കും കേന്ദ്ര മാർഗനിർദേശങ്ങൾ പ്രകാരം ബ്രാൻഡിംഗ്, പ്രമോഷൻ നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ധനസഹായം അനുവദിക്കൂ എന്നും ഉത്തരവിൽ പറയുന്നു.
തൃശൂരിന്റെ തനതുകലാരൂപത്തിന് യാതൊരു പ്രതിസന്ധിയും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ പ്രത്യേക പരിഗണന നൽകിയാണ് കേന്ദ്ര സർക്കാരിൽനിന്ന് അനുമതി ലഭ്യമാക്കിയതെന്ന് സുരേഷ്ഗോപി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഇനിമുതൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാമെന്ന് സംസ്ഥാന സർക്കാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് പൂർണമായി അനുവദിച്ചത്.
ഉത്തരവിന്റെ കോപ്പി പുലിക്കളി വാട്ട്സാപ് കൂട്ടായ്മയിൽ ലഭിച്ചതല്ലാതെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പുലിക്കളി സംഘം ഭാരവാഹികൾ അറിയിച്ചു. എട്ടു സംഘങ്ങളാണ് കഴിഞ്ഞവർഷം അപേക്ഷ സമർപ്പിച്ചിരുന്നത്. അതിനുശേഷമണ് പാട്ടുരായ്ക്കൽ സംഘവും പങ്കെടുത്തത്. അതിനാൽ ധനസഹായം എട്ടു സംഘങ്ങൾക്കു മാത്രമാണോ, പാട്ടുരായ്ക്കലിനും ലഭിക്കുമോ എന്നതിൽ വ്യക്തതയില്ല. ധനസഹായ വിതരണം സംബന്ധിച്ച അറിയിപ്പുകളും ലഭിച്ചിട്ടില്ല.
Tags : Nattuvishesham DistrictNews DeepikaNews