പ്രതീകാത്മക ചിത്രം
തൃശൂർ: സംഭരണംകഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും നെൽവില ലഭിക്കാതെ ജില്ലയിലെ നൂറുകണക്കിനു കർഷകർ. സിവിൽ സപ്ലൈസ് കോർപറേഷൻവഴി ഏറ്റെടുത്ത നെല്ലിന്റെ വിലയായി കോടികളാണു ലഭിക്കാനുള്ളത്. ഓണക്കാലമായിട്ടും പണം ലഭിക്കാത്തതു വൻ പ്രതിസന്ധിയാണെന്നു കർഷകർ പറയുന്നു.
തൃശൂർ ജില്ലയിൽമാത്രം പത്തുകോടിയിലേറെ രൂപ കുടിശികയുണ്ട്. പാലക്കാടും സമാനസ്ഥിതിയുണ്ട്. പണം ലഭ്യമാക്കുന്നതിൽ ബാങ്കുകളുമായി ഉടൻ ധാരണാപത്രമുണ്ടാക്കുമെന്നു കൃഷിമന്ത്രി ടി. സിദ്ദിഖ് കഴിഞ്ഞദിവസം പറഞ്ഞെങ്കിലും എന്നു ലഭിക്കുമെന്നു വ്യക്തമല്ല.
ജനുവരിയിൽ വിളവെടുത്ത മുണ്ടകൻ, ഏപ്രിൽ-മേയ് മാസങ്ങളിൽ വിളവെടുത്ത പുഞ്ചകൃഷികളുടെ പണമാണു കിട്ടാനുള്ളത്. പുന്നയൂർക്കുളം, വടക്കേക്കാട്, പുന്നയൂർ, കാട്ടകാന്പാൽ പഞ്ചായത്തുകളിലെ കർഷകർക്കുമാത്രം മൂന്നുകോടിയോളം ലഭിക്കാനുണ്ട്. മൂന്നു പഞ്ചായത്തുകളിൽനിന്നു 329 കർഷകരാണു സപ്ലൈകോയ്ക്കു നെല്ല് നൽകിയത്. പുല്ലഴി കോൾപടവിൽ ഒരുകോടിയോളം ലഭിക്കാനുണ്ടെന്നു കർഷകർ പറഞ്ഞു.
സർക്കാർ ഫണ്ട് ലഭിക്കാത്തതാണു വിതരണത്തിലെ പ്രതിസന്ധിക്കു കാരണമെന്നാണു നോഡൽ ബാങ്കുകളുടെ നിലപാട്. ഓണത്തിനു മുന്നോടിയായി കാർഷികച്ചെലവുകളും വീട്ടുചെലവുകളും നിറവേറ്റാൻ നെല്ലിന്റെ പണത്തെ ആശ്രയിക്കുന്നവരാണു പ്രതിസന്ധിയിലായത്. വായ്പയെടുത്തു നടത്തിയ നെൽക്കൃഷിയുടെ തിരിച്ചടവ് പലർക്കും മുടങ്ങി. കഴിഞ്ഞ സീസണിലും ദീർഘകാലത്തെ പ്രതിഷേധങ്ങൾക്കൊടുവിലാണു കുടിശിക തീർപ്പാക്കിയത്.
കർഷകർക്കു കുടിശിക ലഭിക്കാൻ ബാങ്കുകളുമായി എംഒയു ഒപ്പുവയ്ക്കുമെന്നു കഴിഞ്ഞദിവസം കൃഷിമന്ത്രി ടി. സിദ്ദിഖ് ഉറപ്പുനൽകി. തൃശൂർ, പാലക്കാട് ജില്ലകളിലെ കർഷകർക്കാണു പ്രതിസന്ധി. വരുംദിവസങ്ങളിൽ പണം ലഭിക്കുമെന്നു കരുതുന്നു.
- കോളങ്ങാട്ട് ഗോപിനാഥൻ, ,കോൾ കർഷകസംഘം
Tags : Nattuvishesham DistrictNews DeepikaNews Paddy Price