കോഴിക്കോട്: ദീപികയുടെ 140-ാം വാർഷികത്തിന്റെയും ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന ദീപിക കളർ ഇന്ത്യ സീസൺ 5ൽ പങ്കെടുക്കുന്ന കുട്ടികൾക്കായി അധികസമ്മാനമായി ഫോഗി മൗണ്ടെയ്ൻ പ്രവേശനപാസ്. ഓരോ സ്കൂളിലും അഞ്ച് മത്സര വിഭാഗത്തിലും വിജയികളാകുന്ന എല്ലാ വിദ്യാർഥികൾക്കും കോഴിക്കോട് കക്കാടംപൊയിലിലെ ഫോഗി മൗണ്ടെയ്ൻ അമ്യൂസ്മെന്റ് പാർക്കിൽ ഒരു ദിവസം മുഴുവൻ ആഘോഷിക്കാനായി 800 രൂപ വിലവരുന്ന പ്രവേശന പാസ് സമ്മാനമായി നൽകും.
വർഷത്തിലെ എല്ലാ ദിവസങ്ങളിലും മഞ്ഞുമൂടിയ മലനിരകളുടെ മനോഹാരിത നിറഞ്ഞതും സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2500 അടി ഉയരത്തിലുള്ളതുമായ കക്കാടംപൊയിലിലാണ് ഫോഗി മൗണ്ടെയ്ൻ. കുട്ടികളെയും കുടുംബങ്ങളെയും ആവേശഭരിതരാക്കുന്ന എഴുപതോളം റൈഡുകളും പ്രകൃതിസൗന്ദര്യവും ഈ വിനോദകേന്ദ്രത്തിന്റെ പ്രത്യേകതയാണ്. വാട്ടർ തീം പാർക്ക്, അമ്യൂസ്മെന്റ് പാർക്ക്, അഡ്വഞ്ചർ പാർക്ക്, കിഡ്സ് പാർക്ക് എന്നിവ 10 ഏക്കറിലുള്ള ഫോഗി മൗണ്ടെയ്നിലെ പ്രധാന ആകർഷണങ്ങളാണ്.
മത്സരവും സമ്മാനങ്ങളും
എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടത്തുന്നത്. സ്കൂൾ തലത്തിൽ ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനവും പങ്കെടുക്കുന്ന ഓരോ 50 കുട്ടികൾക്ക് ഒരാൾക്ക് വീതം എന്ന ക്രമത്തിൽ രണ്ടാം സമ്മാനവും ലഭിക്കുന്ന വിദ്യാർഥികൾക്കാണ് കളർ ഇന്ത്യയുടെ സമ്മാനങ്ങൾക്കു പുറമെ ഫോഗി മൗണ്ടെയ്നിൽ ഒരു ദിവസം ഉല്ലസിക്കാനുള്ള പ്രവേശനപാസ് സമ്മാനമായി ലഭിക്കുന്നത്.
മത്സരിക്കൂ... വിജയിക്കൂ... ഫോഗി മൗണ്ടെയ്നിൽ മറക്കാനാവാത്ത ഒരു ദിവസം സ്വന്തമാക്കൂ! എന്നതാണ് ഫോഗി മൗണ്ടെയ്ൻ മാനേജ്മെന്റ് കുട്ടികൾക്കു നൽകിയിരിക്കുന്ന ഓഫർ.