ദീപിക കളർ ഇന്ത്യ സീസൺ- 5 ജില്ലാതല ഉദ്ഘാടനം മലമ്പുഴ നിർമലമാത കോൺവന്റ് സ്കൂളിൽ എ. പ്രഭാകരൻ എംഎൽഎ ചിത്രത്തിൽ കളറിംഗ് നടത്തി നിർവഹിക്കുന്നു. -അനിൽ കെ.
ജില്ലാതല ഉദ്ഘാടനം മലന്പുഴ നിർമലമാത സ്കൂളിൽ നടന്നു
പാലക്കാട്: രാജ്യത്തെ ഏറ്റവും വലിയ കളറിംഗ് മത്സരങ്ങളിലൊന്നായ ‘ദീപിക കളർ ഇന്ത്യ സീസണ്- 5’ വർണാഭമായി. വിദ്യാർഥികൾ ആവേശപൂർവം മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം മലന്പുഴ നിർമലമാത കോണ്വന്റ് സ്കൂളിൽ എ. പ്രഭാകരൻ എംഎൽഎ നിർവഹിച്ചു. പ്രത്യേകം തയാറാക്കിയ കാൻവാസിലെ ചിത്രത്തിനു നിറംനൽകിയാണ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചത്.
സ്വാതന്ത്ര്യത്തേയും ശരിയേയും നിലനിർത്താൻ വരുംതലമുറ മുന്നോട്ടുവരണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വിഭാഗീയതകൾ ഒഴിവാക്കി സ്നേഹം, പരസ്പര ബഹുമാനം, ഐക്യം എന്നിവ ഊട്ടിയുറപ്പിക്കാൻ ശ്രമിക്കണം. പുതുതലമുറയ്ക്ക് മഹത്തായ സന്ദേശം പകർന്നുനൽകുന്ന ദീപികയുടെ സംരംഭത്തെ മുക്തകണ്ഠം പ്രശംസിക്കുന്നതായും എംഎൽഎ പറഞ്ഞു.
പാലക്കാട് രൂപത വികാരി ജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടറുമായ മോണ്. ജിജോ ചാലയ്ക്കൽ അധ്യക്ഷത വഹിച്ചു. നിറങ്ങൾ പലവിധമുണ്ടെങ്കിലും എല്ലാം ഒന്നിച്ചുചേരുന്പോഴാണ് മഴവില്ലഴക് ഉണ്ടാകുന്നതെന്നപോലെ കളർ ഇന്ത്യ മത്സരത്തിലൂടെ രാജ്യത്തെ ഒന്നിപ്പിക്കുകയാണ് ദീപിക ചെയ്യുന്നതെന്നു വികാരി ജനറാൾ പറഞ്ഞു.
രാജ്യത്തിന്റെ 80- ാം സ്വാതന്ത്ര്യദിനാഘോഷവും ദീപികയുടെ 140-ാം വാർഷികവും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ചാണ് മത്സരം സംഘടിപ്പിച്ചത്. ദീപിക തൃശൂർ കോ- ഓർഡിനേറ്റിംഗ് എഡിറ്റർ ഫാ. അനൂപ് കോലംകണ്ണി ആമുഖപ്രഭാഷണം നടത്തി.
പിടിഎ പ്രസിഡന്റ് ഡോ. തോമസ് ആശംസാപ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്യു മരിയ സ്വാഗതവും ദീപിക പാലക്കാട് ഏരിയ മാനേജർ സനൽ ആന്റോ നന്ദിയും പറഞ്ഞു. സ്കൂൾ ലീഡർ കേഫ ഭൂപേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു. ജില്ലയിലെ സ്പെഷൽ സ്കൂളുകൾ ഉൾപ്പെടെ വിവിധ സ്കൂളുകളിലും കളർ ഇന്ത്യ മത്സരം നടന്നു.
ഒറ്റപ്പാലം മേഖലാതല ഉദ്ഘാടനം
നെന്മാറ: കളർ ഇന്ത്യ പെയിന്റിംഗ് മത്സരം സീസൺ- 5 ഒറ്റപ്പാലം മേഖലാതല ഉദ്ഘാടനം ആലത്തൂർ ഹോളി ഫാമിലി കോൺവന്റ് ഹൈസ്കൂളിൽ വർണാഭമായി നടന്നു. ആയിരത്തിഒരൂനൂറോളം വിദ്യാർഥികൾ പങ്കെടുത്ത മത്സരം ശ്രദ്ധേയമായി. ചിത്രകാരൻ അവിനാശ് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ചിത്രരചന കുട്ടികളുടെ ഭാവനയും സർഗശേഷിയും വളർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നതാണെന്നും കലയുടെ ലോകത്തേക്ക് പുതുതലമുറയെ കൈപിടിച്ചുയർത്താൻ ഇത്തരം മത്സരങ്ങൾ സഹായകരമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അവിനാശ് ചന്ദ്രൻ പറഞ്ഞു.
ഹോളി ഫാമിലി കോൺവന്റ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനീറ്റ സിഎച്ച്എഫ് അധ്യക്ഷത വഹിച്ചു. സീറോ മലബാർ കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപതാ ഡയറക്ടറും ആലത്തൂർ ലിറ്റിൽ ഫ്ലവർ പള്ളി വികാരിയുമായ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി. ദീപിക സർക്കുലേഷൻ സീനിയർ ഏരിയ മാനേജർ ബെന്നി ജോസഫ്, മേഘ തുടങ്ങിയവർ പ്രസംഗിച്ചു.
കോയന്പത്തൂർ മേഖലാതല ഉദ്ഘാടനം
കോയമ്പത്തൂർ: കളർ ഇന്ത്യ സീസൺ- 5 കോയന്പത്തൂർ മേഖലാതല ഉദ്ഘാടനം പട്ടണം മാത്തർദേയി ഇന്റർനാഷണൽ സ്കൂളിൽ നടത്തി. ക്യാഷ് പ്രോപ്പർട്ടി എംഡിയും കെസിഎസി പ്രസിഡന്റുമായ എ.കെ. ജോൺസൺ ഉദ്ഘാടനം നിർവഹിച്ചു. മാത്തർദേയി അസിസ്റ്റന്റ് കറസ്പോണ്ടന്റ ഫാ. സച്ചിൻ കല്ലിങ്കൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ കരെൻ അഗസ്റ്റിൻ ആശംസകൾ നേർന്നു. ദീപിക മാർക്കറ്റിംഗ് ഏരിയ മാനേജർ വി. മനോജ് സ്വാഗതവും സർക്കുലേഷൻ ഏരിയ മാനേജർ ജി. സന്തോഷ് നന്ദിയും പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews Color India