Kerala
കൊച്ചി: എഫ്സിആർഎ നിയമഭേദഗതി ബിൽ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ടു പോകാനാണ് ഉദ്ദേശ്യമെങ്കിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് കെഎൽസിഎ.
രജിസ്ട്രേഷൻ സാങ്കേതികകാരണങ്ങളാൽ പുതുക്കിയില്ലെങ്കിൽപ്പോലും വസ്തുക്കൾ ഏറ്റെടുക്കാനുള്ള നിയമഭേദഗതി ഇത്തരത്തിൽ പ്രവർത്തനം നടത്തുന്ന വിഭാഗങ്ങളുടെ ക്ഷേമപരിപാടികൾ ഇല്ലാതാക്കാനും ദുർബലമാക്കാനും ഉദ്ദേശിച്ചിട്ടുള്ളതാണ്.
ക്രൈസ്തവർ മാത്രമാണ് ഇതിനെ എതിർക്കുന്നതെന്ന് വരുത്തിത്തീർക്കാനാണു ചില നിക്ഷിപ്ത കേന്ദ്രങ്ങൾ ശ്രമിക്കുന്നതെന്നും ഇത്തരം പ്രചാരണങ്ങൾക്കെതിരേയും നിയമഭേദഗതിക്കെതിരേയും പ്രതിഷേധ, പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.
സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. ബിജു ജോസി കരുമാഞ്ചേരി, രതീഷ് ആന്റണി എന്നിവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: വലിയ പ്രതിഷേധങ്ങൾക്കിടയിലും വിവാദമായ വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) നിയമ ഭേദഗതി ബിൽ ഇന്നു പാസാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പരിഗണനയ്ക്കും പാസാക്കലിനുമായി ബിൽ ലോക്സഭയുടെ ഇന്നത്തെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതിപക്ഷം എതിർത്താലും ശബ്ദവോട്ടോടെ ബിൽ പാസാക്കാൻ സർക്കാരിനു സാധിക്കും. പ്രതിപക്ഷവും ഭാരത കത്തോലിക്കാ മെത്രാൻ സമിതിയും (സിബിസിഐ) മതാധ്യക്ഷന്മാരും ആവശ്യപ്പെട്ടതു പ്രകാരം ബിൽ പാർലമെന്ററി സമിതിക്കു വിടണോയെന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്നു രാവിലെ അന്തിമ തീരുമാനമെടുക്കും.
ബിൽ ഇന്നുതന്നെ പാസാക്കാനാണ് സർക്കാരിന്റെ നേരത്തേയുള്ള തീരുമാനം. ബില്ലിന്മേൽ മറ്റാരുമായി ഇനി ചർച്ചയില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ, പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജു ഇന്നലെ വ്യക്തമാക്കി.
എഫ്സിആർഎ ബിൽ പാസാക്കുന്നത് ശക്തമായി എതിർക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷയിൽ ഇന്നു രാവിലെ ചേരുന്ന ഇന്ത്യാ മുന്നണി യോഗം ഇക്കാര്യം ചർച്ച ചെയ്യും.
ബില്ലിനെതിരേ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് കെ.സി. വേണുഗോപാൽ ദീപികയോട് പറഞ്ഞു. പാർലമെന്റിനു പുറത്ത് രാവിലെ 10.30ന് എംപിമാർ ധർണ നടത്തും.
മുതിർന്ന പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ ഇന്ത്യ മുന്നണി എംപിമാർ പ്രതിഷേധത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ തിരക്ക് മാറ്റിവച്ച് ബില്ലിന്റെ ഗൗരവം കണക്കിലെടുത്ത് കേരളത്തിൽനിന്നുള്ള എംപിമാർ ഇന്നു രാവിലെ പാർലമെന്റിലെത്തും.
നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കി കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുക, നിലവിലെ ലൈസൻസ് സറണ്ടർ ചെയ്യുക തുടങ്ങിയ സാഹചര്യത്തിൽ വിദേശ ഫണ്ട് ഉപയോഗിച്ച് ആർജിച്ചെടുത്ത ആസ്തികൾ നിശ്ചിത അഥോറിറ്റിക്കു സ്ഥിരമായി ഏറ്റെടുക്കാമെന്നതുൾപ്പെടെയുള്ള കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ബില്ല് കഴിഞ്ഞ 25നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ അവതരിപ്പിച്ചത്.
Kerala
കൊച്ചി : വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്സിആർഎ) കേന്ദ്രസർക്കാർ നടപ്പിലാക്കാൻ നിർദേശിച്ചിരിക്കുന്ന പുതിയ ഭേദഗതികൾ സുതാര്യമായി പ്രവർത്തിക്കുന്ന സന്നദ്ധ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനസ്വാതന്ത്ര്യം തടസപ്പെടുത്താത്ത രീതിയിലായിരിക്കണമെന്നു സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന നിയന്ത്രണങ്ങൾ നിയമവിധേയമായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെയും ക്രൈസ്തവസഭകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും തകർക്കാൻ ഉദ്ദേശിച്ചുള്ളതാകരുത്.
ഈ വിഷയത്തിൽ ഇതിനോടകം പ്രതികരിച്ച എല്ലാ ക്രൈസ്തവ സഭാധ്യക്ഷന്മാരുടെയും അഭിപ്രായങ്ങളോടു യോജിച്ചുകൊണ്ട് പ്രസ്തുത നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയാറാകണമെന്നും മാർ തട്ടിൽ ആവശ്യപ്പെട്ടു.
Business
സാമ്പത്തികരംഗം കീഴ്മേൽ മറിയുമോയെന്ന ആശങ്ക ഓഹരിവിപണിയെ മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്ഘടനയിലും വിള്ളലുളവാക്കാം. നിക്ഷേപകരുടെ പറുദീസയെന്ന ആ കാലഘട്ടത്തിൽ നിന്നും അല്പം പിരിമുറുക്കം നിറഞ്ഞ ദിനങ്ങളാവും ഇനി ഇടപാടുകാർക്കു മുന്നിലുള്ളത്. പാചകവാതക വിലയിൽ വരുത്തിയ മാറ്റവും വില്പന നിയന്ത്രണങ്ങളും ഇതിന്റെ ആദ്യ സൂചനയാണ്. പെട്രോൾ ഡീസൽ വിലകളിൽ പത്ത് രൂപയ്ക്ക് മുകളിലെ വർധനയ്ക്ക് സാഹചര്യമെങ്കിലും അത് തടയാനുള്ള ക്രമീകരണങ്ങൾക്ക് തിരക്കിട്ട നീക്കം കേന്ദ്രത്തിൽ നിന്നും പ്രതീക്ഷിക്കാം.
രൂപയുടെ മൂല്യത്തകർച്ച സർവകാല റിക്കാർഡിലേക്കു വിരൽചൂണ്ടുമ്പോൾ നാണയപ്പെരുപ്പം തലയുയർത്തുമെന്നത് പുതിയ ഭീഷണിയാവും. ഇതിന്റെ മുന്നോടിയായി ഓഹരി ഇൻഡെക്സുകൾ മൂന്നു ശതമാനം തളർന്നു. സെൻസെക്സ് 2368 പോയിന്റും നിഫ്റ്റി സൂചിക 728 പോയിന്റും ഇടിഞ്ഞു. രണ്ടാഴ്ചകളിൽ ബിഎസ്ഇ 3895 പോയിന്റും എൻഎസ്ഇ 1120 പോയിന്റും നഷ്ടത്തിലാണ്.
ബാധ്യത പണമാക്കാനുള്ള തത്രപ്പാടിലാണു വിദേശ ഇടപാടുകാർ. ഹോളി പ്രമാണിച്ച് ഒരു ദിവസം വിപണി അവധിയായിരുന്നു. വിദേശ ഫണ്ടുകൾ നാല് ദിവസങ്ങളിൽ വിറ്റത് 21,831.19 കോടിയുടെ ഓഹരികൾ. ആഭ്യന്തര ഫണ്ടുകൾ വാങ്ങലുകാരായി മൊത്തം 32,786.92 കോടിയുടെ ഓഹരികൾ ശേഖരിച്ചു.
രൂപ തളരുമെന്നു കഴിഞ്ഞവാരം സൂചിപ്പിച്ചത് ശരിവച്ച് റിക്കാർഡ് തകർച്ചയിലാണ്. രൂപ 91.02 ൽ നിന്നും 92.15 ലെ പ്രതിരോധം തകർത്ത് 92.30ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 91.90ലാണ്. ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ ഫോറെക്സ് മാർക്കറ്റിൽ രൂപ 93.10-93.25 ലേക്ക് സഞ്ചരിക്കാം.
പശ്ചിമേഷ്യൻ സംഘർഷം ക്രൂഡ് ഓയിൽ വില ഉയർത്തുന്നത് രൂപയെ ദുർബലമാക്കും. മൊത്തം ക്രൂഡ് ഓയിൽ, എൽഎൻജി ഇറക്കുമതിയിൽ ഏകദേശം 46 ശതമാനവും അവിടെനിന്നാണ്. എണ്ണ 20 മാസത്തെ ഉയർന്ന നിരക്കായ 88.67 ഡോളറിലെത്തി, പിന്നിട്ടവാരം വില 20 ശതമാനം ഉയർന്നു.
2008ൽ രേഖപ്പെടുത്തിയ 147 ഡോളറാണ് ക്രൂഡിന്റെ റിക്കാർഡ് വില, അതേ സമയം റഷ്യ-യുക്രെയ്ൻ യുദ്ധാരംഭത്തിൽ നിരക്ക് 139 ഡോളർ വരെ ഉയർന്നിരുന്നു. അന്നു യുദ്ധവേളയിൽ രൂപയുടെ മൂല്യം 79.62ൽനിന്നും 82.94ലേക്ക് ഇടിഞ്ഞു. ഇതിനിടയിൽ ഇന്ത്യൻ നേവി ഹോർമുസ് കടലിടുക്കിലുള്ള ഇന്ത്യൻ പതാകയുള്ള കപ്പലുകളെ എത്തിക്കാനുള്ള ദൗത്യത്തിന് ഒരുങ്ങി, നേരത്തേ ഇറാൻ നേവിയുടെ കപ്പലിനു നാം അഭയം നൽകിയതിനാൽ ഇന്ത്യയുടെ നീക്കം വിജയിക്കുമെന്നു പ്രത്യാശിക്കാം. ആഭ്യന്തര ഇന്ധന ക്ഷാമത്തെ താത്കാലികമായി തടയാൻ ഈ നീക്കം ഉപകരിക്കും.
നിഫ്റ്റി സൂചികയുടെ സാങ്കേതിക വശങ്ങൾ ദുർബലമായതിനാൽ തിരുത്തൽ സാധ്യത തുടരുന്നു, മുൻവാരം സൂചിപ്പിച്ച 24,742 ആദ്യ സപ്പോർട്ട് തകർത്ത് 24,324ലേക്ക് ഇടിഞ്ഞെങ്കിലും രണ്ടാം സപ്പോർട്ടായ 24,123 നിലനിർത്തി. വിപണി 50 ദിവസങ്ങളിലെ ശരാശരിയായ 25,700ലെ താങ്ങ് ഫെബ്രുവരി രണ്ടാം പകുതിയിൽ നഷ്ടപ്പെട്ട അവസരത്തിൽ സൂചന നൽകിയതാണു മുന്നിലുള്ള ദുർബലാവസ്ഥയെ കുറിച്ച്.
നിഫ്റ്റി 25,178ൽനിന്നും ഓപ്പണിംഗ് വേളയിൽ തന്നെ തളർന്നു. മുൻനിര ഓഹരികളിലെ വില്പന തരംഗത്തിൽ വാരാന്ത്യം 24,450ലാണ്. നിഫ്റ്റിക്ക് ആദ്യ താങ്ങ് 24,167 പോയിന്റിലാണ്, ഇതു നഷ്ടപ്പെട്ടാൽ 23,884-23,162ലേക്കു തിരുത്തലിനു സാധ്യത. നിലവിൽ തിരക്കിട്ടുള്ള ബയിംഗിന് ഓപ്പറേറ്റർമാർ നീക്കം നടത്തില്ലെങ്കിലും മധ്യപൂർവേഷ്യ ശാന്തമായാൽ ഫണ്ടുകൾ രംഗത്ത് ഇറങ്ങാം.
ബോംബെ സെൻസെക്സ് 81,287ൽനിന്നും വില്പന സമ്മർദത്തിൽ 79,683ലെ രണ്ടാം സപ്പോർട്ട് മറികടന്ന് 78,988ലേക്ക് ഇടിഞ്ഞു. വാരാന്ത്യ ക്ലോസിംഗിൽ സൂചിക 78,918 പോയിന്റിലാണ്. ഈവാരം പ്രതിരോധം 80,089ലാണ്. വില്പന സമ്മർദം തുടരുന്നതിനാൽ 78,367- 77,816ലേക്ക് നീങ്ങാം.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 5278 ഡോളറിൽനിന്ന് 5416 വരെ കയറിയ വേളയിൽ ഡോളർ സൂചിക കരുത്ത് നേടിയതു നിക്ഷേപകരെ സ്വർണത്തിൽ വില്പനക്കാരാക്കി. ഇതോടെ നിരക്ക് 5025 ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 5171ലാണ്. 98.25ൽ നിലകൊള്ളുന്ന യുഎസ് ഡോളർ സൂചികയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ 100.25-101.25 ലേക്കു നീങ്ങാമെന്നതു സ്വർണം വിറ്റ് ഡോളർ ശേഖരിക്കാൻ ഒരു വിഭാഗം ഓപ്പറേറ്റർമാരെ പ്രേരിപ്പിക്കാം.
ഇന്ത്യയിൽ എംസിഎക്സിൽ സ്വർണം ഏപ്രിൽ അവധി 1,69,880 രൂപയിലാണ്. പത്ത് ഗ്രാം സ്വർണം 1.84 ലക്ഷം രൂപയിലേക്ക് ഉയരാൻ സാധ്യത, ലാഭമെടുപ്പിനു നീക്കം നടത്തിയാൽ 1.58 ലക്ഷം രൂപയിലെ താങ്ങ് പുതിയ ബയിംഗിന് അവസരം നോക്കുന്നവരെ ആകർഷിക്കാം