Kerala
കൊല്ലം: കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്ന സംഭവത്തിന്റെ നടുക്കത്തിൽ നാട്. ഗുണ്ടാനേതാവായ അലുവ അതുൽ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാർച്ചിൽ ജിം സന്തോഷ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് അതുൽ. ഇപ്പോൾ നടന്നതുപോലെ തന്നെ ഭീകരമായിട്ടായിരുന്നു ജിം സന്തോഷിനെയും അന്നു ഗുണ്ടസംഘം കൊലപ്പെടുത്തിയത്. ആ കൊലപാതകത്തിലുള്ള പകയാണോ ഇന്നു തീർത്തതെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
അനീറിനെയും ആക്രമിച്ചു
വീട്ടിൽ അതിക്രമിച്ചു കടന്ന നാലംഗ ഗുണ്ടാ സംഘം തോട്ട എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അമ്മയുടെ മുന്നിൽ വച്ചാണ് ജിം സന്തോഷിനെ കഴിഞ്ഞ വർഷം മാർച്ചിൽ വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ രണ്ടു വധശ്രമങ്ങളിൽനിന്നു രക്ഷപ്പെട്ട പടനായർകുളങ്ങര വടക്ക് കെട്ടിശേരിൽ കിഴക്കതിൽ വീട്ടിൽ എ. സന്തോഷ്കുമാർ (ജിം സന്തോഷ് 45) ആണു പുലർച്ചെ 2.30 ഓടെ വീട്ടിൽ കൊല്ലപ്പെട്ടത്. വവ്വാക്കാവ് ജംക്ഷനു കിഴക്ക് മണപ്പള്ളി റോഡിലുള്ള ഒരു ഹോട്ടലിൽനിന്നു പുലർച്ചെ ആഹാരം വാങ്ങി ഇറങ്ങിയ കടത്തൂർ കണ്ണംമ്പള്ളി തെക്കതിൽ അനീറിനെയും (31) കാറിൽ വന്ന സംഘം ഈ സംഭവത്തിനു ശേഷം വെട്ടി പരുക്കേൽപിച്ചു.
വാതിൽ തകർത്തുകയറി
സന്തോഷ്കുമാറിനെ കൊലപ്പെടുത്തിയ സംഘം തന്നെയാണ് അനീറിനെയും ആക്രമിച്ചത്. ഈ സംഘത്തിനു നേതൃത്വം കൊടുത്തത് അലുവ അതുലാണ്. 2025 മാർച്ച് 27നു പുലർച്ചെ വടിവാളും കമ്പിപ്പാരയും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം ആദ്യം വീട്ടിലേക്കു തോട്ട എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സന്തോഷിന്റെ അമ്മ ഓമന കിടന്ന മുറിയുടെ കതക് വെട്ടിപ്പൊളിച്ച് ഉള്ളിൽ കടന്നു. ആ മുറിയിൽ സന്തോഷ് ഇല്ലെന്നറിഞ്ഞതോടെ സംഘം തൊട്ടടുത്ത മുറിയുടെ കതക് തകർത്ത് അകത്തു കയറി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. അക്രമികൾ സ്ഫോടക വസ്തുക്കൾ മുറിയിലും പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അമ്മയുടെ മുന്നിൽ വച്ചായിരുന്നു അക്രമങ്ങളെല്ലാം. ശരീരത്തിന്റെ പലഭാഗത്തും വെട്ടേറ്റ സന്തോഷ്കുമാർ മരിച്ചെന്നു കരുതി സംഘം മടങ്ങി. ഇതിനു ശേഷം സന്തോഷ്കുമാർ തന്നെയാണ് ആംബുലൻസ് വിളിച്ചത്. ആംബുലൻസ് എത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
രണ്ടു വധശ്രമങ്ങൾ
സന്തോഷിന്റെ ഭാര്യ രമ്യയും മക്കളായ ഭഗതും വൈഗയും ഈ സമയം തഴവയിലെ വീട്ടിലായിരുന്നു. രണ്ടു വധശ്രമങ്ങളിൽനിന്നു രക്ഷപ്പെട്ട ആളാണ് കൊല ചെയ്യപ്പെട്ട സന്തോഷ് കുമാർ. ഏറെ നാളുകളായി സന്തോഷ് കുമാറിന്റെ സംഘവും വയനകം കേന്ദ്രീകരിച്ചുള്ള ഒരു സംഘവും തമ്മിൽ ഏറ്റുമുട്ടി വരികയായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ വയനകം സംഘത്തിലെ പങ്കജിനെ കുത്തി പരുക്കേൽപിച്ച കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞു ജാമ്യത്തിലിറങ്ങി നിൽക്കുകയായിരുന്നു സന്തോഷ്കുമാർ. തനിക്കു നേരെ ഇനിയും ആക്രമണം ഉണ്ടാകുമെന്ന് അറിയാമായിരുന്നതിനാൽ ഏറെ തയാറെടുപ്പിലും ആയിരുന്നു .
കാമറകൾ വച്ചിട്ടും
വീട്ടിലും പരിസരത്തും സിസിടിവി കാമറകൾ സ്ഥാപിക്കുകയും ദൃശ്യങ്ങൾ മൊബൈലിലും കിട്ടത്തക്ക വിധം സജ്ജീകരിക്കുകയും ചെയ്തിരുന്നു. പുലർച്ചെ സംഘം കാറിൽ എത്തുന്ന ദൃശ്യങ്ങളൊക്കെ മൊബൈലിലൂടെ കണ്ടിരുന്നത്രെ. സംഘം തന്നെ ആക്രമിക്കാൻ എത്തിയെന്നും പോലീസിൽ അറിയിക്കാനും സുഹൃത്തിനോട് സന്തോഷ്കുമാർ ഫോണിൽ പറഞ്ഞിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ സന്തോഷ് കുമാർ ആശുപത്രിയിൽ പോകാൻ ആംബുലൻസ് വിളിച്ചപ്പോഴേക്കും പോലീസും എത്തിയിരുന്നു.
Kerala
കൊല്ലം: കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവം ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ ബാക്കിപത്രം. ജിം സന്തോഷ് കൊലക്കേസിലെ ഒന്നാം പ്രതി അലുവ അതുലാണ് കൊല്ലപ്പെട്ടത്.
ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി മടങ്ങിപോകും വഴിയായിരുന്നു കൊലപാതകം. കരുനാഗപ്പള്ളി പുതിയകാവിനു സമീപത്തുവച്ചായിരുന്നു ആക്രമണം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആദ്യം ജിം സന്തോഷിനെയും ഇപ്പോൾ അലുവ അതുലിന്റെയും ജീവനെടുത്തത്.
ജയിലിലും ഭീതി
അലുവ അതുൽ നിരവധി ക്രിമിനൽകേസുകളിൽ പ്രതിയാണ്. ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലും കൊല്ലം ജില്ലാ ജയിൽ വാർഡൻ അഭിലാഷിനെ മർദിച്ച കേസിലും പ്രതിയാണ്. സൂപ്രണ്ടിന്റെ ഓഫീസിലെ കമ്പ്യൂട്ടറും അലുവ അതുൽ തല്ലി തകർത്തിരുന്നു. ജയിലിൽ പോലും അതുലിന്റെ ക്രൂരത പേടിപ്പെടുത്തുന്നതായിരുന്നു.
കൊലപാതകം കൂടാതെ എംഡിഎംഎ കേസിലും അതുലും കൂട്ടാളിയും പ്രതികളാണ്. ഒരിക്കൽ, പോലീസ് പിടികൂടാൻ ശ്രമിക്കവേ, ഭാര്യയുടെയും കുഞ്ഞിന്റെയും ഒപ്പം യാത്ര ചെയ്തിരുന്ന അതുൽ, അവരെ വഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. പോലീസ് വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. ശേഷം തമിഴ്നാട്ടിൽനിന്നു പിടികൂടിയ അതുലും കൂട്ടരും കോടതിവളപ്പിൽ റീൽസ് ചിത്രീകരിച്ചതിന്റെ പേരിലും കേസ് നേരിട്ടിരുന്നു.
കഴിഞ്ഞ മാർച്ചിൽ
കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ഗുണ്ടാനേതാവ് സന്തോഷിനെയാണ് 2025 മാർച്ച് 27ന് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്ഷം നവംബറില് മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില് സന്തോഷ് റിമാന്ഡിലായിരുന്നു. പുറത്തിറങ്ങിയതിനു പിന്നാലെയാണ് കൊലപാതകം. കറണ്ട് ഓഫ് ചെയ്ത ശേഷം വീടിനു നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്തു കടന്നത്.
ജിം സന്തോഷിനെ കൊലപ്പെടുത്തിയത് പങ്കജ് എന്നയാൾ പറഞ്ഞിട്ടെന്നാണ് അലുവ അതുൽ പോലീസിൽ മൊഴി നൽകിയിരുന്നത്. പങ്കജിന് ഉണ്ടായിരുന്ന വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്കു നയിച്ചത്. വർഷങ്ങളായി പങ്കജും സന്തോഷും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളും കൈയാങ്കളികളും എല്ലാം വിരോധത്തിനു കാരണമായി എന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
തനിക്കു സന്തോഷുമായി വ്യക്തിവിരോധം ഉണ്ടായിരുന്നില്ല. അനീർ എന്നയാളെ അക്രമിച്ചതും പങ്കജുമായുള്ള വിരോധം മൂലമാണെന്നും അലുവ അതുൽ മൊഴി നൽകിയിരുന്നു. സന്തോഷ് വധമാണോ അനീറിനെ ആക്രമിച്ചാണോ ഇപ്പോഴത്തെ കൊലപാതകത്തിനു പ്രകോപനമെന്നു വ്യക്തമല്ല.
National
മുംബൈ: ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ മുൻ അധോലോക കുറ്റവാളി അരുൺ ഗാവ്ലിയുടെ മക്കളായ ഗീതയ്ക്കും യോഗിതയ്ക്കും തോൽവി.
ഗാവ്ലിയുടെ സ്വന്തം പാർട്ടിയായ അഖിൽ ഭാരതീയ സേന (എബിഎച്ച്എസ്) ടിക്കറ്റിലാണ് ബൈക്കുള മേഖലയിൽനിന്ന് ഇരുവരും ജനവിധി തേടിയത്. മൂന്നുതവണ ബിഎംസി കൗൺസലറായിരുന്ന ഗീതയെ സമാജ്വാദി പാർട്ടിയിലെ അമ്രിൻ ഷെസാദ് അബ്രാനി പരാജയപ്പെടുത്തി. ബിജെപി പ്രതിനിധി രോഹിദാസ് ലോക്ഹണ്ടെയാണ് യോഗിതയെ തറപറ്റിച്ചത്.
എൺപതുകളിലും തൊണ്ണൂറുകളിലും മുംബൈയിൽ ദാവൂദ് ഇഹ്രാമിന്റെ ഡി കന്പനിക്കു സമാന്തരമായി അധോലോക സാമ്രാജ്യം കെട്ടിപ്പടുത്ത അരുൺ ഗാവ്ലി നേരത്തേ ഒരുതവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ശിവസേന കൗൺസിലറുടെ കൊലപാതകത്തിൽ തടവുശിക്ഷ അനുഭവിക്കുകയായിരുന്ന ഗാവ്ലി 2025 സെപ്റ്റംബറിലാണു ജയിൽമോചിതനായത്. സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെ നാഗ്പുർ സെൻട്രൽ ജയിലിൽനിന്ന് ഗാവ്ലി പുറത്തിറങ്ങുകയായിരുന്നു.
National
ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിയുടെ കസ്റ്റഡി ഏഴ് ദിവസത്തേക്ക് നീട്ടി എൻഐഎ കോടതി.
സുരക്ഷാ കാരണങ്ങളാൽ, എൻഐഎ ജഡ്ജി, എൻഐഎ ആസ്ഥാനം നേരിട്ട് സന്ദർശിക്കുകയായിരുന്നു. അൻമോൾ ബിഷ്ണോയിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ജഡജി നേരിട്ടെത്തിയത്.
ഡസംബർ അഞ്ച് വരെയാണ് കസ്റ്റഡി നീട്ടിയത്. നവംബർ 19ന് പ്രത്യേക കോടതി അൻമോൾ ബിഷ്ണോയിയെ 11 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരുന്നു.
National
ലേ: ലഡാക്ക് പ്രക്ഷോഭ നേതാവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാംഗ്ചുക്കിനെ ക്രമിനലിനെപ്പോലെയാണ് പോലീസ് കൈകാര്യം ചെയ്തതെന്ന് ഭാര്യ ഗീതാഞ്ജലി ആംഗ്മൊ പറഞ്ഞു.
വാങ്ചുക്കിന്റെ പ്രതിച്ഛായ തകർക്കാൻ കേന്ദ്ര സർക്കാർ തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് എച്ച്ഐഎഎലിന്റെ (ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ്, ലഡാക്ക്) സഹസ്ഥാപകകൂടിയായ ഗീതാഞ്ജലി പറഞ്ഞു. അദ്ദേഹത്തെ ദേശവിരുദ്ധനായി ചിത്രീകരിക്കുകയാണ്.
ജനാധിപത്യത്തിന്റെ ഏറ്റവും മോശം രൂപമാണിത്. ഒരു കാരണവുമില്ലാതെ, അദ്ദേഹത്തെ കുറ്റവാളിയെപ്പോലെയാണു പിടികൂടിയത്- ആംഗ്മൊ കൂട്ടിച്ചേർത്തു. വാംഗ്ചുകിനെതിരായ ആരോപണങ്ങളിൽ ടെലിവിഷൻ ചാനലിൽ സംവാദം നടത്താൻ കേന്ദ്രസർക്കാർ പ്രതിനിധികളെ വെല്ലുവിളിക്കുകയും ചെയ്തു.