Image for representation
കൊച്ചി: ഞാറക്കലില്‍ പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികള്‍ റിമാന്‍ഡില്‍. വധശ്രമം, ഔദ്യോഗികൃത്യം നിര്‍വഹണം തടസപ്പെടുത്തല്‍, മനപൂര്‍വമല്ലാത്ത നരഹത്യാശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഞാറക്കല്‍ പൊലിസ് സ്റ്റേഷനിലെ എസ്‌ഐ ജിതിന്‍ (31), കോണ്‍സ്റ്റബിള്‍ രാഗേഷ് (31) എന്നിവര്‍ക്ക് നേരെയാണ് വധശ്രമം നടന്നത്.
ചൊവ്വാഴ്ച രാത്രി 8.30ന് എളങ്കുന്നപ്പുഴ നടവഴിയിലെ നയാര പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു സംഭവം. സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന ചീനിക്കാസ് എന്ന സ്വകാര്യ ബസിലെ ഡ്രൈവറെയും ക്ലീനറെയും ആറോളം പേര്‍ വരുന്ന സംഘം മര്‍ദിക്കുന്നതിനിടെ വിവരമറിഞ്ഞാണ് പൊലിസ് എത്തിയത്.
ദിവസങ്ങള്‍ക്കു മുമ്പ് ബസ് പുതുവൈപ്പ് ബീച്ച് റോഡില്‍ വച്ച് ഒരു കാറുമായി ഇടിച്ച സംഭവത്തില്‍ ബസുകാര്‍ 1,500 രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു. ഇത് പോരെന്നും 3000 വേണമെന്നും പറഞ്ഞതിനെ തുടര്‍ന്ന് ബാക്കി തുക വാങ്ങാന്‍ എത്തിയതായിരുന്നു സംഘം. ഈ സമയം തുക പോരെന്നും 10,000 രൂപ വേണമെന്നും പറഞ്ഞ് തര്‍ക്കിക്കുകയായിരുന്നു. ഇത് നല്‍കില്ലെന്ന് പറഞ്ഞതോടെയാണ് സംഘം ജീവനക്കാരെ ആക്രമിച്ചത്.
ഇതിനിടെ സംഭവം ഒരാള്‍ പൊലിസില്‍ വിളിച്ചത് പറഞ്ഞതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും എസ്‌ഐയും കോണ്‍സ്റ്റബിളും എത്തിയത്. മര്‍ദനം തടയാന്‍ ചെന്ന എസ്‌ഐ ജിതിനെയാണ് പ്രതികള്‍ ആദ്യം ആക്രമിച്ചത്. ഒരാള്‍ കത്തി കൊണ്ട് കുത്താന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയതിനാല്‍ കൈവിരലിലാണ് കുത്തേറ്റത്. ശേഷം മറ്റൊരാള്‍ വന്ന് എസ്‌ഐയെ പിടിച്ചു നിര്‍ത്തി കൊടുക്കുകയായിരുന്നു.
പിന്നാലെ മുഖത്തും തലയ്ക്കും ഇടിക്കുകയായിരുന്നു. ഇതിനിടെ തടയാന്‍ ചെന്ന പൊലിസുകാരനെയും വടിയും കത്തിയും വച്ച് ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പൊലിസ് ഉദ്യോഗസ്ഥരെത്തി പ്രതികളെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കൊലക്കേസുകളില്‍ അടക്കം പ്രതിയായ ഞാറക്കല്‍ സ്വദേശി മുന്ന എന്ന് വിളിക്കുന്ന പ്രജിത്ത്, രാഗിന്‍ എന്നിവരെയും മറ്റൊരു പ്രതിയെയും പൊലിസ് റിമാന്‍ഡ് ചെയ്തു.
Tags : Police Attack Arrest Remand Criminal