National
ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയമായ കൂടംകുളം നിലയത്തിനു നേരേ ഗുരുതരമായ റാൻസംവെയർ സൈബർ ആക്രമണം. ആണവനിലയത്തിന്റെ ബ്ലൂ പ്രിന്റ്, വിതരണക്കാരുടെ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെ ഡാർക് വെബിൽ പ്രത്യക്ഷപ്പെട്ടു.
ആയിരക്കണക്കിനു ഫയലുകളാണ് വേൾഡ് ലീക്സ് എന്ന റാൻസംവെയർ സംഘം ഡാർക് വെബിൽ അവരുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആണവനിലയത്തിലെ കരാർ കമ്പനിയായ റിലയൻസ് ഗ്രൂപ്പിന്റെ സെർവറിൽനിന്നാണു വിവരങ്ങൾ ചോർന്നിരിക്കുന്നത്. ഭാഗികമായ വിവരചോർച്ചയുണ്ടായതായി റിലയൻസ് മേധാവി അനിൽ അംബാനി സ്ഥിരീകരിച്ചു.
ക്ലൗഡ് ദാതാക്കളായ യോട്ട ഡേറ്റ സർവീസസ് കമ്പനിയുടെ സെർവറിൽനിന്നാണു വിവരചോർച്ചയുണ്ടായതെന്നും സംഭവത്തെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അനിൽ അംബാനി പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ഏതൊക്കെ ഡാറ്റയാണു ചോർന്നതെന്നു റിലയൻസ് വെളിപ്പെടുത്തിയിട്ടില്ല. വിവരചോർച്ച ആണവനിലയത്തിന്റെ സുരക്ഷയെ ഗുരുതരമായി ബാധിച്ചേക്കാമെന്നു ന്യൂക്ലിയർ ത്രെട്ട് ഇനിഷ്യേറ്റീവ് സീനിയർ ഡയറക്ടർ നിക്കോളാസ് റോത്ത് പറഞ്ഞു. ഇന്ത്യയിൽ ഹാക്കിംഗ് സാധാരണമായെന്നതിന്റെ തെളിവാണിത്.
പല കമ്പനികളും ഇത്തരം ഭീഷണികളെ നേരിടാൻ വേണ്ടത്ര സജ്ജമല്ല. നിർമാണത്തിലിരിക്കുന്ന മൂന്ന്, നാല് യൂണിറ്റുകളിലെ വെന്റിലേഷൻ, കൂളിംഗ് സിസ്റ്റങ്ങളുടെ രൂപരേഖകൾ, കൺട്രോൾ റൂമിന്റെ ലേഔട്ട്, വിതരണക്കാരുടെ വിവരങ്ങൾ, ഇൻഷ്വറൻസ് പോളിസികൾ എന്നിവയുൾപ്പെടെയുള്ള 19,000ത്തോളം ഫയലുകളാണു ചോർന്നത്.
എന്നാൽ, റിയാക്ടറുകളുടെ പ്രധാന സുരക്ഷാസംവിധാനങ്ങളെ ബാധിക്കുന്ന വിവരങ്ങൾ ഇതിലില്ലെന്നാണു പ്രാഥമിക നിഗമനം. വേൾഡ് ലീക്സ് വെബ്സൈറ്റിൽ റിലയൻസുമായി ബന്ധപ്പെട്ട 8,58,000 ഫയലുകളാണു വന്നത്. ഇതിൽ ആണവനിലയവുമായി ബന്ധപ്പെട്ട 19,000 ഫയലുകളാണുള്ളത്.
2016 മുതൽ 2025 വരെയുള്ള കാലയളവിലെ രേഖകളാണു ഹാക്കർമാർ പുറത്തുവിട്ടത്. നിലയത്തിന്റെ മൂന്ന്, നാല് യൂണിറ്റുകളുടെ രൂപരേഖ, നിർമാണം എന്നിവയുടെ കരാർ 2018ൽ റിലയൻസ് നേടിയിരുന്നു. ഈ രണ്ടു യൂണിറ്റുകളുടെയും നിർമാണപ്രവൃത്തികൾ നടന്നുവരികയാണ്. ഇവ അടുത്ത വർഷം പ്രവർത്തനക്ഷമമാകുമെന്നാണു കരുതുന്നത്.
റിലയൻസിൽനിന്നു ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ, ഹാക്കിംഗ് സംബന്ധിച്ച വിവരങ്ങൾ തേടി. സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി-ഇൻ) സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.
Tech
ടോക്കിയോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചുകൊണ്ട്, സൈബർ ആക്രമണത്തിനായി ചാറ്റ്ജിപിറ്റി ഉപയോഗിച്ച 15 വയസുകാരനായ സ്കൂൾ വിദ്യാർഥിയെ ജപ്പാനിൽ പോലീസ് അറസ്റ്റ് ചെയ്തു. ജപ്പാനിലെ അനിമേഷൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ 'ബന്ദായ് ചാനലിന്റെ' (Bandai Channel) സെർവറുകൾ ഹാക്ക് ചെയ്ത് 46,000ത്തിലധികം ഉപയോക്താക്കളുടെ അക്കൗണ്ടുകൾ വ്യാജ കോഡുകളിലൂടെ ഇല്ലാതാക്കി എന്നതാണ് വിദ്യാർഥിക്കതിരെയുള്ള കുറ്റം.
കമ്പനിക്ക് വൻ സാമ്പത്തിക നഷ്ടവും സേവന തടസ്സവും ഉണ്ടാക്കിയ സംഭവത്തിലാണ് ടോക്കിയോ മെട്രോപൊളിറ്റൻ പോലീസ് നടപടിയെടുത്തത്. ടോക്കിയോയ്ക്ക് സമീപമുള്ള ടോകൊറോസാവ സ്വദേശിയായ ഹൈസ്കൂൾ വിദ്യാർഥിയാണ് പിടിയിലായത്.
2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. താൻ നിർമിച്ച സൈബർ ആക്രമണത്തിനുള്ള കോഡിന്റെ വേഗത കൂട്ടാനും കൂടുതൽ ഫലപ്രദമാക്കാനുമാണ് താൻ ചാറ്റ്ജിപിറ്റിയുടെ സഹായം തേടിയതെന്ന് വിദ്യാർഥി പോലീസിനോട് സമ്മതിച്ചു.
ആദ്യം താൻ തന്നെയാണ് കോഡ് തയ്യാറാക്കിയതെന്നും, എന്നാൽ പ്രൊസസിങ് വേഗത കുറവായതിനാൽ ചാറ്റ്ജിപിറ്റിയോട് ചോദിച്ച് മറ്റൊരു പ്രോഗ്രാമിങ് ഭാഷയിലേക്ക് മാറ്റി ഇത് പൂർത്തിയാക്കുകയായിരുന്നുവെന്നും വിദ്യാർഥി വെളിപ്പെടുത്തി. ലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള പ്ലാറ്റ്ഫോം ആയതുകൊണ്ടാണ് താൻ 'ബന്ദായ് ചാനൽ' തെരഞ്ഞെടുത്തതെന്നും വ്യക്തിപരമായ വിരോധം ഒന്നിനുമില്ലെന്നും കുട്ടി പറഞ്ഞു.
പ്രൈമറി സ്കൂൾ മുതൽ സ്വയം പ്രോഗ്രാമിങ് പഠിക്കുന്ന ഈ വിദ്യാർഥി നെറ്റ്വർക്ക് കമ്മ്യൂണിക്കേഷൻസ് പരിശോധിക്കുന്നതിൽ തത്പരനായിരുന്നു. സൈബർ ആക്രമണം തടയാൻ കമ്പനി സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കിയെങ്കിലും, തന്റെ ഐപി അഡ്രസ് മുപ്പതോളം തവണ മാറ്റി വിദ്യാർഥി വീണ്ടും ആക്രമണം തുടരുകയായിരുന്നു.
ഈ ആക്രമണം കാരണം ഒരു മാസത്തോളം കമ്പനിയുടെ സേവനങ്ങൾ ഭാഗികമായി തടസ്സപ്പെടുകയും ഉപയോക്താക്കൾക്ക് പണം തിരികെ നൽകേണ്ടി വരികയും ചെയ്തു. കൂടാതെ 13.6 ലക്ഷത്തോളം ഉപയോക്താക്കളുടെ ഇമെയിൽ വിലാസങ്ങളും പേയ്മെന്റ് വിവരങ്ങളും ചോർന്നതായും സംശയമുണ്ട്.
സൈബർ കുറ്റകൃത്യങ്ങൾക്കായി ജനറേറ്റീവ് എഐ ടൂളുകൾ നേരിട്ട് ഉപയോഗിച്ച ജപ്പാനിലെ ആദ്യത്തെ കേസുകളിൽ ഒന്നാണിത്. കോഡിങ് കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന ചാറ്റ്ജിപിറ്റി പോലുള്ള ടൂളുകൾ, ആവശ്യമായ സാങ്കേതിക അറിവില്ലാത്തവർക്ക് പോലും സൈബർ ആക്രമണങ്ങൾ നടത്താൻ സഹായകരമാകുന്നു എന്ന വലിയ സുരക്ഷാ ഭീഷണിയാണ് ഈ സംഭവം ഉയർത്തുന്നത്.