Business
ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില കുറയ്ക്കുന്നതിന് ഇന്ത്യയിൽ തന്നെ ലിഥിയം-അയണ്‍ ബാറ്ററി സെല്ലുകളുടെ ഉത്പാദനം വർധിപ്പിക്കുകയാണ് പ്രധാന പോംവഴിയെന്ന് കേന്ദ്ര സർക്കാർ ഉറച്ചു വിശ്വസിക്കുന്നു.
ഒരു ഇലക്ട്രിക് വാഹനത്തിന്റെ ആകെ നിർമാണച്ചെലവിന്റെ പകുതിയോളവും ബാറ്ററികൾക്കാകുന്നതിനാൽ, വിദേശ ഇറക്കുമതികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സർക്കാർ 18,100 കോടിയുടെ ‘അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ (എസിസി) പിഎൽഐ’ പദ്ധതിക്ക് തുടക്കമിട്ടു.
വരുന്ന വർഷങ്ങളിൽ അഡ്വാൻസ്ഡ് കെമിസ്ട്രി സെല്ലുകൾക്കുള്ള (എസിസി) ആവശ്യകത കുത്തനെ ഉയരുന്ന സാഹചര്യത്തിൽ രാജ്യം സർക്കാർ നല്കുന്ന പിന്തുണയിൽ ബാറ്ററി അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി മാത്രം നടത്തിയിരുന്ന അവസ്ഥയിൽ നിന്ന് മാറി, ആഭ്യന്തരമായിതന്നെ ബാറ്ററിയുടെ രാസവസ്തുക്കൾ വികസിപ്പിക്കുന്ന രാജ്യമായി മാറുന്നമെന്ന് പഠനങ്ങൾ.
ഇവികൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കണമെങ്കിൽ ബാറ്ററി പാക്കുകൾ കൂട്ടിയോജിപ്പിക്കുന്നതു (അസംബിൾ ചെയ്യുന്നത്) കൊണ്ട് മാത്രം കാര്യമായില്ല; അതിന് ബാറ്ററി സെല്ലുകൾ രാജ്യത്തിനകത്തുതന്നെ നിർമിക്കണം. എന്നാൽ നിലവിൽ, ഈ പ്രാദേശിക ഉത്പാദന പദ്ധതികൾ വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. സർക്കാരിന്റെ ലക്ഷ്യമായ മണിക്കൂറിൽ 50 ഗിഗാവാട്ട് ശേഷിയിൽ, ഇതുവരെ വെറും 1.4 GWh ശേഷി മാത്രമാണ് ആരംഭിക്കാനായത്.
എന്താണ് എസിസി?
അഡ്വാസ്ഡ് കെമിസ്ട്രി സെല്ലുകൾ അഥവ എസിസി എന്നത് വൈദ്യുതോർജത്തെ ഇലക്ട്രോകെമിക്കലായോ കെമിക്കൽ രൂപത്തിലോ സംഭരിക്കാനും ആവശ്യാനുസരണം അതിരെ തിരികെ വൈദ്യുതോർജമാക്കി മാറ്റാനും ശേഷിയുള്ള പുതിയ തലമുറ ബാറ്ററി സാങ്കേതികവിദ്യയാണ്.
ആവശ്യമുയരും
2025-നും 2030-നും ഇടയിൽ ഇന്ത്യയിലെ അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ ആവശ്യകത 39 ശതമാനം വാർഷിക വളർച്ചാ നിരക്ക് കൈവരിക്കുമെന്നാണ് ബ്രോക്കേജ് സ്ഥാപനമായ നുവാമ പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ആവശ്യകത 2025ലെ മണിക്കൂറിൽ 40 ഗിഗാവാട്ട് ശേഷയിൽനിന്ന് 2030 ആകുന്പോഴേക്കും ഏകദേശം 700 GWh ആയി ഉയരും. അതിനുശേഷവും ഈ വളർച്ച ശക്തമായി തുടരുമെന്നും 2030നും 2035നും ഇടയിൽ 27 ശതമാനം പ്രതിവർഷ വളർച്ചാ നിർക്കിൽ ഉയരുമെന്നും കരുതപ്പെടുന്നു.
2025-30 കാലയളവിൽ ഇലക്ട്രിക് വാഹന ബാറ്ററികളുടെ ആവശ്യകത പ്രതിവർഷം 35 ശതമാനം തോതിൽ വളരുമെന്നാണ് കണക്കാക്കുന്നത്. ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങളാകും ഈ കാലയളവിൽ ഏറ്റവും വേഗത്തിൽ വളരുന്ന മേഖല. ഇതേ കാലയളവിൽ ഇവയുടെ ആവശ്യകത 78 ശതമാനം പ്രതിവർഷം സംയുക്ത വളർച്ചനിരക്കിൽ വർധിക്കുമെന്നും കണക്കാക്കപ്പെടുന്നു.
ആഗോളതലത്തിൽ, അഡ്വാൻസ്ഡ് കെമിസ്ട്രി സെല്ലുകളുടെ ആവശ്യകത 2025-30 കാലയളവിൽ ഏകദേശം 20 ശതമാനം പ്രതിവർഷ വളർച്ച കൈവരിക്കുമെന്നും, തുടർന്ന് 2030-35 കാലയളവിൽ ഇത് എട്ടു ശതമാനമായി കുറയുമെന്നുമാണ് കരുതുന്നത്. വിപണിയിലെ അധിക നിർമാണ ശേഷി പൂർണമായും ഉപയോഗിക്കപ്പെടുന്നതോടെ ആഗോള ആവശ്യകതയിലുള്ള വളർച്ച ക്രമേണ വിതരണത്തിലെ വളർച്ചയെ മറികടക്കുകയും ഉത്പാദനശേഷിയുടെ വിനിയോഗ നിരക്ക് വർധിക്കുമെന്നും നുവാമ വിലയിരുത്തുന്നു.
ഇന്ത്യയിൽ ബാറ്ററി നിർമാണം വികസിക്കുന്നു
ഇന്ത്യയുടെ ബാറ്ററി നിർമാണ രംഗവും അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. എസിസി ബാറ്ററികൾക്കായുള്ള സർക്കാരിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയിലൂടെ 50 GWh ശേഷിയുള്ള തദ്ദേശീയ സെൽ നിർമാണശേഷി കൈവരിക്കുകയാണ് ലക്ഷ്യം. ഇതിനുപുറമെ, പത്തിലധികം നിർമാതാക്കൾ ഏകദേശം 178 GWh ബാറ്ററി നിർമാണ ശേഷി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബാറ്ററി കെമിക്കലുകൾക്കും അസംസ്കൃത വസ്തുക്കൾക്കും രാജ്യത്ത് വൻ തോതിലുള്ള ആവശ്യകത സൃഷ്ടിക്കുന്നു. ലിഥിയം, നിക്കൽ, കൊബാൾട്ട്, ഗ്രാഫൈറ്റ് തുടങ്ങിയ പ്രധാന ധാതുക്കളുടെ തദ്ദേശീയമായ ഖനനം, സംസ്കരണം, പുനരുപയോഗം എന്നിവയ്ക്ക് നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷൻ സഹായകരമാകുമെന്നാണ് നുവാമയുടെ റിപ്പോർട്ട് പറയുന്നത്.
കുറഞ്ഞ നിർമാണച്ചെലവ്, ഉയർന്ന സുരക്ഷ, മികച്ച ആയുസ് എന്നിവ കാരണം ലിഥിയം അയണ്‍ ഫോസ്ഫേറ്റ് (എൽഎഫ്പി) ആഗോളതലത്തിൽ പ്രധാന ബാറ്ററി കെമിസ്ട്രിയായി തുടരുമെന്നാണ് കണക്കാക്കുന്നത്. എൽഎഫ്പിയിലേക്കുള്ള ഈ മാറ്റം അയണ്‍ ഫോസ്ഫേറ്റ്, ഗ്രാഫൈറ്റ്, കണ്ടക്റ്റീവ് കാർബണ്‍ ബ്ലാക്ക്, കാർബണ്‍ നാനോട്യൂബുകൾ, ഇലക്ട്രോലൈറ്റ് വസ്തുക്കൾ എന്നിവയുടെ ആവശ്യകത വർധിപ്പിക്കുമെന്നും, അതേസമയം കൊബാൾട്ടിന്റെ ദീർഘകാല ആവശ്യകതയിലെ വളർച്ച മന്ദഗതിയിലാക്കുമെന്നും പ്രതീക്ഷിക്കുന്നു.
രാജ്യത്തിന്റെ ബാറ്ററി-മെറ്റീരിയൽസ് മൂല്യശൃംഖല വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. പ്രധാന ധാതുക്കൾ ഇപ്പോഴും വൻതോതിൽ ഇറക്കുമതി ചെയ്യപ്പെടുന്പോൾ; കാഥോഡ്, ആനോഡ് വസ്തുക്കൾ, ഇലക്ട്രോലൈറ്റുകൾ, കണ്ടക്റ്റീവ് അഡിറ്റീവുകൾ എന്നിവയുടെ തദ്ദേശീയ ഉത്പാദന ശേഷി വർധിച്ചുവരികയാണ്. ബാറ്ററി സെൽ നിർമാണവും വേഗത്തിൽ വികസിക്കുന്നുണ്ട്. അതേസമയം സിലിക്കണ്‍-കാർബണ്‍ ആനോഡുകൾ, എൽഎംഎഫ്പി, സോഡിയം-അയൺ, സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ തുടങ്ങിയ സാങ്കേതികവിദ്യകൾ ഭാവിയിലെ വലിയ സാധ്യതകളായി ഉയർന്നുവരുന്നുമുണ്ട്.
ഇറക്കുമതി പൂർണമായി ഒഴിവാക്കാനാകില്ല
ലിഥിയം, കൊബാൾട്ട്, നിക്കൽ, ഗ്രാഫൈറ്റ് തുടങ്ങിയ പ്രധാന ധാതുക്കൾ സംസ്കരിക്കാനുള്ള ശേഷി ഇന്ത്യക്ക് തീരെയില്ലാത്തതിനാൽ, സെല്ലുകൾ പ്രാദേശികമായി നിർമിച്ചാൽ പോലും അസംസ്കൃത വസ്തുക്കൾ വിദേശത്തുനിന്നുതന്നെ ഇറക്കുമതി ചെയ്യേണ്ടി വരും. യന്ത്രസാമഗ്രികളുടെ ക്ഷാമം, സാങ്കേതിക തടസങ്ങൾ, പ്രാദേശിക നിയന്ത്രണങ്ങളിലെ കാലതാമസം എന്നിവയ്ക്കൊപ്പം, നിർമാതാക്കൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ ഇതുവരെ ലഭ്യമാക്കാൻ സാധിച്ചിട്ടുമില്ല.
ഉപഭോക്താവിന്റെ ഭാരം എപ്പോൾ കുറയും?
പ്രാദേശിക ബാറ്ററി ഉത്പാദനം വർധിക്കുന്നത് കണ്ടുമാത്രം വാഹന വിലയിൽ പെട്ടെന്നൊരു വൻ കുറവ് ഉപഭോക്താക്കൾ പ്രതീക്ഷിക്കേണ്ടതില്ല. നിലവിൽ, ഇന്ത്യയിൽ നിർമിക്കുന്ന ഇവികളിൽ ഉപയോഗിക്കുന്ന ബാറ്ററി സെല്ലുകളുടെ 99 ശതമാനവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. തദ്ദേശീയ നിർമാണം വേഗം കൈവരിക്കുന്പോൾ പോലും, ഈ ഗിഗാഫാക്ടറികൾ സ്ഥാപിക്കാൻ മുടക്കിയ ഭീമമായ തുക തിരിച്ചുപിടിക്കാനായിരിക്കും കന്പനികൾ ആദ്യഘട്ടത്തിൽ മുൻഗണന നൽകുക.
ബാറ്ററി സെല്ലുകൾ മാത്രം നിർമിക്കുന്നത് പര്യാപ്തമല്ല
ചെലവ് നിയന്ത്രിക്കുന്നതിന് ബാറ്ററി സെല്ലുകൾ നിർമിക്കുന്നത് മാത്രം ഒരു എളുപ്പവഴിയല്ലെന്ന് വ്യവസായ വിദഗ്ധർ ഊന്നിപ്പറയുന്നു. സാന്പത്തികവിജയം കൈവരിക്കുന്നതിന്, ഇന്ത്യ സമഗ്രവും പൂർണവുമായ ഒരു വ്യവസായ ശൃംഖല വികസിപ്പിച്ചെടുക്കണം. നിർണായകമായ അസംസ്കൃത ധാതുക്കൾ ശുദ്ധീകരിക്കുന്നതിനും, കാഥോഡ് ആക്റ്റീവ് മെറ്റീരിയലുകൾ ഉത്പാദിപ്പിക്കുന്നതിനും, സെമികണ്ടക്ടറുകൾ സംയോജിപ്പിക്കുന്നതിനും, കർശനമായ ഗുണനിലവാര പരിശോധനാ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും, കരുത്തുറ്റ ബാറ്ററി റീസൈക്ലിംഗ് ശൃംഖല സജ്ജമാക്കുന്നതിനുമുള്ള ആഭ്യന്തര സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.
District News
വൈപ്പിൻ: പോലീസ് സ്റ്റേഷനുകളിൽ ജോലിഭാരം കൂടുന്നതിനാൽ ഓപ്പറേഷൻ തൂഫാനിൽ പോലീസ് - എക്സൈസ് സംയുക്ത സ്ക്വാഡ് വേണമെന്ന ആവശ്യം ഉയരുന്നു. മാത്രമല്ല ബന്ധപ്പെട്ട കേസുകളും ഭാഗികമായി എക്സൈസ് ഡിപ്പാർട്ട്മെന്റിനെ കൊണ്ട് എടുപ്പിക്കണമെന്നുമാണ് പോലീസുകാരുടെ ആവശ്യം.
ക്രമസമാധാന പാലനവും മറ്റു നിരവധി ഡ്യൂട്ടികളും ഉള്ളതിനിടെയാണ് പോലീസിന്റെ ചുമലിൽ ഓപ്പറേഷൻ തൂഫാനും കൂടി വന്നു പെട്ടിരിക്കുന്നത്. ഓരോ സ്റ്റേഷനുകളിൽ നിന്നും നാലു പോലീസുകാരെയാണ് തൂഫാൻ സ്ക്വാഡിലേക്ക് എടുത്തിട്ടുള്ളത്. എന്നാൽ പല എക്സൈസ് റേഞ്ച് ഓഫീസുകളിലും എക്സൈസുകാർ ഒരു പണിയുമില്ലാതെ വെറുതെ ഇരിക്കുമ്പോഴാണ് പോലീസുകാർ എക്സൈസുകാരുടെ ജോലിയും കൂടിയെടുത്ത് നട്ടം തിരിയുന്നതെന്നാണ് പോലീസുകാരുടെ പരാതി.
ലഹരിവസ്തു വിപണനവും വ്യാപനവും തടയാൻ പോലീസിനേക്കാൾ കൂടുതൽ ഉത്തരവാദിത്വം എക്സൈസ് വകുപ്പിനാണ്. ഇതിനു വേണ്ടി തന്നെയാണ് ഇങ്ങനെയൊരു വകുപ്പ് ഉണ്ടാക്കിയിട്ടുള്ളതെന്ന് പോലീസുകാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഓപ്പറേഷൻ തൂഫാൻ തുടങ്ങിയതോടെ മുനമ്പം പോലീസ് സബ് ഡിവിഷനിലെ ആറ് പോലീസ് സ്റ്റേഷനുകളിലായി 47 കേസുകൾ രജിസ്റ്റർ ചെയ്യുകയും 57 പേരെ അറസ്റ്റ് ചെയ്തതായും രേഖകൾ ഉണ്ട്.
സബ് ഡിവിഷനിലെ ആറു സ്റ്റേഷനുകളിൽ നിന്നായി 16 പോലീസുകാരാണ് തൂഫാനുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണങ്ങളിലും റെയ്ഡുകളിലും ബോധവത്കരണ പരിപാടികളിലും ഏർപ്പെട്ടിട്ടുള്ളതെന്നും വ്യക്തമാക്കുന്നു.
Kerala
ഏറ്റുമാനൂർ: രാവിലെ എറണാകുളത്തേയ്ക്കുള്ള ട്രെയിൻ യാത്ര ദുരിതയാത്രയായി തുടരുന്നു. തിങ്കളാഴ്ചകളിൽ തിരക്ക് പതിന്മടങ്ങ് വർധിക്കും. ട്രെയിനിനുള്ളിൽ ശ്വാസം കിട്ടാതെ യാത്രക്കാർ മോഹാലസ്യപ്പെട്ട് വീഴുന്നത് തിങ്കളാഴ്ചകളിലെ പതിവ് കാഴ്ചയാണ്.
തിങ്കളാഴ്ചകളിൽ രാവിലെ എറണാകുളം ഭാഗത്തേയ്ക്കുള്ള ട്രെയിനുകളിൽ കയറിപ്പറ്റുക അത്ര എളുപ്പമല്ല. മെമുവിലും പാലരുവിയിലും വൻ തിരക്കാണ്. കോട്ടയം മുതൽ ട്രെയിനിന് ഉള്ളിൽ പ്രവേശിക്കാൻ സാധിക്കാതെ സ്ത്രീകളും വിദ്യാർഥികളുമടക്കം യാത്രക്കാർ വാതിൽപ്പടിയിൽ നിന്നാണ് യാത്ര ചെയ്യുന്നത്.
മെമുവിന് കോച്ചുകൾ കുറവായതിനാൽ ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെ അഞ്ചുസ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ നിഷേധിച്ചിരിക്കുകയാണ്. കോട്ടയത്തു നിന്ന് രാവിലെ ഒരു മെമു അനുവദിക്കണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. കോട്ടയത്ത് നിന്നുള്ള തിരക്കാണ് ട്രെയിനിൽ വായുസഞ്ചാരം പോലും നഷ്ടപ്പെടുത്തി യാത്ര ഏറെ ദുസഹമാക്കുന്നത്. ഇതിന് പരിഹാരം ഉണ്ടാകണമെങ്കിൽ രാവിലെ കോട്ടയത്ത് നിന്ന് പുതിയ ഒരു സർവീസ് ആരംഭിക്കണം
വൈകുന്നേരം എറണാകുളത്ത് നിന്നുള്ള മടക്കയാത്രയും അതീവ ദുരിതമാണ്. തൃപ്പൂണിത്തുറയിൽ നിന്നും യാത്രക്കാർ വാതിൽപ്പടിയിൽ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് ട്രെയിൻ നീങ്ങി തുടങ്ങുന്നത്. ഗുരുവായൂർ - എറണാകുളം പാസഞ്ചർ കോട്ടയത്തേയ്ക്ക് ദീർഘിപ്പിച്ചാൽ തിരക്കിന് കുറവുണ്ടാകും.എന്നാൽ ഈ ആവശ്യം റെയിൽവേ പരിഗണിക്കുന്നില്ല.
അഞ്ചു പ്ലാറ്റ്ഫോമുകളുമായി കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരിച്ചെങ്കിലും പുതുതായി ഒരു ട്രെയിൻ പോലും കോട്ടയത്തിന് ലഭിച്ചില്ല. എറണാകുളം ഭാഗത്തേയ്ക്ക് മെമു സർവീസുകൾക്കായി നിർമ്മിച്ച 1എ പ്ലാറ്റ്ഫോം നാലു വർഷമായി വെറുതെ കിടക്കുകയാണ്. എറണാകുളത്ത് അവസാനിക്കുന്ന ഒരു ട്രെയിൻ പോലും കോട്ടയത്തേയ്ക്ക് ദീർഘിപ്പിക്കാനും റെയിൽവേ തയ്യാറാകുന്നില്ല.
കോട്ടയത്തിനും എറണാകുളത്തിനുമിടയിൽ റെയിൽവേ യാത്രക്കാർ അനുഭവിക്കുന്ന ദുരിതമകറ്റാൻ ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
Kerala
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഹൈക്കമാൻഡ് നേതൃത്വത്തെ നേരിൽ കണ്ടു. കോൺഗ്രസ് നേതൃത്വത്തെ നിശ്ചയിക്കുമ്പോൾ ജാതി സമവാക്യങ്ങൾ മാത്രം നോക്കുന്ന നിലവിലെ പ്രവണത അവസാനിപ്പിക്കണം.
അർഹതയും യോഗ്യതയും പാർട്ടിയിലെ പ്രവർത്തന പരിചയവും മാത്രമായിരിക്കണം പ്രധാന മാനദണ്ഡമാക്കേണ്ടതെന്നും ഉണ്ണിത്താൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. 1978 മുതലുള്ള തന്റെ നീണ്ട പ്രവർത്തന പാരമ്പര്യം ഹൈക്കമാൻഡ് പരിഗണിക്കണമെന്നാണ് ഉണ്ണിത്താന്റെ ആവശ്യം.
ജാതി-സമുദായ സമവാക്യങ്ങൾക്ക് മുൻഗണന നൽകുന്നത് പാർട്ടിയുടെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ ഒരാൾക്ക് ഒരു പദവി എന്ന ആവശ്യവുമായി ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു.
National
അഹമ്മദാബാദ്: ശസ്ത്രക്രിയ ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ സർക്കാർ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ. ഗുജറാത്തിലെ ആനന്ദ് ജനറൽ ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ഡോ. ചിന്തൻ സ്നേഹൽഭായ് ഷായെ ആണ് അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തത്.
ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. സർക്കാർ പദ്ധതി പ്രകാരം സൗജന്യമായി ചെയ്യേണ്ടിയിരുന്ന ശസ്ത്രക്രിയക്കായി രോഗിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തതിനാണ് ഡോക്ടറെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
രോഗിയുടെ വിരലിന് ശസ്ത്രക്രിയ നടത്തുന്നതിനായി ഇയാൾ ആദ്യ ഘട്ടത്തിൽ 6,500 രൂപ ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിലപേശലിനൊടുവിൽ തുക 4,000 രൂപയായി കുറയ്ക്കുകയും, അഡ്വാൻസായി 1,000 രൂപ വാങ്ങുകയും ചെയ്തു.
ബാക്കി തുകയായ 3,000 രൂപ ശസ്ത്രക്രിയയ്ക്ക് ശേഷം ആവശ്യപ്പെട്ടതോടെയാണ് രോഗിയുടെ ബന്ധുക്കൾ അഴിമതി വിരുദ്ധ ബ്യൂറോയെ സമീപിച്ചത്. തുടർന്ന് ആശുപത്രിയുടെ ഒന്നാം നിലയിലെ ഓപ്പറേഷൻ തീയറ്റർ ലോബിക്ക് സമീപം വച്ച് പണം വാങ്ങുന്നതിനിടയിൽ എസിബി സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിനും അഴിമതി വിരുദ്ധ നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
Kerala
കോട്ടയം: വി.ഡി. സതീശൻ മന്ത്രിസഭയിൽ രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമസഭ കക്ഷിയോഗത്തിലാണ് ഈ തീരുമാനം.
ഇക്കാര്യം യുഡിഎഫിൽ ചര്‍ച്ച നടത്താന്‍ യോഗം പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫിനെ ചുമതലപ്പെടുത്തി. ലീഗിന് അഞ്ച് മന്ത്രിസ്ഥാനം നല്കുമ്പോള് കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാര്‍ വേണമെന്നാണ് ആവശ്യം.
മോന്‍സ് ജോസഫിനെ കൂടാതെ രണ്ടാം മന്ത്രി സ്ഥാനത്തേയ്ക്ക് അപു ജോണ്‍ ജോസഫിനെ നിയോഗിക്കാനാണ് പാർട്ടിയിലെ ധാരണ. രണ്ടാം മന്ത്രി സ്ഥാനത്തിനു പകരം ചീഫ് വിപ്പ്, ഡപ്യൂട്ടി സ്ഫീക്കര്‍ പദവി കോണ്‍ഗ്രസ് നിര്‍ദേശിച്ചാല്‍ തോമസ് ഉണ്ണിയാടനെ പരിഗണിച്ചേക്കും.
National
ഭോപ്പാൽ: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനം ഉപയോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം തള്ളി നൂറുകണക്കിനു വാഹനങ്ങളുമായി റാലി നടത്തിയ ബിജെപി നേതാവിനെ പുറത്താക്കി.
മധ്യപ്രദേശിലെ ഭിന്ദ് ജില്ല കിസാൻ മോർച്ച പ്രസിഡന്റ് സജ്ജൻ സിംഗ് യാദവിനെതിരേയാണ് നടപടി.
ബുധനാഴ്ച ഭിന്ദ് നഗരത്തിലാണ് റാലി സംഘടിപ്പിച്ചത്. ഏതാനും ദിവസം മുന്‍പാണ് സജ്ജൻ സിംഗിനെ കിസാൻ മോർച്ച ജിമോദിയുടെ ആഹ്വാനത്തിനു വിരുദ്ധമായി വന്പൻ വാഹന റാലി നടത്തി അച്ചടക്കലംഘനം നടത്തിയതിനു സജ്ജൻ കുമാറിന് ബിജെപി നോട്ടീസ് നല്‍കിയത്.തുടർന്നാണ് പുറത്താക്കൽ.
National
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിക്കണമെന്ന ആവശ്യവുമായി എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും വില പുതുക്കി നിശ്ചയിക്കാൻ അടിയന്തരമായി അനുമതി വേണമെന്നുമാണ് കമ്പനികളുടെ ആവശ്യം. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതാണ് കമ്പനികളെ സമ്മർദത്തിലാക്കുന്നത്.
പെട്രോൾ വിൽപ്പനയിൽ നിലവിൽ ലിറ്ററിന് 20 രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഈ പ്രവണത തുടർന്നാൽ ഡീസൽ വിൽപ്പനയിലെ നഷ്ടം ലിറ്ററിന് 100 രൂപയിലേക്ക് വരെ എത്തിയേക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. ലിറ്ററിന് 10 മുതൽ 20 രൂപ വരെ വർധന വേണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാൽ, കമ്പനികളുടെ ശിപാർശയിൽ കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായെങ്കിലും ഇന്ധനവില വർധിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനു കാരണമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. വിലക്കയറ്റത്തിന് വഴിവയ്ക്കുന്ന ഇത്തരം നീക്കങ്ങൾ സാധാരണക്കാരെ നേരിട്ട് ബാധിക്കുമെന്നതിനാൽ നിലവിൽ വില വർധിപ്പിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണു കേന്ദ്രം. ഇന്ധനവില വർദ്ധന സംബന്ധിച്ച യാതൊരു ശിപാർശയും നിലവിൽ മന്ത്രാലയത്തിന്റെ പരിഗണനയിലില്ലെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, വില വർധിപ്പിക്കാനുള്ള നീക്കമുണ്ടായാൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിലവിൽ കേന്ദ്രത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് എണ്ണക്കമ്പനികൾ.
Business
ഉത്തരേന്ത്യൻ വ്യവസായികൾക്ക് വൻതോതിൽ കുരുമുളക് ആവശ്യമെങ്കിലും ലഭ്യതക്കുറവിനിടയിൽ വാങ്ങലുകാർ സംഘടിതമായി ആഭ്യന്തരവില ഇടിച്ചു. കാലവർഷത്തിനു തുടക്കം കുറിക്കും മുന്‍പേ ഉണക്ക് കൂടിയ മികച്ചയിനം കുരുമുളക് സംഭരണത്തിനുള്ള അണിയറനീക്കത്തിലാണു വ്യവസായികൾ. ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ നിക്ഷേപകർ റബറിൽ ലാഭമെടുപ്പിനു നീക്കം തുടങ്ങി. കേരളം ചുട്ടുപൊള്ളുന്നു, വേനൽമഴയുടെ വരവിനായി കാർഷിക മേഖല ഉറ്റുനോക്കുന്നു. നാളികേരോത്്പന്ന വിപണി പുതിയ ദിശ കണ്ടെത്താനാകാതെ പകച്ച് നിൽക്കുന്നു. വരണ്ട കാലാവസ്ഥയിൽ തേയിലത്തോട്ടങ്ങളിൽ കൊളുന്തുനുള്ള് നിലച്ചതിനിടെ വിദേശ ഡിമാൻഡ് ഉയർന്നു.
തെക്കുപടിഞ്ഞാറൻ കാലവർഷം പതിവു സമയത്തുതന്നെ കേരള തീരത്ത് എത്തിച്ചേരുമെന്ന സൂചന നൽകി പ്രീ-മൺസൂൺ ഇടിമിന്നലെത്തി. മൺസൂൺ ആരംഭിക്കുന്നതിന് ഏകദേശം 40 ദിവസം മുന്നേ ഇടിമിന്നലോടു കൂടിയ മഴ ഞായറാഴ്ച മധ്യകേരളത്തിലും മറ്റ് ചില ഭാഗങ്ങിലും ലഭ്യമായി. എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി, കനത്ത ചൂടിനിടയിൽ ലഭിച്ച മഴ കാർഷിക മേഖലയ്ക്ക് ആശ്വാസം പകരും.
നാടൻ കുരുമുളകിനു കടുത്ത ക്ഷാമം നിലനിൽക്കുന്നതിനിടെ അന്തർസംസ്ഥാന വ്യാപാരികളും ഉത്തരേന്ത്യൻ ലോബിയും ചേർന്ന് ഉത്പന്നവില കുത്തനെ ഇടിച്ചു. നിത്യേന ക്വിന്റലിന് 300 രൂപ അവർ താഴ്ത്തിയെങ്കിലും കാര്യമായി ചരക്ക് സംഭരണത്തിനു തയാറായില്ല. വിപണിയെ കൃത്രിമമായി തളർത്തുകയെന്ന തന്ത്രമാണ് അവർ നടത്തുന്നത്. ഓഗസ്റ്റിൽ തുടങ്ങുന്ന ഉത്സവ സീസണിലെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള കുരുമുളക് ഒട്ടമിക്ക വ്യവസായികൾക്കും ഇനിയും സംഭരിക്കാനായിട്ടില്ല.
അടുത്ത മാസം അവസാനം കാലവർഷം കടന്നെത്തും. മഴയിൽ ഉണക്കു കൂടിയ മുളക് സംഭരിക്കുക ക്ലേശകരമെന്ന കാര്യം അവർക്ക് വ്യക്തമായറിയാം. ജലാംശത്തോത് കുറഞ്ഞ മുളക് ഇനിയുള്ള ആറാഴ്ചകാലയളവിൽ മാത്രം കൈപ്പിടിയിൽ ഒതുക്കാനാകൂ. നാടൻ മുളകിന് വിൽപ്പനക്കാർ കുറഞ്ഞത് വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നുണ്ട്.
കൊച്ചി വിപണിയിൽ കുരുമുളക് അൺഗാർബിൾഡ് 70,600 രൂപയിൽ നിന്നും 69,900 രൂപയായി, ഗാർബിൾഡ് മുളക് വില 71,900 രൂപയിലും ക്ലോസിംഗ് നടന്നു. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വില ടണ്ണിനു 7900 ഡോളറാണ്.
തേയിലയ്ക്ക് വില ഉയർന്നു
തേയിലയ്ക്ക് വിദേശ ഡിമാൻഡ്. വരണ്ട കാലാവസ്ഥയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊളുന്തുനുള്ളിൽനിന്നും വലിയ പങ്ക് കർഷകർ പിൻവലിഞ്ഞതിനാൽ ഉത്പാദനത്തിൽ വൻ ഇടിവാണു സംഭവിച്ചത്. അറബ് രാജ്യങ്ങളും റഷ്യയും കൊച്ചി ലേലത്തിൽ കാണിച്ച ഉത്സാഹം വിലക്കയറ്റത്തിനു അവസമൊരുക്കി. ഓർത്തഡോക്സ് ഇനങ്ങളുടെ വില കിലോ നാല്പതു രൂപ വരെ ഉയർന്നു.
ഇതിനിടെ, ശ്രീലങ്കൻ ലേലകേന്ദ്രങ്ങളിൽ ചരക്കുവരവ് ചുരുങ്ങി. വൈദ്യതി പ്രതിസന്ധിയെത്തുടർന്ന് ഫാക്ടറികളുടെ പ്രവർത്തനത്തിന് നേരിട്ട തടസം തേയില സംസ്കരണത്തെ ബാധിച്ചു. അവിടെ നിലനിൽക്കുന്ന പ്രതിസന്ധി വിട്ടുമാറാൻ കാലതാമസം നേരിട്ടാൽ കൂടുതൽ വിദേശ രാജ്യങ്ങൾ ദക്ഷിണേന്ത്യൻ തേയിലസംഭരണത്തിനു നീക്കം നടത്താം. കൊച്ചിയിൽ സിടിസി പൊടി തേയില ലേലത്തിൽ മികച്ചയിനങ്ങളുടെ വില കിലോ ഏഴ് മുതൽ ഏട്ട് രൂപ വരെ ഉയർന്നു.
കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ഏലം ശേഖരിക്കാൻ ഉത്സാഹിച്ചു. ഉയർന്ന പകൽ താപനിലയിൽ ഒട്ടുമിക്ക തോട്ടങ്ങളും വരൾച്ച ഭീഷണിയിലാണ്.
ജപ്പാൻ ഒസാക്കയിൽ നിക്ഷേപകർ റബറിൽ ലാഭമെടുക്കുന്നു. കേരളത്തിൽ നാലാം ഗ്രേഡ് റബർ 23,100 രൂപയായി. അഞ്ചാം ഗ്രേഡ് 22,800 രൂപ. ഒട്ടുപാലും ലാറ്റക്സും വാരാന്ത്യം 15,000 രൂപയിലാണ്. വേനൽ മഴ ലഭിച്ചതിനാൽ ടാപ്പിംഗിനുള്ള അവസരം കണ്ടെത്താനാവുമെന്ന നിഗമനത്തിലാണു ചെറുകിട കർഷകർ.
നാളികേരോത്പന്നങ്ങളുടെ വില നേരിയ റേഞ്ചിൽ നീങ്ങി. പ്രാദേശിക തലത്തിൽ വെളിച്ചെണ്ണയ്ക്ക് ഡിമാൻഡ് മങ്ങി. കൊച്ചിയിൽ എണ്ണ വില 26700 ലും കൊപ്ര 15800 രൂപയിലുമാണ്.
Kerala
തൊടുപുഴ: സംസ്ഥാനത്ത് പാചകവാതകത്തിന് ക്ഷാമം നേരിട്ടുതുടങ്ങിയതോടെ ബദല്‍മാര്‍ഗങ്ങള്‍ തേടുകയാണ് ജനങ്ങള്‍.
വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഡക്ഷന്‍ കുക്കറിന് ആവശ്യക്കാര്‍ വര്‍ധിച്ചു. ഇന്നലെ തൊടുപുഴ ടൗണില്‍ മാത്രം 100 ഇന്‍ഡക്ഷന്‍ കുക്കറുകളുടെ ഓര്‍ഡറാണ് ഡീലര്‍മാര്‍ക്ക് ലഭിച്ചത്.
പലവീടുകളിലും പാചകം ഇന്‍ഡക്ഷന്‍ കുക്കറിലേക്കു മാറ്റികഴിഞ്ഞു. അതേസമയം വ്യാപാരസ്ഥാപനങ്ങളില്‍ ഇന്‍ഡക്ഷന്‍ കുക്കറിന്റെ വില്പനയില് കാര്യമായ വര്‍ധനവില്ലെന്നും ഓഫ് സീസണായതിനാല്‍ വില്പന വര്‍ധിപ്പിക്കാന്‍ കമ്പനികളുടെ വില്പന വിഭാഗം തന്ത്രം മെനയുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
നിലവിലുള്ള സ്റ്റോക്ക് തീര്‍ന്നാല്‍ ഉത്പാദനത്തിന് കാലതാമസമുണ്ടാകുമെന്നും അതിനാല്‍ ആവശ്യത്തിനുള്ളത് നേരത്തേ എടുത്ത് സൂക്ഷിക്കണമെന്നും നിര്‍ദേശിച്ച് ഡീലര്‍മാര്‍ക്ക് കമ്പനികള്‍ സന്ദേശം നല്‍കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് പല വ്യാപാരസ്ഥാപനങ്ങളും ഐറ്റം കൂടുതലായി സ്റ്റോക്ക് ചെയ്യാന്‍ താത്പര്യം കാണിച്ചതാണ് ഡിമാൻഡ് വര്‍ധിക്കാന്‍ കാരണമെന്നും പറയപ്പെടുന്നു.
Kerala
കൊച്ചി: അങ്കമാലിയിലെ ജാസ്ലിയയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ, കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം. കോട്ടയം അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റെ മകൻ ഡോ. സിറിയക് ആണ് വാഹനം ഓടിച്ചത്.
അപകടമുണ്ടാക്കിയ ആളെ പിടികൂടാത്തതിൽ ജാസ്ലിയ പഠിച്ച മോർണിംഗ് സ്റ്റാർ കോളജിലെ വിദ്യാർഥികളും അധ്യാപികയും അങ്കമാലി പോലീസ് സ്റ്റേഷനിലെത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജാസ്ലിയയുടെ സംസ്കാരശേഷം സ്റ്റേഷനിലേക്ക് മടങ്ങിയെത്തുമെന്ന് അധ്യാപകരും സഹപാഠികളും അറിയിച്ചു.
അതേസമയം, പ്രതി ഒളിവിലാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ടെന്നും അങ്കമാലി എസ്എച്ച്ഒ പറഞ്ഞു. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നിലവിൽ കേസിൽ ഒരാൾ മാത്രമാണ് പ്രതി.
ശനിയാഴ്ച വൈകിട്ട് ദേശീയ പാതയിൽ അങ്കമാലി ടെക് ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. മസ്തിഷ്കമരണം സംഭവിച്ച ജാസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. ജാസ്ലിയയുടെ കരൾ രാജഗിരി ആശുപത്രിയിലേക്കും, വൃക്ക കോട്ടയം മെഡിക്കൽ കോളജിലേക്കും നേത്രപടലങ്ങൾ അങ്കമാലി നേത്ര ബാങ്കിലേക്കുമാണ് കൈമാറുന്നത്.
Kerala
കോട്ടയം: ആവശ്യം വര്‍ധിച്ചതോടെ റബര്‍ വിലയില്‍ കുതിപ്പ്.
നാളുകള്‍ക്കുശേഷം വ്യാപാരി വില 200 പിന്നിട്ടു. രണ്ടാഴ്ചയിലധികമായി 200 രൂപയ്ക്കു മുകളില്‍ വ്യാപാരം നടക്കുന്നുണ്ടെങ്കിലും ഔദ്യോഗിക വിപണിവില 200 പിന്നിട്ടത് ഇന്നലെയാണ്. ആര്‍എസ്എസ് നാലിന് 200.50, അഞ്ചിന് 195.50 രൂപയ്ക്കുമാണ് ഇന്നലെത്തെ വ്യാപാരി വില.
തിങ്കളാഴ്ച ആര്‍എസ്എസ് നാലിന് 199.50 രൂപയും അഞ്ചിന് 194.50 രൂപയുമായിരുന്നു വില. റബര്‍ ബോര്‍ഡ് വില ആര്‍എസ്എസ് നാല് ഗ്രേഡിന് വില 208.50 രൂപയും ഗ്രേഡ് അഞ്ചിന് 203.50 രൂപയുമായി.
ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഇന്നലെ കോട്ടയം മാര്‍ക്കറ്റില്‍ 207.50 രൂപയ്ക്കു കച്ചവടം നടന്നതായി വ്യാപാരികള്‍ പറയുന്നു. അന്താരാഷ്ട്രവിലയും ഉയര്‍ന്നു നില്‍ക്കുകയാണ്. ആര്‍എസ്എസ് ഒന്ന് ഗ്രേഡിന് വില 210.17 രൂപയും ഗ്രേഡ് രണ്ടിന് 208.43 രൂപയുമായി.
റബര്‍ സ്റ്റോക്കുള്ള കര്‍ഷകര്‍ക്ക് വിലമെച്ചത്തിന്റെ നേട്ടം ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദനത്തില്‍ ഗണ്യമായ കുറവാണുണ്ടാകുന്നത്. വേനല്‍ ചൂടില്‍ ഉത്പാദനത്തില്‍ കുറവുണ്ടെങ്കിലും മാര്‍ക്കറ്റ് വില മെച്ചപ്പെടുന്ന സാഹചര്യത്തില്‍ പലരും ടാപ്പിംഗ് തുടരുകയാണ്.
ഒറ്റപ്പെട്ട വേനല്‍മഴ ഫെബ്രുവരി അവസാനം വരെ തുടര്‍ന്നാല്‍ വേനല്‍ അവധി ഒഴിവാക്കി ടാപ്പിംഗ് തുടരാന്‍ ആഗ്രഹിക്കുന്ന ചെറുകിട കര്‍ഷകരുണ്ട്. വില മെച്ചം തുടരുന്നതിനാല്‍ സ്ലോട്ടര്‍ ടാപ്പിംഗ് നടത്തുന്നവര്‍ ടാപ്പിംഗ് തുടരണമെന്ന താല്പര്യത്തിലാണ്. ലാറ്റക്സ് വില ഇന്നലെ 187 രൂപയിലെത്തി.
ലാറ്റക്സ് ലഭ്യതയില്‍ കാര്യമായ കുറവില്ല. എന്നാല്‍ അടുത്തമാസം ലാറ്റക്സ് വിലയും ഉയരാണ് സാധ്യത. ഒട്ടുപാലിന് 130 രൂപയായി. ക്രംബ് ഫാക്ടറികളില്‍ ഒട്ടുപാല് സ്റ്റോക്കില്ലാത്ത സാഹചര്യത്തില്‍ വില ഇനിയും ഉയര്‍ന്നേക്കും.
Kerala
തിരുവനന്തപുരം: 50 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നൽകാത്തതിന് മാതാപിതാക്കളെ സ്ഥിരം ആക്രമിക്കുന്ന മകൻ പിതാവിന്റെ അടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗർ പൗർണമിയിൽ ഹൃദ്ദിക്കാണ് (28) മരിച്ചത്.
കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം. നേരത്തെ മകന്റെ വാശിയെ തുടർന്ന് വീട്ടുകാർ വായ്പയെടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ, തന്റെ ജന്മദിനത്തിനുമുമ്പ് 50 ലക്ഷത്തിന്റെ കാർ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൃദ്ദിക് മാതാപിതാക്കളോട് തർക്കിച്ചത്.
പണം ആവശ്യപ്പെട്ട് ഹൃദ്ദിക് അച്ഛനെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതോടെ വിനയാനന്ദൻ മകനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ രാവിലെയാണ് മരിച്ചത്. വഞ്ചിയൂരിൽ കുടുംബം വാടകയ്ക്കാണ് താമസിച്ചിരുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം കാലടിയിലെ കുടുംബവീട്ടിൽ എത്തിച്ച ഹൃദ്ദിക്കിന്റെ മൃതദേഹം സംസ്കരിച്ചു.
വിനയാനന്ദനെ വഞ്ചിയൂർ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. വിനയാനന്ദനെതിരെ കൊലക്കുറ്റം ചുമത്തും. കുന്നുംപുറത്ത് കഫെറ്റീരിയ നടത്തുകയാണ് ഇദ്ദേഹം.
ബംഗളൂരുവിൽ കാറ്ററിംഗ് ടെക്നോളജി പഠിച്ചിറങ്ങിയ ഹൃദ്ദിക് ഏക മകനായിരുന്നു. അമ്മ: അനുപമ. ഹൃദ്ദിക് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നും മാനസികപ്രശ്നം ഉണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. നാണക്കേട് ഭയന്ന് ഇക്കാര്യം വീട്ടുകാർ പുറത്തറിയിക്കുകയോ മതിയായ ചികിത്സ നൽകുകയോ ചെയ്തില്ലെന്നാണ് സൂചന
National
ന്യൂഡൽഹി∙ ദേശീയ തലസ്ഥാനമായ ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കി മാറ്റണമെന്ന് ബിജെപി എംപി പ്രവീൺ ഖണ്ഡേവാൽ . ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പ്രവീൺ ഖണ്ഡേവാൽ കത്ത് അയച്ചിട്ടുണ്ട്.
നമ്മുടെ പാരമ്പര്യത്തിലേക്കു തിരിച്ചുപോകണമെന്നു ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്. മഹാഭാരതത്തിൽ പാണ്ഡവരുടെ തലസ്ഥാനമായിരുന്നു ഇന്ദ്രപ്രസ്ഥ. പാണ്ഡവരുടെ പ്രതിമകൾ തലസ്ഥാനത്ത് സ്ഥാപിക്കണമെന്നും ഖണ്ഡേവാൽ ആവശ്യപ്പെട്ടു. രണ്ടാഴ്ച മുൻപ് വിശ്വ ഹിന്ദു പരിഷതും (വിഎച്ച്പി) ഇതേ ആവശ്യം ഉന്നയിച്ച് ഡൽഹി സാംസ്കാരിക മന്ത്രി കപിൽ മിശ്രയ്ക്ക് കത്ത് അയച്ചിരുന്നു.
ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കണമെന്നു മാത്രമല്ല, ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ രാജ്യാന്തര വിമാനത്താവളം എന്നാക്കണം, ഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് ഇന്ദ്രപ്രസ്ഥ റെയിൽവേ സ്റ്റേഷൻ എന്നു മാറ്റണം, ഷാജഹാൻബാദ് ഡെവലപ്മെന്റ് ബോർഡ് ഇന്ദ്രപ്രസ്ഥ ഡെവലപ്മെന്റ് ബോർഡ് എന്നാക്കി പേരുമാറ്റണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടിട്ടുണ്ട്.