Kerala
പാലക്കാട്: വിക്ടോറിയ കോളജിലെ സ്ട്രോംഗ് റൂം ഇന്നു തുറക്കില്ല. നെന്മാറ നിയോജക മണ്ഡലത്തിന്റെ സ്ട്രോംഗ് റൂം തുറക്കാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി മറന്നുവച്ചുവെന്നാണ് വിശദീകരണം. എന്നാൽ, ഇതു വിവാദമായതോടെയാണ് തീരുമാനം മാറ്റിയത്.
തുറക്കാൻ തീരുമാനിച്ചത് ഇവിഎം സ്ട്രോംഗ് റൂം അല്ലെന്നും മെറ്റീരിയൽ സ്ട്രോംഗ് റൂം ആണെന്നും ജില്ലാ കളക്ടര് എം.എസ്. മാധവിക്കുട്ടി വിശദീകരിച്ചു. നിലവിൽ മെറ്റീരിയൽ സ്ട്രോംഗ് റൂം തുറക്കുന്നത് നിർത്തിവച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശപ്രകാരം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളു. സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ മാത്രമേ മെറ്റീരിയൽ സ്ട്രോംഗ് റൂം തുറക്കുകയുള്ളു എന്നും കളക്ടര് അറിയിച്ചു.
അതേസമയം, പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകൾ തുറന്നെന്ന പരാതിയിൽ ജില്ലാ കളക്ടർ ഉടൻ വിശദീകരണം നൽകും. ചീഫ് ഇലക്ട്രൽ ഓഫീസറാണ് റിപ്പോർട്ട് തേടിയത്.
പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ സ്ട്രോംഗ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫ് പരാതി.
വോട്ടെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാരോപിച്ച് എം.കെ രാഘവൻ എംപി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയതോടെയാണ് വിഷയം കമ്മീഷന്റെ ശ്രദ്ധയിലെത്തിയത്.
Kerala
പാലക്കാട്: കോഴിക്കോട് സ്ട്രോംഗ് റൂം വിവാദം ശക്തമായിരിക്കേ പാലക്കാട്ടും സ്ട്രോംഗ് റൂം തുറക്കാൻ നീക്കം. നെന്മാറ നിയോജകമണ്ഡലത്തിന്റെ വിക്ടോറിയ കോളജിലെ സ്ട്രോംഗ് റൂം തുറക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി മറന്നുവെച്ചുവെന്ന് വിശദീകരണം. സ്ഥാനാർഥികളെ ഫോൺ വിളിച്ചാണ് സ്ട്രോംഗ് റൂം തുറക്കുമെന്ന് കമ്മീഷൻ അറിയിച്ചതെന്ന് യുഡിഎഫ് സ്ഥാനാർഥി എ. തങ്കപ്പൻ പറഞ്ഞു. സ്ട്രോംഗ് റൂം തുറക്കുന്നതിൽ അസ്വഭാവികതയുണ്ടെന്നും തുറക്കുന്ന കാര്യം രേഖാമൂലം അറിയിച്ചില്ലെന്നും തങ്കപ്പൻ കൂട്ടിച്ചേർത്തു.
അതേസമയം, തുറക്കുന്നത് ഇവിഎം സ്ട്രോംഗ് റൂം അല്ലെന്നും, മെറ്റീരിയൽ സ്ട്രോംഗ് റൂം ആണെന്നും പാലക്കാട് ജില്ലാ കളക്ടർ മാധവിക്കുട്ടി പ്രതികരിച്ചു.
Kerala
കോട്ടയം: വോട്ടിംഗ് മെഷീന് തുടര്ച്ചയായി മൂന്നു തവണ തകരാറിലായതോടെ പോളിംഗ് രണ്ടു മണിക്കൂര് വൈകി. പുതുപ്പള്ളി മണ്ഡലത്തിലെ ബൂത്തായ അയര്ക്കുന്നം പഞ്ചായത്തിലെ ആറുമാനൂര് ഗവണ്മെന്റ് എല്പി സ്കൂളിലാണു പലപ്പോഴായി മൂന്നു തവണ വോട്ടിംഗ് മെഷീന് തകരാറിലായത്.
ഇതോടെയാണു ഇവിടുത്തെ പോളിംഗ് വൈകിയത്. മെഷീനിന്റെ തകരാര് പരിഹരിച്ചു പീന്നിടു പോളിംഗ് പുനരാരംഭിക്കുകയും ചെയ്തു. രണ്ടുതവണയുണ്ടായ തകരാര് പരിഹരിച്ചെങ്കിലും വീണ്ടും തകരാര് ഉണ്ടായതോടെ കോട്ടയം ജില്ലാ കളക്ടര് ഉള്പ്പെടുന്ന സംഘം ബൂത്തിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി വോട്ടിംഗ് മെഷീനുകളിൽ ഇന്നുമുതൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തും. നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണു ബാലറ്റ് യൂണിറ്റുകൾ സജ്ജമാക്കുന്നത്.
പഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമാണ് സജ്ജമാക്കുന്നത്. മുനിസിപ്പാലിറ്റി, കോർപറേഷൻ തലത്തിൽ ഒന്നു വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റുമാണു സെറ്റ് ചെയ്യുന്നത്.
ഓരോ തലത്തിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബലാണു ബാലറ്റ് യൂണിറ്റിൽ സജ്ജമാക്കുന്നത്.
സ്ഥാനാർഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിലാണു വോട്ടിംഗ് മെഷീനിൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. ഗ്രാമ പഞ്ചായത്തിന്റെ ബാലറ്റ് ലേബൽ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തിന്റേതു പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തിന്റേത് ഇളം നീല നിറത്തിലുമുള്ളതാണ്. നഗരസഭകളുടെ കാര്യത്തിൽ വെള്ള നിറത്തിലുള്ള ബാലറ്റ് ലേബലുകളാണ് ഉപയോഗിക്കുന്നത്.
ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു നിയോജകമണ്ഡലത്തിലും 15 ൽ കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കാനില്ലാത്തതിനാൽ എല്ലാ ബുത്തുകളിലും ഓരോ തലത്തിലും ഓരോ ബാലറ്റ് യൂണിറ്റ് മതിയാകും.
കാൻഡിഡേറ്റ് സെറ്റിംഗിനു ശേഷം പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും മെഷീനുകളിൽ മോക്ക്പോൾ നടത്തും. മോക്പോളിന്റെ ഫലം സന്നിഹിതരായിട്ടുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും സ്ഥാനാർഥികളെയും കാണിക്കും. തുടർന്ന് മോക്ക് പോൾ ഫലം ഡിലീറ്റ് ചെയ്ത് മെഷീനുകൾ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കും.
വോട്ടെടുപ്പിന്റെ തലേദിവസം മറ്റ് പോളിംഗ് സാധനങ്ങൾക്കൊപ്പം മെഷീനുകളും പോളിംഗ് ഉദ്യോഗസ്ഥർക്കു കൈമാറും. വോട്ടെടുപ്പ് ദിവസം രാവിലെ ആറിന് അതത് പോളിംഗ് സ്റ്റേഷനിൽ ഹാജരുള്ള പോളിംഗ് ഏജന്റുമാരുടെയും സ്ഥാനാർഥികളുടെയും സാന്നിധ്യത്തിൽ മോക്ക് പോൾ നടത്തും. തുടർന്ന് ഏഴുമുതൽ വോട്ടെടുപ്പ് ആരംഭിക്കും.