പ്രതീകാത്മക ചിത്രം
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്ക് ചെയ്ത് വിജയം ഉറപ്പാക്കാമെന്നുപറഞ്ഞ് പണം വാങ്ങിയതായി ജില്ലയിലെ കോൺഗ്രസ് നേതാവിനെതിരെ ഉയർന്ന ആരോപണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ ആവശ്യപ്പെട്ടു.
യുഡിഎഫ് ജില്ലാ നേതൃത്വം തന്നെ സംസ്ഥാന നേതൃത്വത്തോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ജനാധിപത്യ കേരളത്തെ ഞെട്ടിപ്പിക്കുന്ന വാർത്തയാണിത്. രാഷ്ട്രീയ പ്രബുദ്ധതയും ജനാധിപത്യബോധവും സ്വായത്തമാക്കിയ ജനതയാണ് ഇവിടെയുള്ളത്.
തെരഞ്ഞെടുപ്പ് സംവിധാനത്തിന്മേലുള്ള ജനങ്ങളുടെ വിശ്വാസ്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.
ഉദുമ, കാസർഗോഡ് മണ്ഡലങ്ങളിലാണ് ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് പറയുന്നത്. വാർത്തകൾ ശരിയാണെങ്കിൽ ജനാധിപത്യത്തിന്റെ കശാപ്പ് നടത്തുന്ന കാര്യത്തിൽ യുഡിഎഫും ബിജെപിയും ഒരേ തൂവൽ പക്ഷികളാണ്.
ഏപ്രിൽ ഒമ്പതിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് നാലിനാണ് നടന്നത്. എന്നാൽ ഏപ്രിൽ അവസാന വാരം തന്നെ കാസർഗോട്ടും ഉദുമയിലും നിയുക്ത എംഎൽഎമാർക്ക് ആശംസകൾ എന്നെഴുതിയ വലിയ ബോർഡുകൾ സ്ഥാപിച്ചിരുന്നു. കച്ചവടം ഉറപ്പിച്ച ശേഷമാണോ വോട്ടെണ്ണുന്നതിന് മുമ്പ് ഇത്തരം ബോർഡുകൾ സ്ഥാപിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ ആരോപണം യുഡിഎഫിന്റെ മാത്രം ആഭ്യന്തര പ്രശ്നമല്ലെന്നും ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും അതിനാൽ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും രാജഗോപാലൻ ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews EVM