പ്രതീകാത്മക ചിത്രം
വിഴിഞ്ഞം: തീരസംരക്ഷണ സേനയുടെ ചെറുകപ്പൽ ജപ്തി ചെയ്യാനുള്ള നോട്ടീസ് പതിക്കാനാകാതെ രണ്ടാം ദിവസവും കോടതി ആമീൻ മടങ്ങി. ആമിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇനി കാര്യങ്ങൾ കോടതി തീരുമാനിക്കും. തീരസംരക്ഷണ സേനയിൽ നിന്നുള്ള നഷ്ടപരിഹാരത്തിനായുള്ള വിഴിഞ്ഞം സ്വദേശി പനിയടിമയുടെ നിയമ പോരാട്ടവും തുടരും. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ട് 2007-ൽ കോസ്റ്റ് ഗാർഡ് കപ്പൽ ഇടിച്ചു തകർന്നതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ജപ്തിനടപടിക്ക് ഉത്തരവിട്ടത്.
ജപ്തിക്കുള്ള നോട്ടീസുമായി ഇക്കഴിഞ്ഞ 25നും ആമീൻ വിഴിഞ്ഞത്തെത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥർ ഓഫീസിൽ ഇല്ലെന്ന കാരണത്താൽ അന്നു മടങ്ങുകയായിരുന്നു. തുടർന്നാണ് ഇന്നലെ വീണ്ടും എത്തിയത്. ഇതു സംബന്ധിച്ചു നടപടിക്ക് തടസമുണ്ടായി എന്ന നിലയ്ക്ക് കോടതിക്ക് റിപ്പോർട്ട് നൽകുമെന്നു നെയ്യാറ്റിൻകര സബ് കോടതിയിൽ നിന്നുമെ ത്തിയ ആമീൻ അറിയിച്ചു.
2007 നവംബർ ഏഴിനു അന്നൈ ദൈവദാനം എന്ന മത്സ്യ ബന്ധന ബോട്ട് സേനയുടെ ചെറുകപ്പൽ ഇടിച്ചതിനെ തുടർന്ന് കടലിൽ മുങ്ങിയെന്നാണ് കേസ്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഉടമ പനിയടിമയുടെ 19 വർഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പലിശ ഉൾപ്പെടെ 41 ലക്ഷത്തിൽപരം രൂപയുടെ നഷ്ട പരിഹാര നൽകാൻ നെയ്യാറ്റിൻകര സബ് കോടതിയുടെ വിധിയുണ്ടായി. നഷ്ടപരിഹാരം ലഭ്യമാകാത്തതിനാലാണ് ജപ്തി നടപടിയെന്നും പരാതിക്കാരനായ പനിയടിമ പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച ഉത്തരവൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നു കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. അടുത്ത മാസം നാലിന് ഇതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ വാദം ഉണ്ടെന്നും അധികൃതർ പറഞ്ഞു.