TRAVEL
വിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ, സൺഫ്ളവർ പെയിന്റിംഗുകളെ ഓർമിപ്പിക്കുന്ന കാഴ്ച. വാക്കുകളിലൊതുങ്ങാത്ത പൂപ്പാടങ്ങളുടെ മനോഹാരിത അനുഭവിച്ചറിയാൻ വരൂ, കർണാടക ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേട്ട് സൂര്യകാന്തിപ്പാടങ്ങളിലേക്ക്. കേരളത്തിൽനിന്നും മറ്റ് അയൽസംസ്ഥാനങ്ങളിൽനിന്നും ധാരാളം സഞ്ചാരികളാണ് ഇങ്ങോട്ടേക്കെത്തുന്നത്.
തലമുറകളായി എണ്ണ ഉത്പാദനത്തിനും വിപണനത്തിനുമായി സൂര്യകാന്തി, ചെണ്ടുമല്ലി, ജമന്തി എന്നിവ ഇവിടെ കൃഷി ചെയ്തുവരുന്നുണ്ട്. പൂക്കൾ ധാരാളമായി കൃഷി ചെയ്യുന്നതുകൊണ്ട് ഗുണ്ടൽപേട്ട് പൂക്കൊട്ട എന്ന പേരിലും അറിയപ്പെടുന്നു. മുൻകാലങ്ങളിൽ ജൂൺ മുതൽ ഓഗസ്റ്റ് പാതി വരെ മാത്രമായിരുന്നു പ്രധാന സീസൺ എങ്കിൽ, സോഷ്യൽ മീഡിയയിലൂടെ ലഭിച്ച പ്രചാരം മുൻനിർത്തി ഇപ്പോൾ ഹൈവേയുടെ ഓരങ്ങളിൽ വർഷം മുഴുവനും കർഷകർ സൂര്യകാന്തി കൃഷി ചെയ്യുന്നുണ്ട്. ഊട്ടി, വയനാട് ദേശീയപാതകളുടെ ഇരുവശങ്ങളിലുമായാണ് ഈ പൂപ്പാടങ്ങൾ സ്ഥിതി ചെയ്യുന്നത്.
പ്രധാനറോഡുകളിലെ തിരക്ക് ഒഴിവാക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് ഉൾപ്രദേശങ്ങളിലെ വലിയ പാടങ്ങൾ കണ്ടെത്തി ചിത്രീകരണം നടത്തുന്നവരും നിരവധിയാണ്. മഞ്ഞുമൂടിയ കുന്നുകളും ഗ്രാമീണകാഴ്ചകളും സഞ്ചാരികൾക്കു വലിയ അനുഭവമായി മാറുന്നു. ഊട്ടി, വയനാട് ഭാഗങ്ങളിലേക്കും ഗോപാലസ്വാമിബെട്ടയിലേക്കും പോകുന്ന വിനോദസഞ്ചാരികളും തീർഥാടകരും ഗുണ്ടൽപേട്ടിൽ വാഹനം നിർത്തി ദൃശ്യങ്ങൾ പകർത്തിയ ശേഷമാണ് യാത്ര തുടരുന്നത്.
സഞ്ചാരികളുടെ ഒഴുക്ക് പ്രദേശത്ത് വലിയൊരു പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് തന്നെയാണ് വഴിതുറന്നിരിക്കുന്നത്. തോട്ടങ്ങളിൽ പ്രവേശിച്ച് ഫോട്ടോയെടുക്കുന്നതിന് മണിക്കൂറിന് 20 രൂപ മുതൽ 150 രൂപ വരെ കർഷകർ ഈടാക്കുന്നുണ്ട്.
അതേസമയം, ഇത്തവണ പെയ്ത മഴയിലുണ്ടായ കുറവ് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിളവ് കുറഞ്ഞതുമൂലം പല കർഷകർക്കും നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും, ഇവിടെയെത്തുന്ന വിനോദസഞ്ചാരികളിൽനിന്നു ലഭിക്കുന്ന വരുമാനമാണ് കർഷകർക്ക് ആശ്വാസം.
International
ഫോർട്ട് വില്യം: സ്കോട്ട്ലൻഡിലെ ഏറ്റവും ഉയർന്ന പർവതമായ 'ബെൻ നെവിസിൽ' വച്ച് അബദ്ധത്തിൽ കഞ്ചാവ് കഴിച്ച് അവശനിലയിലായ 'ടോക്കിയോ' എന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി താഴെ എത്തിച്ചു. ഹൈക്കിംഗിനിടെ പെട്ടെന്ന് അവശയായ നായ, വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന കഞ്ചാവ് അബദ്ധത്തിൽ കഴിച്ചതാകാം അസുഖത്തിന് കാരണമെന്ന് ഡോക്ടർമാർ സംശയിക്കുന്നു.
സറേ സ്വദേശിയായ ക്രിസ്റ്റീന ബ്ലൂം എന്ന പരിശീലകയുടെ നായയാണ് ടോക്കിയോ. മലകയറ്റത്തിനിടയിൽ പെട്ടെന്ന് ടോക്കിയോ കുഴഞ്ഞുവീഴുകയായിരുന്നു. നായയുടെ കാലുകൾ തളരുകയും ഇടയ്ക്കിടെ ബോധം മറയുകയും ചെയ്തതോടെ തനിക്ക് ടോക്കിയോയെ നഷ്ടപ്പെടുമെന്ന് ഭയന്നതായും ക്രിസ്റ്റീന പറഞ്ഞു.
തുടർന്ന് ലോച്ചാബർ മൗണ്ടൻ റെസ്ക്യൂ ടീം സ്ഥലത്തെത്തി, 25 കിലോ ഭാരമുള്ള ടോക്കിയോയെ സ്ട്രെച്ചറിൽ കിടത്തി താഴെ എത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തകരുടെ ഇടപെടലിനെയും ക്രിസ്റ്റീന പ്രശംസിച്ചു. അവരുടെ സഹായമില്ലായിരുന്നെങ്കിൽ നായയെ സുരക്ഷിതമായി താഴെ എത്തിക്കാൻ സാധിക്കില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ ടോക്കിയോ പൂർണ ആരോഗ്യവതിയാണ്.
National
മുംബൈ: ഓടുന്ന ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി കാബിന് അലങ്കരിച്ച് ‘ഹണിമൂണ്‍ സ്യൂട്ട്’രൂപത്തിലാക്കി. കഴിഞ്ഞ ആറിന് മുംബൈയിൽനിന്നും ബാൽഹർഷയിലേക്കുള്ള നന്ദിഗ്രാം എക്സ്പ്രസിൽ യാത്ര ചെയ്ത മഹാരാഷ്ട്രയിലെ ജല്‍ന സ്വദേശികളായ ദമ്പതികളാണ് ഓൺലൈൻ വഴി ഡെക്കറേറ്ററെ ഏർപ്പാടാക്കി തങ്ങളുടെ ഫസ്റ്റ് എസി കാബിൻ പൂർണമായും അലങ്കരിച്ചത്.
ദമ്പതികള്‍ ഔറംഗബാദില്‍നിന്ന് ജല്‍ന റെയില്‍വേ സ്റ്റേഷനിലേക്കു കാറില്‍ യാത്ര ചെയ്യുന്ന സമയത്ത് റാഹത്ത് റൂം ഡെക്കറേഷന് എന്ന സ്വകാര്യ ഡെക്കറേറ്റിംഗ് എജൻസിയിലെ ജീവനക്കാർ മുന്‍കൂട്ടി ട്രെയിന്‍ കോച്ചിനുള്ളില്‍ കയറി അലങ്കാരപ്പണികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
പൂക്കൾ, ഹൃദയാകൃതിയിലുള്ള ബലൂണുകൾ, മെഴുകുതിരികൾ, ‘ലവ് യു ' എന്ന് ഇംഗ്ലീഷിൽ എഴുതിയ ബോർഡ് എന്നിവയൊക്കെ ഉപയോഗിച്ചായിരുന്നു അലങ്കാരം. ഇതുസംബന്ധിച്ച് ‘ഹണിമൂൺ ഓൺ വീൽസ്’ എന്നപേരിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലാകുകയും ചെയ്തു.
സംഭവം വിവാദമായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടർ ഗിരീഷ് കുമാറിനെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു. റെയില്‍വേ ചട്ടങ്ങള്‍ ലംഘിച്ച് കോച്ചിനുള്ളില്‍ അതിരുകടന്ന അലങ്കാരങ്ങള്‍ നടത്താന്‍ അനുവാദം നല്കിയതിനാണു നടപടി. സൗത്ത് സെൻട്രൽ റെയിൽവേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ഹണിമൂൺ സ്യൂട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ബോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ഈ അലങ്കാരത്തെ ട്രോളുകളിലൂടെയും മീമുകളിലൂടെയും പലരും തമാശയായി എടുത്തപ്പോൾ, ഒരുവിഭാഗം ആളുകൾ ട്രെയിനിനുള്ളിൽ മെഴുകുതിരികൾ ഉപയോഗിച്ചതിലെ സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചും യാത്രക്കാർ വരുത്തിവയ്ക്കുന്ന മാലിന്യങ്ങൾ വൃത്തിയാക്കേണ്ടി വരുന്ന ജീവനക്കാരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും ആശങ്ക ഉന്നയിച്ചു.