പേപ്പാറയിൽനിന്നുള്ള കാഴ്ച.
സാഹസികരായ സഞ്ചാരികൾ മാത്രം ഇവിടേക്കു വന്നാൽ മതി! കാരണം, പുലിയും കാട്ടുപോത്തും ആനയും സിംഹവാലൻ കുരങ്ങും കരടിയുമെല്ലാം വിഹരിക്കുന്ന മഹാവനമാണിവിടം. തമിഴ്നാട്-കേരള അതിർത്തിയിലെ 'പാണ്ടിപ്പത്ത്', പ്രകൃതിരമണീയമായ, വ്യത്യസ്ത അനുഭവം പകരുന്ന ഇടമാണ്. അഗസ്ത്യാർകൂടത്തിനു താഴെ, പേപ്പാറ വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുന്നതാണു പാണ്ടിപ്പത്ത്. അതീവ ജാഗ്രതയോടെ വേണം മല കയറാൻ. പാണ്ടിപ്പത്ത് അതിരു പങ്കിടുന്നതു തമിഴ്നാടിന്റെ മുണ്ടൻതുറൈ കടുവാ സംരക്ഷണകേന്ദ്രവുമയാണ്.
തിരുവനന്തപുരത്തുനിന്നു ബോണക്കാട് എത്തുക. അവിടെനിന്നു പതിനഞ്ചു കിലോമീറ്റർ സഞ്ചരിച്ചു വേണം പാണ്ടിപ്പത്ത് എത്താൻ. കുത്തനെയുള്ള കയറ്റവുമിറക്കവുമെല്ലാം കഴിഞ്ഞാൽ മനോഹരമായ പുൽമേടുകൾ നിറഞ്ഞ പ്രദേശം കാണാം. അനന്തപുരിയുടെ കുടിവെള്ള സ്രോതസായ കരമനയാറിന്റെ തുടക്കം കാണാം. ഉച്ച കഴിഞ്ഞാൽ മഞ്ഞുമൂടി കിടക്കുന്ന പ്രദേശമാണു പാണ്ടിപ്പത്ത്.
പാണ്ടിപ്പത്തിലേക്കു സഞ്ചാരികൾക്കുനേരേ പ്രവേശിക്കാൻ കഴിയില്ല. വനംവകുപ്പിന്റെ അനുമതിയോടെയാണു പാണ്ടിപ്പത്തിലേക്കു സഞ്ചാരികൾക്കു പ്രവേശനം അനുവദിക്കുക. വനം വകുപ്പ് പ്രത്യേക ടൂർ പാക്കേജ് ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത്, നിശ്ചിത ഫീസും അടയ്ക്കണം. വനം വകുപ്പ് ജീവനക്കാരായിരിക്കും ഗൈഡുകളായി സഞ്ചാരികൾക്കൊപ്പമുണ്ടാകുക.

രാജഭരണകാലത്തു കേരളവും തമിഴ്നാടുമായി ബന്ധിക്കുന്ന പാത പാണ്ടിപ്പത്തിലൂടെ ഉണ്ടായിരുന്നു. ബോണക്കാട്ടുനിന്നു തുടങ്ങി മധുര ജില്ലയിൽ അവസാനിക്കുന്നതായിരുന്നു പാത. പാണ്ടിപ്പത്തിലേക്കു തിരുവനന്തപുരത്തുനിന്ന് അറുപതു കിലോമീറ്റർ ദൂരമുണ്ട്. വിതുര-ബോണക്കാട് വഴിയാണു യാത്ര. പാണ്ടി എന്നാൽ പാണ്ടിനാട് അഥവാ തമിഴ്നാട് എന്നർഥം. പത്ത് എന്നാൽ പത്ത്. അതായത്, കല്ലാർ മേഖലയിൽനിന്നു പത്തു മൈൽ ദൂരമാണു പണ്ടിപ്പത്തിലേക്കുള്ളത്. അങ്ങനെയാണ് ഈ സ്ഥലത്തിനു പാണ്ടിപ്പത്ത് എന്നു പേരുവരാൻ കാരണമെന്നും പറയപ്പെടുന്നു.
സാഹസികത ഇഷ്ടപ്പെടുന്നവരാണോ, എങ്കിൽ വരൂ, പാണ്ടിപ്പത്തിന്റെ വശ്യസൗന്ദര്യം ആസ്വദിക്കാൻ.
Tags : Pandipathu Exploration Travel Adventure Explore TravelGram SoloTravel Ecotourism