അവധിക്കാലവും ഉത്സവദിനങ്ങളുമായതോടെ കാസർഗോട് ജില്ലയിലെ റാണിപുരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു. സാധാരണഗതിയിൽ മഴയൊഴിഞ്ഞ് വേനൽ കടുക്കുന്നതിനു മുമ്പ് നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലമാണ് റാണിപുരത്ത് ട്രക്കിംഗിന് ഏറ്റവും അനുയോജ്യമായ സമയം. ഇപ്പോൾ പകൽസമയത്തെ വെയിൽച്ചൂട് സഞ്ചാരികൾക്ക് ക്ഷീണമാകുന്നുണ്ട്. എങ്കിലും മതിയായ മുൻകരുതലുകളോടെ മലകയറാനെത്തുന്നവരാണ് അധികവും.
പനത്തടി പഞ്ചായത്തിൽ സമുദ്രനിരപ്പിൽ നിന്ന് 750 മുതൽ 1049 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റാണിപുരം ഹിൽ സ്റ്റേഷൻ ഇപ്പോൾ ബേക്കലിനൊപ്പം കാസർഗോട് ജില്ലയിൽ ഏറ്റവുമധികം സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമായി മാറിക്കഴിഞ്ഞു. സമീപ ജില്ലകളിൽ നിന്നുമുള്ളവർക്കു പുറമേ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ബംഗളൂരുവിൽനിന്നും കർണാടകയുടെയും തമിഴ്നാടിന്റെയും വിവിധ ഭാഗങ്ങളിൽനിന്നുമടക്കം സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്.
കഴിഞ്ഞവർഷം വേനലാരംഭത്തിൽ കാട്ടുതീ പടർന്ന് പുൽപ്പരപ്പുകൾ കത്തിനശിച്ചത് റാണിപുരത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായിരുന്നു. അതുകഴിഞ്ഞുള്ള വേനൽമഴയിൽ തന്നെ റാണിപുരം അതിന്റെ പച്ചപ്പ് വീണ്ടെടുത്തിരുന്നു. ഈ വർഷം വീണ്ടും ഉണങ്ങി സ്വർണവർണമായ പുൽമേടുകളിൽ ബോധപൂർവമായോ അല്ലാതെയോ തീപിടിത്തമുണ്ടാകാതിരിക്കാൻ വനംവകുപ്പ് തികഞ്ഞ ജാഗ്രത പാലിക്കുന്നുണ്ട്.
പച്ചപ്പ് നിറഞ്ഞ പുൽമേടുകളും മലമുകളിൽ നിന്നുള്ള ദൂരക്കാഴ്ചകളും രാവിലെയും വൈകിട്ടും മൂടൽമഞ്ഞ് വന്നുവീഴുന്ന കാലാവസ്ഥയുമാണ് റാണിപുരത്തിന്റെ പ്രധാന ആകർഷണങ്ങൾ. അപൂർവയിനം സസ്യങ്ങൾ, ചിത്രശലഭങ്ങൾ, പക്ഷികൾ എന്നിവയെയും ഉരഗങ്ങളടക്കമുള്ള ചെറുജീവികളെയും ഇവിടെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. കാട്ടാനകളുടെ സാന്നിധ്യം ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടെങ്കിലും ട്രക്കിംഗ് പാതകളിൽ അപകട സാധ്യതയൊഴിവാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പതിവായി നിരീക്ഷണം നടത്തുന്നുണ്ട്.
സഞ്ചാരികൾക്കായി ഡിടിപിസിയുടെ ആഭിമുഖ്യത്തിൽ നേരത്തേ സ്ഥാപിച്ചിട്ടുള്ള റിസോർട്ടിനൊപ്പം നിരവധി സ്വകാര്യ കോട്ടേജുകളും റിസോർട്ടുകളും സ്വകാര്യ ഗ്ലാസ് ബ്രിഡ്ജും ഇപ്പോൾ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.

വിനോദസഞ്ചാര വകുപ്പിന്റെ നിർമാണ പ്രവൃത്തികൾ മെല്ലെപ്പോക്കിൽ
ഡിടിപിസി റിസോർട്ടിനോടനുബന്ധിച്ച് കുട്ടികളുടെ പാർക്ക് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് അഞ്ചു വർഷത്തിലേറെയായിട്ടും നിർമാണ പ്രവൃത്തികൾ മെല്ലെപ്പോക്കിലാണ്. കടകംപള്ളി സുരേന്ദ്രൻ ടൂറിസം മന്ത്രിയായിരുന്ന കാലത്താണ് വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ റാണിപുരത്തിന്റെ വളർച്ച പരിഗണിച്ച് ഇവിടെ വിപുലമായ വികസന പദ്ധതികൾ പ്രഖ്യാപിച്ചത്.
പിന്നീട് പലതവണ മന്ത്രിമാരും ഉദ്യോഗസ്ഥരും ഇവിടെയെത്തിയിട്ടും നിർമാണ പ്രവൃത്തികൾക്ക് കാര്യമായി വേഗം വച്ചില്ല. ഏറ്റവുമൊടുവിൽ ജില്ലാ കളക്ടറായി ചുമതലയേറ്റ അർജുൻ പാണ്ഡ്യനും റാണിപുരത്തെത്തി വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും ഇവ എത്രയും വേഗം പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.
ഈ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ റാണിപുരത്തെത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കാനാകും. റാണിപുരം മലമുകളിൽ സ്വകാര്യ റിസോർട്ടുകളുടെ മറവിൽ അനധികൃത മണ്ണെടുപ്പ് ഉൾപ്പെടെ നടക്കുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമാണ്. അല്ലാത്തപക്ഷം റാണിപുരം മറ്റൊരു മൂന്നാറായി മാറുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
റാണിപുരത്ത് ബിഎസ്എൻഎൽ ടവറിന്റെ പണി പൂർത്തിയാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അത് പ്രവർത്തനം തുടങ്ങിയിട്ടില്ല. മൊബൈൽ റേഞ്ചിന്റെ അഭാവം സഞ്ചാരികൾക്ക് ഏറെ വിഷമതകൾ സൃഷ്ടിക്കുന്നുണ്ട്. ട്രക്കിംഗ് നടത്തുന്ന സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും മൊബൈൽ റേഞ്ച് അനിവാര്യമാണ്.
പാണത്തൂരിൽനിന്ന് പാറക്കടവ് വഴി റാണിപുരത്തേക്കുള്ള റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും പണി തുടങ്ങിയിട്ടില്ല. പനത്തടി-പന്തിക്കാൽ റോഡ് വഴിയാണ് ഇപ്പോൾ സഞ്ചാരികളുടെ വാഹനങ്ങളെത്തുന്നത്.
പാണത്തൂർ റോഡ് കൂടി പൂർത്തിയായാൽ സഞ്ചാരികൾക്ക് സംസ്ഥാന അതിർത്തിയിലേക്ക് നേരിട്ടു വഴിതുറന്നുകിട്ടും. കർണാടകയിൽ നിന്നുള്ള സഞ്ചാരികൾക്കും കരിക്കെ വഴി കുടക് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്കും ഇത് സൗകര്യമാകും. കാഞ്ഞങ്ങാട്ടു നിന്ന് റാണിപുരത്തേക്ക് കൂടുതൽ കെഎസ്ആർടിസി ബസുകൾ അനുവദിക്കണമെന്ന ആവശ്യവും ഏറെനാളായുണ്ട്.
Tags : TRAVEL