മാങ്കുളത്തിന്റെ വിനോദസഞ്ചാരത്തെ സജീവമാക്കുന്നത് കാട്ടാനക്കൂട്ടങ്ങളാണ്. മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ ധാരാളമുണ്ടെങ്കിലും ആനക്കുളത്തെ ഈ കാട്ടാനകളെ കാണാന്‍കൂടിയാണ് സഞ്ചാരികള്‍ മാങ്കുളത്തേക്കെത്തുന്നത്.
വേനല്‍ക്കാലമാരംഭിച്ചതോടെ കാട്ടാനകള്‍ വീണ്ടും ആനക്കുളത്തെ പുഴയിലേക്കെത്തിത്തുടങ്ങി. അടുത്ത മഴക്കാലം വരെ ആനക്കുളത്തെ ഈ ആനക്കാഴ്ച്ചകള്‍ നീളും.
കാടിനെയും നാടിനെയും വേര്‍തിരിക്കുന്ന ഈറ്റച്ചോലയാറ്റിലെത്തി മതിവരുവോളം കാട്ടാനക്കൂട്ടങ്ങള്‍ വെള്ളം കുടിക്കും. തൊട്ടരികിലെന്നോണംനിന്ന് സഞ്ചാരികള്‍ക്ക് ഈ കാഴ്ച്ച കാണാം.
കുട്ടിയാനകളും കൊമ്പന്മാരുമെല്ലാം ഇക്കൂട്ടത്തില്‍ ഉണ്ടാകും. വേനല്‍ കനക്കുന്നതോടെ ആനക്കൂട്ടങ്ങള്‍ പലത് മാറി മാറി വന്ന് വെള്ളം കുടിച്ച് മടങ്ങും.
വിനോദ സഞ്ചാര സീസണാരംഭിച്ചാല് സ്വദേശീയരും വിദേശീയരുമെല്ലാം ഒരുമിച്ച് ആനകളുടെ വരവും കാത്ത് ആനക്കുളത്ത് ഒത്തുകൂടും.
വേനല്‍ക്കാലമാരംഭിച്ചതോടെ മാങ്കുളത്തിന്റെ വിനോദ സഞ്ചാര മേഖല കൂടുതല്‍ സജീവമാകുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതീക്ഷ.
Tags : Anakulam Mankulam Travel