International
ഏകദേശം 3,300 വർഷങ്ങൾക്കു മുൻപ്, പുരാതന സിറിയൻ മണ്ണിൽ ആധിപത്യം ഉറപ്പിക്കാൻ രണ്ടു വൻ ശക്തികളുടെ അതിരൂക്ഷ പോരാട്ടം നടന്നു. അനാറ്റോളിയയിലെ ഭരണാധികാരിയായ മുവതാലിസ് രാജാവിന്റെ നേതൃത്വത്തിലുള്ള ഹിറ്റൈറ്റുകളും, റാംസെസ് രണ്ടാമൻ ഫറവോയുടെ കീഴിലുള്ള ഈജിപ്റ്റുകാരുമായിരുന്നു അവർ. തന്റെ സാമ്രാജ്യത്തിന്റെ വിസ്തൃതി വ്യാപിപ്പിക്കാൻ ഹിറ്റൈറ്റുകളുടെ അധീനതയിലുള്ള പ്രവിശ്യയിലേക്ക് ഫറവോയുടെ സൈന്യം അധിനിവേശം നടത്തുകയായിരുന്നു. പതിനായിരക്കണക്കിനു ഭടന്മാരും രഥങ്ങളും പങ്കെടുത്ത മഹായുദ്ധമായിരുന്നു കഡെഷിൽ അരങ്ങേറിയത്. സൈനികബലത്തിൽ തുല്യശക്തികളായ ഇരു രാജ്യങ്ങളും ഒടുവിൽ സമാധാന ഉടന്പടിയിലേക്ക് എത്തുകയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ 'കഡെഷ് സമാധാന ഉടന്പടി' ഒപ്പിടുകയും ചെയ്തു.
ഈ 'കഡെഷ് സമാധാന ഉടമ്പടി'യുടെ പുതിയൊരു മൺഫലക കഷ്ണം പുരാവസ്തു ഗവേഷകർ തുർക്കിയിൽ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. ലോക ചരിത്രത്തിൽ, ഇന്നു ലഭ്യമായിട്ടുള്ളതിൽ ഏറ്റഴും പഴക്കമുള്ള അന്താരാഷ്ട്ര സമാധാന ഉടമ്പടിയാണിത്. തുർക്കിയിലെ കോറം പ്രവിശ്യയിലുള്ള, പഴയ ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹത്തുസയിലെ ബ്യൂക്കാലെ കൊട്ടാര അവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് അക്കാഡിയൻ ക്യൂണിഫോം ലിപിയിൽ എഴുതപ്പെട്ട അപൂർവ ശേഷിപ്പ് ഖനനത്തിലൂടെ കണ്ടെത്തിയത്.
ഏകദേശം 3,300 വർഷങ്ങൾക്ക് മുമ്പ്, ഈജിപ്ഷ്യൻ ഫറവോ റാംസെസ് രണ്ടാമനും ഹിറ്റൈറ്റ് ഭരണാധികാരി മുവതാലിസിന്റെ പിൻഗാമിയായ ഹത്തുസിലി മൂന്നാമനും തമ്മിൽ ഒപ്പുവച്ചതാണു ചരിത്രപ്രസിദ്ധമായ കഡെഷ് സമാധാന ഉടമ്പടി. പുരാതന സിറിയൻ പ്രദേശങ്ങളുടെ ആധിപത്യത്തിനായി ഹിറ്റൈറ്റുകളും ഈജിപ്തുകാരും തമ്മിൽ നടന്ന രക്തരൂഷിതമായ കഡെഷ് യുദ്ധത്തിനുശേഷമാണ് ഇരു രാജ്യങ്ങളും തമ്മിൽ ഈ ശാശ്വത സമാധാന കരാറിലെത്തുന്നത്. യഥാർഥ ഉടമ്പടി വെള്ളി ഫലകങ്ങളിലാണു നിർമിക്കപ്പെട്ടിരുന്നതെങ്കിലും, അവ കാലക്രമേണ നഷ്ടപ്പെട്ടു. എന്നാൽ മൺഫലകങ്ങളിലും ആരാധനാലയങ്ങളുടെ ചുവരുകളിലുമുള്ള പകർപ്പുകൾ നിലനിൽക്കുകയുമായിരുന്നു.
International
മനുഷ്യർ കുട്ടികൾക്ക് അറിവു പകർന്നുനൽകുന്നതുപോലെ മൃഗങ്ങൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് അറിവു പകരാറുണ്ടോ? സംശയിക്കേണ്ട, ഉണ്ട്! ചിമ്പാൻസികളാണ് ആ സവിശേഷ മൃഗങ്ങൾ! മനഷ്യൻ തങ്ങളുടെ മക്കളെ പരിശീലിപ്പിക്കുന്നതുപോലെ, കാട്ടിലെ ചിമ്പാൻസികളും തങ്ങളുടെ കുഞ്ഞുങ്ങൾക്കു പരിശീലനം നൽകുന്നു. ഗവേഷകരുടെ കൗതുകകരമായ പഠന റിപ്പോർട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. ചിമ്പാൻസികൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഇരതേടാനുള്ള ആയുധങ്ങൾ കൈമാറുകയും, അവ എങ്ങനെ കൃത്യമായി ഉപയോഗിക്കണമെന്നു പരിശീലിപ്പിക്കുകയും ചെയ്യുന്ന 'കാട്ടിലെ കളരി'യുടെ അപൂർവ ദൃശ്യങ്ങളാണു ഗവേഷകർ കാമറയിൽ പകർത്തിയത്. എന്നാൽ ഇതെല്ലാം ചിമ്പാൻസികൾ എങ്ങനെ സ്വായത്തമാക്കി എന്നതു ശാസ്ത്രജ്ഞർക്കിടയിൽ വലിയ ചർച്ചയ്ക്കു തുടക്കമിടുകയും ചെയ്തു.
റിപ്പബ്ലിക് ഓഫ് കോംഗോയിലെ നൗബാലെ-എൻഡോക്കി നാഷണൽ പാർക്കിൽ സ്ഥാപിച്ച കാമറകളിലാണ് അപൂർവദൃശ്യങ്ങൾ പതിഞ്ഞത്. മൺപുറ്റുകളിൽനിന്നും മരപ്പൊത്തുകളിൽനിന്നും ചിതലുകളെയും ഉറന്പുകളെയും പ്രാണികളെയും പിടികൂടാനും തേനെടുക്കാനും അനുയോജ്യമായ വടികളും ഈറ്റക്കഷ്ണങ്ങളും മുതിർന്ന ചിമ്പാൻസികൾ പ്രത്യേകം തിരഞ്ഞെടുക്കുന്നു. തുടർന്ന്, 'ആയുധങ്ങൾ' അവർക്കു സന്തോഷത്തോടെ കൈമാറുകയും, എങ്ങനെ ഉപയോഗിക്കണമെന്നു ക്ഷമയോടെ കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. ചിമ്പാൻസികളുടെ പ്രിയപ്പെട്ട പഴങ്ങളിലൊന്നായ ബൊവാബാബ് പഴം പൊട്ടിച്ചെടുക്കാനും മുതിർന്ന ചിമ്പാൻസികൾ പഠിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
International
ഈജിപ്റ്റിലെ കെയ്റോ നഗരത്തിനു തെക്ക് സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ സഖാറ ശ്മശാനഭൂമിയിൽനിന്ന് 4,000-ലേറെ വർഷം പഴക്കമുള്ള, ഉന്നത പദവിയലങ്കരിച്ചിരുന്ന ഉദ്യോഗസ്ഥന്റെ അപൂര്വ കല്ലറ പുരാവസ്തു ഗവേഷകര് കണ്ടെത്തി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള പ്രദേശത്ത് ഈജിപ്ഷ്യന് പുരാവസ്തു മിഷന് നടത്തിയ ഖനനത്തിലാണു ശാസ്ത്രലോകത്തെ ആവേശത്തിലാഴ്ത്തിയ സുപ്രധാന കണ്ടെത്തല്.
സാമ്രാജ്യത്വ കാലഘട്ടത്തില് ജീവിച്ചിരുന്ന സെഖെന്തിയു താഹ് എന്ന പ്രമുഖ ഉദ്യോഗസ്ഥന്റേതാണ് ഈ കല്ലറ. ഭൗതികലോകത്തില്നിന്നു പരലോകത്തേക്ക് ആത്മാവിനു സഞ്ചരിക്കാനുള്ള പ്രതീകാത്മക കവാടമെന്നു പുരാതന ഈജിപ്റ്റുകാര് വിശ്വസിച്ചിരുന്ന വാതില് കേടുപാടുകൾ കൂടാതെ കണ്ടെത്തിയിട്ടുണ്ട്. വാതിലിനു തൊട്ടുമുന്നിലായി അലബാസ്റ്റര് കല്ലില് തീര്ത്ത യാഗപീഠം, യാഗതളിക, പാത്രങ്ങൾ, ജഗ്ഗ് എന്നിവ അടങ്ങിയ അപൂര്വ ശേഖരവും കണ്ടെത്തി. ആയിരക്കണക്കിനു വര്ഷങ്ങള്ക്കുശേഷവും ആചാര വസ്തുക്കള് അവയുടെ യഥാര്ഥ സ്ഥാനത്തുതന്നെ സ്ഥിതിചെയ്യുന്നുവെന്നത് പഴയ സാമ്രാജ്യത്വ കാലത്തെ സംസ്കാര ചടങ്ങുകളെയും ആചാരങ്ങളെയും കുറിച്ചു പഠിക്കാന് ഗവേഷകർക്കു വലിയ അവസരമാണു നല്കുന്നത്.
International
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐഎസ്എസ്) കഴിയുന്ന സഞ്ചാരികൾ അവരുടെ വിശ്രമവേളകൾ എങ്ങനെയായിരിക്കും ചെലവഴിക്കുക? പലരും അതേക്കുറിച്ചു ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. ബഹിരാകാശത്തെ വിനോദവേളകളിലെ രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നാസ ബഹിരാകാശയാത്രികൻ അനിൽ മേനോൻ. ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്തു സഹപ്രവർത്തകർക്കൊപ്പം ഫുട്ബോൾ കളിക്കുന്ന ദൃശ്യങ്ങളാണു മലയാളി വംശജൻ കൂടിയായ അനിൽ പങ്കുവച്ചത്. എക്സിൽ പങ്കുവച്ച വീഡിയോ തരംഗമായി മാറിയിരിക്കുകയാണ്.
മൈക്രോഗ്രാവിറ്റിയിലെ കളിതമാശകൾ
അതിസങ്കീർണമായ ദൗത്യങ്ങൾക്കിടയിൽ, വാരാന്ത്യങ്ങളിലാണു യാത്രികർ വിനോദങ്ങളിൽ ഏർപ്പെടുന്നത്. ഐഎസ്എസിലെ വാസത്തിനിടെ വ്യായാമം, വിവിധ ഗെയിമുകൾ തുടങ്ങിയവയിൽ സഞ്ചാരികൾ ഏർപ്പെടാറുണ്ട്. എന്നാൽ, ഫുട്ബോൾ കളി കാഴ്ചക്കാരെ വിസ്മയിപ്പിക്കുകതന്നെ ചെയ്തു. വായുവിൽ ഒഴുകിനടന്ന് ഇവർ പന്തു തട്ടുന്നതും പാസ് ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. ബഹിരാകാശ നിലയത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ ഫുട്ബോൾ ഒന്നിപ്പിക്കുന്നുവെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് അനിൽ മേനോൻ കുറിച്ചു.
'ഫുട്ബോൾ, സ്പേസ് സ്റ്റേഷനിൽ ഞങ്ങളെയെല്ലാം ഒന്നിച്ചുനിർത്തുന്നു! വരാനിരിക്കുന്ന തിരക്കുപിടിച്ച ദിവസങ്ങളിലേക്കു സജ്ജരാകാൻ വാരാന്ത്യങ്ങളിലെ ഇത്തരം വിനോദങ്ങൾ ഏറെ സഹായിക്കും...' ദൃശ്യങ്ങൾക്കൊപ്പം അനിൽ മേനോൻ കുറിച്ചു. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ പേശികൾക്കും ശരീരത്തിനും സംഭവിക്കുന്ന വ്യതിയാനങ്ങൾ കുറയ്ക്കാനും മാനസികസന്തോഷം നിലനിർത്താനും ഇത്തരം വ്യായാമങ്ങളും വിനോദങ്ങളും ബഹിരാകാശ സഞ്ചാരികൾക്ക് ഒഴിച്ചുകൂടാനാകാത്തതാണ്.
എക്സിൽ പങ്കുവെച്ച അപൂർവ ദൃശ്യങ്ങൾക്കു വൻ ജനശ്രദ്ധയാണു ലഭിക്കുന്നത്. ശാസ്ത്രീയ പരീക്ഷണങ്ങൾക്കുമപ്പുറം, നിത്യജീവിതത്തിലെ ലളിതവും മനോഹരവുമായ നിമിഷങ്ങൾ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം നിരവധി പേർ പ്രതികരണങ്ങളിൽ പങ്കുവച്ചു.
കഴിഞ്ഞദിവസം, ഐഎസ്എസിലെ വൈദ്യപരിശോധനയുടെ വീഡിയോ അനിൽ മേനോൻ പങ്കുവച്ചിരുന്നു. അൾട്രാസൗണ്ട് സ്കാനിംഗിന്റെ ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശ അന്തരീക്ഷത്തിൽ പരസ്പര സഹകരണത്തോടെയാണു വൈദ്യപരിശോധനകൾ പൂർത്തിയാക്കുന്നത്. ഭൂമിയിലുള്ള വിദഗ്ധ ഡോക്ടർമാരുടെ തത്സമയ സഹായവും യാത്രികർക്കു ലഭിക്കും. ഭൂമിയിൽ ലഭിക്കുന്ന സ്കാനിംഗ് മെഡിക്കൽസംഘം വിശകലനം ചെയ്യുന്നു. തുടർ പരിശോധനകൾ ആവശ്യമാണോ എന്നു തീരുമാനിക്കുകയും ചെയ്യുന്നു.
International
വാഷിംഗ്ടൺ ഡിസി: ശത്രുരാജ്യങ്ങളിൽ നിന്നുള്ള ആക്രമണങ്ങളും ഭീഷണികളും പ്രതിരോധിക്കുന്നതിനായി തന്ത്രപ്രധാനമായ ബഹിരാകാശ ആയുധങ്ങൾ വിന്യസിച്ചതായി സ്ഥിരീകരിച്ച് അമേരിക്ക. യുഎസ് എയർഫോഴ്സ് സെക്രട്ടറി ട്രോയ് മെയ്ങ്ക് ആണ് മേരിലാൻഡിൽ നടന്ന 'എയർ, സ്പേസ് ആൻഡ് സൈബർ കോൺഫറൻസിൽ' ഇക്കാര്യം വെളിപ്പെടുത്തിയത്.
അമേരിക്കൻ സേനയ്ക്കും ഉപഗ്രഹങ്ങൾക്കുമെതിരേയുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാൻ കനത്ത പ്രഹരശേഷിയുള്ള ആയുധങ്ങളുടെ വിന്യാസമാണു നടത്തിയതെന്നു മെയ്ങ്ക് വ്യക്തമാക്കി. എന്നാൽ, വിന്യസിച്ച ആയുധങ്ങളുടെ സ്വഭാവം, സാങ്കേതികവിദ്യ, എണ്ണം, എന്നു മുതലാണു ഭ്രമണപഥത്തിൽ പ്രവർത്തിച്ചു തുടങ്ങിയതു തുടങ്ങിയ വിവരങ്ങൾ സുരക്ഷാകാരണങ്ങളാൽ അദ്ദേഹം പുറത്തുവിട്ടില്ല.
ചൈനയ്ക്കും റഷ്യക്കും വ്യക്തമായ മുന്നറിയിപ്പ്
ബഹിരാകാശ ആധിപത്യത്തിനായി ചൈനയും റഷ്യയും തങ്ങളുടെ സൈനിക-ഉപഗ്രഹ ശേഷികൾ വർധിപ്പിക്കുന്ന സാഹചര്യത്തിലാണു യുഎസിന്റെ നിർണായക നീക്കം. റഷ്യയും ചൈനയും മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തുന്ന ലേസർ സാങ്കേതികവിദ്യകൾ, കമ്യൂണിക്കേഷൻ ജാമിംഗ്, ശത്രു ഉപഗ്രഹങ്ങളെ തകർക്കാൻ ശേഷിയുള്ള ആയുധങ്ങൾ തുടങ്ങിയവ വികസിപ്പിക്കുന്നതായി അമേരിക്കൻ പ്രതിരോധകേന്ദ്രങ്ങൾ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ചൈനയോ റഷ്യയോ നടത്തുന്ന ഏതുതരം ആക്രമണങ്ങൾക്കും ബഹിരാകാശത്തുനിന്നുതന്നെ നേരിട്ടു മറുപടി നൽകാൻ സജ്ജമാണെന്ന ശക്തമായ സന്ദേശമാണു പരസ്യ പ്രഖ്യാപനത്തിലൂടെ യുഎസ് നൽകുന്നത്.
ബഹിരാകാശ യുദ്ധഭീതി
1967-ലെ അന്താരാഷ്ട്ര 'ഔട്ടർ സ്പേസ് ട്രീറ്റി' പ്രകാരം ബഹിരാകാശത്ത് അണവായുധങ്ങളോ വ്യാപക നശീകരണ ആയുധങ്ങളോ വിന്യസിക്കുന്നതു നിരോധിച്ചിട്ടുണ്ട്. എന്നാൽ, പരമ്പരാഗത സൈനിക ആയുധങ്ങൾ, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ എന്നിവയ്ക്കു കരാറിൽ പൂർണ നിരോധനമില്ല. ഈ നിയമപരമായ സാങ്കേതികത്വം ഉപയോഗപ്പെടുത്തിയാണ് അമേരിക്ക ഭ്രമണപഥത്തിൽ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയത്.
ബഹിരാകാശ സാങ്കേതികവിദ്യകൾ വഴി ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ ഉപയോഗിച്ച് ശത്രു ഉപഗ്രഹങ്ങളുടെ സിഗ്നലുകൾ വിച്ഛേദിക്കാനും, ആവശ്യമെങ്കിൽ അവയെ പ്രവർത്തനരഹിതമാക്കാനുമുള്ള ശേഷി യുഎസ് ആയുധങ്ങൾക്കുണ്ടെന്നാണു വിദഗ്ധർ വിലയിരുത്തുന്നത്.
യുഎസ് സ്പേസ് ഫോഴ്സിന്റെ ഈ നടപടിയോടെ കരയിലും കടലിലും ആകാശത്തും മാത്രമായിരുന്ന സൈനിക മത്സരം ഇനി ബഹിരാകാശ മേഖലയിലും ശക്തമാകുകയാണ്.
International
ലണ്ടൻ: ലണ്ടനിൽ തമിഴ് സമൂഹം സംഘടിപ്പിച്ച 'തേർ തിരുവിഴ' രഥയാത്രയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ച സജീവമാകുന്നു. ബ്രിട്ടനിലെ സാംസ്കാരികവും മതപരവുമായ ആവിഷ്കാരങ്ങളെച്ചൊല്ലിയാണു വാദപ്രതിവാദങ്ങൾ. 30,000-ലേറെ ആളുകളാണു ഘോഷയാത്രയിൽ പങ്കെടുത്തത്. ലണ്ടനിലെ വിവിധ ക്ഷേത്രങ്ങളുടെ നേതൃത്വത്തിലായിരുന്നു രഥയാത്ര.
യുകെയിലെ സാംസ്കാരിക വൈവിധ്യത്തിന്റെ നേർക്കാഴ്ചയായി ഒരു വിഭാഗം ആഘോഷത്തെ കാണുന്നു. ലണ്ടന്റെ ബഹുസ്വരതയ്ക്കും സാംസ്കാരിക സമ്പന്നതയ്ക്കും ഇത്തരം പരമ്പരാഗത ചടങ്ങുകൾ മാറ്റുകൂട്ടുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അനുകൂല പ്രതികരണങ്ങൾ. വിവിധ സംസ്കാരങ്ങളെ ഉൾക്കൊള്ളുന്ന നഗരത്തിന്റെ തുറന്ന മനസിന്റെ ഉദാഹരണമാണ് ഇത്തരത്തിലുള്ള ഉത്സവങ്ങളും ആഘോഷങ്ങളുമെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, യുകെയിലെ പൊതു ഇടങ്ങളിലെ ഇത്തരം ആഘോഷങ്ങൾക്കെതിരേ ഒരു വിഭാഗം വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പൊതുനിരത്തുകളിലെ കൂറ്റൻ ഘോഷയാത്രകൾ പ്രാദേശിക ഗതാഗതത്തിനും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും, ഇത്തരം മതപരമായ ചടങ്ങുകൾ പൊതുവഴികൾക്ക് പകരം സ്വകാര്യ ഇടങ്ങളിലോ ക്ഷേത്രമുറ്റത്തോ ആയി പരിമിതപ്പെടുത്തണമെന്നുമാണു വിമർശകരുടെ വാദം.
ലണ്ടനിൽ ദശാബ്ദങ്ങളായി വിവിധ ഏഷ്യൻ സമൂഹങ്ങൾ നടത്തുന്ന രഥയാത്രകൾ ഉൾപ്പെടെയുള്ള മതപരവും സാംസ്കാരികവുമായ ആഘോഷങ്ങൾക്കു നീണ്ട ചരിത്രമുണ്ട്. എന്നിരുന്നാലും, പൊതു ഇടങ്ങളിലെ മതപരമായ ആവിഷ്കാരങ്ങളും സാംസ്കാരിക വൈവിധ്യവും ഏതുരീതിയിൽ കൈകാര്യം ചെയ്യപ്പെടണം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കു സംഭവം വീണ്ടും വഴിവച്ചിരിക്കുകയാണ്.
International
രാജ്യങ്ങള്ക്ക് ഔദ്യോഗികഭാഷ, പുഷ്പം, മൃഗം, പക്ഷി, വൃക്ഷം തുടങ്ങിയവയുണ്ട്. എന്നാല്, ഔദ്യോഗിക 'സുഗന്ധം' എന്നതു പലർക്കും അത്ര സുപരിചിതമായിരിക്കില്ല! എന്നാൽ, ഔദ്യോഗിക സുഗന്ധമുള്ള ഒരു നാടുണ്ട്, നമ്മുടെ ദേശത്തല്ല, അമേരിക്കയിൽ! അമേരിക്കയിലെ ന്യൂ മെക്സികോ സ്റ്റേറ്റ് ആണ് വറുത്ത പച്ചമുളകിന്റെ രുചിപരത്തുന്ന മണം ഔദ്യോഗിക സുഗന്ധമായി സ്വീകരിച്ചത്.
ന്യൂ മെക്സിക്കോയിലെ ജനങ്ങൾക്കു ഭക്ഷണത്തില് ഒഴിച്ചുകൂടാന് പറ്റാത്ത വിഭവമാണു വറുത്ത പച്ചമുളക്. ബർഗർ, സ്റ്റ്യൂ, ടാക്കോസ്, പിസ എന്നിവയിലെല്ലാം അവർ വറുത്ത പച്ചമുളക് ചേർക്കും. എല്ലാ വർഷവും ഓഗസ്റ്റ്-സെപ്റ്റംബറിൽ സംസ്ഥാനത്തുടനീളമുള്ള റോഡരികുകളിലും സൂപ്പർമാർക്കറ്റുകളിലും വലിയ ഡ്രമ്മുകളിൽ പച്ചമുളക് വറുത്തെടുക്കുന്നതു സാധാരണ കാഴ്ചയാണ്. ഈ ദിവസങ്ങളിൽ പ്രദേശമാകെ വറുത്ത പച്ചമുളകിന്റെ സുഗന്ധം നിറയും. ന്യൂ മെക്സിക്കോയിലെ ജനങ്ങൾ കിലോക്കണക്കിനു പച്ചമുളക് വാങ്ങി, ഫ്രീസ് ചെയ്തു സൂക്ഷിക്കാറുണ്ട്.
ലോകത്തിന്റെ 'ചില്ലി തലസ്ഥാനം' എന്നറിയപ്പെടുന്ന ന്യൂ മെക്സിക്കോയിൽ പച്ചമുളക് വിളവെടുപ്പ് ഉത്സവം തന്നെയുണ്ട്. ഹാച്ച് എന്ന ചെറിയ ഗ്രാമത്തിലാണ് ഉത്സവം. പതിനായിരക്കണക്കിനു സന്ദർശകർ സെപ്റ്റംബർ ആദ്യവാരം ന്യൂമെക്സികോ സന്ദർശിക്കാൻ എത്തും. കർഷകരും പ്രദേശവാസികളും അണിചേരുന്ന, സംസ്ഥാനത്തിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഘോഷയാത്ര വിളവെടുപ്പ് ഉത്സവത്തിന്റെ പ്രധാന ആഘോഷങ്ങളിലൊന്നാണ്.
ന്യൂ മെക്സിക്കോയിലെ ജനങ്ങൾക്കു വറുത്ത പച്ചമുളകിന്റെ സുഗന്ധം അവരുടെ വീടിന്റെയും നാടിന്റെയും ഓർമകളാണു സമ്മാനിക്കുന്നത്. ഈ വൈകാരികബന്ധം കാരണമാണ് സ്റ്റേറ്റിന്റെ ഔദ്യോഗിക സുഗന്ധമായി പ്രഖ്യാപിച്ചതുപോലും.
International
വാഷിംഗ്ടൺ ഡിസി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) യാത്രികർ തങ്ങളുടെ ആരോഗ്യപരിപാലനവും ശാസ്ത്രീയ വൈദ്യപരിശോധനകളും എങ്ങനെയാണു നിർവഹിക്കുന്നതെന്നറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. ഇപ്പോൾ, മലയാളക്കരയിൽ വേരുകളുള്ള നാസ ബഹിരാകാശയാത്രികൻ അനിൽ മേനോൻ ഐഎസ്എസിലെ വൈദ്യപരിശോധനകളെക്കുറിച്ചു പങ്കുവച്ച വീഡിയോയും വിവരണങ്ങളുമാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. അൾട്രാസൗണ്ട് സ്കാനിംഗിന്റെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം സാങ്കേതികമായി വിശദീകരിച്ചത്.
ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശ അന്തരീക്ഷത്തിൽ പൂർണമായും പരസ്പര സഹകരണത്തോടെയാണു വൈദ്യപരിശോധനകൾ പൂർത്തിയാക്കുന്നത്. ഐഎസ്എസിലുള്ള രണ്ടുപേർ ചേർന്നാണു പരിശോധനയ്ക്കു നേതൃത്വം നൽകുന്നത്. ഒരാൾ രോഗിയുടെ ശരീരത്തിൽ അൾട്രാസൗണ്ട് പ്രോബ് ഉപയോഗിച്ച് സ്കാൻ ചെയ്യുമ്പോൾ രണ്ടാമത്തെയാൾ ഉപകരണത്തിന്റെ കൺട്രോൾ സിസ്റ്റങ്ങൾ നിയന്ത്രിക്കുകയാണു ചെയ്യുന്നത്.
ഭൂമിയിലുള്ള വിദഗ്ധ ഡോക്ടർമാരുടെ തത്സമയ സഹായത്തോടെയാണു പരിശോധന. വ്യക്തമായ സ്കാനിംഗ് ചിത്രങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഭൂമിയിലെ മെഡിക്കൽസംഘം ഉറപ്പുവരുത്തുന്നു. ഇതോടൊപ്പം ലഭിക്കുന്ന ചിത്രങ്ങൾ ഉടൻ തന്നെ വിശകലനം ചെയ്യുകയും തുടർ പരിശോധനകൾ ആവശ്യമാണോ എന്ന് ഉടനടി തീരുമാനിക്കുകയും ചെയ്യുന്നു.
ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റിയിൽ മനുഷ്യശരീരത്തിലെ സാധാരണ രക്തയോട്ടത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാം. ഇതു സഞ്ചാരികളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കാം. അതുകൊണ്ട് ഇത്തരം അൾട്രാസൗണ്ട് പരിശോധനകൾ വഴി ശരീരത്തിലെ മാറ്റങ്ങൾ കൃത്യമായി കണ്ടെത്താൻ സാധിക്കും. ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള ദൈർഘ്യമേറിയ ഭാവി ബഹിരാകാശ ദൗത്യങ്ങളിൽ യാത്രികരുടെ ആരോഗ്യം നിലനിർത്താൻ ഇത്തരം പരീക്ഷണങ്ങളും സാങ്കേതികവിദ്യകളും നിർണായകമാണ്.
International
ലോകത്തിലെ വിസ്മയ നിർമിതികളിലൊന്നായ ഗിസയിലെ ഗ്രേറ്റ് പിരമിഡുമായി ബന്ധപ്പെട്ട് അദ്ഭുതപ്പെടുത്തുന്ന പഠന റിപ്പോർട്ടുമായി സ്വതന്ത്ര ഗവേഷകൻ സെഫി ലെവി. സോഷ്യൽ സയൻസ് റിസെർച്ച് നെറ്റ്വർക്ക് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണ റിപ്പോർട്ട് ലെവി പ്രസിദ്ധീകരിച്ചത്.
ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വിവിധ ഗ്രഹങ്ങളുടെയും ചലനങ്ങളുമായി ബന്ധപ്പെട്ട ഗണിത രഹസ്യങ്ങൾ പിരമിഡിന്റെ അളവുകളിൽ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് സ്വതന്ത്ര ഗവേഷകനായ സെഫി ലെവിയുടെ അവകാശവാദം. പിരമിഡിന്റെ ഉയരം, അടിത്തറയുടെ വിസ്തൃതി, ചരിഞ്ഞ വശങ്ങളുടെ അളവുകൾ തുടങ്ങിയവയെ പുരാതന ഈജിപ്ഷ്യൻ ഗണിതരീതികൾ ഉപയോഗിച്ച് വിശകലനം ചെയ്തപ്പോഴാണു വിസ്മയിപ്പിക്കുന്ന ചില 'ന്യൂമെറിക്കൽ പാറ്റേൺ' കണ്ടെത്തിയതെന്ന് ലെവി വിശദമാക്കുന്നു.
ഈ അളവുകളിൽനിന്നു ലഭിച്ച ചില സംഖ്യകൾക്കു പ്രപഞ്ചത്തിലെ 'അസ്ട്രോണമിക്കൽ സൈക്കി'ളുമായി സാമ്യതയുണ്ട്. ഉദാഹരണത്തിന്, ഒരു പ്രത്യേക കണക്കുകൂട്ടലിലൂടെ ലഭിച്ച 27.5 എന്ന സംഖ്യ, ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന അവസ്ഥയായ 'ലൂണാർ പെരിജി' തമ്മിലുള്ള 27.55 ദിവസങ്ങളുടെ ഇടവേളയെ സൂചിപ്പിക്കുന്നതാണെന്നു ലെവി വാദിക്കുന്നു.
International
ആ പെൺകുട്ടിയെ രക്തരക്ഷസായാണു നാട്ടുകാർ കണ്ടത്! രാത്രി കുഴിമാടത്തിൽനിന്നു പുറത്തുകടന്നു മനുഷ്യരക്തം കുടിക്കുന്ന വാന്പയർ! നാട്ടിൽ വിനാശം വിതച്ച മഹാമാരിയുടെ കാരണം അവളാണെന്ന് അവർ വിശ്വസിച്ചു. ദുരൂഹസാഹചര്യത്തിൽ മരിച്ച, ആ പെൺകുട്ടിയെ അതിവിചിത്രമായ ആചാരങ്ങളോടെയാണു നാട്ടുകാർ അടക്കിയത്. പതിനേഴാം നൂറ്റാണ്ടിൽ, വടക്കൻ പോളണ്ടിലെ പിയെൻ ഗ്രാമത്തിലാണ് അവിശ്വസനീയ സംഭവങ്ങൾ അരങ്ങേറിയത്.
2022-ൽ ടൊറുണിലെ നിക്കോളാസ് കോപ്പർനിക്കസ് യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകനായ പ്രൊഫ. ദാരിയുസ് പൊളിൻസ്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആ കുഴിമാടം കണ്ടെത്തിയത്. കഴുത്തിനു കുറുകെ ഇരുമ്പിന്റെ അരിവാളും കാൽപാദങ്ങൾ താഴിട്ടു പൂട്ടിയ നിലയിലും കണ്ടെത്തിയ പെൺകുട്ടിയുടെ അപൂർവ ശവകുടീരം സംഘത്തിന് അദ്ഭുതമായി! 'സോസിയ' എന്നു പേരിട്ട 17നും 19നും മധ്യേ പ്രായമുള്ള പെൺകുട്ടിയുടെ ഭൗതികാവശിഷ്ടങ്ങൾ ഗവേഷകർ വിശദപഠനങ്ങൾക്കു വിധേയമാക്കി. ഇപ്പോൾ, ആ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണു പുരാവസ്തു ഗവേഷകർ. അന്ധവിശ്വാസങ്ങൾ നിറഞ്ഞ അക്കാലത്ത്, മരിച്ചവർ തിരിച്ചുവന്നു ഗ്രാമവാസികളെ ഉപദ്രവിക്കുമെന്ന ഭയമാണ് ഇത്തരം വിചിത്രമായ ആചാരങ്ങൾക്കു പിന്നിലെന്നാണു പുതിയ പഠനങ്ങൾ.
International
ജനീവ: പാക്കിസ്ഥാനിൽ അഹമ്മദിയ വിഭാഗത്തിനുനേരേ തുടർച്ചയായുണ്ടാകുന്ന വിവേചനവും അക്രമങ്ങളും അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നു മനുഷ്യാവകാശ പ്രവർത്തകർ. അക്രമികൾ ശിക്ഷയിൽനിന്നു രക്ഷപ്പെടുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നും യുഎന്നിലെ മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. ജനീവയിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇസ്ലാമാബാദിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
മതത്തിന്റെ പേരിൽ അഹമ്മദിയ വിഭാഗം കൊടിയ പീഡനങ്ങൾക്കിരയാകുന്നു. സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്നു. പാക് സർക്കാരിന്റെ മൗനാനുവാദത്തോടെയാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നത്. രാജ്യത്തു നിലനിൽക്കുന്ന ഭയാനകമായ അന്തരീക്ഷം കാരണം വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾക്കും അന്തസിനും വേണ്ടി സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും യുഎൻ സംഘം ചൂണ്ടിക്കാണിക്കുന്നു.
അഹമ്മദിയക്കാരുടെ ആരാധനാലയങ്ങൾക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങൾ, ശവകുടീരങ്ങൾ തകർക്കൽ, മതപരമായ വിശേഷദിവസങ്ങളിലെ പ്രാർഥന തടസപ്പെടുത്തൽ, ആചാരങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യൽ, വിദ്വേഷ പ്രസംഗങ്ങൾ എന്നിവ നിരന്തരം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏതൊരു വ്യക്തിക്കും തങ്ങളുടെ വിശ്വാസത്തിനനുസരിച്ചു ജീവിക്കാൻ അവകാശമുണ്ട്. ഏതു വിഭാഗത്തിൽപ്പെട്ട ആളായാലും നിയമത്തിനു മുന്നിൽ തുല്യമായ സംരക്ഷണം ലഭിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകർ കൂട്ടിച്ചേർത്തു.
മനുഷ്യാവകാശ ലംഘനങ്ങൾ തടയാനും ഇത്തരം സംഭവങ്ങളിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കാനും ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കു വിരുദ്ധമായി നിലനിൽക്കുന്ന നിയമങ്ങൾ പുനഃപരിശോധിക്കാൻ പാകിസ്ഥാൻ തയാറാകണമെന്നും യുഎൻ വിദഗ്ധർ ആവശ്യപ്പെട്ടു.
1974-ൽ പാകിസ്ഥാൻ പാർലമെന്റ് അഹമ്മദിയ സമൂഹത്തെ ഇസ്ലാം വിഭാഗത്തിൽപ്പെടാത്തവരായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഒരു പതിറ്റാണ്ടിനുശേഷം തങ്ങളെ മുസ്ലിംകൾ എന്നു വിളിക്കുന്നതിനും അവർക്കു നിരോധനം ഏർപ്പെടുത്തി. മതം പ്രചരിപ്പിക്കുന്നതിനും സൗദി അറേബ്യയിലേക്കു തീർഥാടനത്തിനു പോകുന്നതിനും ഇവർക്ക് പാക്കിസ്ഥാനിൽ വിലക്കുണ്ട്.
International
വാഷിംഗ്ടൺ ഡിസി: വിമാനത്തിനുള്ളിൽ അക്രമം അഴിച്ചുവിട്ട യാത്രക്കാരനെ സീറ്റിൽ കെട്ടിയിട്ടു. അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ വ്യാഴാഴ്ച രാത്രിയാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഡാളസ്-ഫോർട്ട് വർത്തിൽനിന്ന് ന്യൂആർക്കിലേക്കു സഞ്ചരിക്കുകയായിരുന്ന വിമാനം സംഭവത്തെത്തുടർന്ന് ബാൾട്ടിമോർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
യാത്ര തുടങ്ങി രണ്ടു മണിക്കൂറിനുശേഷമാണു വിമാനത്തിൽ അക്രമാന്തരീക്ഷം ഉടലെടുത്തത്. തൊട്ടടുത്ത സീറ്റിലിരുന്ന സഹയാത്രികന്റെ കഴുത്തിൽ പിടിക്കുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണു പ്രശ്നങ്ങൾക്കു തുടക്കം. ജീവനക്കാർ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും അവർക്കെതിരേ വംശീയാധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി യാത്രക്കാരൻ കൂടുതൽ ആക്രമണകാരിയായി മാറുകയായിരുന്നു.
അക്രമം അതിരുകടന്നപ്പോൾ വിമാനത്തിലുണ്ടായിരുന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള മറ്റു യാത്രക്കാരും ജീവനക്കാരും ചേര്ന്ന് ഇയാളെ കീഴ്പ്പെടുത്തി. തുടർന്ന്, വിമാന ജീവനക്കാർ നൽകിയ സിപ്പ് ടൈകളും ഡക്ട് ടേപ്പും ഉപയോഗിച്ച് ഇയാളെ സീറ്റിനോടു ചേർത്തു കെട്ടി. കൈയും കാലും ബന്ധിക്കുകയും ചെയ്തു.
പൈലറ്റ് ഉടൻതന്നെ ബാൾട്ടിമോറിൽ വിമാനമിറക്കാൻ തീരുമാനിച്ചു. വിമാനം ലാൻഡ് ചെയ്ത ഉടൻ പ്രാദേശിക പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിൽ പ്രവേശിച്ച് അക്രമിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വിമാനം ന്യൂആർക്കിലേക്കു യാത്ര തുടർന്നു.
സംഭവത്തിൽ എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണു തങ്ങൾ മുൻഗണന നൽകുന്നതെന്നും വിമാനത്തിനുള്ളിലെ അക്രമസംഭവങ്ങളോടു വിട്ടുവീഴ്ചയില്ലെന്നും അമേരിക്കൻ എയർലൈൻസ് വ്യക്തമാക്കി. അക്രമകാരിക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
International
കോട്ടൺ അടിവസ്ത്രങ്ങൾ മണ്ണിൽ കുഴിച്ചിടുക; രണ്ടു മാസത്തിനുശേഷം പുറത്തെടുക്കുക, അപ്പോൾ എന്തു സംഭവിക്കും? കേൾക്കുന്പോൾ വിചിത്രവും തമാശയുമായി തോന്നിയേക്കാം, ഇതെന്തു പരീക്ഷണം! സ്വിറ്റ്സർലൻഡിലെ സൂറിച്ച് സർവകലാശാലയിലെ ഗവേഷകരാണു വേറിട്ട പരീക്ഷണത്തിനു പിന്നിൽ. ഭൂമിക്കടിയിലെ ജീവന്റയും മണ്ണിന്റെ ആരോഗ്യത്തിന്റെയും രഹസ്യങ്ങൾ മനസിലാക്കാൻ ശാസ്ത്രജ്ഞർ നടത്തിയ വ്യത്യസ്തമായ പരീക്ഷണമായിരുന്നു അത്! സർവകലാശാലയിലെയും അഗ്രോസ്കോപ്പിലെയും ഗവേഷകർ ആയിരത്തോളം പേരുടെ പങ്കാളിത്തത്തോടെയാണു പരീക്ഷണം പൂർത്തിയാക്കിയത്. 'പ്രൂഫ് ബൈ അണ്ടർപാന്റ്സ്' (Proof by Underpants) എന്ന പേരിൽ നടത്തിയ പരീക്ഷണത്തിന്റെ ഫലങ്ങൾ സയൻസ് ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൂർണമായും പ്രകൃതിദത്ത പരുത്തി കൊണ്ടു നിർമിച്ച അടിവസ്ത്രങ്ങളാണു പരീക്ഷണത്തിനായി ഉപയോഗിച്ചത്. പരുത്തിയിലെ പ്രധാന ഘടകം സെല്ലുലോസ് ആണ്. മണ്ണിൽ ജീവിക്കുന്ന കോടിക്കണക്കിന് ബാക്ടീരിയകൾ, ഫംഗസുകൾ, മണ്ണിരകൾ, മറ്റു സൂക്ഷ്മജീവികൾ എന്നിവ സെല്ലുലോസ് ആഹാരമാക്കുകയും വളരെവേഗം ജീർണിപ്പിക്കുകയും ചെയ്യുന്നു. മണ്ണിൽ സൂഷ്മജീവികളുടെ സാന്നിധ്യവും പ്രവർത്തനവും എത്രത്തോളം കൂടുതലാണോ, അത്രയും വേഗത്തിൽ തുണി ദ്രവിക്കും. അതായത്, വസ്ത്രങ്ങൾ എത്രത്തോളം നശിക്കുന്നുവോ അത്രയും ജീവസുറ്റതും ഫലഭൂയിഷ്ഠവുമാണ് ആ മണ്ണ്.
ആയിരം വ്യത്യസ്ത സ്ഥലങ്ങളിൽനിന്ന് രണ്ടായിരത്തിലധികം കോട്ടൺ അടിവസ്ത്രങ്ങളും പതിനായിരത്തിലധികം ടീ ബാഗുകളുമാണ് കുഴിച്ചിട്ടത്. വീട്ടുപറമ്പുകൾ, തോട്ടങ്ങൾ, കൃഷിയിടങ്ങൾ, പുൽമൈതാനങ്ങൾ, വനങ്ങൾ തുടങ്ങിയ ഇടങ്ങളിലാണു കുഴിച്ചിട്ടത്. രണ്ടു മാസത്തിനുശേഷം ഇവ പുറത്തെടുത്തു. തുടർന്നു ചിത്രങ്ങളെടുക്കുകയും, മണ്ണിന്റെ സാമ്പിളുകൾക്കൊപ്പം ഗവേഷകർക്കു നൽകുകയും ചെയ്തു.
പുറത്തെടുത്തപ്പോൾ, ചിലയിടങ്ങളിൽ ഇലാസ്റ്റിക് ബാൻഡ് മാത്രമാണ് ശേഷിച്ചതെങ്കിൽ, ചിലയിടങ്ങളിൽ തുണിക്കു കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല. വീട്ടുവളപ്പിലാണ് ഏറ്റവും വേഗത്തിൽ തുണി ദ്രവിച്ചെതെന്നു (58 ശതമാനം) കണ്ടെത്തി. സൂക്ഷ്മജീവികൾ ഇവിടെ കൂടുതലായതാണു കാരണം. എന്നാൽ, കൃത്രിമമായി നിർമിച്ച പുൽമൈതാനങ്ങളിൽ ദ്രവീകരണ നിരക്കു വളരെ കുറവായിരുന്നു (40 ശതമാനം). കൃഷിയിടങ്ങളും പുൽമേടുകളും ഇവയ്ക്കു രണ്ടിനുമിടയിലായിരുന്നു.
മണ്ണിന്റെ രാസഘടന മാത്രമല്ല, മനുഷ്യൻ ഭൂമി എങ്ങനെ ഉപയോഗിക്കുന്നു എന്നതും ജീവജാലങ്ങളുടെ സജീവതയെ വൻതോതിൽ സ്വാധീനിക്കുന്നുണ്ടെന്നു പരീക്ഷണം തെളിയിക്കുന്നു. സാധാരണക്കാർക്കു മണ്ണിന്റെ ആരോഗ്യം വളരെ എളുപ്പത്തിൽ മനസിലാക്കിക്കൊടുക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ജീർണിക്കുന്നതിന്റെ വേഗത എപ്പോഴും നല്ലതാകണമെന്നില്ലെങ്കിലും, നമ്മൾ ചവിട്ടിനിൽക്കുന്ന മണ്ണിനടിയിൽ സൂഷ്മജീവികൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന സന്ദേശമാണു പരീക്ഷണം നൽകുന്നത്.
International
ആളുകൾ മാൻഫ്രെഡ് ഹുക്റ്റ്ഹൗസനോടു തമാശയായി ചോദിക്കാറുണ്ട്: ''എന്താ... മൂവായിരം വർഷമായിട്ടും താങ്കൾ ഇവിടെനിന്നു മാറിത്താമസിക്കുന്നില്ലേ...'' ഇതിന് അദ്ദേഹത്തിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി ഇങ്ങനെയായിരിക്കും: ''എന്റെ പൂർവികർ ഇവിടെയുണ്ടെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ മൂവായിരം വർഷമായെന്ന് അറിഞ്ഞപ്പോൾ അത്ഭുതം തോന്നി...''
അതേ, ഒരു സ്ഥലത്തുതന്നെ 3,000 വർഷമായി തുടരുന്ന ലോകത്തിലെ അപൂർവ കുടുംബം! ജർമനിയിലെ ലോവർ സാക്സണി (Lower Saxony)യിലെ 'ഹുക്റ്റ്ഹൗസൻ' (Huchthausen) എന്ന കുടുംബമാണ് അപൂർവ പാരന്പര്യത്തിന്റെ ഉടമകൾ. ലോവർ സാക്സണിയിലെ മാത്രമല്ല, ഒരുപക്ഷേ ലോകത്തിലെ തന്നെ സ്ഥിരീകരിക്കപ്പെട്ട ഏറ്റവും പഴക്കമേറിയ വംശചരിത്രമാണ് ഇവരുടേതന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നു.
1980-ൽ ഹാർസ് (Harz) മലനിരകളുടെ അതിർത്തിയിലുള്ള ലിക്റ്റൻസ്റ്റൈൻ ഗുഹയിൽ (Lichtenstein Cave) നിന്ന് പുരാവസ്തുഗവേഷകർ മനുഷ്യരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയിരുന്നു. വിശദമായ പരിശോധനയിൽ വെങ്കലയുഗത്തിലെ (Bronze Age) മനുഷ്യരുടെ ശേഷിപ്പുകളാണ് ഇതെന്നു ഗവേഷകർ കണ്ടെത്തി. പുരാശേഷിപ്പുകളുടെ പരിശോധനകളും പഠനങ്ങളും പുരോഗമിക്കുന്നതിനിടെ, 2007-ൽ നടന്ന ഡിഎൻഎ പരിശോധനയിൽ, അസ്ഥികൂടങ്ങൾക്കു സമീപ പ്രദേശത്തു നൂറ്റാണ്ടുകളായി താമസിക്കുന്ന കുടുംബങ്ങളിലെ ആളുകളുടെ ഡിഎൻഎയുമായി അതിശയിപ്പിക്കുന്ന സാമ്യമുള്ളതായി ഗവേഷകർ മനസിലാക്കി. ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്ന് രണ്ടു കിലോമീറ്റർ മാത്രം അകലെ താമസിക്കുന്ന 76-കാരനായ മാൻഫ്രെഡ് ഹുക്റ്റ്ഹൗസൻ, അദ്ദേഹത്തിന്റെ 37-കാരനായ മകൻ ഫോൾക്കർ ഹുക്റ്റ്ഹൗസൻ എന്നിവരുടെ ഡിഎൻഎ വെങ്കലയുഗത്തിലെ മനുഷ്യരുടെ ഡിഎൻഎയുമായി പൂർണമായും സാമ്യമുള്ളതായിരുന്നു.
ഇപ്പോഴുള്ളത് 122-ാം തലമുറ
തങ്ങളുടെ കുടുംബപരമ്പര 3,000 വർഷങ്ങൾക്കു മുന്പുണ്ടായിരുന്ന വെങ്കലയുഗ മനുഷ്യരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് മാൻഫ്രെഡ് ഹുക്റ്റ്ഹൗസൻ പറഞ്ഞു. യുദ്ധങ്ങളും ക്ഷാമങ്ങളും മഹാമാരികളും അതിജീവിച്ച് 122 തലമുറകളായി തങ്ങളുടെ കുടുംബപരമ്പര ഇവിടെത്തന്നെ തുടരുന്നു എന്നതു തികച്ചും അത്ഭുതകരമെന്നും സ്കൂൾ അധ്യാപകനായിരുന്ന മാൻഫ്രെഡ് പറഞ്ഞു. നിലവിൽ മാൻഫ്രെഡിന്റെ കൊച്ചുമക്കളായ രണ്ടു പെൺകുട്ടികളാണ് ഈ പരമ്പരയിലെ 122-ാം തലമുറയിലെ അംഗങ്ങൾ. ഇപ്പോൾ തന്റെ വംശാവലിയുടെ ചരിത്രം പഠിക്കാനുള്ള തയാറെടുപ്പിലാണ് മാൻഫ്രെഡ്.
എന്നാൽ, ഫോൾക്കറെ സംബന്ധിച്ചിടത്തോളം, അസാധാരണമായ കുടുംബ ചരിത്രം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സ്വാഭാവികമായ ഭാഗം മാത്രമാണ്. ഹാർസ് മലനിരകൾ അതിരിടുന്ന ഈ പ്രദേശത്തോട് തനിക്ക് എപ്പോഴും സ്വന്തം വീടെന്ന പോലെയുള്ള അടുപ്പം തോന്നിയിരുന്നതായി ഫോൾക്കർ പറഞ്ഞു. കുറച്ചുകാലം മ്യൂൺസ്റ്റർ നഗരത്തിൽ ജീവിച്ചെങ്കിലും, ഒടുവിൽ അദ്ദേഹം ഇവിടേക്കുതന്നെ തിരിച്ചെത്തുകയായിരുന്നു.
''നിങ്ങൾ എപ്പോഴും നിങ്ങളുടെ വേരുകളിലേക്കുതന്നെ തിരിച്ചെത്തും, മറ്റു സ്ഥലങ്ങളിൽ ചെലവഴിച്ച കാലം, കൂടുതൽ വ്യക്തമാക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ആ ഒരു ആത്മബന്ധവും സ്വന്തമെന്ന തോന്നലും എപ്പോഴും ഇവിടെയുണ്ടായിരുന്നു...'' ഫോൾക്കർ പറഞ്ഞു.
ഹുക്റ്റ്ഹൗസൻ ഗുഹയിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ലാത്തതിനാൽ ബാഡ് ഗ്രുണ്ട് സിറ്റിയിലെ ഈബെർഗ് ഡ്രിപ് സ്റ്റോൺ മ്യൂസിയത്തിൽ വെങ്കലയുഗ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങളും ഗുഹയുടെ മാതൃകയും പ്രദർശിപ്പിച്ചിട്ടുണ്ട്.
International
ഭക്ഷണപ്രേമികൾ പറയും; വിഭവങ്ങൾ ഏറെ വേണ്ട, രുചിയുള്ള ഒരു ചമ്മന്തി മതി എന്ന്! അതേ, രുചിയാണു പ്രധാനം. നാട്ടുമ്പുറത്തെ കടകളിലെ നാടൻ ഭക്ഷണം മുതൽ സ്റ്റാർ ഹോട്ടലുകളിലെ രാജ്യാന്തര രുചിക്കൂട്ടുകൾ വരെ നമ്മുടെ നാട്ടിൽ സുലഭമാണ്. വിവിധ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന പാചകപാഠങ്ങൾ നവമാധ്യമങ്ങളിലും സുലഭമാണ്.
എന്നാൽ, സാമ്രാജ്യങ്ങളുടെ പതനത്തിനും മനുഷ്യന്റെ പലായനങ്ങൾക്കും കുടിയേറ്റങ്ങൾക്കും ശേഷം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട, ഇന്നും ഭക്ഷണമേശകളിൽ എത്തുന്ന ചില പുരാതന വിഭവങ്ങളുണ്ട്. രുചികരവും അതിലേറെ ആരോഗ്യകരവുമായ വിഭവങ്ങൾ. ബൈബിളിൽ അക്കാലത്തെ ദൈനംദിന ഭക്ഷണങ്ങളെക്കുറിച്ചും വിരുന്നുകളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ആയിരക്കണക്കിനു വർഷങ്ങൾക്കിപ്പുറവും ലോകമെമ്പാടുമുള്ള അടുക്കളകളിൽ ജനപ്രിയമായി തുടരുന്ന എത്രയോ വിഭവങ്ങൾ. 14 ബൈബിൾ വിഭവങ്ങളുടെ ചരിത്രം മനസിലാക്കാം.
1
ചുവന്ന പരിപ്പുകറി (Red Lentil Stew)
ബൈബിളിലെ ഉൽപ്പത്തി പുസ്തകത്തിൽ ഏസാവ് തന്റെ കടിഞ്ഞൂൽ പുത്രനെന്ന ജന്മാവകാശം അനുജനായ യാക്കോബിന് ഒരു പാത്രം ചുവന്ന പരിപ്പുകറിക്ക് (Red pottage) പകരമായി വിറ്റ കഥ പ്രശസ്തമാണ്. ഷോർബത്ത് അദാസ് (Shorbat Adas) എന്നറിയപ്പെടുന്ന അതിരുചികരമായ പരിപ്പുകറി മധ്യപൂർവേഷ്യൻ ജനങ്ങളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ്. ബൈബിൾ കാലഘട്ടത്തിൽ സാധാരണക്കാരുടെ പ്രധാന പ്രോട്ടീൻ സ്രോതസായിരുന്നു ഈ പരിപ്പുകറി. സവാള, വെളുത്തുള്ളി, ഔഷധസസ്യങ്ങൾ എന്നിവ ചേർത്ത് വേവിച്ചെടുക്കുന്ന വിഭവം, ഇക്കാലത്ത് നാരങ്ങാനീരും ജീരകവും ചേർത്തു കൂടുതൽ സ്വാദിഷ്ടമായി കഴിക്കുന്നു.
International
ആ കോഴിക്കുഞ്ഞിന്റെ പേര് 'കെന്റക്കി' എന്നായിരുന്നു! ബഹിരാകാശത്തു ചുറ്റിക്കറങ്ങിയെത്തിയ മുട്ട വിരിഞ്ഞുണ്ടായ ആദ്യത്തെ കോഴിക്കുഞ്ഞ്! ലോകത്തിനു വലിയ അദ്ഭുതമായിരുന്നു ആ കോഴിക്കുഞ്ഞിന്റെ ജനനം! ഒരു സ്കൂൾ വിദ്യാർഥിയുടെ ശാസ്ത്രന്വേഷണ ത്വരയാണ് നാസയെ ആ ഗവേഷണങ്ങളിലേക്കു നയിച്ചത്. 1980-കളിലെ ആ സംഭവം ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
1980-കളുടെ തുടക്കത്തിൽ ഇന്ത്യാനയിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ജോൺ വെല്ലിംഗർ ആണ് ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷത്തിൽ കോഴിമുട്ടയിലെ ഭ്രൂണവളർച്ച എങ്ങനെയായിരിക്കുമെന്ന ഗവേഷണപദ്ധതി മുന്നോട്ടുവച്ചത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സംഘടിപ്പിച്ച വിദ്യാർഥികളുടെ ശാസ്ത്ര മത്സരത്തിൽ ഈ ആശയം തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഈ പരീക്ഷണത്തിന് ആവശ്യമായ ഇൻക്യുബേറ്റർ നിർമിക്കാനും തുക കണ്ടെത്താനും ബുദ്ധിമുട്ടിയപ്പോൾ ഫാസ്റ്റ് ഫുഡ് രാജാവ് കെഎഫ്സി സാമ്പത്തിക പിന്തുണ നൽകുകയായിരുന്നു. 'ചിക്സ് ഇൻ സ്പേസ്' (Chix in Space) എന്നു പേരിട്ട പ്രോജക്റ്റിനായി കെഎഫ്സി 50,000 ഡോളർ ധനസഹായം നൽകുകയും പ്രത്യേക ഇൻക്യുബേറ്റർ നിർമിക്കാൻ എൻജിനീയറുടെ സേവനം ലഭ്യമാക്കുകയും ചെയ്തു.
1986-ൽ ചലഞ്ചർ (Challenger) ബഹിരാകാശ പേടകത്തിലാണു പരീക്ഷണം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ വിക്ഷേപണത്തിനു തൊട്ടുപിന്നാലെ പേടകം തകർന്നുണ്ടായ ദുരന്തത്തിൽ ഇതിനായുള്ള ഉപകരണങ്ങളും മുട്ടകളും നശിക്കുകയായിരുന്നു. തുടർന്ന്, മൂന്നു വർഷത്തിനുശേഷം, 1989 മാർച്ച് 13-ന് ഡിസ്കവറി പേടകത്തിൽ (STS-29 മിഷൻ) 32 കോഴിമുട്ടകൾ നാസ വിജയകരമായി ബഹിരാകാശത്തെത്തിച്ചു. ഇതിൽ പകുതി മുട്ടകൾ വിക്ഷേപണത്തിനു മുൻപ് രണ്ടു ദിവസത്തെ ഭ്രൂണവളർച്ചയുള്ളവയും ബാക്കിയുള്ളത് ഒൻപതു ദിവസത്തെ വളർച്ചയെത്തിയവയുമായിരുന്നു.
International
ന്യൂഡൽഹി: നേപ്പാളിൽ വിനാശകരമായ പ്രകൃതിദുരന്തിനു സാധ്യതയുണ്ടെന്നു മുന്നറിയിപ്പുനൽകുന്ന രണ്ടു ഗവേഷണഫലങ്ങൾ പുറത്തുവന്നിരുന്നതായി റിപ്പോർട്ട്. ഹിന്ദു കുഷ് ഹിമാലയൻ മേഖലയിലെ ഹിമാനികൾ വേഗത്തിൽ ഉരുകുകയാണെന്നും രണ്ടായിരത്തിനുശേഷം മഞ്ഞുരുകലിന്റെ തോത് ഇരട്ടിയായെന്നും അതീവഗുരുതരമായ സാഹചര്യങ്ങളാണു നിലനിൽക്കുന്നതെന്നുമായിരുന്നു റിപ്പോർട്ട്. ഇന്റർഗവൺമെന്റൽ നോളജ് ആൻഡ് ലേണിംഗ് സെന്റർ ആണ് ഈ പഠന റിപ്പോർട്ട് തയാറാക്കിയത്.
ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് നേപ്പാളിലെ കാഠ്മണ്ഡു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്റ് (ഐസിഐഎംഒഡി). മാർച്ചിലാണ് സംഘടന രണ്ടു പഠന റിപ്പോർട്ടുകൾ പുറത്തുവിട്ടത്. 1975 മുതൽ ഹിമാലയൻ മേഖലയിലെ ഹിമാനികളുടെ കനം 27 മീറ്ററോളം കുറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഏഷ്യയുടെ വാട്ടർ ടവറുകൾ എന്നറിയപ്പെടുന്ന ഈ ഹിമാനികളിൽ നിന്നുള്ള വെള്ളത്തെ ആശ്രയിക്കുന്ന താഴ്വരകളിലെ കോടിക്കണക്കിനു ജനങ്ങൾക്കുള്ള അപകടസൂചനയായിരുന്നു റിപ്പോർട്ട്.
മിന്നൽ പ്രളയത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണു ഗവേഷകർ. 4,000 മീറ്ററിലേറെ ഉയരമുള്ള പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നതാണ് ദുരന്തിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആഗോളതാപനമാണ് മുൻപ് മഞ്ഞുവീഴ്ച ലഭിച്ചിരുന്ന ഉയർന്ന പ്രദേശങ്ങളിൽ മഴ പെയ്യാൻ കാരണമാകുന്നതെന്നും ഇത് ഹിമാനികൾ അതിവേഗം ഉരുകുന്നതിന് ഇടയാക്കുന്നുവെന്നും വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയിലെ ശാസ്ത്രജ്ഞരും വ്യക്തമാക്കുന്നു.
ഐസിഐഎംഒഡി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 1990 നും 2020 നും ഇടയിലുള്ള മുപ്പതു വർഷത്തിനിടെ ഹിന്ദു കുഷ് ഹിമാലയൻ മേഖലയിലെ ഹിമാനികളുടെ മൊത്തം വിസ്തൃതിയുടെ 12 ശതമാനവും മഞ്ഞുശേഖരത്തിന്റെ ഒന്പതു ശതമാനവും നഷ്ടപ്പെട്ടു. പഠനവിധേയമാക്കിയ 38 ഹിമാനികളുടെ വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ 2000-മാണ്ടിനു ശേഷം ഹിമാലയൻ മേഖലയിലെ ഹിമാനികളുടെ നാശം ഇരട്ടിയായെന്നു ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞു. അതേസമയം, വൻതോതിൽ ഹിമാനികളുള്ള കരകോറം, സിക്കിം, സാൻസ്കർ, ഭൂട്ടാൻ തുടങ്ങിയ പല മേഖലകളിലും ആവശ്യത്തിനു നിരീക്ഷണ സംവിധാനങ്ങൾ ഇല്ലാത്തതു വിവരശേഖരണത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
നേപ്പാളിലുണ്ടായ ദുരന്തത്തിനു പിന്നിൽ ഉയർന്ന പ്രദേശത്തുണ്ടായ മഞ്ഞും പാറയും ചേർന്നുള്ള ഇടിഞ്ഞുവീഴ്ചയാകാമെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു. വലിയ തോതിൽ മഞ്ഞും പാറക്കഷണങ്ങളും ഭോട്ടെ കോശി നദിയുടെ ഉപനദിയായ ലെൻഡേ ഖോലയിലേക്കു പതിക്കുകയും, ഇതു വൻതോതിൽ വെള്ളവും ചെളിയും പാറകളും കുത്തിയൊഴുകാൻ കാരണമായെന്നുമാണു വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനം കാരണം മഞ്ഞുപാളികൾ കുറയുകയും ഹിമാനികൾ പിൻവാങ്ങുകയും ചെയ്യുമ്പോൾ, പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശങ്ങൾ പുറത്തുവരുകയും അവ കൂടുതൽ ചൂട് ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇതു പർവതനിരകളെ കൂടുതൽ ദുർബലമാക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ധ്രുവപ്രദേശങ്ങൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഹിമാനികളുള്ളത് ഹിന്ദു കുഷ് ഹിമാലയൻ മേഖലയിലാണ്. 55,000 ചതുരശ്ര കിലോമീറ്ററിലധികം പരന്നുകിടക്കുന്ന 63,700-ലധികം ഹിമാനികളാണ് ഇവിടെയുള്ളത്. ശാസ്ത്രീയ മുന്നറിയിപ്പുകൾ വരാനിരിക്കുന്ന വലിയ കാലാവസ്ഥാദുരന്തങ്ങളുടെ വ്യാപ്തിയാണു ചൂണ്ടിക്കാണിക്കുന്നത്.
International
കാഠ്മണ്ഡു: ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി നേപ്പാൾ. പ്രളയത്തിനിരയായ മുഴുവൻ പൗരന്മാർക്കും വിദേശികൾക്കും അടിയന്തര സഹായമെത്തിക്കാൻ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്ന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അറിയിച്ചു. കൊടുംതണുപ്പും പ്രതികൂല സാഹചര്യങ്ങളും അതിജീവിച്ചാണ് സേനാംഗങ്ങൾ ദുരന്തമേഖലയിൽ പ്രവൃത്തിക്കുന്നത്. 6755 കരസേനാംഗങ്ങൾ, 4473 പോലീസുകാർ, 4203 ആംഡ് പോലീസ് അംഗങ്ങൾ എന്നിവർ ഉൾപ്പെടെ 15431 സുരക്ഷാ ജീവനക്കാരാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിലുള്ളത്.
ഇതുവരെ 4500-ലേറെ ആളുകളെ ദുരന്തമേഖലകളിൽനിന്നു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പ്രളയത്തിൽ വിവിധ ഹൈഡ്രോ പവർ ടണലുകളിൽ കുടുങ്ങിപ്പോയ 191 തൊഴിലാളികളെ പ്രത്യേക സംഘം സാഹസികമായി രക്ഷപ്പെടുത്തി. സേനയുടെയും സ്വകാര്യ ഏജൻസികളുടെയും 16 ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ദുഞ്ചെ, ത്രിശൂലി, തിമുറെ, സ്യാബ്രുബെസി തുടങ്ങി ഒറ്റപ്പെട്ടുപോയ മേഖലകളിൽനിന്ന് 517 പേരെ വ്യോമമാർഗം സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചു. ഇതിനായി നൂറിലേറെ ഹെലികോപ്റ്റർ ദൗത്യങ്ങളാണു പൂർത്തിയാക്കിയത്.
തകർന്ന ഗതാഗത ശൃംഖലകളും അടിസ്ഥാന സൗകര്യങ്ങളും അടിയന്തരമായി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. രസുവയിൽനിന്ന് കാഠ്മണ്ഡുവിലേക്കുള്ള ബദൽ പാതകൾ ചെറിയ വാഹനങ്ങൾക്കായി തുറന്നുനൽകിയിട്ടുണ്ട്. കാഠ്മണ്ഡു-മുഗ്ലിംഗ് ഹൈവേ ഭാഗിക ഗതാഗതത്തിനായി സജ്ജമാക്കി. വഴികൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ബെയ്ലി പാലങ്ങൾ നിർമിക്കുന്നതിനായി ഇന്ത്യയോടും ചൈനയോടും നേപ്പാൾ സഹായം അഭ്യർഥിച്ചിട്ടുണ്ട്.
ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര ആവശ്യങ്ങൾക്കായുള്ള ഫണ്ട് തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറി. ദുരന്തമേഖലയിൽ പകർവ്യാധികൾ പടരാതിരിക്കാൻ ബീർ ഹോസ്പിറ്റൽ, നാഷണൽ ട്രോമ സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘങ്ങളെ വിന്യസിച്ചു. 5,000-ലേറെ ആളുകൾക്ക് ആവശ്യമായ അടിയന്തര മരുന്നുകളും കുടിവെള്ളവും ശുചിത്വ സൗകര്യങ്ങളും താത്കാലിക പാർപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രളയത്തിൽപ്പെട്ട വിദേശ പൗരന്മാരുടെയും വിനോദസഞ്ചാരികളുടെയും വിവരങ്ങൾ ശേഖരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര കൺട്രോൾ റൂം പൂർണസജ്ജമാണ്. ഇതുവരെ 130-ലേറെ വിദേശ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായും എംബസികളുമായി ചേർന്ന് ബാക്കിയുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയതായും അധികൃതർ അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലയുമായി ലോകചരിത്രത്തിലെതന്നെ ഏറ്റവും വലിയ എണ്ണക്കരാർ ഒപ്പുവച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെനസ്വേലയിലെ എണ്ണപ്പാടങ്ങളിൽനിന്നുള്ള ഉത്പാദനവും ലാഭകരമായി സ്വന്തമാക്കാനുമാണു കരാറിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, വെനസ്വേലയിലെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് എന്നിവർ ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്.
മാസങ്ങൾക്കുമുന്പ്, പ്രസിഡന്റ് നികോളാസ് മഡുറോയെ സൈനിക നടപടിയിലൂടെ പുറത്താക്കി അമേരിക്കയിലേക്കു കൊണ്ടുപോയതിനു പിന്നാലെയാണ് എണ്ണക്കരാർ. മഡുറോയ്ക്കു ശേഷം അധികാരത്തിൽ വന്ന ഡെൽസി റോഡ്രിഗസ്, രണ്ടു പതിറ്റാണ്ടുകളായി തുടരുന്ന സോഷ്യലിസ്റ്റ് നയങ്ങൾ മാറ്റിവച്ച് എണ്ണ മേഖലയെ സ്വകാര്യവത്കരിക്കാനുള്ള നിയമത്തിൽ ഒപ്പുവച്ചിരുന്നു.
കരാർ അനുസരിച്ച് വെനസ്വേലയിലെ 17 എണ്ണപ്പാടങ്ങളിലായി സ്ഥിതി ചെയ്യുന്ന ശേഖരം അമേരിക്കയുടെ കരങ്ങളിലെത്തും. വരും നാളുകളിൽ ഏകദേശം 100 ബില്യൺ യുഎസ് ഡോളറിന്റെ സ്വകാര്യനിക്ഷേപം വെനസ്വേലയിലേക്ക് എത്തും. ഇതുവഴി രാജ്യത്തിനു നികുതി ഇനത്തിൽ ഇരുപതു ലക്ഷം കോടിയിലേറെ വരുമാനം ലഭിക്കുമെന്നാണ് റിപ്പോർട്ട്. നൂറു വർഷത്തേക്ക് എണ്ണപ്പാടങ്ങളുടെ ഉടമസ്ഥാവകാശം അമേരിക്കയ്ക്കും അമേരിക്ക നിർദേശിക്കുന്ന സ്വകാര്യ കന്പനിക്കുമുള്ളതാകും. സൗദി അരാംകോയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ശേഖരമുള്ള കമ്പനിയായി ഇതു മാറും. പുതിയ കമ്പനിയുടെ ഉത്പാദനത്തിന്റെ 55 ശതമാനത്തോളം നിയന്ത്രണം അമേരിക്കയ്ക്കു മാത്രമായിരിക്കും.
ഇറാനുമായുള്ള യുദ്ധം പേർഷ്യൻ ഉൾക്കടലിലൂടെയുള്ള എണ്ണ വിതരണം തടസപ്പെടുകയും അമേരിക്കയിൽ ഇന്ധനവില കുത്തനെ ഉയരുകയും ചെയ്തിരുന്നു. രാജ്യത്തെ അടിയന്തര എണ്ണ ശേഖരം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ട്രംപ് വെനസ്വേലയിലെ എണ്ണ ശേഖരത്തിലേക്കു തിരിഞ്ഞത്. യുഎസിന്റെ അടിയന്തര ആവശ്യങ്ങൾക്കും സൈനിക ആവശ്യങ്ങൾക്കും എണ്ണ ഉപയോഗിക്കും.
ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ ശേഖരമുള്ള രാജ്യങ്ങളിലൊന്നാണ് വെനസ്വേല. എങ്കിലും, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിൽ ആഗോള എണ്ണ ഉൽപ്പാദനത്തിന്റെ ഒരു ശതമാനം മാത്രമാണു നിലവിൽ വെനസ്വേലയിൽ നടക്കുന്നത്.
അതേസമയം, യുഎസ്-വെനസ്വേല കരാർ ലോകമെമ്പാടും വലിയ ചർച്ചകൾക്കു വഴിവച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ വലിയ വിജയമായി അമേരിക്ക കരാറിനെ വിശേഷിപ്പിച്ചപ്പോൾ, കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്. വെനസ്വേലയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അമേരിക്ക നടത്തുന്ന കൊള്ളയാണിതെന്നും പല അന്താരാഷ്ട്രനിരീക്ഷകരും വിമർശിക്കുന്നു.
International
ന്യൂഡൽഹി: 2015-ൽ അരങ്ങേറിയ കൊടും ക്രൂരത. 19 വയസുകാരിയെ കുഴിയിൽ തള്ളിയിട്ടശേഷം താലിബാൻ ഭീകരർ ചുറ്റുംനിന്നു കല്ലെറിഞ്ഞു കൊല്ലുന്നു. അവളുടെ ജീവനായുള്ള രോദനം ആ കാട്ടാളന്മാർ കേട്ടില്ല. അവർ വീണ്ടും വീണ്ടും കല്ലുകൾ വലിച്ചെറിഞ്ഞു, അസഭ്യവർഷത്തോടെ, ഒടുവിൽ നരകയാതനയോടെ ആ ജീവൻ പൊലിഞ്ഞു. ആ ദൃശ്യങ്ങൾ താലിബാന്റെ സ്ത്രീകളോടുള്ള കൊടുക്രൂരതയുടെ ഓർമപ്പെടുത്തലായി സമൂഹമാധ്യമങ്ങളിൽ വീണ്ടും വ്യാപകമായി പ്രചരിക്കുകയാണ്. തെരുവുനായയോടും പോലും ചെയ്യാത്ത ക്രൂരതയാണു പെൺകുട്ടിക്കുനേരേ അരങ്ങേറിയത്. അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽവച്ച് റുക്ഷാന എന്ന പെൺകുട്ടിയെ താലിബാൻ കല്ലെറിഞ്ഞു കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ലോകമെന്പാടും വലിയ ചർച്ചയാകുകയാണ്.
ഇഷ്ടപ്പെടാത്ത വിവാഹത്തിൽനിന്ന് ഒളിച്ചോടി കാമുകനൊപ്പം ജീവിക്കാൻ ശ്രമിച്ചതിനാണ് താലിബാൻ ഈ കാട്ടാളനീതി നടപ്പാക്കിയത്. സാഗർ ജില്ലയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ താലിബാൻ സംഘം റുക്ഷാനയെയും കാമുകനെയും പിടികൂടുകയായിരുന്നു. തുടർന്ന് തുറുങ്കിലടച്ചു. യുവതിയെ വിട്ടയ്ക്കാൻ വലിയതുക മോചനദ്രവ്യമായി താലിബാൻ ആവശ്യപ്പെട്ടു. നിർധനരായ കുടുംബത്തിന് താലിബാൻ വിധിച്ച തുക നൽകാൻ കഴിഞ്ഞില്ല. ഇതോടെ അവിഹിതബന്ധം ആരോപിച്ചും താലിബാൻ നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയും യുവതിയെ കല്ലെറിഞ്ഞു കൊല്ലാൻ പ്രാദേശിക പുരോഹിതൻ ഉത്തരവിടുകയായിരുന്നു.
ക്രൂര പീഡനങ്ങൾക്കിരയാക്കിയശേഷം, മണ്ണിൽ വലിയ കുഴിയെടുത്ത് അതിൽ യുവതിയെ ഇറക്കിനിർത്തിയ ശേഷമായിരുന്നു പ്രാകൃതമായ ശിക്ഷ നടപ്പാക്കിയത്. അവിടെക്കൂടിയ ആളുകൾ ക്രൂരമായി യുവതിക്കുനേരേ കല്ലെറിയുകയും, ഓടി രക്ഷപ്പെടാൻ പോലും സാധിക്കാതെ യുവതി വേദനകൊണ്ട് നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തശേഷം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ കൊടിയ അടിച്ചമർത്തലുകൾ വീണ്ടും ആവർത്തിക്കുകയാണ് താലിബാൻ.
International
ടെഹ്റാൻ: നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും യുദ്ധമുണ്ടായാൽ നേരിടാൻ സജ്ജമായിരിക്കണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇറാൻ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിന്റെ പരമാധികാരവും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ അവസാന ശ്വാസം വരെ പോരാടാൻ ഒരുങ്ങിയിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ഒരിടവേളയ്ക്ക് ശേഷം രൂക്ഷമാകുന്നതിനിടെയാണ് പ്രതിരോധത്തിനും നയതന്ത്രത്തിനും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഇറാന്റെ പ്രതികരണം.
ഇറാൻ ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ വ്യോമാക്രമണം കൂടുതൽ ശക്തമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ചർച്ചകളിലേക്ക് ഇറാൻ മടങ്ങിയെത്തിയില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ രാജ്യത്തെ ഊർജ നിലയങ്ങളും പാലങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. നിലവിൽ അമേരിക്കയുമായി ചർച്ചകൾ നടത്തുന്നതിനെക്കുറിച്ച് ഇറാൻ ആലോചിക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി.
International
ടെഹ്റാൻ: ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യത്തിന്റെ വ്യാപക വ്യോമാക്രമണം. വെടിനിർത്തൽ അവസാനിച്ചെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയെന്നോണമാണ് യുഎസ് സെൻട്രൽ കമാൻഡ് പുതിയ സൈനിക നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക് എന്നിവിടങ്ങളിൽ അതിശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി സ്ഥിരീകരിച്ചു. അതീവ തന്ത്രപ്രധാനമായ തീരദേശ മേഖലകളായ ചബാഹർ, കോണാർക്, ബുഷഹർ, ഖേഷം ദ്വീപുകൾ എന്നിവടങ്ങളിലും യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
തുറമുഖങ്ങളിലെ സൈനിക കേന്ദ്രങ്ങൾ, കപ്പൽ വിരുദ്ധ മിസൈൽ വിക്ഷേപണ തറകൾ, തീരദേശ റഡാർ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാന്റെ സൈനിക ശേഷി തകർക്കുകയാണ് ലക്ഷ്യം.ആക്രമണത്തെതുടർന്ന് മേഖലയിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Kerala
ടെഹ്റാൻ: ഹോർമുസിൽ കപ്പൽ ആക്രമിച്ചതിനു തിരിച്ചടിയായി ഇറാനെ ആക്രമിച്ച് അമേരിക്ക. ആക്രമണം തുടങ്ങി എന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വിശദമാക്കി. ഹോർമുസ് കടലിടുക്കിൽ വച്ച് മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായി അമേരിക്ക ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തിയത്.
ബുധനാഴ്ച പുലർച്ചെയോടെയാണ് ആക്രമണം നടന്നത്. മേഖലയിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് അടിയന്തിര സൈനിക നടപടിയെന്നാണ് യുഎസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന മൂന്ന് പ്രമുഖ വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വലിയ രീതിയിലുള്ള ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഈ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ സൈന്യം ഇറാനെതിരെ വീണ്ടും ആക്രമണം നടത്തിയത്.
ഇറാന്റെ സൈനിക താവളങ്ങൾ, ആയുധ സംഭരണശാലകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ മിസൈൽ ആക്രമണങ്ങളെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടാങ്കറുകൾക്ക് നേരെ ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ഇറാന്റെ എണ്ണ ഇറക്കുമതിക്കുമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾക്ക് ഇളവ് നൽകിക്കൊണ്ട് കഴിഞ്ഞ മാസം ട്രഷറി വകുപ്പ് പുറപ്പെടുവിച്ചിരുന്ന 60 ദിവസത്തെ ലൈസൻസ് അമേരിക്ക റദ്ദാക്കിയിരുന്നു.
Viral
കൊളംബിയയിലെ പോപ്പയാൻ നഗരത്തിൽ വാഹന പ്രദർശനത്തിനിടെയുണ്ടായ മോൺസ്റ്റർ ട്രക്ക് അപകടം അന്താരാഷ്ട്ര തലത്തിൽ വലിയ നടുക്കമുണ്ടാക്കിയിരിക്കുകയാണ്.
വിനോദത്തിനായി ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറി ഉണ്ടായ ദുരന്തത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമാവുകയും മുപ്പത്തിയെട്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നത് മരണസംഖ്യ വർധിക്കുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്. പ്രദർശന വേദിയിലെ തടസങ്ങൾ വേഗത്തിൽ മറികടക്കുന്നതിനിടയിൽ ട്രക്കിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഉയരത്തിൽ നിന്നും താഴേക്ക് പതിച്ച വാഹനം ബ്രേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും ആക്സിലറേറ്റർ കുടുങ്ങിയത് മൂലം നിയന്ത്രണം നഷ്ടമായി ഗാലറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാണികൾ തിങ്ങിനിറഞ്ഞ ഭാഗത്തെ തൂണിലിടിച്ചാണ് ട്രക്ക് മറിഞ്ഞത്.
നിമിഷനേരം കൊണ്ട് നടന്ന അപകടമായതിനാൽ ഗാലറിയിലുണ്ടായിരുന്നവർക്ക് ഓടിമാറാൻ സാധിച്ചില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിന് പിന്നാലെ പോപ്പയാൻ പോലീസ് കമാൻഡർ കേണൽ ജൂലിയൻ കാസ്റ്റനഡ മെക്കാനിക്കൽ ഫെയിലിയർ സാധ്യത സ്ഥിരീകരിച്ചിട്ടുണ്ട്.
പരിക്കേറ്റ ഡ്രൈവർ നിലവിൽ ചികിത്സയിലാണ്. അപകടസ്ഥലത്തുണ്ടായിരുന്ന സന്നദ്ധപ്രവർത്തകരും കാണികളും ചേർന്നാണ് ഗാലറിക്കടിയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രികളിൽ എത്തിച്ചത്.
ഈ ദുരന്തം രാജ്യത്തെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ഇത്തരം സാഹസിക പ്രദർശനങ്ങൾ സംഘടിപ്പിക്കുമ്പോൾ പാലിക്കേണ്ട അന്താരാഷ്ട്ര സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോ എന്ന കാര്യത്തിൽ കൊളംബിയൻ ഭരണകൂടം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
വാഹനത്തിന്റെ ഫിറ്റ്നസ് പരിശോധനയിലും സംഘാടകരുടെ ഭാഗത്തുനിന്നുള്ള ജാഗ്രതയിലും ഉണ്ടായ കുറവുകൾ അന്വേഷണ വിധേയമാക്കും. ആഘോഷമായി തുടങ്ങിയ പരിപാടി ചോരപ്പുഴയിൽ അവസാനിച്ചത് നഗരത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
വരും ദിവസങ്ങളിൽ പുറത്തുവരുന്ന അന്വേഷണ റിപ്പോർട്ടിലൂടെ മാത്രമേ അപകടത്തിന്റെ യഥാർഥ കാരണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.
International
ന്യൂഡൽഹി: കംബോഡിയ-തായ്ലൻഡ് അതിർത്തിയിലെ തർക്കപ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന വിഷ്ണുഭഗവാന്റെ പ്രതിമ തായ് സൈന്യം തകർത്ത നടപടിയിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വർഷങ്ങളായി തുടരുന്ന അതിർത്തി തർക്കങ്ങൾക്കിടയിൽ നടന്ന ഈ സംഭവം ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സമാധാനപരമായ നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ, ഇത്തരം അനാദരവുകൾ ഒഴിവാക്കപ്പെടേണ്ടതാണെന്നും ഓർമ്മിപ്പിച്ചു.
കംബോഡിയൻ അതിർത്തിക്കുള്ളിലെ ആൻ സെസ് എന്ന സ്ഥലത്ത് 2014-ൽ സ്ഥാപിച്ച പ്രതിമയാണ് കഴിഞ്ഞ തിങ്കളാഴ്ച തായ് സൈന്യം ബാക്ക്ഹോ ലോഡർ ഉപയോഗിച്ച് തകർത്തത്.
തായ്ലൻഡ് അതിർത്തിയിൽ നിന്നും വെറും നൂറു മീറ്റർ മാത്രം അകലെയുള്ള ഈ ഭാഗത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലമായി തർക്കം നിലനിൽക്കുന്നുണ്ട്.
ബുദ്ധ, ഹിന്ദു സംസ്കാരങ്ങൾ ആഴത്തിൽ വേരോടിയ ഈ മേഖലയിലെ ഇത്തരം ആരാധനാ വിഗ്രഹങ്ങൾ തകർക്കുന്നത് നാഗരിക പൈതൃകത്തിന് നേരെയുള്ള കടന്നുകയറ്റമായാണ് കാണുന്നത്.
വിഷ്ണു പ്രതിമ തകർക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയം രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ഈ വർഷം ജൂലൈ മുതൽ മേഖലയിൽ സൈനിക നീക്കങ്ങൾ ശക്തമായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെത്തുടർന്ന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ മാസം വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
സമാധാനം നിലനിർത്തുന്നതിനും ആൾനാശവും സ്വത്തുനാശവും ഒഴിവാക്കുന്നതിനും ഇരുപക്ഷവും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നും ഇന്ത്യ ആഹ്വാനം ചെയ്തു.
സാംസ്കാരികവും മതപരവുമായ അടയാളങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ, മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ നയതന്ത്ര ഇടപെടലുകൾ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.