x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊളംബിയയെ നടുക്കി മോൺസ്റ്റർ ട്രക്ക് അപകടം


Published: May 5, 2026 01:33 PM IST | Updated: May 5, 2026 01:37 PM IST

കൊളംബിയയിലെ പോപ്പയാൻ നഗരത്തിൽ വാഹന പ്രദർശനത്തിനിടെയുണ്ടായ മോൺസ്റ്റർ ട്രക്ക് അപകടം അന്താരാഷ്ട്ര തലത്തിൽ വലിയ നടുക്കമുണ്ടാക്കിയിരിക്കുകയാണ്.

വിനോദത്തിനായി ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറി ഉണ്ടായ ദുരന്തത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമാവുകയും മുപ്പത്തിയെട്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നത് മരണസംഖ്യ വർധിക്കുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്. പ്രദർശന വേദിയിലെ തടസങ്ങൾ വേഗത്തിൽ മറികടക്കുന്നതിനിടയിൽ ട്രക്കിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഉയരത്തിൽ നിന്നും താഴേക്ക് പതിച്ച വാഹനം ബ്രേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും ആക്സിലറേറ്റർ കുടുങ്ങിയത് മൂലം നിയന്ത്രണം നഷ്ടമായി ഗാലറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാണികൾ തിങ്ങിനിറഞ്ഞ ഭാഗത്തെ തൂണിലിടിച്ചാണ് ട്രക്ക് മറിഞ്ഞത്.

നിമിഷനേരം കൊണ്ട് നടന്ന അപകടമായതിനാൽ ഗാലറിയിലുണ്ടായിരുന്നവർക്ക് ഓടിമാറാൻ സാധിച്ചില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിന് പിന്നാലെ പോപ്പയാൻ പോലീസ് കമാൻഡർ കേണൽ ജൂലിയൻ കാസ്റ്റനഡ മെക്കാനിക്കൽ ഫെയിലിയർ സാധ്യത സ്ഥിരീകരിച്ചിട്ടുണ്ട്.

പരിക്കേറ്റ ഡ്രൈവർ നിലവിൽ ചികിത്സയിലാണ്. അപകടസ്ഥലത്തുണ്ടായിരുന്ന സന്നദ്ധപ്രവർത്തകരും കാണികളും ചേർന്നാണ് ഗാലറിക്കടിയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രികളിൽ എത്തിച്ചത്.

ഈ ദുരന്തം രാജ്യത്തെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ഇത്തരം സാഹസിക പ്രദർശനങ്ങൾ സംഘടിപ്പിക്കുമ്പോൾ പാലിക്കേണ്ട അന്താരാഷ്ട്ര സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോ എന്ന കാര്യത്തിൽ കൊളംബിയൻ ഭരണകൂടം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

വാഹനത്തിന്‍റെ ഫിറ്റ്‌നസ് പരിശോധനയിലും സംഘാടകരുടെ ഭാഗത്തുനിന്നുള്ള ജാഗ്രതയിലും ഉണ്ടായ കുറവുകൾ അന്വേഷണ വിധേയമാക്കും. ആഘോഷമായി തുടങ്ങിയ പരിപാടി ചോരപ്പുഴയിൽ അവസാനിച്ചത് നഗരത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

വരും ദിവസങ്ങളിൽ പുറത്തുവരുന്ന അന്വേഷണ റിപ്പോർട്ടിലൂടെ മാത്രമേ അപകടത്തിന്‍റെ യഥാർഥ കാരണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.

 

Tags : ColombiaNews BreakingNews AccidentAlert InternationalNews Popayán

Recent News

Corehub Up