ജർമ്മൻ എംബസിയിലെ രാഷ്ട്രീയ കാര്യ തലവനായ മാരിയസ് ഓസ്വാൾഡ് ഇന്ത്യയിലെ ഒരു ഗ്രാമത്തിലെത്തി കർഷകരുടെ ജീവിതരീതികൾ നേരിട്ടറിഞ്ഞത് സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിരിക്കുന്നു.
"ഡച്ച് ഗോസ് ദേശി" എന്ന പേരിൽ പങ്കുവെക്കപ്പെട്ട വീഡിയോയിൽ കോട്ടും സൂട്ടും അഴിച്ചുവെച്ച് നാടൻ വേഷത്തിൽ ഗ്രാമീണ ജീവിതം നയിക്കുന്ന ജർമ്മൻ നയതന്ത്രജ്ഞനെയാണ് കാണാൻ സാധിക്കുന്നത്.
പ്രമോദ് ശർമ്മ എന്ന ഇന്ത്യൻ കർഷകന്റെ അതിഥിയായി എത്തിയ മാരിയസ്, പരമ്പരാഗത ചാഫ് കട്ടർ ഉപയോഗിച്ച് പുല്ലരിയുകയും പശുക്കൾക്ക് തീറ്റ നൽകുകയും ചെയ്തു.
തൊഴുത്തിലെ ചാണകം യാതൊരു മടിയും കൂടാതെ ഗ്ലൗസ് പോലും ഇടാതെ കൈകൊണ്ട് വാരി മാറ്റിയ അദ്ദേഹം, കഠിനമായ ഗ്രാമീണ ജീവിതത്തെയും കർഷകരുടെ പ്രയത്നത്തെയും നിറഞ്ഞ മനസോടെ പ്രശംസിക്കുകയും ചെയ്തു.
ഇന്ത്യക്കാർ ജർമ്മനിയിൽ എത്തി ജീവിക്കുന്നതുപോലെ ജർമ്മൻ പൗരന്മാർക്കും ഇന്ത്യയുടെ തദ്ദേശീയമായ ജീവിതചര്യകളുമായി ഇണങ്ങിചേരാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഈ വേറിട്ട കാൽവെപ്പെന്ന് ജർമ്മൻ എംബസി വ്യക്തമാക്കുന്നു.
യാതൊരു മുൻവിധികളുമില്ലാതെ പുതിയ സംസ്കാരത്തെയും കഠിനാധ്വാനത്തെയും ഏറ്റെടുത്ത മാരിയസിന് സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Tags : GermanDiplomat DeutschGoesDesi IndianVillageLife DesiVibes RuralIndia