കൊളറാഡോയിൽ നിന്നുള്ള ഇരുപത്തെട്ടുകാരനായ ജേക്കബ് ഹട്സ്ലർ ദിവസേനയുള്ള ട്രാഫിക് ബ്ലോക്കുകളിൽ നിന്ന് രക്ഷപ്പെടാൻ കണ്ടെത്തിയ വിചിത്രമായ യാത്രാമാർഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
എയർ ട്രാഫിക് കൺട്രോളറായ അദ്ദേഹം റോഡിലൂടെ വണ്ടി ഓടിച്ചു പോകുന്നതിന് പകരം ആകാശത്തുകൂടി 'പാരാമോട്ടറിലാണ്' ജോലിക്ക് പോകുന്നത്. സ്വന്തം വീടിന് മുന്നിലെ ഒഴിഞ്ഞ സ്ഥലത്തുനിന്നും പാരാമോട്ടർ വിരിപ്പും പ്രൊപ്പല്ലർ ബാക്ക്പാക്കും ഘടിപ്പിച്ച് ആകാശത്തേക്ക് ഉയരുന്ന ജേക്കബ്, വെറും 20 മിനിറ്റിനുള്ളിൽ തന്റെ ജോലിസ്ഥലമായ എയർപോർട്ടിൽ എത്തിച്ചേരുന്നു.
എയർപോർട്ട് പരിധിയിലേക്ക് കടക്കുന്നതിന് മുൻപ് എയർ ട്രാഫിക് കൺട്രോൾ ടവറുമായി കൃത്യമായ ആശയവിനിമയം നടത്താനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. പാരജെറ്റ് മാവെറിക് മോട്ടോറും ഓസോൺ സിറോക്കോ 3 വിങ്ങും ഉപയോഗിച്ചാണ് ഈ ആകാശയാത്ര.
കുട്ടിക്കാലം മുതൽക്കുണ്ടായിരുന്ന ആകാശത്തോടുള്ള കമ്പവും, പിന്നീട് ഒരു യൂട്യൂബർ പാരാമോട്ടറിൽ പറന്ന് ഭക്ഷണം വാങ്ങുന്നത് കണ്ടതുമാണ് തന്നെ ഈ സാഹസിക യാത്രയ്ക്ക് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങൾക്ക് താഴെ നിരവധി പേരാണ് രസകരമായ അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
പെട്രോൾ വില വർധനവ് കാരണം നാളെ എല്ലാവരും ഈ വഴി തന്നെ സ്വീകരിക്കുമെന്നും, ജോലിക്ക് വൈകിയാൽ ആകാശത്ത് പക്ഷികൾ തടസമായി നിന്നു എന്ന് കാരണം പറയേണ്ടി വരുമെന്നും തുടങ്ങി ഒട്ടനവധി തമാശകളും ആളുകൾ പങ്കുവെക്കുന്നുണ്ട്. റൺവേയുടെ ആവശ്യമില്ലാതെ, ട്രാഫിക് കുരുക്കുകളില്ലാതെ ആകാശത്തിലൂടെയുള്ള ഈ യാത്ര കണ്ട് അത്ഭുതപ്പെടുകയാണ് ഇന്റർനെറ്റ് ലോകം.
Tags : ViralNews TrendingNow UnusualCommute Colorado CommuteGoals