National
ന്യൂഡല്‍ഹി: നടന് വിജയ്യുടെ പുതിയ ചിത്രമായ ജനനായകന്റെ റിലീസ് വൈകിപ്പിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും. തമിഴ് സിനിമയെ അടിച്ചമര്‍ത്തുന്നതിലൂടെ തമിഴ് സംസ്കാരത്തെയും അഭിമാനത്തെയും അപമാനിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പുറത്തിറങ്ങുന്ന പ്രധാന ചിത്രമായ 'ജനനായകന്' ജനുവരി ഒന്‍പതിന് റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയത് റിലീസിനെ ബാധിച്ചു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 2017-ല്‍ വിജയ് ചിത്രം 'മെര്‍സലി'നെതിരെ ബിജെപി രംഗത്ത് വന്നപ്പോഴും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. തമിഴ് സിനിമയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് തമിഴ് ജനതയോടുള്ള വെല്ലുവിളിയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. കോണ്‍ഗ്രസ് എംപിമാരായ ജ്യോതിമണി, മാണിക്കം ടാഗോര്‍ തുടങ്ങിയവരും ഇതിനെ അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നാണ് വിശേഷിപ്പിച്ചത്.
എന്നാല്‍ ഇത് നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണെന്നും രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്നുമാണ് ബിജെപിയുടെ നിലപാട്.
തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വിജയിയുടെ പാര്‍ട്ടിയായ ടിവികെ ജനപിന്തുണ നേടുന്ന സാഹചര്യത്തിലാണ് ഈ വിവാദവും ശക്തമാകുന്നത്. തിരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി തമിഴ്നാട്ടിലെ കരൂരില്‍ വിജയ് പങ്കെടുത്ത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. ഈ വിഷയത്തിലാണ് വിജയ് കഴിഞ്ഞ ദിവസം ഡല്‍ഹി സിബിഐ ആസ്ഥാനത്ത് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനായത്.
Movies
വിജയ് നായകനാകുന്ന ജനനായകൻ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ എങ്ങനെയാണ് ചിത്രം പ്രതിസന്ധിയിലായതെന്ന് വെളിപ്പെടുത്തി നിർമാതാവ് വെങ്കട്ട് കെ. നാരായണ.
സെൻസർ ബോർഡുമായുള്ള അപ്രതീക്ഷിത നിയമതർക്കം മൂലം ചിത്രത്തിന്റെറിലീസ് വൈകുന്ന സാഹചര്യത്തിലാണ് വെങ്കട്ടിന്റെ വിശദ്ദീകരണം.
കെവിഎൻ പ്രൊഡക്ഷൻസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ഞങ്ങളുടെ ജനനായകൻ എന്ന സിനിമയ്ക്കായി വലിയ സ്നേഹത്തോടും ആകാംക്ഷയോടും കൂടി കാത്തിരിക്കുന്ന എല്ലാവരോടും ഞങ്ങൾ ഹൃദയപൂർവം നന്ദി പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങൾക്ക് ലഭിക്കുന്ന എണ്ണമറ്റ സന്ദേശങ്ങളും കോളുകളും ഈ സിനിമയെ നിങ്ങൾ എത്രത്തോളം സ്നേഹിക്കുന്നു എന്ന് ഞങ്ങളെ ഓർമ്മിപ്പിക്കുന്നു.
ഈ വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ ചില പരിമിതികളുണ്ട്, എങ്കിലും ഏതാനും വസ്തുതകൾ നിങ്ങളുടെ മുന്നിൽ വയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
2025 ഡിസംബർ 18-ന് ഞങ്ങൾ സിനിമ സെൻസർ ബോർഡിന് സമർപ്പിച്ചു. ഡിസംബർ 22-ന് സിനിമ കണ്ട എക്സാമിനിംഗ് കമ്മിറ്റി, ചില മാറ്റങ്ങളോടെ യു എ 16+ സർട്ടിഫിക്കറ്റ് നൽകാമെന്ന് ഞങ്ങളെ ഇമെയിൽ വഴി അറിയിച്ചു. അവർ നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തി ഞങ്ങൾ സിനിമ വീണ്ടും സമർപ്പിച്ചു. എന്നാൽ റിലീസ് നിശ്ചയിച്ചിരുന്ന തീയതി അറിയാമായിരുന്നിട്ടും ജനുവരി അഞ്ചിന് വൈകുന്നേരം, ഒരു പരാതിയുടെ അടിസ്ഥാനത്തിൽ സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതായി ഞങ്ങളെ അറിയിച്ചു.
ഇത് ചോദ്യം ചെയ്തുകൊണ്ട് ഞങ്ങൾ ഹൈക്കോടതിയെ സമീപിക്കുകയും ജനുവരി ആറ്, ഏഴ് തീയതികളിൽ വാദം കേട്ട കോടതി യു എ 16+ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ സെൻസർ ബോർഡ് ഈ തീരുമാനത്തെ ഉടൻ തന്നെ ചോദ്യം ചെയ്യുകയും ഇപ്പോൾ ആ ഉത്തരവിന് സ്റ്റേ നിലനിൽക്കുകയുമാണ്. ഞങ്ങളോടൊപ്പം നിന്ന പ്രേക്ഷകർക്കും വിതരണക്കാർക്കും തിയേറ്റർ ഉടമകൾക്കും ഉണ്ടായ പ്രയാസത്തിൽ ഞങ്ങൾ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു.
ദളപതി വിജയ് സർ പതിറ്റാണ്ടുകളായി നേടിയെടുത്ത സ്നേഹത്തിന് അർഹമായ ഒരു യാത്രയയപ്പ് അദ്ദേഹത്തിന് ലഭിക്കണമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്, എത്രയും വേഗം സിനിമ നിങ്ങളുടെ മുന്നിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വെങ്കട്ട് കെ. നാരായണ വീഡിയോയിൽ പറഞ്ഞു.
Movies
ആരാധകർ ആകാംഷയോടെ കാത്തിരുന്ന വിജയ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാൻ കോടതി നിർദേശം.
ഇതോടെ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടാനാണ് സാധ്യത. ചിത്രം ഇന്നാണ് റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് നീട്ടുകയായിരുന്നു.
സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് വൈകിപ്പിക്കുന്ന സെൻസർ ബോർഡ് നടപടിക്കെതിരെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
നേരത്തെ, കേസ് പരിഗണിക്കവെ സെൻസർ ബോർഡിന്റെ നടപടികളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സർട്ടിഫിക്കറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയശേഷം ചിത്രം പെട്ടന്ന് റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത് എന്തിനാണെന്ന് ഹർജി പരിഗണിച്ച ജസ്റ്റീസ് പി.ടി.ആശ ചോദിച്ചു.
കമ്മിറ്റിയിലെ അംഗം തന്നെ പരാതിക്കാരനാകുന്നത് ശരിയായ പ്രവണതയല്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് എപ്പോൾ വേണമെങ്കിലും ചെയർമാന് ഇടപെടാൻ അധികാരം ഉണ്ടെന്നാണ് സിബിഎഫ്സി നിലപാട് സ്വീകരിച്ചത്.
Movies
പ്രേക്ഷക ലക്ഷങ്ങളെ ആവേശം കൊള്ളിച്ച് പൊങ്കൽ ആഘോഷമാക്കാൻ ഇത്തവണ തീയറ്ററുകളിലെത്തുന്നത് രണ്ട് ബിഗ്ബജറ്റ് ചിത്രങ്ങൾ.
ഇളയദളപതി വിജയ് നായകനാകുന്ന ജനനായകനും പ്രഭാസിന്റെ ദ് രാജാ സാബും ആണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങൾ. വിജയ്യുടെ കരിയറിലെ അവസാന ചിത്രമാണ് ജനനായകൻ.
ജനനായകൻ
വിജയ്യുടെ ജനനായകനെ സ്വീകരിക്കാൻ തമിഴ്മക്കൾ ഒരുങ്ങിക്കഴിഞ്ഞു. രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച വിജയ്യുടെ അവസാനചിത്രമായിരിക്കും ജനനായകൻ.
ചിത്രത്തിന്റെ ട്രെയിലർ സൂപ്പർ ഹിറ്റാകുകയും വൻ ചർച്ചയ്ക്കു വഴിയൊരുക്കുകയും ചെയ്തു. ദളപതി വെട്രി കൊണ്ടൻ ഐപിഎസ് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് വിജയ് വെള്ളിത്തിരയിലെത്തുന്നത്.
എച്ച്. വിനോദിന്റെ സംവിധാനത്തിലൊരുങ്ങിയ പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയിൽ പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വസുദേവ് മേനോൻ തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്.
കേരളത്തിൽ പുലർച്ചെ ആറിന് ആദ്യ ഷോ ആരംഭിക്കും. തമിഴ്നാട്ടിൽ രാവിലെ ഒൻപതിനാണ് പ്രദർശനം ആരംഭിക്കുക.