വിജയ് നായകനായ ജനനായകൻ സിനിമ ലീക്കായതിന് പിന്നാലെ ചിത്രത്തിന്റെ ഏതെങ്കിലും ഭാഗങ്ങൾ ഡൗൺലോഡ് ചെയ്തോ ഫോർവേഡ് ചെയ്തോ പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്.
സിനിമയുടെ ക്ലിപ്പുകളോ മുഴുവൻ ഭാഗമോ ഡൗൺലോഡ് ചെയ്യുന്നതോ സൂക്ഷിക്കുന്നതോ മറ്റുള്ളവർക്ക് അയച്ചു കൊടുക്കുന്നതോ കുറ്റകരമാണെന്ന് കെ.വി.എൻ പ്രൊഡക്ഷൻസ് അറിയിച്ചു.
കുറ്റവാളികളെ കണ്ടെത്താൻ ഫോറൻസിക് അന്വേഷണം ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിയമലംഘകർക്കെതിരെ സിവിലായും ക്രിമിനലായും ഉള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും നിർമാണ കമ്പനി വ്യക്തമാക്കി.
‘‘ഞങ്ങൾ, കെ.വി.എൻ പ്രൊഡക്ഷൻസ് എൽ.എൽ.പി, ജന നായകൻ എന്ന സിനിമയുടെ നിർമാതാക്കളും പ്രത്യേക പകർപ്പവകാശ ഉടമകളുമാണ്.
മേൽപറഞ്ഞ സിനിമയിലെ ചില രംഗങ്ങളും ക്ലിപ്പുകളും, ചില സന്ദർഭങ്ങളിൽ സിനിമയുടെ ഭൂരിഭാഗവും തിരിച്ചറിയാത്ത വ്യക്തികൾ നിയമവിരുദ്ധമായി കൈവശപ്പെടുത്തി, പകർത്തി, പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഡിജിറ്റൽ പൈറസിയുടെ ഗൗരവമായ ഭീഷണിയാണ്.
വാട്ട്സ്ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്സ്, യൂട്യൂബ്, വെബ്സൈറ്റുകൾ, ടോറന്റുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും മാധ്യമങ്ങൾ വഴി ഈ ചോർന്ന ഉള്ളടക്കം ഡൗൺലോഡ് ചെയ്യുക, കാണുക, സംഭരിക്കുക, ഫോർവേഡ് ചെയ്യുക, പങ്കിടുക, അപ്ലോഡ് ചെയ്യുക അല്ലെങ്കിൽ പ്രചരിപ്പിക്കുക എന്നിവ ക്രിമിനൽ കുറ്റവും പകർപ്പവകാശ നിയമങ്ങളുടെ ലംഘനവുമാണ്.
ഓരോ ഡിജിറ്റൽ പ്രവർത്തനവും കണ്ടെത്താനാകുന്നതാണ്, കൂടാതെ ഉൾപ്പെട്ട വ്യക്തികൾക്കെതിരെ ഫോറൻസിക് അന്വേഷണങ്ങളും പരാതികളും ഉൾപ്പെടെയുള്ള ആവശ്യമായ അന്വേഷണങ്ങൾ ഞങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
പ്രചരണ ശൃംഖലയിലെ മറ്റെല്ലാവരെയും ഞങ്ങൾ സജീവമായി തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. കുറ്റവാളികൾക്കെതിരെയും അവരുമായി ബന്ധപ്പെട്ട എല്ലാവർക്കെതിരെയും യാതൊരൊഴിവുകഴിവുമില്ലാതെ കർശനമായ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതാണ്.
ഇത്തരം ചോർന്ന ഉള്ളടക്കവുമായി യാതൊരു തരത്തിലും സഹകരിക്കരുതെന്ന് പൊതുജനങ്ങൾക്ക് കർശനമായ മുന്നറിയിപ്പ് നൽകുന്നു. ഇതിൽ ഉൾപ്പെട്ടതായി കണ്ടെത്തുന്ന ഏതൊരാൾക്കും അവരുടെ സ്വന്തം ഉത്തരവാദിത്തത്തിൽ ഉടനടി നിയമനടപടി നേരിടേണ്ടി വരും.
നിങ്ങൾക്ക് ഇത്തരം ഉള്ളടക്കം ലഭിക്കുകയാണെങ്കിൽ, അത് തുറക്കുകയോ, സംഭരിക്കുകയോ, ഫോർവേഡ് ചെയ്യുകയോ ചെയ്യരുത്. ഉടനടി അത് ഡിലീറ്റ് ചെയ്യുക’’. കെവിഎൻ നിർമാതാക്കളുടെ പ്രസ്താവനയുടെ പൂർണരൂപം ഇങ്ങനെ.
Tags : KVN Productions vijay jananayagan