ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, അദ്ദേഹത്തിന്റെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജനനായകൻ' രണ്ടാഴ്ചയ്ക്കുള്ളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് വെങ്കട്ട് കെ. നാരായണ സ്ഥിരീകരിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രത്തിന്റെ സെൻസർ ബോർഡ് നടപടികൾ അവസാന ഘട്ടത്തിലാണെന്നും ഏകദേശം 14 ദിവസത്തിനുള്ളിൽ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്നും കെവിഎൻ പ്രൊഡക്ഷൻസ് സ്ഥാപകൻ വെങ്കട്ട് കെ. നാരായണ വ്യക്തമാക്കി.
വിജയ് വ്യക്തിപരമായി വളരെയധികം അച്ചടക്കമുള്ള വ്യക്തിയാണെന്നും, നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുന്ന സ്വഭാവക്കാരനാണെന്നും നിർമാതാവ് പുകഴ്ത്തി. തമിഴ്നാടിന്റെ പുതിയ 'ജനനായകൻ' ആയി അദ്ദേഹം മാറിക്കഴിഞ്ഞുവെന്നും പുതിയൊരു ഭരണയുഗം ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'തീരൻ അധികാരം ഒന്ന്', 'നേർകൊണ്ട പാർവൈ', 'തുണിവ്' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ എച്ച്. വിനോദ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്യുടെ രാഷ്ട്രീയ പ്രവേശനവുമായി ചേർന്നുനിൽക്കുന്ന പ്രമേയമാണ് ചിത്രത്തിന്റേതെന്നാണ് സൂചന.
ചിത്രത്തിന്റെ ചില ഭാഗങ്ങൾ ഓൺലൈനിൽ ചോർന്നത് നിർമാതാക്കൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഫ്രീലാൻസ് അസിസ്റ്റന്റ് എഡിറ്റർ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ തിരിച്ചടികൾക്ക് ശേഷം സിനിമ തിയേറ്ററുകളിൽ എത്തിക്കാനുള്ള ആവേശത്തിലാണ് അണിയറ പ്രവർത്തകർ.
വിജയ് പൂർണസമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപുള്ള അവസാന ചിത്രമായതിനാൽ 'ജനനായകൻ' വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പുതിയ ഇമേജ് സിനിമയുടെ വിജയത്തിന് വലിയ കരുത്താകുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.
Tags : Vijay Jananayagan Latest News