തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം നടുക്കിക്കൊണ്ടാണ് ദളപതി വിജയ് നായകനാകുന്ന 'ജനനായകൻ' ചിത്രത്തിന്‍റെ പ്രധാന രംഗങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിച്ചത്.
മാസങ്ങളായി സെൻസർ ബോർഡുമായുള്ള നിയമപോരാട്ടത്തെത്തുടർന്ന് റിലീസ് അനിശ്ചിതത്വത്തിലായ സിനിമയുടെ എച്ച്.ഡി ദൃശ്യങ്ങൾ പുറത്തുവന്നത് അണിയറപ്രവർത്തകർക്കും ആരാധകർക്കും വലിയ ആഘാതമായി.
സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ സൂപ്പർസ്റ്റാർ രജനീകാന്ത്, കുറ്റക്കാരെ കണ്ടെത്തി സർക്കാർ മാതൃകാപരമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. സിനിമാ സംഘടനകൾ ഇതിനെതിരെ ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്നും ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ ഇനി ആവർത്തിക്കരുതെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
രജനീകാന്തിനെ കൂടാതെ മെഗാസ്റ്റാർ ചിരഞ്ജീവി, സൂര്യ, കാർത്തി തുടങ്ങിയ മുൻനിര താരങ്ങളും വിജയ്‌ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
നൂറുകണക്കിന് ആളുകളുടെ സ്വപ്നവും കഠിനാധ്വാനവുമാണ് ഒരു സിനിമയെന്നും പൈറസിയെ പ്രോത്സാഹിപ്പിക്കുന്നത് സിനിമ എന്ന കലയോട് ചെയ്യുന്ന ക്രൂരതയാണെന്നും ചിരഞ്ജീവി കുറിച്ചു.
ഒരു സംഘം ആളുകളുടെ വർഷങ്ങളുടെ പ്രയത്നം വെറും നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതാക്കുന്നത് ക്ഷമിക്കാനാവാത്ത തെറ്റാണെന്നാണ് നടൻ സൂര്യ പ്രതികരിച്ചത്. ശിവകാർത്തികേയൻ, വിശാൽ, ജി.വി. പ്രകാശ്, ഖുശ്ബു സുന്ദർ തുടങ്ങി നിരവധി പ്രമുഖർ ഇതിനകം തന്നെ പൈറസിക്കെതിരെ തങ്ങളുടെ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു.
ചിത്രത്തിന്‍റെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് ഇതിനോടകം തന്നെ സൈബർ സെല്ലിൽ പരാതി നൽകുകയും ഫോറൻസിക് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന ഓരോ വ്യക്തിയുടെയും ഡിജിറ്റൽ വിവരങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശനമായ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് ഈ വാർത്ത വലിയ നിരാശയാണ് നൽകിയിരിക്കുന്നത്. എങ്കിലും പൈറസി ലിങ്കുകൾ പ്രചരിപ്പിക്കാതെയും റിപ്പോർട്ട് ചെയ്തും പ്രിയ താരത്തിന് കരുത്താവുകയാണ് ആരാധകർ.
Tags : JanaNayagan ThalapathyVijay Rajinikanth JanaNayaganLeak SayNoToPiracy