District News
നീലേശ്വരം: രാജാ റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ സമയപരിധി വീണ്ടും ആറുമാസത്തേക്ക് നീട്ടി. റോഡിന്റെ ഇരുവശങ്ങളിലും നിന്നായി ഏറ്റെടുക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള അധിക തുകയായി 15.85 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ചുകൊണ്ട് കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് ഉത്തരവിറങ്ങിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
നേരത്തേ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ സമയപരിധി കഴിഞ്ഞ ഏപ്രിൽ 10ന് അവസാനിച്ച സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ സമയപരിധി വീണ്ടും നീട്ടിയത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കിഫ്ബിക്കു കീഴിൽ 40.91 കോടി രൂപ വകയിരുത്തി സാമ്പത്തികാനുമതി നൽകിയിരുന്ന പദ്ധതിയുടെ അടങ്കൽ തുക കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 52.13 കോടി രൂപയായി ഉയർത്തിയിരുന്നു.
ഏറ്റെടുക്കുന്ന ഭൂമിയുടെ കൃത്യമായ രൂപരേഖയും നഷ്ടപരിഹാരത്തുകയും സംബന്ധിച്ച സംശയങ്ങളും തർക്കങ്ങളും അവസാനിച്ച സാഹചര്യത്തിൽ അടുത്ത ആറുമാസത്തിനകം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതോടെ റോഡ് നവീകരണ പ്രവൃത്തികൾ തുടങ്ങാനാകും.
രാജാറോഡ് വികസനത്തിന്റെ അനുബന്ധ പദ്ധതിയായ കച്ചേരിക്കടവ് പാലം നിർമാണപ്രവൃത്തികൾ ഇപ്പോൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഉൾനാടൻ ജലപാതയ്ക്കു കൂടി സഹായകമായ രീതിയിൽ വില്ലിന്റെ ആകൃതിയിൽ മുകളിലേക്കു വളഞ്ഞ ഗർഡറുകളോടു കൂടിയ മധ്യഭാഗത്തിന്റെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്.
മഴക്കാലം നേരത്തേ എത്തിയതോടെ പാലം നിർമാണത്തിനായി പുഴയുടെ മധ്യത്തിൽ നിർമിച്ച ബണ്ട് തുറന്നുകൊടുക്കേണ്ടിവരുമോയെന്ന സംശയമുയർന്നിട്ടുണ്ട്. അങ്ങനെയായാൽ പാലംപണി കുറച്ചുകൂടി നീണ്ടുപോകും. എങ്കിലും റോഡ് വികസനവും പാലത്തിന്റെ നിർമാണവും ഏതാണ്ട് ഒരേസമയത്ത് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദിവസേന വന്നുപോകുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഉപകരിക്കുന്ന നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ നിർമിക്കാനുള്ള സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചു.
16 വർഷത്തെ കാത്തിരിപ്പിനാണ് ഇതോടെ അന്ത്യമാകുന്നത്. വിമാനത്താവളത്തിനു സമീപത്തെ ആവണങ്കോട് റോഡരികിലാണ് റെയിൽവേ സ്റ്റേഷൻ വരുന്നത്. റെയിൽവേ ഗതി ശക്തി വിഭാഗം അങ്കമാലി സുവിധ എന്റർപ്രൈസസിനാണ് നിർമാണ കരാർ . ആദ്യഘട്ടം ഒന്‍പത് മാസത്തിനകം പൂർത്തിയാക്കാനാണ് പദ്ധതി. ഇതിനു പത്തുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്ലാറ്റ്ഫോം നിർമിക്കേണ്ട ഭാഗം മണ്ണിട്ട് നിരപ്പാക്കിത്തുടങ്ങി. 600 മീറ്റർ വീതം നീളമുള്ള രണ്ട് പ്ലാറ്റ്ഫോമുകളാണ് ഉണ്ടാക്കുന്നത്. സ്റ്റേഷൻ ഓഫീസ് കെട്ടിടം, ഫൂട്ട് ഓവർ ബ്രിഡ്ജ്, പാർക്കിംഗ് സൗകര്യം, യാത്രക്കാർക്ക് ശീതീകരിച്ച വിശ്രമമുറി എന്നിവ ഉണ്ടാകും.
വിമാനത്താവള വികസനത്തിന്റെ ഭാഗമായി നേരത്തെ തയാറാക്കിയിട്ടുള്ള ജലപാതയും മെട്രോ റെയിലും യാഥാർഥ്യമായാൽ നെടുമ്പാശേരിയിൽ വ്യോമ-റെയിൽ -റോഡ് -ജലഗതാഗത സംവിധാനങ്ങൾ ഉണ്ടാകുമെന്നത് അപൂർവമായ വികസനത്തിന് വഴിതെളിക്കും.
2010ൽ റെയിൽവേ സഹമന്ത്രിയായിരുന്ന ഇ. അഹമ്മദ് നെടുമ്പാശേരി റെയിൽവേ സ്റ്റേഷന് തറക്കല്ലിട്ടിരുന്നു. തുടർനടപടികൾ വിവിധ കാരണങ്ങളാൽ തടസപ്പെട്ടു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇടപെട്ടാണ് പഴയ ഫയലുകൾ പുറത്തെടുത്തത്. കഴിഞ്ഞ നവംബറിൽ റെയിൽവേ ചീഫ് പ്രോജക്ട് മാനേജർ കർണന്റെ നേതൃത്വത്തിൽ വീണ്ടും ഇവിടെ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഇതേത്തുടർന്നാണ് ഏതാനും ദിവസങ്ങൾക്ക് മുന്‍പ് നിർമാണ ജോലികൾ സംബന്ധിച്ച പ്രാരംഭ നടപടികൾ വീണ്ടും സജീവമായത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നുപോകുന്ന ദീർഘദൂര-സമീപ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടുന്നതാണ് ഈ റെയിൽവേ സ്റ്റേഷൻ. റെയിൽവേ സ്റ്റേഷന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകൊടുക്കാമെന്ന് അന്നുതന്നെ വിമാനത്താവള അധികൃതർ ഉറപ്പു നൽകിയിരുന്നു.
അതോടൊപ്പം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്കും വിമാനത്താവളത്തിൽനിന്നു റെയിൽവേ സ്റ്റേഷനിൽ പോകുന്ന യാത്രക്കാർക്കും സൗജന്യമായി യാത്രാസൗകര്യം ഒരുക്കാനും സിയാൽ സന്നദ്ധത അറിയിച്ചിരുന്നു.16 വർഷങ്ങളായി ഇത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. വന്ദേഭാരത്, രാജധാനി പ്രീമിയം ട്രെയിനുകൾക്കും ഐആർസിടിസി ടൂറിസ്റ്റ് പാക്കേജ് ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുമെന്ന പ്രതീക്ഷ ഏറെ ഗുണകരമാകും.
Kerala
കൊച്ചി: ശബരി റെയിൽപാതയ്ക്കായി ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ 1900 കോടി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ആകെ പദ്ധതി ചെലവായ 3,800 കോടി രൂപയുടെ 50 ശതമാനം സംസ്ഥാനം വഹിക്കാമെന്ന മുൻ തീരുമാനത്തിന്റെ വെളിച്ചത്തിലാണ് തുക അനുവദിച്ചത്. കിഫ്ബി പിന്തുണയോടെയാകും തുക ലഭ്യമാക്കുക.
പദ്ധതിക്കായി നിർദിഷ്ട അലൈൻമെന്റ് അനുസരിച്ച് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ ഭൂമി ഏറ്റെടുക്കാനുള്ള ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾ പുനരാരംഭിക്കാൻ അതതു ജില്ലാ കളക്ടർമാർക്കും റവന്യൂ വകുപ്പിനും നിർദേശം നൽകി.
എറണാകുളം ജില്ലയിൽ ആലുവ, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി 152.05 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കോട്ടയം ജില്ലയിൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 119.89 ഹെക്ടറും, ഇടുക്കിയിലെ തൊടുപുഴ താലൂക്കിൽ 33.77 ഹെക്ടറും ഏറ്റെടുക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കലിനുള്ള വിജ്ഞാപനവും തുടർനടപടികളും വേഗത്തിലാക്കാൻ റവന്യു അധികൃതർക്കു നിർദേശം നൽകിയതായും സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.
അങ്കമാലി മുതൽ എരുമേലിവരെ നിർമിക്കുന്ന ശബരി പാതയുടെ ആകെ ദൂരം 111 കിലോമീറ്ററാണ്. 1997ലെ കേന്ദ്ര റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിൽ ഇതുവരെ നിർമിച്ചത് അങ്കമാലി മുതൽ കാലടി വരെ റെയിൽപാതയും കാലടി റെയിൽവേ സ്റ്റേഷനും പെരിയാറിനു കുറുകെയുള്ള പാലവുമാണ്. പാതയ്ക്കായി വർഷങ്ങൾക്കു മുമ്പ് സർവേ നടത്തി അടയാളങ്ങൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലെ ഭൂവുടമകൾ പദ്ധതി ഇഴഞ്ഞുനീങ്ങുന്നതിൽ ആശങ്കയിലായിരുന്നു.
പദ്ധതിച്ചെലവ് വഹിക്കുന്നതിൽ കേന്ദ്രവും സംസ്ഥാനവും തമ്മിലുണ്ടായിരുന്ന തർക്കമാണ് പാത നിർമാണ നടപടികൾ നീണ്ടുപോകാൻ കാരണം. ചെലവിൽ പകുതി വഹിക്കാൻ സംസ്ഥാനം സന്നദ്ധതയറിയിച്ചതോടെ ഇനി കാര്യങ്ങൾ വേഗത്തിലാകുമെന്നാണ് ഭൂവുടമകളുടെയും മറ്റുള്ളവരുടെയും പ്രതീക്ഷ.
Kerala
കൊച്ചി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ പുറപ്പെടുവിച്ച വിജ്ഞാപനം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതിനെതിരേ സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി.
എരുമേലി മണിമല വില്ലേജിലെ ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഉള്‍പ്പെടുന്ന 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ഏപ്രിലില്‍ പുറപ്പെടുവിച്ച വിജ്ഞാപനമാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.
അപ്പീല്‍ പരിഗണിച്ച ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസിന് ഉത്തരവിട്ടു.
തല്‍സ്ഥിതി തുടരാനും നിര്‍ദേശിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നുണ്ടെന്ന് ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥരായ അയന ചാരിറ്റബിള്‍ ട്രസ്റ്റും കോടതിയെ അറിയിച്ചു.
Kerala
തിരുവനന്തപുരം: ശബരി റെയിൽപാതയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം. റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദു റഹ്മാൻ വിളിച്ച ജില്ലാ കളക്ടർമാരുടെയും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ചു നിർദേശം നൽകിയത്.
ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങുന്നതിനായി ലാൻഡ് അക്വിസിഷൻ യൂണിറ്റുകൾ വീണ്ടും തുറക്കും. റവന്യു ഉദ്യോഗസ്ഥരെ പുനർവിന്യസിക്കാൻ റവന്യു മന്ത്രിയോട് അഭ്യർഥിക്കും.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കണമെന്നും ഉത്തരവിറക്കാതെ ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങാൻ കഴിയില്ലെന്നു ജില്ലാ കളക്ടർമാർ അറിയിച്ചു.
മന്ത്രിസഭായോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് ആവശ്യമായ ഉത്തരവുകൾ അടുത്ത ദിവസം ഇറക്കാൻ നടപടി സ്വീകരിക്കാമെന്നു മന്ത്രി മറുപടി നൽകി.