Kerala
തിരുവനന്തപുരം: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ റിപ്പോർട്ടർ കമ്പനിക്ക് കുരുക്ക് മുറുകുന്നു. നികുതിയും പലിശയും പിഴയും ഉൾപ്പെടെ 56.32 കോടി രൂപ അടയ്ക്കണമെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കി.
നികുതി ഇനത്തിൽ 25.78 കോടി രൂപയും, പലിശയായി 4.76 കോടി രൂപയും, നികുതി വെട്ടിപ്പിന് 100 ശതമാനം പിഴയായി 25.78 കോടി രൂപയുമാണ് ഈടാക്കുന്നത്. ബാധ്യത വ്യക്തമാക്കിക്കൊണ്ട് ആർബിസിക്ക് ഉടൻ നോട്ടീസ് നൽകാനാണ് ജിഎസ്ടി വകുപ്പിന്റെ നീക്കം.
സെപ്റ്റംബർ 21 വരെയുള്ള കണക്കിന്റെ അടിസ്ഥാനത്തിലാണ്പലിശയും പിഴയും നിർണയിച്ചിരിക്കുന്നത്. മെസിയുടെ പേരിലെ സാമ്പത്തിക ഇടപാടുകളിൽ നികുതി വിവരങ്ങൾ മറച്ചുവെച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നികുതി വിവരങ്ങൾ മറച്ചുവെച്ചതിന് പിഴ ചുമത്തണമെന്ന് പ്രത്യേക അന്വേഷണ സംഘം നേരത്തെ ശിപാർശ ചെയ്തിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് പിന്നാലെയാണ് റിപ്പോർട്ടർ കമ്പനിക്കെതിരെ ജിഎസ്ടി വകുപ്പ് നടപടിയിലേക്ക് കടക്കുന്നത്.
Kerala
കൊച്ചി: മെസിയുടെയും അർജന്റീനൻ ടീമിന്റെയും വരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം എടുത്തത് സർക്കാരാണെന്ന് ആന്റോ അഗസ്റ്റിന്റെ മൊഴി. എല്ലാ സർക്കാർ പദ്ധതിയാണ്. സ്പോൺസറാകാൻ തന്നെ ഇങ്ങോട്ട് സമീപിച്ചു. അർജന്റീന വരുമെന്ന് അറിയിച്ചതും സർക്കാരാണ്. തീരുമാനങ്ങളെല്ലാം എടുത്തത് സർക്കാരാണെന്നും ആന്റോ ജിഎസ്ടി വകുപ്പിന് നല്കിയ മൊഴിയിൽ പറയുന്നു.
അന്നത്തെ കായിക മന്ത്രി സ്പെയിനിൽ പോയി എഎഫ്എ പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചിരുന്നു. കേരളത്തിൽ വരാൻ അർജന്റീന സമ്മതിച്ചു എന്ന് പറഞ്ഞത് സർക്കാരാണെന്നും ആന്റോ മൊഴിയിൽ പറയുന്നു. ഓഗസ്റ്റ് മൂന്നിനാണ് ആന്റോ മൊഴി നൽകിയത്.
Kerala
കൊച്ചി: അര്ജന്റീന ടീമിന്റെ കേരള സന്ദര്ശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടില് സ്പോണ്സറായിരുന്ന റിപ്പോര്ട്ടര് ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ എസ്ഐടി രജിസ്റ്റര് ചെയത് കേസിന്റെ വിവരങ്ങള് തേടി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). എഫ്ഐആര് വിവരങ്ങളും റിപ്പോര്ട്ടര് ടിവിയുടെ കളമശേരിയിലെ ഓഫിസിലടക്കം കഴിഞ്ഞദിവസം അഞ്ചിടങ്ങളില് ഒരേസമയം നടന്ന പരിശോധനയുടെ വിശദാംശങ്ങളും ഇതില് പിടിച്ചെടുത്ത രേഖകളുടെ വിവരങ്ങളും ഇഡി തേടി.
കള്ളപ്പണ നിരോധന നിയമപ്രകാരം(പിഎംഎല്എ) നടപടിക്ക് ഒരുങ്ങുകയാണ് ഇഡി. പൊലിസോ മറ്റ് ഏജന്സികളോ എടുത്ത കേസിന്റെ തുടര്ച്ചയായി മാത്രമേ പിഎംഎല്എ കേസ് എടുക്കാന് സാധിക്കൂ എന്നതിനാലാണ് ഇഡി എഫ്ഐആര് വിവരങ്ങള് ശേഖരിച്ചത്.
കേസില് റിപ്പോര്ട്ടര് ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ഒന്നാം പ്രതിയും കമ്പനി രണ്ടാം പ്രതിയുമാണ്. സര്ക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിച്ചു, ക്രിമിനല് ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങള് ചുമത്തി വഞ്ചനാകുറ്റത്തിനാണ് എസ്ഐടി കേസ് രജിസ്റ്റര് ചെയ്തിട്ടുള്ളത്. കേസില് വരും ദിവസങ്ങളില് അറസ്റ്റ് ഉണ്ടായേക്കും.
മെസിയുടെ സന്ദര്ശനവുമായി ബന്ധപ്പെട്ട് കമ്പനി വിദേശ അക്കൗണ്ടിലേക്ക് 126 കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന് (ഫെമ) ഇഡി നേരത്തെ കേസ് എടുത്തിരുന്നു. പിഎംഎല്എ കേസ് രജിസ്റ്റര് ചെയ്യുന്നതോടെ ഇഡിയുടെ നീക്കം കൂടുതല് ശക്തമാകും. ഇതിനു മുന്നോടിയായി ഇഡി ഇന്റലിജന്സിന്റെ വിശദമായ പരിശോധന നടന്നു വരികയാണ്.
Sports
ന്യൂയോര്ക്ക്: മെസിയുടെ മികവിൽ കാംപിയോൺസ് കപ്പിൽ മുത്തമിട്ട് ഇന്റർമയാമി. മേജർ ലീഗ് സോക്കർ ജേതാക്കളും മെക്സിക്കൻ ലീഗ് എം എക്സ് ചാമ്പ്യന്മാരായ ക്രൂസ് അസുലും തമ്മിൽ ഏറ്റുമുട്ടിയ ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്റർ മയാമിയുടെ വിജയം.
മത്സരത്തിന്റെ 21-ാം മിനിറ്റിൽ ലൂയിസ് സുവാരസിന്റെ ക്രോസിൽ നിന്ന് തകർപ്പൻ ഹെഡ്ഡറിലൂടെ ഗോളടിച്ചുകൊണ്ടാണ് മെസി ഇന്റർ മിയാമിക്കായി തന്റെ നൂറാം ഗോൾ പൂർത്തിയാക്കിയത്. പിന്നീട് മത്സരത്തിന്റെ 81-ാം മിനിറ്റിൽ മെസിയുടെ അസിസ്റ്റിൽ നിന്ന് ബ്രസീലിയൻ താരം കാസിമെറോ ടീമിന്റെ രണ്ടാം ഗോളും നേടി വിജയം ഉറപ്പാക്കുകയായിരുന്നു.
ഇന്റർ മയാമിയുടെ പുതിയ പരിശീലകനായ ക്രിസ്റ്റ്യൻ ഗോണ്സാലസിന് കീഴിലുള്ള ആദ്യ കിരീടനേട്ടമാണിത്. കഴിഞ്ഞ വർഷത്തെ എംഎൽഎസ് കപ്പ് ജേതാക്കളും മെക്സിക്കോയുടെ കാംപിയോൺ ഡി കാംപിയോൺസ് ജേതാക്കളും തമ്മിലാണ് വാർഷിക കാംപിയോൺസ് കപ്പിൽ ഏറ്റുമുട്ടുന്നത്. എംഎൽഎസ് ക്ലബുകളുടെ ആതിഥേയത്വത്തിൽ നടക്കുന്ന ഈ ടൂർണമെന്റിന്റെ എട്ടാമത് പതിപ്പായിരുന്നു ഇത്.
Kerala
കൊച്ചി: ഫുട്ബോള് ഇതിഹാസം മെസിയെ കേരളത്തില് എത്തിക്കാമെന്ന പേരില് നടത്തിയ തട്ടിപ്പില് സംസ്ഥാന വ്യാപക പരിശോധനയുമായി എസ്ഐടി. കൊച്ചിയിലും വയനാട്ടിലുമായി അഞ്ചിടത്താണ് പരിശോധന. കൊച്ചിയില് ആന്റോ അഗസ്റ്റിന്റെ ഫ്ളാറ്റിലും റിപ്പോര്ട്ടര് ചാനലിന്റെ ഓഫിസിലും ഗോട്ട് ആഡ് കമ്പനിയുടെ ഓഫീസിലും പരിശോധന പുരോഗമിക്കുകയാണ്.
പുലര്ച്ചെ നാലോടെ എഡിജിപി പി. വിജയന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. കളമശേരിയിലെ റിപ്പോര്ട്ടര് ചാനല് ഓഫിസിലും റിപ്പോര്ട്ടര് ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമകളായ അഗസ്റ്റിന് സഹോദരന്മാരുടെ കൊച്ചിയിലെയും വയനാട്ടിലെയും വീടുകളിലുമാണ് ഒരേ സമയം വിശദമായ പരിശോധന. സാമ്പത്തിക ഇടപാടുകള്, മറ്റ് കത്തിടപാടുകള് എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം.
തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശേരി പൊലിസ് സ്റ്റേഷനില് ചൊവ്വാഴ്ചയാണ് റിപ്പോര്ട്ടര് ബ്രോഡ്കാസ്റ്റിംഗ് കമ്പനി, ആന്റോ അഗസ്റ്റിന് എന്നിവരെ പ്രതി ചേര്ത്ത് എഫ്ഐആര് രജിസ്റ്റര് ചെയ്തത്. ഇതിനു പിന്നാലെ കോടതിയില് നിന്ന് അനുമതി വാങ്ങിയ ശേഷം പരിശോധനയിലേക്ക് കടക്കുകയായിരുന്നു. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നീ വകുപ്പുകള് ചുമത്തിയാണ് കളമശേരി പൊലിസ് കേസ് എടുത്തിട്ടുള്ളത്.
കൊച്ചിയിലെ ഫ്ളാറ്റില് ആന്റോ അഗസ്റ്റിനെയും ജോസുകുട്ടി അഗസ്റ്റിനെയും ചോദ്യം ചെയ്യുകയാണ്. അന്വേഷണത്തില് ശേഖരിച്ച തെളിവുകള് വച്ചാണ് ചോദ്യം ചെയ്യല് പുരോഗമിക്കുന്നത്. സ്പോണ്സര്ഷിപ് വന്ന വഴി, സര്ക്കാര് അനുമതിക്ക് മുമ്പേ അര്ജന്റീനയുമായുള്ള കരാര് ഒപ്പിട്ടത്, കലൂര് സ്റ്റേഡിയം കരാര് ഇല്ലാതെ കൈവശം വച്ചത്, വിദേശത്തേക്ക് പണം അയച്ചതിന്റെ ഉറവിടം, പണം വന്ന വഴി, ഫെമ ചട്ടം ലംഘിച്ചുള്ള പണം കൈമാറ്റം എന്നിവ സംബന്ധിച്ചാണ് വിശദമായ ചോദ്യം ചെയ്യല്.
അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി റിപ്പോര്ട്ടര് ചാനലിന്റെ ന്യൂസ് ഡെസ്കിലെയും ഡിജിറ്റല് ഡെസ്കിലെയും മാധ്യമപ്രവര്ത്തകരുടെ മൊബൈല് ഫോണുകള് ഉള്പ്പെടെയുള്ളവ പരിശോധിച്ചതായും മാധ്യമപ്രവര്ത്തകരെ ബലമായി ഇറക്കിവിട്ടതായും ചാനല് അധികൃതര് അറിയിച്ചു. സംഭവത്തില് പത്രപ്രവര്ത്തക യൂണിയന് പ്രതിഷേധം അറിയിച്ചു.
Kerala
കൊച്ചി: മെസി വിവാദത്തില് സ്പോണ്സറെ തെരഞ്ഞെടുത്തത് എങ്ങനെയാണ് എന്നുള്ള കാര്യങ്ങള് പരിശോധിക്കണമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്. പത്തു ലക്ഷം മൂലധനം മാത്രമുള്ള സ്ഥാപനം എങ്ങനെയാണ് 200 കോടി രൂപ ചെലവ് വരുന്ന ഇവന്റിന്റെ സംഘാടകരായത്, എങ്ങനെയാണ് സ്പോണ്സറെ തെരഞ്ഞെടുത്തത് എന്ന കാര്യം അന്വേഷിക്കണമെന്ന് മന്ത്രി പറഞ്ഞു.
ആരോപിക്കപ്പെടുന്നവര് പറയുന്നത് ചാനല് സംവാദത്തിലൂടെ തെളിയിക്കും അല്ലെങ്കില് പത്രസമ്മേളനം നടത്തി തെളിയിക്കുന്നതാണ്. അന്വേഷണത്തിലൂടെ തെളിയിക്കുമെന്ന് ആരും പറയുന്നില്ല. കൂടുതല് കാര്യങ്ങള് പുറത്തു വരട്ടെ. നടപടിക്രമങ്ങളില് വീഴ്ച ഉണ്ടായി എന്നത് പ്രകടമായി ബോധ്യപ്പെടുന്ന കാര്യമാണ്.
സാമ്പത്തിക ക്രയവിക്രയം ഇതിന്റെ ഭാഗമായിട്ടുണ്ട്. പത്തു ലക്ഷം മാത്രം മൂലധനം ഉള്ള സ്ഥാപനം എങ്ങനെയാണ് 200 കോടി രൂപ ചെലവ് വരുന്ന ഇവന്റിന്റെ സംഘാടകരായത്? എങ്ങനെയാണ് സ്പോണ്സറെ തെരഞ്ഞെടുത്തത്, ഇങ്ങനെ കുറെ കാര്യങ്ങള് പരിശോധിക്കപ്പെടേണ്ടതാണ്. അതില് കൂടുതല് അന്വേഷണം നടക്കട്ടെ എന്ന് മന്ത്രി പറഞ്ഞു.
അതേസമയം, മുന് കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ആരോപണങ്ങളോടും മന്ത്രി പ്രതികരിച്ചു. മന്ത്രി കള്ളം പറയുന്നു എന്ന് അല്ലെ അബ്ദുറഹിമാന് പറയാന് സാധിക്കൂ. സത്യം തെളിയിക്കാനാണ് ഞാന് ശ്രമിക്കുന്നത്. അവര്ക്ക് അവരുടെ ഭാഗം പറയാന് ഇതല്ലാതെ മറ്റു മാര്ഗമൊന്നുമില്ല എന്നും മന്ത്രി വ്യക്തമാക്കി.
കായികമന്ത്രി തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് അബ്ദുറഹിമാന് തിരൂര് തലക്കാട് ലോക്കല് കമ്മിറ്റി യോഗത്തിനിടെ പറഞ്ഞത്. മന്ത്രിയുടെ കമ്പ്യൂട്ടറില് അടിച്ചാല് എസ്ഐടിക്ക് എല്ലാ രേഖകളും കിട്ടും. കായിക വകുപ്പ് സെക്രട്ടറി കൊടുത്ത റിപ്പോര്ട്ടില് സത്യസന്ധമായ ഒന്നുമില്ലെന്നും അബ്ദുറഹിമാന് പറഞ്ഞിരുന്നു.
Kerala
കൊച്ചി: അര്ജന്റീന ഫുട്ബോള് താരം ലയണല് മെസിയെയും സംഘത്തെയും കേരളത്തില് എത്തിക്കാമെന്ന പേരില് നടത്തിയ തട്ടിപ്പില് എസ്ഐടി പ്രാഥമിക അന്വേഷണത്തിന് കേസ് രജിസ്റ്റര് ചെയ്തു. കളമശേരി സ്റ്റേഷനിലാണ് എഫ്ഐആര് രജിസ്റ്റര് ചെയ്തത്.
എന്നാല് ആരെയും പ്രതി ചേര്ക്കാതെയാണ് എഫ്ഐആര് രജിസ്റ്റര് ചെയ്തിരിക്കുന്നത്. മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന വ്യാജേന നടന്ന വിവിധ നിയമലംഘനങ്ങളെക്കുറിച്ചും കോടികളുടെ സാമ്പത്തിക അപാകതകളെക്കുറിച്ചും സമഗ്രമായി അന്വേഷിക്കാനാണ് സര്ക്കാര് ഉത്തരവിട്ടിരുന്നത്.
വരുംദിവസങ്ങളില് കേസില് വ്യക്തമായ തെളിവുകള് ശേഖരിച്ച ശേഷം കൂടുതല് പ്രതികളെ കേസില് ഉള്പ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കളമശേരി സ്റ്റേഷനില് രജിസ്റ്റര് ചെയ്ത എഫ്ഐആറിനെ അടിസ്ഥാനമാക്കിയാകും കേസില് തുടര്നടപടികള് സ്വീകരിക്കുക.
Sports
പന്തുകളിക്കാൻ മിശിഹാ ഭൂമിയിലേക്കു പറഞ്ഞുവിട്ട റൊസാരിയോക്കാരൻ ലയണൽ ആന്ദ്രേ മെസിയുടെ ഒരു സ്വപ്നയാത്ര പൂർണമായിരിക്കുന്നു. അയാൾക്കുവേണ്ടി ഭൂമിയും കാലവും കാത്തുനിന്ന കാൽപ്പന്തിന്റെ കഥകൾ നാടോടിക്കഥകളായി ഫുട്ബോളിന്റെ ചരിത്രത്തിലുണ്ടാകും.
ഫുട്ബോളിൽ യൗവനം പടിയിറങ്ങിയകാലത്തും മെസി തന്റെ ഇടംകാൽകൊണ്ട് സൃഷ്ടിച്ചതെല്ലാം കാൽപ്പന്തിലെ സൗന്ദര്യപൂർണങ്ങളായ അധ്യായങ്ങളായിരുന്നു. അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിൽനിന്ന് അയാൾ പടിയിറങ്ങുന്പോഴും, ഇന്റർ മയാമിക്കുവേണ്ടി അടിച്ച നാലു ഗോളുകളുടെ മുഴക്കം അവസാനിച്ചിരുന്നില്ല.
ലോകകപ്പ് ഫുട്ബോളിലും നാമത് കണ്ടു. കേപ് വെർദെയ്ക്കെതിരേ, ഇംഗ്ലണ്ടിനെതിരേ മെസി സൃഷ്ടിച്ച പന്തിന്റെ മായികകാഴ്ചകളുടെ അലയൊലി ഇപ്പോഴും അവസാനിച്ചിട്ടില്ല.
ലയണൽ ആന്ദ്രേ മെസിയെക്കുറിച്ച് എഴുതുന്പോഴെല്ലാം തന്റെ വാക്കുകളുടെ അപര്യാപ്തതയെപ്പറ്റി കീർ റാഡ് നെഡ്ജ് എന്ന വിശ്രുത ഫുട്ബോൾ എഴുത്തുകാരൻ പരിതപിച്ചിട്ടുണ്ട്. ഫുട്ബോൾ മൈതാനത്തെ മെസിയുടെ നീക്കങ്ങളും ഗോളുകളുമെല്ലാം വാക്കുകൾകൊണ്ട് വിശദീകരിക്കാനാവാത്ത ഫുട്ബോൾ അനുഭവങ്ങളാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
അർജന്റീനയുടെ ഫുട്ബോൾ സാമ്രാജ്യത്തിൽ അനേകം പോരാളികളുണ്ടെങ്കിലും ചരിത്രത്തിന്റെ ഭാരവും അംഗീകാരവും ഒടുവിൽ വന്നുചേർന്നത് മെസിയിലാണ്. അതിൽ ആദ്യത്തെയാളായ ഡി സ്റ്റിഫാനോ അർജന്റീനയ്ക്കുവേണ്ടി വളരെ കുറച്ചു മത്സരങ്ങളിൽ മാത്രമാണ് ബൂട്ടു കെട്ടിയത്. രണ്ടാമൻ സാക്ഷാൽ ഡിയേഗോ അർമാന്റോ മാറഡോണ 1986ൽ തന്റെ രാജ്യത്തിനുവേണ്ടി കിരീടം നേടിക്കൊണ്ട് ചരിത്രം മാറ്റിയെഴുതി.
1986ൽ മാറഡോണ ഇംഗ്ലണ്ടിനെതിരേ ദൈവത്തിന്റെ കൈകൊണ്ടൊരു ഗോളും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ചൊരു ഗോളും നേടുന്പോൾ മെസി ജനിച്ചിരുന്നില്ല. പിന്നെയും ഒന്നര വർഷം കഴിഞ്ഞാണ് മെസി ഭൂമിയിലെത്തിയത്. പിന്നീട് 20 വർഷം തികഞ്ഞപ്പോൾ ഡിയേഗോയുടെ അതേ കുതിപ്പോടെ ഗെറ്റാഫെയ്ക്കെതിരേ ഒരു ഗോൾ നേടി ചരിത്രത്തിൽ ഇടംപിടിച്ചു. എസ്പാന്യോളിനെതിരേ കൈകൊണ്ടും ഗോളടിച്ച് മാറഡോണയെ വീണ്ടും ഓർമിപ്പിച്ചു. ചില കളിയെഴുത്തുകാർ അപ്പോൾ മെസിഡോണ എന്നു വിളിച്ചു. ഈ താരതമ്യം അതോടെ അവസാനിക്കുന്നു. മാറഡോണയല്ല മെസി. അവർ രണ്ടു കാലങ്ങളിൽ പിറന്നവരും രണ്ടു ശൈലിയിൽ കളിച്ചവരുമാണ്. എന്നാൽ, അവർ രണ്ടുപേരും ഫുട്ബോളിലെ സൃഷ്ടിപരതകൊണ്ട് കളിയുടെ രണ്ടുതരം സൗന്ദര്യലോകങ്ങൾ സൃഷ്ടിച്ചു.
മാറഡോണ ഒരു ബുൾഡോസർപോലെ ഇടിച്ചുകയറി കളിക്കും. എതിരാളികളെ ഫിസിക്കലായി മറികടക്കും. ഓട്ടത്തിന്റെ വേഗത്തിലും പന്തടക്കത്തിലും പോരാട്ടവീര്യത്തിലും അയാളൊരു പ്രതിഭാസമാണ്. ഒരു സൈനികജനറലിനെപ്പോലെ അയാൾ ടീമിനെ നയിക്കുകയും ചെയ്തു. എന്നാൽ, സ്ഥിതിവിവരക്കണക്കുകളിൽ മാറഡോണയേക്കാൾ മുന്നിലാണ് മെസി. മെസിയുടെ കളികളിലാണ് ലോകം സ്തോഭംനിറഞ്ഞ സൗന്ദര്യം കണ്ടത്.
മെസിയുടെ ഏറ്റവും വലിയ ശക്തി അയാളുടെ ശരീരമാണ്. മനസ് ഇച്ഛിക്കുന്നിടത്ത് അയാൾക്ക് ശരീരം കൊണ്ടുപോകാൻ കഴിയുന്നു. അത്യപൂർവമായ സർഗാത്മകശേഷികൂടി ഒത്തുചേരുന്പോൾ സെക്കൻഡുകൾക്കുള്ളിൽ അയാൾക്ക് പന്തുമായി കുതിക്കാൻ കഴിയുന്നു. ശരീരത്തിന്റെ ഈ ഫ്ളക്സിബിലിറ്റികൊണ്ട് അയാൾക്ക് എതിരാളികളെ വെട്ടിയൊഴിഞ്ഞ് മുന്നോട്ടു കുതിക്കാൻ കഴിയുന്നുണ്ട്. എങ്കിലും മെസിയും ഫുട്ബോളിൽ അതിമാനുഷൻ അല്ല. പലപ്പോഴും അയാൾക്ക് സ്വന്തം ടീമിനെ ഒറ്റയ്ക്കു ചുമലേറ്റേണ്ട നിമിഷങ്ങളുണ്ടായിട്ടുണ്ട്.
2006 മുതൽ മെസി അർജന്റീനയുടെ ലോകകപ്പ് പോരാട്ടങ്ങളിലുണ്ട്. 2010ൽ ഡിയേഗോ അർജന്റീനയുമായി ദക്ഷിണാഫ്രിക്കൻ ലോകകപ്പിലെത്തിയപ്പോൾ മെസിയായിരുന്നു വജ്രായുധം. പക്ഷേ, ജർമനിയുടെ കൈകളിൽ തോൽക്കാനായിരുന്നു വിധി. എന്നാൽ, 2014 മുതൽ ഓരോ ലോകകപ്പ് വേദിയിലും മെസിയായിരുന്നു അർജന്റീനയുടെ പ്രതീക്ഷകളുടെ മുഴുവൻ ഭാരവും പേറിയത്.
ഫൈനൽ കളിച്ചെങ്കിലും ബ്രസീലിലെ ലോകകപ്പ് മെസിക്ക് നിരാശ നല്കി. അതിനു പിന്നാലെ കോപ്പ അമേരിക്കയുടെ ഫൈനലിൽ അർജന്റീനയെ ചിലി 4-2ന് തകർത്തപ്പോൾ ആ പരാജയഭാരം താങ്ങാനാവാതെ താൻ കളംവിടുകയാണെന്ന് മെസി പ്രഖ്യാപിച്ചു. ഒടുവിൽ ലോകത്തിന്റെ പ്രാർഥനകളും അഭ്യർഥനകളും മെസി കേട്ടു. 2021ലെ കോപ്പ കിരീടം അർജന്റീനയ്ക്ക് നേടിക്കൊടുത്താണ് മെസി പരാജയത്തിന്റെ വഴികൾ അടച്ചുകളഞ്ഞത്. പിന്നാലെ ഒരു തവണകൂടി മെസി കോപ്പ അമേരിക്ക നാട്ടിലേക്ക് കൊണ്ടുവന്നു.
ഖത്തറിലെ 2022 ലോകകപ്പ് നേടിയില്ലായിരുന്നുവെങ്കിൽ മെസിയുടെ കളിജീവിതത്തിന്റെ പ്രകാശം കുറയുമായിരുന്നോ? ഇല്ല എന്നാണ് അതിന്റെ ഉത്തരം. ഷോക്കേസുകളിലെ കിരീടങ്ങൾകൊണ്ടല്ല നാം ഡിസ്റ്റിഫാനോയേയും ക്രൈഫിനേയും പുഷ്കാസിനേയും പെലെയേയും അളന്നത്.
പക്ഷേ, ഇന്നത്തെ ആരാധകർ അന്പതുകളിൽ ഫുട്ബോളിനെ ഹൃദയത്തിലേറ്റിയ മനുഷ്യരല്ല. ഇന്നത്തെ ഫുട്ബോൾ മനോരഥങ്ങൾ പുതിയതരം ആരാധന സൃഷ്ടിച്ചുകഴിഞ്ഞു. ഡിജിറ്റൽ യുഗത്തിൽ സൂക്ഷ്മമായ കണക്കുകളും വിശകലനങ്ങളും രാഷ്ട്രീയ ചായ്വുകളും സോഷ്യൽ മീഡിയയുടെ സ്വപ്നങ്ങളും ചേർന്ന് പ്രത്യേകതരം ഐക്കണ് നിർമാണത്തിൽ എത്തിനിൽക്കുന്നു. ഇനി ഈ കണക്കുകളിലും മെസി നിൽക്കുന്ന ലോകം മറ്റെല്ലാവരേക്കാളും ഒരുപിടി മുകളിലാണ്. അതുകൊണ്ടാവണം ഖത്തറിലെ ലോകകപ്പ് മറ്റൊരു സ്വപ്നസാക്ഷാത്കാരമായി അയാൾക്കു തോന്നിയത്.
ഏഴു ഗോളുകൾ, മൂന്ന് അസിസ്റ്റുകൾ, ഏഴു കളികൾ - മെസി ആ ലോകകപ്പ് മാറോടണച്ച് കിടന്നുറങ്ങി. 347 പാസുകൾ, അഞ്ച് ടാക്കിളുകൾ, 32 ഷോട്ടുകൾ, 18 ലക്ഷ്യവേധിയായ ഷോട്ടുകൾ, 21 കീപാസുകൾ, 34 ഡ്രിബ്ബിളുകൾ, 15 വിജയകരമായ ഡ്രിബ്ബിളുകൾ. ഇതെല്ലാം ഖത്തർ ലോകകപ്പിലെ മെസിയുടെ കണക്കുകൾ മാത്രമാണ്. പക്ഷേ മെസി നല്കിയ പന്തുകളിയുടെ ആനന്ദം അതിനേക്കാൾ നിരുപമമാകുന്നു.
മെസി നീന്തിത്തുടിച്ച പരാന നദിയുടെ തീരത്താണ് അയാളുടെ റൊസാരിയോ നഗരം. അത് ഏണസ്റ്റോ ചെഗുവേരയുടെ ജന്മനഗരംകൂടിയാണ്. "ചെ'യുടെ ജീവിതം വിപ്ലവത്തിനാണ് സമർപ്പിക്കപ്പെട്ടത്. അതേ റൊസാരിയോ മാറഡോണയുടെ ആദ്യത്തെ പ്രഫഷണൽ ക്ലബ്ബായ ന്യൂ വെൽ ഓൾഡ് ബോയ്സിന്റെ നഗരംകൂടിയാണ്.
ഡിയേഗോയ്ക്ക് ചെഗുവേര ദൈവതുല്യനായിരുന്നു. ആ ക്ലബ്ബിനു കരാർവച്ച ദിനം ഡിയേഗോ പോയത് ഉർക്വിസ് തെരുവിലെ ചെയുടെ ഭവനത്തിലേക്കാണ്. പിന്നീട് ഡിയേഗോ, തന്റെ ഹൃദയതാരത്തിന്റെ ചിത്രം പച്ചകുത്തി. ഡിയേഗോയിൽനിന്ന് തുടങ്ങിയ തുകൽപ്പന്തിന്റെ യാത്ര മെസിയിലാണ് പൂർണമായത്. തന്റെ മഹത്തായ ദൗത്യം പന്തുകളിയാണെന്ന് വിശ്വസിച്ച മെസി ഗോളുകൾ അടിച്ചുകൊണ്ട് മാത്രമല്ല തലക്കെട്ടുകൾ സൃഷ്ടിച്ചത്; 500 ഗ്രാം ഭാരമുള്ള പന്തിലൂടെ ചലനങ്ങളുടെ സാമ്രാജ്യം സൃഷ്ടിച്ചുകൊണ്ടാണ്. ഫുട്ബോളിലെ ഈ സിയോണ് സഞ്ചാരി, സൃഷ്ടിച്ചതിനെല്ലാം ഇന്നു സംഘർഷപൂർണമായ ലോകം ഹൃദയപൂർവം നന്ദി പറയുന്നു...
Editorial
ആ കണ്ണീർ ആദ്യത്തേതായിരുന്നില്ല; അവസാനത്തേതും. 2026 ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോൽവി ഏറ്റുവാങ്ങിയശേഷം ഇടുപ്പിൽ കൈകുത്തി, വികാരാധീനരായ സ്വന്തം ആരാധകർക്കു നേരേ നോക്കിനിൽക്കുന്ന ലയണൽ മെസിയുടെ ചിത്രം ഫുട്ബോൾ ചരിത്രത്തിൽ അനശ്വരമെന്നോണം ആലേഖനം ചെയ്യപ്പെട്ടുകഴിഞ്ഞതാണ്. അന്നു നമ്മളറിഞ്ഞില്ല, അർജന്റീനയുടെ ജഴ്സിയിൽ ഇതിഹാസതാരത്തിന്റെ അവസാനമത്സരമായിരുന്നു അതെന്ന്.
ടൂർണമെന്റിൽ അൾജീരിയയ്ക്കെതിരായ ആദ്യമത്സരത്തിൽ ഹാട്രിക് നേടിയപ്പോൾ അവിടെ സന്തോഷക്കണ്ണീരുണ്ടായിരുന്നു. ഫൈനലിലേക്കുള്ള നാടകീയമായ യാത്രയ്ക്കും ഈ രണ്ടു കണ്ണീരിനുമിടയിൽ തീവ്രദുഃഖത്തിന്റെ ഒരഗ്നിപർവതം നീറിപ്പുകയുന്നത് ആരുമറിഞ്ഞിരുന്നില്ല. പിതാവ് ഹൊർഹെയുടെ ആരോഗ്യപ്രശ്നങ്ങൾ മെസിയെ കടുത്ത മാനസിക സമ്മർദത്തിലാക്കിയിരുന്നുവെന്ന വസ്തുത ലോകം പിന്നീടു മാത്രമാണറിഞ്ഞത്. ഹൊർഹെ അന്തരിച്ചപ്പോൾ മെസി തകർന്നുപോയി. അന്നേ സൂചന തന്നതാണ്; അതിപ്പോൾ യാഥാർഥ്യമായി. രാജ്യാന്തര ഫുട്ബോളിൽ ഇനി മെസി മാജിക് ഇല്ല.
മെസിയുടെ പ്രായവും അവസാന ലോകകപ്പിൽ അനുഭവിച്ച മാനസികസംഘർഷവും കണക്കിലെടുക്കുമ്പോൾ ഈ തീരുമാനം അപ്രതീക്ഷിതമായിരുന്നില്ല. ലോകകപ്പിൽ ആറ് ടൂർണമെന്റുകളിലായി 34 മത്സരങ്ങൾ. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം. അർജന്റൈൻ ജഴ്സിയിൽ 207 മത്സരങ്ങളും 125 ഗോളുമെന്ന റിക്കാർഡോടെയാണ് നായകൻ വിരമിക്കുന്നത്. രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനും മറ്റാരുമല്ല. 2011ലാണ് അദ്ദേഹം ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്.
ദേശീയ ടീമിനുവേണ്ടി ആറ് കിരീടങ്ങൾ: 2022 ഫിഫ ലോകകപ്പ്, 2021ലും 2024ലും കോപ്പ അമേരിക്ക കിരീടങ്ങൾ, 2022ലെ ഫൈനലിസിമ, കൂടാതെ 2008ലെ ഒളിമ്പിക് സ്വർണമെഡലും 2005ലെ അണ്ടർ-20 ലോകകപ്പും. അർജന്റീനയ്ക്കുവേണ്ടി മെസി ആറ് ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്. മെസിയും പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാൾഡോയും മാത്രമാണ് ആറ് ഫിഫ ലോകകപ്പിൽ കളിച്ചത്. മൂന്ന് ലോകകപ്പ് ഫൈനലുകളിൽ കളിച്ച രണ്ടുപേരേയുള്ളൂ- മെസിയും ബ്രസീലിന്റെ കഫുവും. ഇതിനൊക്കെ പുറമെയാണ് ക്ലബ് തലത്തിലെ പകരംവയ്ക്കാനില്ലാത്ത വിജയങ്ങൾ.
പക്ഷേ, ദേശീയ ജഴ്സിയിൽ മെസി ഉരുകിയിട്ടുണ്ട്. 2014ലെ ലോകകപ്പ് ഫൈനലിൽ ജർമനിയോട് തോറ്റതും തൊട്ടുപിന്നാലെ 2015ലും 2016ലും കോപ്പ അമേരിക്ക ഫൈനലുകളിൽ തുടർച്ചയായി തോറ്റതും ഫുട്ബോൾ മന്ത്രം ഒളിപ്പിച്ച കാലുകൾക്ക് കനൽവഴികളായിരുന്നു.
2016ലെ കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിനു പിന്നാലെ മെസി രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. എന്നാലതിന് ഏതാനും മാസത്തെ ആയുസേ ഉണ്ടായുള്ളൂ. ആരാധകരുടെ സ്നേഹത്തിനു മുന്നിൽ അദ്ദേഹത്തിനു പിടിച്ചുനിൽക്കാനായില്ല. കൈയെത്താദൂരത്താണെന്ന് അന്നു കരുതിയ ആ വലിയ വിജയങ്ങളിലേക്ക് മെസി ഉയിർത്തെണീറ്റു.
പക്ഷേ, ഒന്നുണ്ട്; പ്രായം എത്രയായാലും കളിക്കളത്തിൽ മെസിയുടെ മികവിന് പോറലൊന്നുമേറ്റിട്ടില്ല. കഴിഞ്ഞ ലോകകപ്പിൽ മെസി കളിച്ചതുപോലൊരു കളി മുപ്പത്തൊന്പതാം വയസിൽ മറ്റാർക്കും സാധ്യമായിട്ടില്ലെന്നതും ഓർക്കണം. മയാമിയുമായി 2028 വരെയാണ് മെസിയുടെ കരാർ. എന്നാൽ, അതു പൂർത്തിയാക്കുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ക്ലബ്ബിന്റെ ജീവാത്മാവും പരമാത്മാവുമായതിനാൽ എപ്പോൾ വേണമെങ്കിലും കരിയർ അവസാനിപ്പിക്കാൻ അദ്ദേഹത്തിനാകും.
“എനിക്ക് മെസിയെ ഇഷ്ടമാണ്, കാരണം താൻ ‘മെസി’യാണെന്ന ബോധം അദ്ദേഹത്തിനില്ല.” ഇതു പറഞ്ഞത് വിഖ്യാത ഉറുഗ്വെ എഴുത്തുകാരൻ എഡ്വേർഡോ ഗലിയാനോ ആണ്. ഫുട്ബോളിലെ ആഡംബരങ്ങൾക്കും അഹങ്കാരങ്ങൾക്കും അപ്പുറമുള്ള മെസിയെയാണ് അദ്ദേഹം എടുത്തുകാണിച്ചത്. ഗലിയാനോ ഒന്നുകൂടി പറഞ്ഞു, “വെറുതെ പന്തു തട്ടുക എന്ന ലളിതമായ കാര്യത്തിലെ സന്തോഷം നഷ്ടപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ടാണ് മെസി ലോകത്തിലെ ഏറ്റവും മികച്ചവനാകുന്നതെന്ന് ഞാൻ കരുതുന്നു. തന്റെ അയൽപക്കത്തെ മൈതാനത്ത് കളിക്കുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് മെസി കളിക്കുന്നത്.” മെസിയെന്ന താരവും മെസിയെന്ന മനുഷ്യനുമെല്ലാം ഗലിയാനോയുടെ വാക്കുകളിൽ നിറയുന്നു.
ശരിയായ സമയത്തു മാത്രം പ്രത്യക്ഷപ്പെടുന്ന, മത്സരത്തിന്റെ അതിരുകളിൽ ഒളിച്ചിരുന്ന ഒരു മായാരൂപമായിരുന്നു മെസി. മാൻ-മാർക്കിംഗ് തന്ത്രത്തിലൂടെ ഈ മായാവിയെ പിടികൂടുക എളുപ്പമല്ല. പ്രായം കൂടുന്തോറും കളിക്കളത്തിലെ ‘അവസരവാദി’യായി മെസി മാറി. മൈതാനത്ത് വെറുതെ നടന്നുനീങ്ങുന്ന മെസിയെ കണ്ടാൽ ഗോളടിക്കുകയേ ഇല്ലെന്നു തോന്നും. എന്നാൽ, ഒരവസരത്തിന്റെ കാൽ ഭാഗം മതി, എതിർവല കിടുങ്ങിയിരിക്കും.
മെസി കളിക്കളത്തിൽ കാട്ടുന്ന മിനിമലിസം അദ്ഭുതപ്പെടുത്തുന്നതാണ്. തനിക്കു ചുറ്റുമുള്ള കളിയെ അദ്ദേഹം ഏറ്റവും ലളിതമായ രൂപത്തിലേക്കു മാറ്റിയെടുക്കുന്നു. കളിക്കളത്തിൽ അദ്ദേഹം ചെയ്യുന്ന ഓരോ കാര്യത്തിലും ഒരു പ്രത്യേക ചാരുതയുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ വിജയത്തിന്റെ യഥാർഥ അടിത്തറ തികച്ചും തണുപ്പനും കൃത്യതയുള്ളതുമായ കണക്കുകൂട്ടലുകളാണ്. എല്ലാ കളിക്കാരും പന്ത് കാലിനു പുറത്തുവച്ച് നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ, മെസിക്ക് പന്ത് കാലിനുള്ളിൽതന്നെയാണെന്ന് പറയുന്നവരുണ്ട്!
കാവ്യാത്മകമായ ഡ്രിബിളിംഗ്. അവിശ്വസനീയമായ ഗോൾവേട്ട. കോടിക്കണക്കിന് ആരാധകർ. കായികരംഗത്തെ പുനർനിർവചിച്ച ഇതിഹാസമാണ് മെസി. കാൽപ്പന്തുകളി നിലനിൽക്കുന്നിടത്തോളംകാലം ‘എക്കാലത്തെയും മികച്ച താരം’ (GOAT) എന്ന പേരിൽ അദ്ദേഹം ഓർമിക്കപ്പെടും.
നന്ദി മെസീ, നിങ്ങൾക്കുവേണ്ടി ഉയർത്തിയ ആരവങ്ങളും നിങ്ങൾക്കുവേണ്ടി വീഴ്ത്തിയ കണ്ണീരും വെറുതെയായില്ല. അത്രമാത്രം ആനന്ദമുഹൂർത്തങ്ങളാണ് ആ മാന്ത്രിക പദചലനങ്ങളിലൂടെ ഞങ്ങളനുഭവിച്ചത്. തോൽക്കുക എന്നത് പൊറുക്കാനാകാത്ത പാപമാകുന്ന ലോകത്ത് ഒരു കൊച്ചുകുട്ടിയുടെ ലാളിത്യത്തോടെ പന്തിനെ സ്നേഹിച്ച നിങ്ങളെ ഞങ്ങൾ ഹൃദയത്തിലേറ്റുന്നു.
Sports
ബ്യൂണസ് ഐറിസ്: ലോക ഫുട്ബോളിലെ ഇതിഹാസ താരം ലയണൽ മെസി അർജന്റീന ദേശീയ ടീമിൽ നിന്നുള്ള തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീനയ്ക്കുവേണ്ടി നീണ്ട 21 വർഷം ബുട്ടുക്കെട്ടിയ മെസി രാജ്യാന്തര ഫുട്ബോളിലെ എല്ലാ അത്ഭുതങ്ങളും സമ്മാനിച്ചാണ് 39-ാം വയസിൽ പടിയിറങ്ങുന്നത്.
2022 ഖത്തർ ലോകകപ്പിൽ രാജ്യത്തിനായി കിരീടം സമ്മാനിച്ചത് അദ്ദേഹത്തിന്റെ കരിയറിലെ തിളക്കമേറിയ ഏടാണ്. 2014ലും 2026ലും മെസിയുടെ തോളിലേറിയാണ് അർജന്റീന ലോകകപ്പ് ഫൈനലിലെത്തിയത്. കൂടാതെ 2008ൽ ഒളിമ്പിക്സ് സ്വർണം, 2021, 2024 കോപ്പ അമേരിക്ക കിരീടത്തിലും മെസി മുത്തമിട്ടു. 207 മത്സരങ്ങളിൽനിന്ന് 125 ഗോളുകളാണ് മെസിയുടെ കാലിൽനിന്നും പിറന്നത്.
അർജന്റീനക്കാരനായി ജനിപ്പിച്ചതിന് ദൈവത്തിന് നന്ദിയെന്നും മെസി പറഞ്ഞു. വിരമിക്കാൻ ആലോചിച്ചത് ലോകകപ്പ് ഫൈനൽ കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷമാണ്. പിതാവിന്റെ മരണത്തോടെ തീരുമാനം ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കിരീടങ്ങളുടെ നാളുകളിൽ അല്ല, അതിനുമുൻപും ടീമിനായി എല്ലാം നൽകി. ടീമിനായി ഇനിയും നൽകാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നം കണ്ട നിമിഷങ്ങൾ സമ്മാനിച്ച സന്തോഷത്തോടെ മതിയാക്കുന്നു. ടീമിനെ ഇനിയും പിന്തുണയ്ക്കും. മോശം സമയങ്ങളിൽ കൂടുതലായി ഒപ്പമുണ്ടാകും.
അവസ്മരണീയമായ എല്ലാ ഓർമകളെയും ഒപ്പം കൂടി മടങ്ങുന്നു. മുറിവേൽപ്പിക്കുന്ന തീരുമാനമാണെന്നും എന്നാൽ ഉചിതമായ സമയമാണ്. 20 വർഷത്തെ സ്നേഹത്തിന് നന്ദിയെന്നും മെസി കൂട്ടിച്ചേർത്തു.
രാജ്യത്തിനായി കളിച്ച മത്സരങ്ങളിലെല്ലാം മാന്ത്രിക പ്രകടനങ്ങൾ കാഴ്ചവച്ച മെസി, കോടിക്കണക്കിന് വരുന്ന ആരാധകരുടെ മനസ് കീഴടക്കിയാണ് അന്താരാഷ്ട്ര കരിയറിന് വിരാമമിടുന്നത്.
Kerala
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടത്തിയ തട്ടിപ്പിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുന്നു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ ശിപാർശ ചെയ്തു. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് കൈമാറി.
തുടക്കം മുതൽ നടന്ന മുഴുവൻ നടപടികളും അന്വേഷണ വിധേയമാക്കും. മുതിർന്ന പോലീസ് ഉദ്യോഗസ്ഥനാകും അന്വേഷണത്തിന് നേതൃത്വം നൽകുക. റിപ്പോർട്ടർ കമ്പനിയെ സ്പോൺസറായി തെരഞ്ഞെടുത്തതെങ്ങനെ, സ്വകാര്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട നീക്കങ്ങൾ നടന്നോ, സാമ്പത്തിക ഇടപാടുകളും ഫണ്ടിന്റെ സ്രോതസ് തുടങ്ങിയ അന്വേഷണ പരിധിയിൽ വരും.
മെസിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടത്തിയ വിദേശ സന്ദർശനം, കരാറുകൾ, വിവിധ സർക്കാർ രേഖകൾ, ബാങ്ക് ഇടപാടുകൾ എന്നിവയും പരിശോധിക്കും. അന്വേഷണ സംഘത്തിന് രേഖകളും സാമ്പത്തിക ഇടപാടുകളും ഉൾപ്പെടെ മുഴുവൻ വിവരങ്ങളും പരിശോധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും.
Sports
ഫ്ളോറിഡ: അമേരിക്കന് മേജര് ലീഗ് സോക്കര് ഫുട്ബോളില് ഇന്റര് മയാമിയുടെ അര്ജന്റൈന് താരമായ ലയണല് മെസിക്കു പിഴശിക്ഷ.
ഇന്റര് മയാമിയും ഫിലാഡല്ഫിയ യൂണിയനും തമ്മില് നടന്ന മത്സരത്തിനിടെ ലയണല് മെസി എതിര് താരത്തിന്റെ പിന്കഴുത്തില് അടിച്ചതിനാണ് ശിക്ഷ. എന്നാല്, പിഴ എത്ര തുകയാണെന്നതും വെളിപ്പെടുത്തിയിട്ടില്ല. മെസിക്കൊപ്പം ഇന്റര് മയാമി താരമായ ഇയാന് ഫ്രേയ്ക്കും പിഴയുണ്ട്.
മത്സരത്തിന്റെ രണ്ടാം പകുതിയില് ക്വിന് സള്ളിവനുമായി നടന്ന വാക്കേറ്റത്തിനിടെയാണ് മെസി അദ്ദേഹത്തിന്റെ പിന്കഴുത്തില് അടിച്ചത്.
മത്സരം 2-2 സമനിലയില് പിരിഞ്ഞു. ഇന്റര് മയാമിയുടെ രണ്ടാം ഗോള് നേടിയത് മെസിയായിരുന്നു. അച്ഛന് ഹൊര്ഹെ മെസിയുടെ നിര്യാണത്തിനുശേഷം ലയണല് മെസി ആദ്യമായി ഗോള് നേടിയ മത്സരമായിരുന്നു അത്.
Kerala
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിൽ ഫുട്ബോൾ മത്സരത്തിനായി കൊണ്ടുവരുമെന്നു പ്രഖ്യാപനം നടത്തുകയും ഒടുവിൽ സ്പോണ്സർ പിൻവലിയുകയും ചെയ്തത സംഭവത്തിൽ 100 കോടിയിലധികം മുടക്കിയ കരാറിലെ പണത്തിന്റെ സ്രോതസ് ഉൾപ്പെടെയുള്ളവ അന്വേഷിക്കും.
ഇത് സംബന്ധിച്ചുള്ള കായിക വകുപ്പിന്റെ റിപ്പോർട്ട് ഇപ്പോൾ മുഖ്യമന്ത്രിക്കു മുന്നിലാണ്. 136 കോടി രൂപ അർജന്റൈൻ ഫുട്ബോൾ ടീമിനു കൈമാറാൻ സമാഹരിച്ചത് എവിടെനിന്നാണെന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും.
കൂടാതെ, മുൻ സർക്കാരിന്റെ കാലത്ത് അർജന്റൈൻ ഫുട്ബോൾ അസോസിയേഷനുമായി സൗഹൃദമത്സരം നടത്തുന്നതു സംബന്ധിച്ചുള്ള കാര്യങ്ങൾ ഇ മെയിലിലൂടെ ചർച്ച നടത്തിയ സർക്കാർ സംവിധാനത്തിനു പുറത്തുള്ള പൊന്നാനി എംഇഎസ് കോളജിലെ പ്രഫസറായ അമീറ ഐഷാ ബീഗത്തിനെ നിയോഗിച്ചത് ആരുടെ താത്പര്യത്തിലാണെന്നതും പരിശോധിക്കും.
അബ്ദുറഹ്മാൻ കായികമന്ത്രിയായിരുന്നപ്പോൾ മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക ഇമെയിലുകൾ ഇവർക്കും അയച്ചതായും വ്യക്തമായി.
ആദ്യഘട്ടത്തിൽ എഎഫ്എയുമായി ആശയവിനിമയം നടത്തിയിരുന്നതും മെയിലുകൾ തയാറാക്കിയിരുന്നതു താനാണെന്നും ഇവർ സമ്മതിക്കുന്നുണ്ട്. സ്പോണ്സറെ തെരഞ്ഞെടുത്തതിലും വലിയ വീഴ്ചകൾ ഉണ്ടായതായി റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.
കായികമന്ത്രിയും ചീഫ് സെക്രട്ടറിയും നൽകിയ വാക്കാലുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ സ്പോണ്സറെ തെരഞ്ഞെടുത്ത്. ടെൻഡർ ക്ഷണിക്കൽ ഉൾപ്പെടെയുള്ള ഒരു കാര്യവും നടത്താതെയായിരുന്നു സ്പോണ്സർഷിപ്പ് നൽകിയത്.
Sports
ബുവേനോസ് ഐറിസ്: അര്ജന്റൈന് സൂപ്പര് ഫുട്ബോള് താരം ലയണല് മെസി അച്ഛന്റെ വിയോഗത്തെക്കുറിച്ച് വികാരനിര്ഭരമായ കുറിപ്പ് പങ്കുവച്ചതോടെ, സൂപ്പര് താരം വിരമിച്ചേക്കുമെന്ന അഭ്യൂഹമുയര്ന്നു. മെസിയുടെ പിതാവ് ഹൊര്ഹെ മെസി (68) ഈ മാസം എട്ടിനായിരുന്നു അന്തരിച്ചത്.
ഏറെ നാളായി അസുഖബാധിതനായിരുന്നു. അച്ഛന്റെ അഭാവത്തില് എത്രനാള് ഫുട്ബോളില് തുടരാന് സാധിക്കുമെന്നുള്ള ആശങ്കയും രണ്ടു പേജുള്ള കുറിപ്പില് മെസി പങ്കുവച്ചു. ഇതോടെ, വൈകാതെ മെസി ഫുട്ബോളിനോടു വിടപറഞ്ഞേക്കുമോ എന്ന ആശങ്ക ഉയര്ന്നു. അച്ഛന്റെ വിയോഗത്തിനുശേഷം മെസി നടത്തിയ ആദ്യ സോഷ്യല് മീഡിയ കുറിപ്പാണ്.
ഏകദേശം രണ്ട് ബില്യണ് ഡോളര് (19,000 കോടി രൂപ) വരുന്ന മെസിയുടെ ഫുട്ബോള് സാമ്രാജ്യത്തിന്റെ അധിപനായിരുന്നു ഹൊര്ഹെ. എല്ലാം അച്ഛനെ ഭരമേല്പ്പിച്ചായിരുന്നു മെസി മൈതാനത്തു കുതിച്ചത്. പതിമൂന്നാം വയസില് മെസിയെ എഫ്സി ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയില് എത്തിച്ചപ്പോള് ആദ്യമായി കരാര് ഒപ്പുവച്ചത് ഹൊര്ഹെയായിരുന്നു. അന്നുമുതല് ഇന്നുവരെ മെസിയുടെ മാനേജര്, ഏജന്റ് ആയിരുന്നു ഹൊര്ഹെ.
വിരമിക്കല് വക്കില്
അച്ഛന്റെ അഭാവത്തില് എത്രനാള് ഫുട്ബോളില് തുടരാന് സാധിക്കുമെന്നു പറഞ്ഞതിനപ്പുറം വിരമിക്കലിന്റെ മറ്റുചില സൂചനകളും മെസിയുടെ സോഷ്യല് മീഡിയ കുറിപ്പിലുണ്ടെന്നതും വാസ്തവം. കരിയറിന്റെ തുടക്കം മുതല് അച്ഛനായിരുന്നു ഒപ്പമുണ്ടായിരുന്നതെന്നും കുറച്ചുനാള്കൂടി പിടിച്ചുനിന്നിരുന്നെങ്കില് (രോഗത്തെ പ്രതിരോധിച്ച്) നമുക്ക് ഒന്നിച്ച് ഈ യാത്ര പൂര്ത്തിയാക്കാമായിരുന്നു എന്നും മെസി കുറിപ്പില് വ്യക്തമാക്കി. അതായത്, മെസി വൈകാതെ ഫുട്ബോളിനോട് വിടപറയാന് തീരുമാനിച്ചിരുന്നെന്ന സൂചനയാണ് ഇതിലൂടെ വെളിപ്പെടുന്നത്.
മെസിയെ ആദ്യമായി ഫുട്ബോളിലേക്കു കൈപിടിച്ചതും പിന്നീട് ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയില് എത്തിയപ്പോള് ഒന്നിച്ചുണ്ടായിരുന്നതും ഹൊര്ഹെ ആയിരുന്നു. ബാഴ്സയിലെ ഒറ്റമുറി ഫ്ളാറ്റിലായിരുന്നു അക്കാലത്ത് ഇരുവരും കഴിഞ്ഞത്. ഓരോ മത്സരത്തിനുശേഷവും ഹൊര്ഹെയുടെ വിലയിരുത്തല് മെസിക്കു നിര്ബന്ധമുള്ള കാര്യവുമായിരുന്നു.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനിടെ ഹൊർഹെ മെസിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഓർമയിൽ മെസി കണ്ണീർവാർത്തിരുന്നു. അൾജീരിയയ്ക്ക് എതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലെ ഹാട്രിക്കിനുശേഷമായിരുന്നു അത്. ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന ഗുരുതര രോഗമായിരുന്നു ഹൊർഹെ മെസിക്ക്.
റൊസാരിയോയില് സ്റ്റീല് ഫാക്ടറി ജീവനക്കാരനായിരുന്നു ഹൊർഹെ. തന്റെ അമ്മയുടെ നിർദേശം അനുസരിച്ചാണ് ഹൊർഹെ കുഞ്ഞു മെസിയെ ഫുട്ബോൾ പഠിപ്പിച്ചത്. താന് കളിച്ചുവളര്ന്ന ഗ്രാന്ഡോളി ഫുട്ബോള് ക്ലബ്ബില് ഹൊര്ഹെ കുഞ്ഞു ലിയോയെ എത്തിച്ചു.
Sports
ബ്യൂണസ് ഐറിസ്: ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി സൂചന നൽകി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി. പിതാവ് ഹോർഹെ മെസിയുടെ വേർപാടിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വൈകാരികമായ കുറിപ്പിലാണ് താരം തന്റെ കരിയർ ദീർഘകാലം തുടർന്നേക്കില്ലെന്ന സൂചന നൽകിയത്.
പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പിൽ, അദ്ദേഹമില്ലാതെ മുന്നോട്ടുപോകുക പ്രയാസകരമാണെന്നും അധികകാലം കളിക്കളത്തിൽ ഉണ്ടാകാനിടയില്ലെന്നും മെസി വ്യക്തമാക്കുന്നു. പിതാവ് വിടപറഞ്ഞതായി ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് താരം കൂട്ടിച്ചേർത്തു.
ഫൈനലിൽ വിജയിച്ച് പിതാവിന് ലോകകപ്പ് സമ്മാനിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നെങ്കിലും ശാരീരികമായി തളർന്നുപോയതിനാൽ അതിന് സാധിച്ചില്ലെന്ന് മെസി പറഞ്ഞു. തന്റെ കാലുകൾക്ക് ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നും പരമാവധി ശ്രമിച്ചിട്ടും അതിന് കഴിഞ്ഞില്ലെന്നും ഒരിക്കലും പൂർണ്ണമായ സുഖം തോന്നിയിരുന്നില്ലെന്നും അദ്ദേഹം കുറിപ്പിൽ കുറിച്ചു.
പിതാവില്ലാതെ എങ്ങനെ മുന്നോട്ട് പോകണമെന്ന് തനിക്കറിയില്ലെന്ന് മെസി പറയുന്നു. താൻ ഫുട്ബോൾ കളിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഇനി അത് അധികകാലം തുടരുമോ എന്നതിനെക്കുറിച്ച് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന പിതാവിനൊപ്പം ലക്ഷ്യത്തോട് വളരെ അടുത്തെത്തിയിരുന്നുവെന്നും, ഇത് ഒരുമിച്ച് അവസാനിപ്പിക്കാൻ കുറച്ചുകൂടി നേരം പിടിച്ചുനിൽക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും മെസി വേദനയോടെ ചോദിക്കുന്നു.
ലയണൽ മെസിയുടെ ഈ വൈകാരിക കുറിപ്പിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ അനാവശ്യമാണെന്നും ഇതിൽ യാതൊരുവിധ ക്രമക്കേടും നടന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാൻ നേരത്തെ തന്നെ കൃത്യമായി വിശദീകരിച്ചിട്ടുള്ളതാണെന്നും മെസി കേരളത്തിൽ വരണമെന്നത് കേരള ജനതയുടെ ആഗ്രഹമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിക്ക് സ്പെയിനിൽ പോകുന്നതിന് പ്രത്യേക കരാറിന്റെ ആവശ്യമില്ലെന്നും ഇത്തരമൊരു വിഷയത്തിൽ എന്ത് തരത്തിലുള്ള അന്വേഷണമാണ് നടത്തേണ്ടതെന്ന് വിവാദം ഉന്നയിക്കുന്നവർ വ്യക്തമാക്കണമെന്നും വിജയൻ ആവശ്യപ്പെട്ടു.
നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ചിലർക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണ്. ‘അപ്പോൾ ഇരിക്കട്ടെ തിരിച്ചും’ എന്ന നിലയിലുള്ള രാഷ്ട്രീയ ആലോചനകളാണ് ഇത്തരം വിവാദങ്ങൾക്ക് പിന്നിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
മെസിയുടെ വരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും താൻ നേരിട്ട് അറിയേണ്ടതില്ലെങ്കിലും, ഈ ഇടപാടുകളിൽ യാതൊരു വിധത്തിലുള്ള സാമ്പത്തിക ക്രമക്കേടോ അഴിമതിയോ ഉണ്ടായിട്ടില്ലെന്ന് തനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: അർജന്റീന ഫുട്ബോൾ ടീമിന്റെയും ലയണൽ മെസിയുടെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളിലും സാമ്പത്തിക ഇടപാടുകളിലും സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്.
വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ കായിക വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കൂടുതൽ അന്വേഷണത്തിനായി ഫയലുകൾ മുഖ്യമന്ത്രിക്കു കൈമാറിയതെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
മെസി കേരളത്തിലേക്ക് എത്തുന്നതിനെക്കുറിച്ച് താരത്തിനുതന്നെ അറിവുണ്ടായിരുന്നോ എന്നതു പ്രധാനപ്പെട്ട ചോദ്യമാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെയോ മറ്റ് അധികൃതരുടെയോ ഔദ്യോഗിക സ്ഥിരീകരണമോ അനുമതിയോ ഇല്ലാതെ ഇത്തരം വാഗ്ദാനങ്ങൾ നൽകിയതിൽ വലിയ ദുരൂഹതയുണ്ട്.
കള്ളപ്പണ ഇടപാടുകളോ സാമ്പത്തിക തട്ടിപ്പുകളോ നടന്നിട്ടുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെങ്കിലും ഇതിന്റെ ഗുണഭോക്താവ് ആരാണെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Sports
റൊസാരിയോ: അര്ജന്റീനിയന് ഫുട്ബോള് ഇതിഹാസം ലയണല് മെസിയുടെ പിതാവ് ഹോർഹെ മെസി (68) അന്തരിച്ചു. അർജന്റീനൻ സമയം രാത്രി പത്തിന് റൊസാരിയോയിലെ ഒരു ക്ലിനിക്കിലായിരുന്നു അന്ത്യമെന്ന് അധികൃതർ വ്യക്തമാക്കി. കുറച്ചുകാലമായി അസുഖ ബാധിതനായിരുന്നു.
മെസിയുടെ മാനേജർ കൂടിയായ ഹോർഹെ കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു. ലോകകപ്പ് സമയത്തും അദ്ദേഹത്തിന്റെ രോഗം മൂർച്ഛിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. മെസിയുടെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ കരുത്തായിരുന്നു ഹോർഹെ.
കുട്ടിക്കാലത്ത് വളർച്ചാ ഹോർമോൺ കുറവായതിനാൽ പ്രയാസപ്പെട്ട മെസിക്ക് കൃത്യമായ ചികിത്സ നൽകിയത് പിതാവായിരുന്നു. മെസി ന്യൂവൽസ് ഓൾഡ് ബോയ്സ് യൂത്ത് ടീമിൽ കളിക്കുന്ന സമയത്തായിരുന്നു ഇത്. പിന്നീട് 13-ാം വയസിൽ മെസിയെ ബാഴ്സലോണയിലെത്തിയപ്പോഴും കൂടെ പിതാവുണ്ടായിരുന്നു.
മെസിയുടെ ഔദ്യോഗിക ഏജന്റായും പ്രവർത്തിച്ചത് പിതാവായിരുന്നു. ബാഴ്സലോണ, പിഎസ്ജി, ഇന്റർ മയാമി ക്ലബുകളുമായുള്ള കരാറുകൾക്കും അദ്ദേഹം നേതൃത്വം നൽകി. കളിക്കളത്തിന് പുറത്ത് മെസിയുടെ വാണിജ്യ-പരസ്യ കരാറുകളും ഹോർഹെ മെസിയാണ് നിയന്ത്രിച്ചിരുന്നത്.
Sports
ബുവേനോസ് ഐറിസ്: 2028 കോപ്പ അമേരിക്ക ഫുട്ബോള് ടൂര്ണമെന്റ് കളിക്കാന് സൂപ്പര് താരം ലയണല് മെസിയെ സമ്മര്ദം ചെലുത്തില്ലെന്ന വെളിപ്പെടുത്തലുമായി അര്ജന്റൈന് ഫുട്ബോള് അസോസിയേഷന് പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ. 2026 ഫിഫ ലോകകപ്പിലാണ് മെസി അവസാനമായി ദേശീയ ജഴ്സി അണിഞ്ഞത്.
2028 കോപ്പ അമേരിക്കയില് കളിക്കണമോ എന്നത് തികച്ചും മെസിയുടെ വ്യക്തിഗത തീരുമാനമാണ്. 2022 ഫിഫ ലോകകപ്പിനുശേഷം മെസി 2026ല് കളിക്കുമോ എന്ന് ഞങ്ങള്ക്ക് വ്യക്തതയില്ലായിരുന്നു. ഒരുസമയം ഒരു മത്സരം എന്നതാണ് മെസിയുടെ നിലപാട്-ക്ലോഡിയോ ടാപ്പിയ വ്യക്തമാക്കി.
2016 കോപ്പ അമേരിക്ക ഫൈനല് തോല്വിക്കുശേഷം വിരമിക്കല് പ്രഖ്യാപിച്ച മെസി, പിന്നീട് 2021, 2024 കോപ്പ അമേരിക്ക ട്രോഫിയില് മുത്തമിട്ടു. 2022 ഫിഫ ലോകകപ്പും ഫൈനലിസിമയും അര്ജന്റീനയ്ക്കായി സ്വന്തമാക്കി.
2026 ലോകകപ്പ് ഫൈനലില് പരാജയപ്പെട്ട അര്ജന്റീനയുടെ മുന്നിലുള്ള അടുത്ത വമ്പന് ടൂര്ണമെന്റ് 2028 കോപ്പ അമേരിക്കയാണ്. 2028 കോപ്പ അമേരിക്കയുടെ ആതിഥേയരെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Sports
ന്യൂജഴ്സി: ഫിഫ 2026 ഫുട്ബോൾ ലോകകപ്പ്; ആവേശം, അഭിമാനം, നറുങ്ങിയ ഹൃദയവേദന, ചരിത്രനിമിഷങ്ങൾ സമ്മാനിച്ച് തിരശീല വീണു. തുടർച്ചയായ രണ്ടാം കിരീടമെന്ന സ്വപ്നം സഫലമാക്കാതെ ലയണൽ മെസി മടങ്ങി.
ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബപ്പെ എന്നിവരുടെ നിറകണ്ണുകളോടെയുള്ള മടക്കം കണ്ടു. എർലിൻ ഹാളണ്ടിന്റെ മിന്നും മികവ്, 19കാരൻ ലാമിൻ യമാൽ വരവറിയിച്ച ലോകകപ്പ്. കോബോ വെർദെ എന്ന അരങ്ങേറ്റ ടീമിന്റെ അഭിമാന പോരാട്ടം. സ്പെയിൻ കിരീടം ചൂടി. സീസണിലെ പോരാട്ടം സമ്മാനിച്ച കാഴ്ചകൾ ഏറെയാണ്...
നോവായി റോണാൾഡോ, എംബാപ്പെ
ആറാം ലോകകപ്പിനിറങ്ങി മികവ് പുലർത്തി ഒടുവിൽ റൗണ്ട് ഓഫ് 16ൽ സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി ഏറ്റുവാങ്ങി പോർച്ചുഗൽ മടങ്ങി. കാൽപ്പന്താവേശം ആവാഹിച്ച ആരാധകർ കണ്ടത് നിറകണ്ണുകളുമായി കളം വിടുന്ന നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡേയെ മാത്രമായിരുന്നു എന്നതാണ് വാസ്തവം. കിരീടമില്ലാത്ത പോരാളിയുടെ കണ്ണീർ ഒരിക്കൽകൂടി ഗ്രൗണ്ടിൽ വീണു.
എംബാപ്പെ കുതിപ്പ് സ്പെയിനിന് മുന്നിൽ അവസാനിച്ചു. സെമിഫൈനലിൽ ഒരു ഗോൾ പോലും കണ്ടെത്താൻ എംബാപ്പെയുടെ ഫ്രാൻസിനായില്ല. സമ്മർദങ്ങൾക്ക് വഴങ്ങാത്ത ടീം കളി മറന്നു. 10 ഗോളും നാല് അസിസ്റ്റുമായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി മടക്കം.
ഹാളണ്ട് ഹാർട്ട് ടച്ച്
ഹാളണ്ടായിരുന്നു ഈ ലോകകപ്പ് തുടക്കത്തിലെ താരം. തുടർച്ചയായ ഇരട്ട ഗോളുകളുമായി ആവേശം വിതറി. നോർവെയുടെ മുന്നേറ്റത്തിൽ സമാനതകളില്ലാത്ത പോരാളി.
യംഗ് യമാൽ
സ്പെയിനിന്റെ 19കാരൻ ലാമിൻ യമാൽ തുടക്കത്തിൽ ആവേശം വിതറിയില്ലെങ്കിലും അവസാന ലാപ്പിൽ പ്രതീക്ഷയുടെ പ്രതീകമായി മാറി. സെമിഫൈനലിലും ഫൈനലിലും സമ്മർദങ്ങൾക്ക് വഴങ്ങാതെ യുവതാരം മികവ് പുലർത്തി. വരും തലമുറയുടെ പോരാളി...
കേപ്പ് വെർദെ, വെറുതേ വന്നതല്ല!
ലോകകപ്പ് ഫുട്ബോളിൽ വെറും നാല് മത്സരം. കോബേ വെർദെ മടങ്ങിയത് ഒരുപറ്റം ആരാധക മനം കവർന്ന്. വെറുതേ ആയിരുന്നില്ല ആ കുഞ്ഞൻ രാജ്യം മൈതാനത്ത് പന്ത് തട്ടാൻ എത്തിയത്. ടൂർണമെന്റിലെ രണ്ട് ഫൈനലിസ്റ്റുകളെയും വിറപ്പിച്ച് തുടക്കം.
അരങ്ങേറ്റ സീസണിലെ അരങ്ങേറ്റ മത്സരത്തിൽ സ്പെയിനിനെ (0-0) സ്കോറിന് തളച്ചു. രണ്ടാം മത്സരത്തിൽ ഉറുഗ്വെയുമായി 2-2 തുല്യത. മൂന്നാം അങ്കം സൗദി അറേബ്യയുമായി. (0-0) സമനില. ആദ്യ സീസണിൽ തന്നെ റൗണ്ട് ഓഫ് 32ൽ കടന്നു. അർജന്റീനയെ വിറപ്പിച്ച് എസ്ട്രാടൈമിലെ ഗോളിൽ പരാജയം ഏറ്റുവാങ്ങി മടക്കം. സ്കോർ (2-3).
ഇവർ കരുത്തർ
40കാരൻ ഗോൾ കീപ്പർ വോസിൻഹ ടീമിലെ മികച്ച കാവൽക്കാരൻ. ആരാധക ഹൃദയം കവർന്നാണ് പ്രായത്തിലെ വലിയവൻ സീസണ് അവസാനിപ്പിച്ചത്. റയാൻ മെൻഡെസ്, നായകനും ടീമിലെ ടോപ് സ്കോററും അറ്റാക്കിംഗ് പ്ലെയറും.
ഡെയ്ലൻ ലിവ്രാമെന്റോ സ്ട്രൈക്കർ. ലോഗൻ കോസ്റ്റ് പ്രതിരോധ പോരാളി. മധ്യനിരയിൽ ജാമിറോ മോന്റെയ്റോ. സീസണിലെ പോരാളികൾ അടുത്ത സീസണിൽ എതിരാളികളെ വീഴ്ത്തുമെന്നുറപ്പ്.
മടങ്ങി വരും
അഞ്ചര ലക്ഷം മാത്രം ജനസംഖ്യ. ദ്വീപ് സമൂഹം. ലോകകപ്പ് വേദിയിൽ പന്ത് തട്ടാൻ സാഹചര്യവും അവസരവും വിരളം. എന്നാൽ ഒന്നും അപ്രാപ്യമല്ലെന്ന് തെളിയിച്ചാണ് അവർ മടങ്ങിയത്. അർജന്റീന, ഫ്രാൻസ്, ബ്രസീൽ, ജർമനി തുടങ്ങി വൻ ആരാധകവൃന്ദമുള്ള ടീമുകൾക്കിടയിൽ വന്പൻ ആരാധക ശ്രദ്ധ നേടി കുഞ്ഞൻ ടീമിന്റെ മടക്കം. അടുത്ത ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി വീശുമെന്ന് ഉറപ്പ്. സപ്പോർട്ടിനായി ആരാധകർ കാത്തിരിക്കും.
Sports
അറ്റ്ലാന്റ: ഫുട്ബോൾ മൈതാനത്ത് പോരാട്ടവീര്യത്തിന്റെ പുതിയ ചരിത്രമെഴുതി അർജന്റീന വീണ്ടുമൊരു ഫൈനലിലേക്ക് മാർച്ച് ചെയ്തിരിക്കുകയാണ്! മെസിപ്പടയുടെ ഈ ഫൈനൽ പ്രവേശനം വെറുമൊരു ജയമല്ല; മറിച്ച്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ നെഞ്ചിലേക്ക് ആവേശം കോരിയിട്ട സമാനതകളില്ലാത്ത ഒരു പടയോട്ടമാണ്.
'ഭാഗ്യം', 'റഫറിയുടെ ആനുകൂല്യം', അല്ലെങ്കിൽ 'എളുപ്പമുള്ള വഴി'.. അർജന്റീനയുടെ ജയങ്ങൾക്കൊപ്പം വിവാദങ്ങളും ആരോപണങ്ങളും ഉയരാറുണ്ട്. എന്നാൽ, കടുത്ത യാഥാർഥ്യങ്ങളെയും മൈതാനത്തെ കഠിനാധ്വാനത്തെയും തൊട്ടറിഞ്ഞവർക്ക് വ്യക്തമായി അറിയാം. എതിരാളികൾ പറയുന്നതുപോലെ അത്ര സൂത്രത്തിൽ കടന്നുകൂടിയതല്ല അർജന്റീന. ഇത് മൈതാനത്ത് അവർ ഒഴുക്കിയ കണ്ണീരിന്റെയും വിയർപ്പിന്റെയും ഫലമാണ്.
ടൂർണമെന്റിലുടനീളം കടുത്ത വെല്ലുവിളികളും പ്രതിരോധക്കോട്ടകളും തീർത്ത എതിരാളികളെയാണ് അർജന്റീനയ്ക്ക് നേരിടേണ്ടി വന്നത്. എന്നാൽ തോൽക്കാൻ മനസില്ലാത്ത 11 സിംഹങ്ങളെപ്പോലെയാണ് സ്കലോണിയുടെ കുട്ടികൾ ഓരോ മത്സരത്തിലും ബൂട്ട് കെട്ടിയത്.
പ്രായത്തെ വെല്ലുന്ന വീര്യവുമായി, മൈതാനത്ത് കാൽപ്പന്തിന്റെ മാന്ത്രികത തീർക്കുന്ന സാക്ഷാൽ ലയണൽ മെസിയുടെ സാന്നിധ്യം തന്നെയാണ് ഈ ടീമിന്റെ ഊർജം. ഓരോ പാസിലും ഓരോ നീക്കത്തിലും ആ ക്ലാസ് വ്യക്തമായിരുന്നു. ഗോളടിച്ചും ഗോളടിപ്പിച്ചും മൈതാനത്തിന്റെ ഓരോ ഇഞ്ചിലും മെസി നിറയുന്ന കാഴ്ച.
എന്നാൽ, ഇത് മെസിയുടെ മാത്രം ടീമല്ല, മറിച്ച്, മധ്യനിരയുടെ കഠിനാധ്വാനവും, എമിലിയാനോ മാർട്ടിനെസ് എന്ന കാവൽപ്പോരാളിയുടെ അസാധ്യ സേവുകളും ഒത്തുചേർന്ന ഒരു വൻമതിലാണ്.
അവസാന വിസിൽ മുഴങ്ങുന്നതുവരെ നെഞ്ചിടിപ്പോടെ മാത്രം കണ്ടുതീർക്കേണ്ട ഒന്നാണ് അർജന്റീനയുടെ മത്സരങ്ങൾ. തോൽവിയുടെ വക്കിൽ നിന്ന്, കളിയുടെ അവസാന നിമിഷങ്ങളിൽ ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരുന്ന അവരുടെ ആ അവിശ്വസനീയമായ തിരിച്ചുവരവ് ഫുട്ബോൾ ലോകത്തെ മറ്റേത് ടീമിനേക്കാളും മനോഹരമാണ്. കഴിഞ്ഞ ലോകകപ്പിലെ കനൽവഴികളും, ഈ ലോകകപ്പിലെ പോരാട്ടങ്ങളും അതിന് അടിവരയിടുന്നു.
കഴിഞ്ഞ ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യക്കെതിരെ അർജന്റീന വഴങ്ങിയ ആ അവിശ്വസനീയമായ തോൽവി. അതിനു പിന്നാലെ അവർ നടത്തിയ ഗംഭീര തിരിച്ചുവരവാണ് ലോകകപ്പ് കിരീടം വരെ എത്തിച്ചത്.
ഈ ലോകകപ്പിലും അർജന്റീന തങ്ങളുടെ ആ പഴയ 'കംബാക്ക്' ഡിഎൻഎ കൈവിട്ടിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ മത്സരങ്ങൾ. എതിരാളികൾ കടുത്ത പ്രതിരോധം തീർക്കുകയും, നിർണായക മത്സരങ്ങളിൽ ആദ്യം ഗോൾ നേടി അർജന്റീനയെ പ്രതിരോധത്തിലാക്കുകയും ചെയ്ത നിമിഷങ്ങൾ ഈ ലോകകപ്പിലുണ്ടായി. തങ്ങൾ ടൂർണമെന്റിൽ നിന്ന് പുറത്താകുമെന്ന ഘട്ടത്തിൽ പോലും അവർ പതറിയില്ല.
കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ തന്ത്രങ്ങൾ മാറ്റിമെനഞ്ഞ്, ആക്രമണത്തിന്റെ മൂർച്ച കൂട്ടി, അവിശ്വസനീയമായ ഗോളുകളിലൂടെ കളി തിരിച്ചുപിടിക്കുന്ന മെസിപ്പടയെയാണ് ഈ ലോകകപ്പിലും നമ്മൾ കണ്ടത്.
കഴിഞ്ഞ ലോകകപ്പിലെ ഖത്തർ മണ്ണിലായാലും, ഈ ലോകകപ്പിലെ പുൽമൈതാനങ്ങളിലായാലും അർജന്റീന തെളിയിക്കുന്നത് ഒന്നുമാത്രം- അവസാന സെക്കൻഡ് വരെ കളി ബാക്കിയുണ്ട്. ആ നീലയും വെള്ളയും ജേഴ്സിക്ക് പിന്നിൽ ഒരു ജനതയുടെ പ്രാർഥനയുള്ളിടത്തോളം കാലം, എത്ര പിന്നിലായാലും അവർ തിരിച്ചുവരിക തന്നെ ചെയ്യും.
ഇനി ലക്ഷ്യം ആ കിരീടം മാത്രമാണ്. കലാശപ്പോരിനായി വിസിൽ മുഴങ്ങട്ടെ, മൈതാനം പ്രകമ്പനം കൊള്ളട്ടെ, ഗാലറികൾ അലറിയാർക്കട്ടെ, കാൽപ്പന്ത് പോരാട്ടത്തിന്റെ പുതിയ ചരിത്രമെഴുതട്ടെ. വിമർശനങ്ങൾ ഗാലറിയിൽ ഇരുന്ന് സംസാരിക്കുന്നവർക്കുള്ളതാണ്; കിരീടങ്ങൾ മൈതാനത്ത് പോരാടുന്നവർക്കുള്ളതാണ്.
Viral
ഫിഫ ലോകകപ്പിലെ അർജന്റീന-അൾജീരിയ മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയം പരിസരത്ത് കൗതുകകരമായ ഒരു സംഭവം അരങ്ങേറി. ഫോക്സ് സ്പോർട്സിന്റെ പ്രത്യേക റിപ്പോർട്ടറായെത്തിയ പ്രശസ്ത എൻഎഫ്എൽ താരം ജാമിസ് വിൻസ്റ്റൺ, ലയണൽ മെസിയുടെ ജേഴ്സി ധരിപ്പിച്ച ഒരു ജീവനുള്ള ആടുമായാണ് സ്റ്റേഡിയത്തിൽ പ്രത്യക്ഷപ്പെട്ടത്.
മെസിയാണ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം (GOAT) എന്ന് പ്രഖ്യാപിക്കുന്ന രീതിയിലുള്ള വിൻസ്റ്റണിന്റെ ഈ വേറിട്ട നീക്കം സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലായി.
ഈ സംഭവത്തിന് പിന്നാലെ മൈതാനത്തിറങ്ങിയ മെസി തകർപ്പൻ ഹാട്രിക്കിലൂടെ അർജന്റീനയ്ക്ക് 3-0 ന്റെ മികച്ച വിജയമാണ് സമ്മാനിച്ചത്. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുകൾ എന്ന റെക്കോർഡിനൊപ്പം മെസിയെത്തുകയും, ഈ ടൂർണമെന്റിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി മാറുകയും ചെയ്തു.
നേരത്തെ ഡച്ച് ആരാധകർക്കൊപ്പം ആഹ്ലാദ പ്രകടനം നടത്തിയും, കളിക്ക് ശേഷം സ്റ്റേഡിയം വൃത്തിയാക്കാൻ ജാപ്പനീസ് ആരാധകരെ സഹായിച്ചും കൈയ്യടി നേടിയ വിൻസ്റ്റൺ, ഈ മത്സരത്തിന് മുൻപ് നടത്തിയ ആട് സ്റ്റണ്ടിലൂടെയും ലോകകപ്പ് വേദിയിലെ പ്രധാന ചർച്ചാവിഷയമായി മാറി.
National
കോൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ "ഗോട്ട് ടൂർ ഇന്ത്യ'യുടെ ഭാഗമായി കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ വൻ സംഘർഷമുണ്ടായതിന് പിന്നാലെ അറസ്റ്റിലായ മുഖ്യ സംഘാടകൻ സതാദ്രു ദത്തയുടെ ജാമ്യ ഹർജി കോടതി തള്ളി. കോടതി സതാദ്രു ദത്തയെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഇന്റർ മിയാമിയിലെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്കൊപ്പമാണ് മെസി സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയത്. മെസിയെ ഒരു നോക്ക് കാണാൻ വൻ ജനക്കൂട്ടമാണ് സ്റ്റേഡിയത്തിൽ കാത്തിരുന്നത്.
എന്നാൽ മെസി സ്റ്റേഡിയത്തിൽ നിന്നും പെട്ടന്ന് പോയത് ആരാധകരെ കുപിതരാക്കി. 5,000 മുതൽ 25,000 രൂപ വരെ മുടക്കി ടിക്കറ്റെടുത്ത് എത്തിയ ആരാധകർക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെയും വിഐപി അതിഥികളുടെയും തിരക്ക് കാരണം താരത്തെ ശരിയായി കാണാൻ കഴിഞ്ഞിരുന്നില്ല. വെറും 20 മിനിട്ടാണ് മെസി സ്റ്റേഡിയത്തിൽ സമയം ചെലവഴിച്ചത്.
ഇതിൽ നിരാശരായ ആരാധകർ ഇരിപ്പിടങ്ങളും കുപ്പികളും മൈതാനത്തേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതോടെ സ്റ്റേഡിയത്തിൽ വൻ സംഘർഷമാണ് പൊട്ടിപ്പുറപ്പെട്ടത്.
സംഘർഷം രൂക്ഷമായതോടെ സ്റ്റേഡിയം പൂർണമായും ചുറ്റിക്കാണാൻ തീരുമാനിച്ച മെസിയെ സുരക്ഷാ ഉദ്യോഗസ്ഥർ വേഗത്തിൽ പുറത്തേക്ക് മാറ്റുകയായിരുന്നു. പരിപാടിയുടെ മോശം നടത്തിപ്പിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഖേദം പ്രകടിപ്പിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ വിരമിച്ച ജസ്റ്റീസ് അസിം കുമാർ റേയുടെ അധ്യക്ഷതയിൽ അന്വേഷണ സമിതിക്ക് മുഖ്യമന്ത്രി ഉത്തരവിട്ടു.
പരിപാടിയുടെ നടത്തിപ്പിലെ അപാകതകൾ ചൂണ്ടിക്കാട്ടി എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് സതാദ്രു ദത്ത അറസ്റ്റിലായത്. ടിക്കറ്റിന്റെ പണം തിരികെ നൽകാൻ സംഘാടകർ സമ്മതിച്ചിട്ടുണ്ടെന്നും ഇത് നടപ്പിലാക്കുന്നത് നിരീക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.
National
കോൽക്കത്ത: ഫുട്ബോൾ ഇതിഹാസം മെസി എത്തിയതിന് പിന്നാലെ കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം. മെസി സ്റ്റേഡിയത്തിൽ നിന്നും പെട്ടന്ന് മടങ്ങിയതാണ് ആരാധകരെ കുപിതരാക്കിയത്. രോഷാകുലരായ ആരാധകർ കസേരകൾ മുതൽ കുപ്പികൾ വരെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് വലിച്ചെറിഞ്ഞു.
സ്റ്റേഡിയത്തിലെത്തുന്ന മെസി ആരാധകരുമായി സംവദിക്കുമെന്നാണ് നേരത്തേ സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ, ഗ്രൗണ്ടിലിറങ്ങിയ മെസി ഏതാനും നിമിഷങ്ങൾ മാത്രം ചെലവഴിച്ച് മടങ്ങിപ്പോയത് ആരാധകരെ ചൊടിപ്പിച്ചു.
മെസിക്ക് പുറമേ ബോളിവുഡ് താരവും കോൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ഉടമയുമായ ഷാറുഖ് ഖാനും ഗ്രൗണ്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വന്നില്ല. ഇതോടെ പ്രകോപിതരായാണ് ആരാധകർ ഗ്രൗണ്ടിലേക്ക് കുപ്പികളും കസേരകളും മറ്റും വലിച്ചെറിഞ്ഞതും ഉപകരണങ്ങളും മറ്റും നശിപ്പിച്ചതും.
5,000 മുതൽ 25,000 രൂപ വരെ മുടക്കിയാണ് ആരാധകർ ടിക്കറ്റ് സ്വന്തമാക്കിയത്. ഇത്രയേറ പണം ചിലവാക്കിയിട്ടും തങ്ങളുടെ ഇഷ്ടതാരത്തെ ശരിക്ക് കാണാൻ സാധിക്കാതിരുന്നതോടെ ആരാധകർ പ്രകോപിതരാകുകയായിരുന്നു.
മന്ത്രിമാർക്കും അവരുടെ മക്കൾക്കും മാത്രമാണ് മെസിയെ കാണാൻ പറ്റിയതെന്നും ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ കോൽക്കത്തിയിലേക്ക് ഒഴുകിയ ആരാധകരെല്ലാം നിരാശരാണെന്നും ഒരാൾ പറഞ്ഞു. പണവും പോയി സമയവും പോയി, നിരാശയാണ് ഫലമെന്നാണ് മറ്റൊരാൾ പ്രതികരിച്ചു.
മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനാണ് മെസി എത്തിയത്. കോൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ മെസി വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്റർ മയാമിയിലെ മെസിയുടെ സഹതാരങ്ങളായ സുവാരസും റോഡ്രിഗോ ഡി പോളും മെസിക്കൊപ്പമുണ്ട്