Kerala
കാസർഗോഡ്: മഞ്ചേശ്വരത്ത് കള്ളവോട്ട് നടക്കുന്നുവെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധം. കയ്യാറിലെ 128-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്.
ഗൾഫിലുള്ള ഖാലിദിന്റെ വോട്ട് ജാഫർ ചെയ്തെന്നാണ് ആരോപണം. വോട്ട് രേഖപ്പെടുത്തിയ ജാഫറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് ആദ്യമണിക്കൂറുകളിൽ തന്നെ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാവിലെ 10.18വരെ 20.20 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.
തൃശൂരിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ വോട്ട് ചെയ്തു. അതേസമയം പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി. തിരുവനന്തപുരം പോത്തൻകോട് തിരുവള്ളൂർ ബൂത്തിലും ആലുംമൂട് ബൂത്തിലും വോട്ടിംഗ് വൈകി.
കോഴിക്കോട് വളയത്തും ഉടുമ്പൻചോലയിൽ മൂന്ന് ബൂത്തുകളിലും യന്ത്ര തകരാർ ഉണ്ടായി. ചാത്തന്നൂർ കോട്ടപ്പുറം ഹൈസ്കൂളിലെ ബൂത്തിലും തടസം നേരിട്ടു. ഇവിടെയെല്ലാം അധികസമയം അനുവദിക്കണമെന്ന് സ്ഥാനാർഥികൾ ആവശ്യപ്പെട്ടു.
Kerala
കാസര്ഗോഡ്: പതിനാറുകാരന് കൂട്ടുകാരോടൊപ്പം 172 കിലോമീറ്റര് വേഗത്തില് അപകടകരമായി കാര് ഓടിക്കുകയും ദൃശ്യങ്ങള് സാമൂഹ്യമാധ്യമങ്ങളില് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില് മഞ്ചേശ്വരം പോലീസ് കേസെടുത്തു.
ആര്സി ഉടമയായ കുട്ടിയുടെ അമ്മയായ മുപ്പത്തിയൊന്പതുകാരിക്കെതിരേയാണ് കേസെടുത്തത്.
മാര്ച്ച് 20നു രാവിലെ 8.30നു കണ്വതീര്ഥയിലാണ് കേസിനാസ്പദമായ സംഭവം. ഇതിനു മുമ്പും കുട്ടി ഇത്തരത്തില് അപകടകരമായി കാറോടിച്ച് ദൃശ്യം സാമൂഹ്യമാധ്യമങ്ങളില് പ്രചരിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Kerala
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയ എസ്ടിപിഐ സ്ഥാനാർഥിയെ പിൻവലിച്ചു. പത്രിക പിൻവലിക്കുകയാണെന്ന് സ്ഥാനാർഥി കെ.എം. അഷ്റഫ് പറഞ്ഞു. മഞ്ചേശ്വരത്ത് രാവിലെ ചേർന്ന എസ്ടിപിഐ യോഗത്തിലാണ് സ്ഥാനാർഥിയെ പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്.
സ്ഥാനാർഥിത്വം പിൻവലിക്കാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടുവെങ്കിലും പ്രാദേശിക നേതൃത്വവും സ്ഥാനാർഥിയായ കെ.എം.അഷ്റഫും വിസമ്മതിക്കുകയായിരുന്നു. ഇതിനു പിന്നാലെ അഷ്റഫ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തുടർച്ചയായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മത്സരിക്കുന്നില്ലെന്ന നിലപാടിലേക്ക് എസ്ഡിപിഐ എത്തിയത്.
എന്ഡിഎ കാലങ്ങളായി രണ്ടാം സ്ഥാനത്തു എത്തുന്ന മണ്ഡലമാണ് മഞ്ചേശ്വരം. മുസ്ലിം ലീഗിന്റെ എ.കെ.എം.അഷ്റഫാണ് യുഡിഎഫ് സ്ഥാനാര്ഥി. യുഡിഎഫ് സ്ഥാനാർഥിയുടെ പേരിന് സമാനമായ പേരുള്ള കെ. എം.അഷ്റഫ് കൂടി മത്സരരംഗത്തേക്ക് എത്തുമ്പോള് വോട്ടുകള് ഭിന്നിച്ചുപോകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു.
Kerala
കര്ണാടക അതിര്ത്തിയോടു ചേര്ന്നുകിടക്കുന്ന മഞ്ചേശ്വരത്ത് കേരളം ഉറ്റുനോക്കുന്ന ത്രികോണ പോരാട്ടമാണ്. മുസ്ലിംലീഗിന്റെ സിറ്റിംഗ് എംഎല്എ എ.കെ.എം. അഷ്റഫ് തുടര്ച്ചയായി രണ്ടാംവിജയം തേടിയിറങ്ങുമ്പോള് നാലാം പോരാട്ടത്തിനൊരുങ്ങുന്ന ബിജെപി മുന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ആ കുതിപ്പിന് തടയിട്ടേ പറ്റൂ. പാര്ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം കെ.ആര്. ജയാനന്ദയ്ക്കും കരുത്ത് തെളിയിക്കണം.
കര്ണാടക ഷിരൂരിലെ മണ്ണിടിച്ചിലില് കുടുങ്ങിയ മലയാളി ഡ്രൈവര് അര്ജുനെ പുറത്തെടുക്കാന് നടത്തിയ രക്ഷാപ്രവര്ത്തനവും കുമ്പള ടോള് ബൂത്തിനെതിരേ നടത്തിയ സമരപരമ്പരകളും അഷ്റഫിന് വലിയ മാധ്യമശ്രദ്ധ നേടിക്കൊടുത്തിരുന്നു. മറ്റു ലീഗ് നേതാക്കളില്നിന്നു വ്യത്യസ്തമായി അടിസ്ഥാനവര്ഗത്തില്നിന്ന് ഉയര്ന്നുവന്നയാള് എന്ന പ്രതിച്ഛായയും അഷ്റഫിന് ഗുണകരമാണ്. കഴിഞ്ഞതവണത്തെ 745 എന്ന ഭൂരിപക്ഷത്തില്നിന്നു വമ്പന് കുതിച്ചുചാട്ടം തന്നെയാണ് അഷ്റഫ് പ്രതീക്ഷിക്കുന്നത്.
1987 മുതല് മുസ്ലിം ലീഗ് കുത്തകയാക്കി വച്ചിരിക്കുന്ന സീറ്റില് 2006ല് മാത്രമാണ് അവര്ക്ക് കാലിടറിയത്. ലോക്സഭ തെരഞ്ഞെടുപ്പില് രാജ്മോഹന് ഉണ്ണിത്താന് 16,749 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെനിന്നു ലഭിച്ചത്. മഞ്ചേശ്വരം, മംഗല്പ്പാടി, മീഞ്ച, വോര്ക്കാടി, കുമ്പള, പുത്തിഗെ, പൈവളിഗെ, എന്മകജെ എന്നീ പഞ്ചായത്തുകള് ഉള്പ്പെടുന്നതാണ് മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പില് മണ്ഡലത്തിലെ മുഴുവന് പഞ്ചായത്തുകളുടെയും ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചിരുന്നു.
അതേസമയം, മണ്ഡലത്തില് സ്വാധീനമുള്ള എസ്ഡിപിഐ തന്റെ പേരിനോട് സാമ്യമുള്ള കെ.എം. അഷ്റഫിനെ സ്ഥാനാര്ഥിയാക്കിയതും മറ്റു രണ്ട് അപര സ്ഥാനാര്ഥികളും മണ്ഡലത്തില് പൊതുവേ യുഡിഎഫിനോട് ആഭിമുഖ്യം കാട്ടുന്ന കൊങ്കിണി ക്രൈസ്തവ വിഭാഗത്തില് നിന്നുള്ള ജീന് ലവീന മൊന്തേരൊ സ്ഥാനാര്ഥിയായതും അഷ്റഫിന് വെല്ലുവിളിയാണെന്നും വിലയിരുത്തലുണ്ട്.
ബിജെപി തങ്ങളുടെ എ ക്ലാസ് മണ്ഡലമായി കരുതുന്ന ഇവിടെ 2016ല് 89 വോട്ടിനാണ് അവര് തോറ്റത്. ഉറച്ച വോട്ട് ബാങ്കായ കന്നഡ ഭാഷാ ന്യൂനപക്ഷങ്ങള്ക്കൊപ്പം കൊങ്കിണി ക്രൈസ്തവരുടെ വോട്ടും സ്വന്തമാക്കി അട്ടിമറിവിജയം സ്വന്തമാക്കാന് കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാൽ ബിജെപിക്ക് ലോക്സഭ തെരഞ്ഞെടുപ്പില് നിയമസഭ തെരഞ്ഞെടുപ്പിനേക്കാളും 8,161 വോട്ടുകളുടെ കുറവുണ്ടായത് അവരെ അലോസരപ്പെടുത്തുന്നുണ്ട്.
ഒരുകാലത്ത് കമ്യൂണിസ്റ്റ് പാര്ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന മണ്ഡലത്തില് നഷ്ടപ്രതാപം വീണ്ടെടുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് കെ.ആര്. ജയാനന്ദയ്ക്ക്. 2006ല് സി.എച്ച്. കുഞ്ഞമ്പു നേടിയ അട്ടിമറിവിജയം ഒഴിച്ചുനിര്ത്തിയാല് 1990കള്ക്കുശേഷം സിപിഎമ്മിന്റെ പ്രകടനം മണ്ഡലത്തില് അത്ര മികച്ചതായിരുന്നില്ല.
ലോക്സഭാ തെരഞ്ഞെടുപ്പില് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10,742 വോട്ട് അവര്ക്ക് കുറവാണ് ലഭിച്ചത്. കാന്തപുരം എപി സുന്നി വിഭാഗമാണ് സിപിഎമ്മിന്റെ പ്രധാന വോട്ടു ബാങ്ക്. കന്നഡ ഭാഷാ ന്യൂനപക്ഷ വിഭാഗക്കാരനായ ജയാനന്ദയുടെ സ്ഥാനാര്ഥിത്വം തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് അവര് പ്രതീക്ഷിക്കുന്നു.
Kerala
കാസർഗോഡ്: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മഞ്ചേശ്വരത്തെ മത്സരരംഗത്തു നിന്ന് പിന്നോട്ടില്ലെന്ന് എസ്ഡിപിഐ സ്ഥാനാർഥി കെ.എം.അഷ്റഫ്. പിന്മാറാൻ സമ്മർദമുണ്ടെങ്കിലും ശക്തമായി മുന്നോട്ട് പോകും. ബിജെപിയെ സഹായിക്കാനാണെന്ന പ്രചാരണം വിലപ്പോകില്ല.
എസ്ഡിപിഐ മത്സരിക്കുന്നതിൽ യുഡിഎഫിന് ആശങ്കയാണ്. മണ്ഡലത്തിൽ എസ്ഡിപിഐ - ബിജെപി മത്സരമാണ് നടക്കുന്നത്. നിലവിലെ യുഡിഎഫ് എംഎൽഎ സമ്പൂർണ പരാജയമാണെന്നും അഷ്റഫ് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്ഥി എ.കെ.എം. അഷ്റഫിനെതിരെ അപരൻമാരും രംഗത്തുണ്ട്.
2021ല് 855 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു മുസ്ലിം ലീഗ് നേതാവ് എ.കെ.എം. അഷ്റഫിന്റെ വിജയം. എ.കെ.എം. അഷ്റഫ് 65,858, എൻഡിഎയിലെ കെ. സുരേന്ദ്രന് 65,013, എൽഡിഎഫ് സ്ഥാനാര്ഥി വി.വി. രമേശന് 40,639 വോട്ടും നേടിയിരുന്നു.
Kerala
കാസർഗോഡ്: മഞ്ചേശ്വരത്തെ കെ.ആര്. ജയാനന്ദയുടെ സ്ഥാനാർഥിത്വത്തിൽ ശക്തമായ എതിര്പ്പുമായി ഡിവൈഎഫ്ഐ. സിപിഎം ജില്ലാ കമ്മറ്റി ഓഫീസില് നേരിട്ടെത്തി എതിര്പ്പ് അറിയിച്ചു.
ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്നാണ് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നത്. യുഡിഎഫിനെ സഹായിക്കുന്ന നിലപാട് ശരിയല്ലയെന്നും തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളില് നിന്ന് വിട്ടുനില്കുമെന്നും ഭീഷണി ഉണ്ട്.
ഇത്തവണ പാര്ട്ടി വോട്ടുകള് പാര്ട്ടിയിലേയ്ക്ക് തന്നെ എത്തിച്ചേരേണ്ടതുണ്ടെന്നും അത് കൊണ്ട് പൊതുസമ്മതന് ആയ ഒരു സ്ഥാനാർഥിയെ പരിഗണിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഡിവൈഎഫ്ഐ നേതാക്കള് അറിയിച്ചു. ഷാനവാസ് പാദൂരിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമത്തിലടക്കം പ്രവർത്തകരുടെ പോസ്റ്റുകൾ ഉയരുന്നുണ്ട്.
ഞായറാഴ്ച ചേർന്ന സിപിഎം കാസര്ഗോഡ് ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജയാനന്ദയുടെ സ്ഥാനാർഥിത്വം തീരുമാനിച്ചത്. നേരത്തെ ചര്ച്ചകളില് മുന്നില് നിന്നിരുന്ന ഷാനവാസ് പാദൂരിനെ മത്സരിപ്പിച്ചാല് ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം രൂപപ്പെടുമെന്ന വിലയിരുത്തല് ജില്ലാ കമ്മിറ്റിയിലുണ്ടായി.
തുടര്ന്നാണ് ജയാനന്ദയെ സ്ഥാനാര്ഥിയാക്കാന് തീരുമാനിച്ചത്. സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ജയാനന്ദ.
District News
കുമ്പള: പാലക്കാട് നിന്ന് ലോറിയിൽ കൊണ്ടുവന്ന പോത്തുകളെ മഞ്ചേശ്വരത്തെ ഇറച്ചി കടയ്ക്ക് സമീപം ഇറക്കുന്നതിനിടെ ലോറി തൊഴിലാളികളെ ക്രൂരമായി മർദിച്ച സംഘപരിവാർ പ്രവർത്തകർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് എ.കെ.എം. അഷ്റഫ് എംഎൽഎ ആവശ്യപ്പെട്ടു. മർദനമേറ്റ യുപി സ്വദേശികളായ ദാവൂദ്, ഫുർഖാൻ എന്നിവരെ എംഎൽഎ ആശുപത്രിയിലെത്തി സന്ദർശിച്ചു.
ഉത്തരേന്ത്യൻ മാതൃകയിലുള്ള ആൾക്കൂട്ട ആക്രമണമാണ് നടന്നതെന്നും തെരഞ്ഞെടുപ്പിനു മുന്നോടിയായി മഞ്ചേശ്വരത്ത് ആസൂത്രിതമായ കലാപങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ സംഘപരിവാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതായി സംശയമുണ്ടെന്നും ഇക്കാര്യത്തിൽ പോലീസും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും എംഎൽഎ പറഞ്ഞു.പ്രശ്നം ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പ്രതികൾക്കെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് എസ്പി ഉറപ്പുനൽകിയിട്ടുണ്ടെന്നും എ.കെ.എം. അഷ്റഫ് പറഞ്ഞു.
ആക്രമണത്തിന് നേതൃത്വം നൽകിയവർക്കെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായും എംഎൽഎ പറഞ്ഞു.
Kerala
കാസർഗോഡ്: കന്നുകാലികളുമായി എത്തിയ യുപി സ്വദേശികൾക്ക് മർദനമേറ്റ സംഭവത്തിൽ അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു. ശനിയാഴ്ച പുലർച്ചെ മഞ്ചേശ്വരത്തുണ്ടായ സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികാളായ ഫർഹാൻ ദാവൂദ് എന്നിവർക്കാണ് മർദനമേറ്റത്.
കന്നുകാലികളെ ഇറക്കുന്നതിനിടെ ചില യുവാക്കളെത്തി തടയുകയായിരുന്നു. ഇവിടെ കന്നുകാലികളെ ഇറക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് തങ്ങളെ മർദിച്ചതെന്ന് ഇവർ പോലീസിൽ മൊഴി നൽകി. ഇരുമ്പ് പൈപ്പും കല്ലും ഉപയോഗിച്ചാണ് തങ്ങളെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
പരിക്കേറ്റ ഇരുവരും കുമ്പളയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. വധശ്രമത്തിനു കേസെടുത്തെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.
Kerala
കാസർഗോഡ്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വോട്ടർപട്ടികയിൽ നിന്നും പേര് നീക്കം ചെയ്യാൻ ബിജെപി അനധികൃത ശ്രമമെന്ന് പരാതി. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നൽകിയ വോട്ടർമാരുമായി എ.കെ.എം. അഷ്റഫ് എംഎൽഎ അദാലത്തിനെത്തി.
ഇന്ത്യൻ പൗരനല്ലെന്ന കാരണം പറഞ്ഞാണ് കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിന്റെ (55) വോട്ട് തള്ളാൻ അപേക്ഷ നൽകിയത്. കയ്യാർ ചെറോളിയിലെ നബീസ (75), പട്ളയിലെ മൊഹ്സീന സുനൈഫ, കൊളത്തോടിയിലെ അസ്മ, കെ.കെ. നഗറിലെ സഫിയ, സുബൈദ, ചെറോളിയിലെ കദീജത്ത് കുബ്ര എന്നിവരുടെ വോട്ടുകളാണ് സ്ഥിരമായി താമസം മാറിയെന്ന കാരണം പറഞ്ഞ് തള്ളാൻ അപേക്ഷ നൽകിയത്.
മണ്ഡലത്തിൽ വർഷങ്ങളായി സ്ഥിരതാമസമാക്കിയ ആളുടെ പേരാണ് ഇന്ത്യൻ പൗരനല്ലെന്ന കാരണം ഉന്നയിച്ച് ഫോം ഏഴിൽ പരാതി നൽകി നീക്കം ചെയ്യാൻ ശ്രമം നടക്കുന്നത്.
ഇതേ ബൂത്തിലെ വോട്ടറായ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ടയാണ് ഇവരുടെ വോട്ട് തള്ളാൻ അപേക്ഷ നൽകിയതെന്ന് എ.കെ.എം. അഷ്റഫ് എംഎൽഎ പറഞ്ഞു.