കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന മഞ്ചേശ്വരത്ത് കേരളം ഉറ്റുനോക്കുന്ന ത്രികോണ പോരാട്ടമാണ്. മുസ്ലിംലീഗിന്റെ സിറ്റിംഗ് എംഎല്‍എ എ.കെ.എം. അഷ്റഫ് തുടര്‍ച്ചയായി രണ്ടാംവിജയം തേടിയിറങ്ങുമ്പോള്‍ നാലാം പോരാട്ടത്തിനൊരുങ്ങുന്ന ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ആ കുതിപ്പിന് തടയിട്ടേ പറ്റൂ. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം കെ.ആര്. ജയാനന്ദയ്ക്കും കരുത്ത് തെളിയിക്കണം.
കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍ അര്‍ജുനെ പുറത്തെടുക്കാന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനവും കുമ്പള ടോള്‍ ബൂത്തിനെതിരേ നടത്തിയ സമരപരമ്പരകളും അഷ്റഫിന് വലിയ മാധ്യമശ്രദ്ധ നേടിക്കൊടുത്തിരുന്നു. മറ്റു ലീഗ് നേതാക്കളില്‍നിന്നു വ്യത്യസ്തമായി അടിസ്ഥാനവര്‍ഗത്തില്‍നിന്ന് ഉയര്‍ന്നുവന്നയാള്‍ എന്ന പ്രതിച്ഛായയും അഷ്റഫിന് ഗുണകരമാണ്. കഴിഞ്ഞതവണത്തെ 745 എന്ന ഭൂരിപക്ഷത്തില്‍നിന്നു വമ്പന്‍ കുതിച്ചുചാട്ടം തന്നെയാണ് അഷ്റഫ് പ്രതീക്ഷിക്കുന്നത്.
1987 മുതല്‍ മുസ്ലിം ലീഗ് കുത്തകയാക്കി വച്ചിരിക്കുന്ന സീറ്റില്‍ 2006ല്‍ മാത്രമാണ് അവര്‍ക്ക് കാലിടറിയത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്മോഹന്‍ ഉണ്ണിത്താന് 16,749 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെനിന്നു ലഭിച്ചത്. മഞ്ചേശ്വരം, മംഗല്‍പ്പാടി, മീഞ്ച, വോര്‍ക്കാടി, കുമ്പള, പുത്തിഗെ, പൈവളിഗെ, എന്മകജെ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളുടെയും ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചിരുന്നു.
അതേസമയം, മണ്ഡലത്തില്‍ സ്വാധീനമുള്ള എസ്ഡിപിഐ തന്റെ പേരിനോട് സാമ്യമുള്ള കെ.എം. അഷ്റഫിനെ സ്ഥാനാര്‍ഥിയാക്കിയതും മറ്റു രണ്ട് അപര സ്ഥാനാര്‍ഥികളും മണ്ഡലത്തില്‍ പൊതുവേ യുഡിഎഫിനോട് ആഭിമുഖ്യം കാട്ടുന്ന കൊങ്കിണി ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ജീന്‍ ലവീന മൊന്തേരൊ സ്ഥാനാര്‍ഥിയായതും അഷ്റഫിന് വെല്ലുവിളിയാണെന്നും വിലയിരുത്തലുണ്ട്.
ബിജെപി തങ്ങളുടെ എ ക്ലാസ് മണ്ഡലമായി കരുതുന്ന ഇവിടെ 2016ല്‍ 89 വോട്ടിനാണ് അവര്‍ തോറ്റത്. ഉറച്ച വോട്ട് ബാങ്കായ കന്നഡ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം കൊങ്കിണി ക്രൈസ്തവരുടെ വോട്ടും സ്വന്തമാക്കി അട്ടിമറിവിജയം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാൽ ബിജെപിക്ക് ലോക്സഭ തെരഞ്ഞെടുപ്പില്‍ നിയമസഭ തെരഞ്ഞെടുപ്പിനേക്കാളും 8,161 വോട്ടുകളുടെ കുറവുണ്ടായത് അവരെ അലോസരപ്പെടുത്തുന്നുണ്ട്.
ഒരുകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന മണ്ഡലത്തില്‍ നഷ്ടപ്രതാപം വീണ്ടെടുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് കെ.ആര്. ജയാനന്ദയ്ക്ക്. 2006ല്‍ സി.എച്ച്. കുഞ്ഞമ്പു നേടിയ അട്ടിമറിവിജയം ഒഴിച്ചുനിര്‍ത്തിയാല്‍ 1990കള്‍ക്കുശേഷം സിപിഎമ്മിന്റെ പ്രകടനം മണ്ഡലത്തില്‍ അത്ര മികച്ചതായിരുന്നില്ല.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10,742 വോട്ട് അവര്‍ക്ക് കുറവാണ് ലഭിച്ചത്. കാന്തപുരം എപി സുന്നി വിഭാഗമാണ് സിപിഎമ്മിന്റെ പ്രധാന വോട്ടു ബാങ്ക്. കന്നഡ ഭാഷാ ന്യൂനപക്ഷ വിഭാഗക്കാരനായ ജയാനന്ദയുടെ സ്ഥാനാര്‍ഥിത്വം തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
Tags : Triangular war Manjeshwaram UDF LDF NDA Kerala Assembly Election Niyama Sabha Election