ഉപ്പള: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മത്സ്യബന്ധന മേഖലയുടെ പ്രധാന ആശ്രയമായ മഞ്ചേശ്വരം ഫിഷിംഗ് ഹാര്ബറിന്റെ സമഗ്ര നവീകരണത്തിനായി നബാര്ഡ് പദ്ധതിയിലുള്പ്പെടുത്തി 57.84 കോടി രൂപ അനുവദിച്ചു.
ഡ്രഡ്ജിംഗിന് 12.41 കോടിയും ഹാര്ബര് റോഡ് വികസനം നാലുകോടിയും ബ്രേക്ക്വാട്ടറുകളുടെ പുനരുദ്ധാരണത്തിനും ടെട്രോപോഡുകള് ഉപയോഗിച്ചുള്ള തീരസംരക്ഷണത്തിനും 36.18 കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്. കഴിഞ്ഞ ഉമ്മന് ചാണ്ടി സര്ക്കാരിന്റെ കാലത്താണ് മഞ്ചേശ്വരം ഫിഷിംഗ് ഹാര്ബര് അനുവദിക്കുന്നതും ആവശ്യമായ ഫണ്ട് വകയിരുത്തി നിര്മാണം ആരംഭിച്ചതും.
എന്നാല് അതിനുശേഷമുള്ള കഴിഞ്ഞ 10 വര്ഷങ്ങളില് ഹാര്ബറിന്റെ തുടര്ന്നുള്ള സംരക്ഷണത്തിനോ വികസനത്തിനോ ആവശ്യമായ ഫണ്ട് ലഭ്യമാകാതിരുന്നത് വലിയ തിരിച്ചടിയാവുകയായിരുന്നു. വര്ഷങ്ങളായി ഹാര്ബറില് ഡ്രഡ്ജിംഗ് നടക്കാത്തതിനെ തുടര്ന്ന് മണലടിയുന്നത് പതിവായിരുന്നു. ഇതുമൂലം മത്സ്യബന്ധന ബോട്ടുകള് മറിയുന്നതും ബോട്ടുകള്ക്ക് കൃത്യമായി കരയ്ക്കടുപ്പിക്കാന് സാധിക്കാത്തതും പ്രദേശത്തെ മത്സ്യത്തൊഴിലാളികള്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്.
കൂടാതെ കടലാക്രമണം തടയുന്നതിനും ഹാര്ബറിന്റെ സംരക്ഷണത്തിനുമായി ആവശ്യമായ ടെട്രോപോഡ് സംവിധാനങ്ങള് ഇല്ലാത്തതും ഹാര്ബറിലേക്ക് പോകുന്ന റോഡിന്റെ ശോചനീയാവസ്ഥയും മേഖലയുടെ വികസനത്തിന് തടസമായിരുന്നു.ഈ വിഷയങ്ങള് ഉന്നയിച്ച് കഴിഞ്ഞ സര്ക്കാരിന്റെ കാലത്തും നിയമസഭയിലും മന്ത്രിമാര്ക്ക് മുന്നിലും പലവട്ടം എ.കെ.എം.അഷ്റഫ് എംഎല്എ നേരിട്ട് നിവേദനങ്ങള് നല്കിയിരുന്നു. തുടര്ന്ന് പുതിയ സര്ക്കാര് അധികാരത്തില് വന്നതോടെ മുഖ്യമന്ത്രിയുടെയും ഫിഷറീസ്മന്ത്രി വി.ഇ.അബ്ദുല് ഗഫൂറിന്റെയും ശ്രദ്ധയിലും ഹാര്ബറിന്റെ ശോചനീയാവസ്ഥ നരിട്ട ബോധ്യപ്പെടുത്തുകയായിരുന്നു.
സര്ക്കാരിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് പദ്ധതിക്ക് മുന്ഗണന നല്
കാനും നബാര്ഡ് ഫണ്ട് വേഗത്തില് ലഭ്യമാക്കാനും സാധിച്ചത്.ഈ പദ്ധതികള് യാഥാര്ത്ഥ്യമാകുന്നതോടെ മഞ്ചേശ്വരം ഹാര്ബറില് നിലനില്ക്കുന്ന പ്രധാന പ്രായോഗിക ബുദ്ധിമുട്ടുകള്ക്ക് ശാശ്വത പരിഹാരമാകും. കൂടാതെ, ഇത്തവണത്തെ ബജറ്റില് ഹാര്ബറിന്റെ ഇരുഭാഗങ്ങളിലുമുള്ള മഞ്ചേശ്വരം, മൂസോടി പ്രദേശങ്ങളില് ചെറു ബോട്ടുകള്ക്ക് സുരക്ഷിതമായി അടുപ്പിക്കാനായി ബോട്ട് ജെട്ടികള് നിര്മിക്കുന്നതിനും ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഈ പ്രവൃത്തികള് കൂടി പൂര്ത്തിയാകുന്നതോടെ ഹാര്ബര് പൂര്ണതോതില് ഉപയോഗപ്രദമാക്കാന് സാധിക്കും.അനുവദിച്ച പദ്ധതികള് എത്രയും വേഗത്തില് ടെന്ഡര് നടപടികള് പൂര്ത്തിയാക്കി സമയബന്ധിതമായി നടപ്പിലാക്കാന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്ക്ക് എംഎല്എ നിര്ദേശം നല്കി.