Movies
28 വർഷങ്ങൾക്കുശേഷം സമ്മർ ഇൻ ബത്ലഹേമിലെ ഡിലീറ്റഡ് സീൻസ് പുറത്തുവിട്ട് നിർമാതാക്കൾ. സിയാദ് കോക്കേഴ്സ് എന്റർടെയ്ൻമെന്റ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഡിലീറ്റഡ് സീൻസ് റിലീസ് ചെയ്തത്. ഒൻപത് മിനിറ്റ് ദൈർഘ്യമുള്ളതാണ് രംഗം.
ജയിലിൽ പോയി മോഹൻലാലിന്റെ കഥാപാത്രമായ നിരഞ്ജനെ കണ്ടതിന് ശേഷം ആമിയും ഡെന്നിസും തിരികെ വീട്ടിൽ എത്തുന്നതും തുടർന്ന് മഞ്ജുവിന്റെ കഥാപാത്രത്തെ എല്ലാവരും ചേർന്ന് വിവാഹബന്ധത്തിൽ തുടരാൻ സമ്മതിപ്പിക്കുന്നതുമാണ് രംഗത്തിൽ കാണാനാകുക.
വധശിക്ഷയ്ക്ക് വിധേയനാകുന്നതിനു മുമ്പ് നിരഞ്ജന്റെ നിർബന്ധ പ്രകാരം ഡെന്നിസിനെ അഭിരാമി താലി കെട്ടുന്നുണ്ട്. നിരഞ്ജനെ അവസാനമായി കണ്ട ശേഷം തിരിച്ചു വീട്ടിലെത്തുമ്പോൾ നടന്ന കാര്യങ്ങളെല്ലാം ഡെന്നിസ് ആമിയുടെ കുടുംബാംഗങ്ങളെ അറിയിക്കുന്നു.
താൻ കെട്ടിയ താലി ഊരി മാറ്റാൻ തയാറാകുന്നുമുണ്ട്. എന്നാൽ ജയറാമിന്റെ കഥാപാത്രവും മറ്റുള്ളവരും ഇതിനെ എതിർക്കുന്നതും വിവാഹബന്ധം തുടരാൻ ആമിയോട് ആവശ്യപ്പെടുന്നതുമാണ് രംഗത്തിലുള്ളത്.
Business
പാലക്കാട്: പ്രമുഖ ഹോൾസെയിൽ ആൻഡ് മാനുഫാക്ച്ചറിംഗ് ജ്വല്ലറി ശൃംഖലയായ റീഗൽ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം പാലക്കാട്ട് പ്രവർത്തനമാരംഭിച്ചു. ടൗണ്‍ ബസ് സ്റ്റാൻഡ് റോഡിൽ ഒരുക്കിയ ഷോറൂമിന്റെ ഉദ്ഘാടനം ബ്രാൻഡ് അംബാസഡറും ചലച്ചിത്രതാരവുമായ മഞ്ജു വാര്യർ നിർവഹിച്ചു. പാലക്കാട് നഗരസഭ ചെയർമാൻ പി. സ്മിതേഷ് ദീപം തെളിച്ചു.
ചെയർമാൻ ടി.കെ. ശിവദാസൻ, എംഡി ആൻഡ് സിഇഒ വിബിൻ ശിവദാസ്, ക്ഷേമ ശിവദാസ്, പല്ലവി നംദേവ്, കുമാരി അനൈഷ, മാസ്റ്റർ അവിയാൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു.
കേരളത്തിലെ സ്വർണാഭരണ വിപണിയിൽ ഹോൾസെയിൽ വില എന്ന ആശയം അവതരിപ്പിച്ച റീഗൽ ജ്വല്ലേഴ്സ് പാലക്കാട്ടെ ഉപയോക്താക്കൾക്കായി ഏറ്റവും ലാഭകരമായ ഷോപ്പിംഗ് അനുഭവത്തിനൊപ്പം വിപുലമായ ആഭരണ ശേഖരമാണ് ഒരുക്കിയിരിക്കുന്നതെന്ന് എംഡി വിബിൻ ശിവദാസ് പറഞ്ഞു.
ട്രെൻഡിംഗ് ലൈറ്റ് വെയ്റ്റ് വെഡിംഗ് കളക്ഷനുകൾ, പരന്പരാഗത കേരള ആഭരണങ്ങൾ, ബോംബെ-കൽക്കട്ട ഡിസൈനുകൾ, ചെട്ടിനാട്, നഗാസ്, ആന്റിക്, പൊൽക്കി ആഭരണശേഖരം, അന്താരാഷ്ട്ര നിലവാരമുള്ള സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങൾ, അണ്‍കട്ട് ഡയമണ്ട്, പ്രെഷ്യസ് സ്റ്റോണ്‍ ആഭരണങ്ങൾ, പ്രീമിയം പ്ലാറ്റിനം കളക്ഷനുകൾ, ഫാഷൻ പ്രേമികളെ ആകർഷിക്കുന്ന 18 കാരറ്റ്, 14 കാരറ്റ് ആഭരണങ്ങൾ തുടങ്ങിയ പാലക്കാട് ഷോറൂമിന്റെ സവിശേഷതയാണ്.
വിവാഹ പാർട്ടികൾക്കായി പ്രത്യേകമായി ബ്രൈഡൽ ഫ്ലോർ ഒരുക്കിയിട്ടുണ്ട്. സ്വർണവിലവർധനവിൽനിന്നു സംരക്ഷണമേകി ഗോൾഡ് റേറ്റ് ബുക്കിംഗ്, അക്ഷയതൃതീയ പ്രമാണിച്ച് അഡ്വാൻസ് ബുക്കിംഗ് എന്നിവ തുടങ്ങിയതായും അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 85129 09090.
Movies
നടി മഞ്ജു വാര്യരുടെ കഴുത്തിൽ പതിച്ചിരിക്കുന്ന സ്റ്റിക്കറായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മഞ്ജു ആരാധകർക്കിടയിലെ ചർച്ച. എങ്ങനെയാണ് താരത്തിന്റെ കഴുത്തിൽ ആ പാച്ച് വന്നതെന്നായിരുന്നു ആരാധകരെ ആശങ്കപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ഭാവന നായികയായ അനോമി എന്ന സിനിമയുടെ പ്രദർശനം കാണാൻ എത്തിയ മഞ്ജുവിന്റെ വീഡിയോ വൈറലായതോടെയാണ് ചർച്ചകൾ തുടങ്ങിയത്.
താരത്തിന്റെ കഴുത്തിൽ ഒട്ടിച്ചിരുന്ന മഞ്ഞ നിറത്തിലുള്ള പാച്ച് കണ്ടതോടെ താരം എന്തെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയയായതാണോ എന്ന രീതിയിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ പടർന്നിരുന്നു. എന്നാൽ ഇത് ശസ്ത്രക്രിയയുടെ അടയാളമല്ല. മോഷൻ സിക്ക്നെസ് പാച്ച് ആണ്.
യാത്രയ്ക്കിടയിൽ അനുഭവപ്പെടുന്ന തലകറക്കം, ഛർദ്ദി, അസ്വസ്ഥത എന്നിവ ഒഴിവാക്കാനാണ് മോഷൻ സിക്ക്നെസ് പാച്ചുകൾ ഉപയോഗിക്കുന്നത്.
സാധാരണയായി ചെവിയുടെ പുറകിലോ കഴുത്തിലോ ആണ് ഇവ ഒട്ടിക്കാറുള്ളത്. ഇതിൽ അടങ്ങിയിരിക്കുന്ന മരുന്ന് ചർമ്മത്തിലൂടെ സാവധാനം ശരീരത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും ആന്തരിക കർണ്ണത്തിലെ ബാലൻസിനെ നിയന്ത്രിച്ച് തലകറക്കം വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
Movies
ശ്രീനിവാസന്റെ വിയോഗത്തിൽ ഹൃദയം പിളർക്കുന്ന വേദനയുമായി നടി മഞ്ജു വാര്യർ. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിച്ചിരിക്കുകയാണെന്ന് മഞ്ജു കുറിച്ചു.
ഒരു ശരീരം മാത്രമാണ് ഇല്ലാതാകുന്നതെന്നും ആ പേര് ഇനിയും പല കാലം പലതരത്തിൽ ഇവിടെ ജീവിക്കുമെന്നും കുറിപ്പിന്റെ അവസാനം മഞ്ജു പറയുന്നു.
കാലാതിവർത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയിൽ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു. അങ്ങനെ, ഒരുതരത്തിൽ അല്ല പലതരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നു.
വ്യക്തിപരമായ ഓർമകൾ ഒരുപാട്. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്. പക്ഷേ ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തിൽ ഇവിടെ ജീവിക്കും എന്നും വിശ്വസിച്ചു കൊണ്ട് അന്ത്യാഞ്ജലി.
ഇന്ന് രാവിലെ 8.30നാണ് ശ്രീനിവാസൻ അന്തരിച്ചത്. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഉദയംപേരൂരിലെ വീട്ടുവളപ്പിൽ നടക്കും.
Movies
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിയിൽ പ്രതികരിച്ച് നടി മഞ്ജു വാര്യർ. കുറ്റം ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണെന്ന് മഞ്ജു കുറിച്ചു. നീതി പൂർണമായില്ലെന്നും അതിജീവിതയ്ക്കൊപ്പമാണെന്നും അവർ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പ്രതികരിച്ചു.
മഞ്ജുവിന്റെ കുറിപ്പിന്റെ പൂർണരൂപം
ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷേ, ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്.
അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണമാവുകയുള്ളൂ. പോലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ.
ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ. അന്നും, ഇന്നും, എന്നും അവൾക്കൊപ്പം.
നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിൽ ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് ആണ് വിചാരണക്കോടതി വിധിച്ചത്. നടൻ ദിലീപ് അടക്കം നാലു പേരെ കുറ്റവിമുക്തരാക്കി.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും ആസൂത്രണം ചെയ്തവർ പുറത്തുണ്ടന്നും മഞ്ജു വാര്യർ സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. ആസൂത്രണം ചെയ്തവർ കൂടി ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂ എന്ന് മഞ്ജു പറഞ്ഞു.
കോടതി വിധിക്കെതിരെ അതിജീവിതയും ശക്തമായി ആഞ്ഞടിച്ചിരുന്നു. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമ കുറിപ്പിൽ അതിജീവിത വ്യക്തമാക്കി.
ഈ രാജ്യത്ത് നിയമത്തിന് മുന്നിൽ എല്ലാവരും ഒരു പോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നെന്നും തന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും അതിജീവിതയുടെ കുറിപ്പിൽ പറയുന്നു. ഇതിന് പിന്നാലെയാണ് മഞ്ജു വാര്യരുടെ പ്രതികരണവും വന്നിരിക്കുന്നത്.
Kerala
നടി ആക്രമണക്കേസിന്റെ നിർണായകമായ കോടതിവിധി പുറത്തുവന്നപ്പോൾ വർഷങ്ങൾക്കുമുമ്പ് നടന്ന രണ്ടു പ്രസംഗങ്ങൾ വീണ്ടും ചർച്ചയാകുന്നു.
ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാർഢ്യമറിയിക്കാൻ സംഭവം നടന്ന് രണ്ടു ദിവസത്തിനുശേഷം 2019 ഫെബ്രുവരി 19ന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ സിനിമാപ്രവർത്തകർ നടത്തിയ സംഗമത്തിൽ മഞ്ജു വാര്യരും ദിലീപും നടത്തിയ പ്രസംഗങ്ങളാണു കോടതിവിധിയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാകുന്നത്.
നടി ആക്രമിക്കപ്പെട്ടതിനുപിന്നിൽ ക്രിമിനൽ ഗൂഢാലോചനയെന്ന ആരോപണം ആദ്യമായി ഉന്നയിക്കുന്നത് അന്നത്തെ പ്രസംഗത്തിൽ മഞ്ജു വാര്യരാണ്. അന്ന് അതിനെ അനുകൂലിച്ച പലരും പിന്നീട് നിലപാട് മാറ്റിയപ്പോഴും മഞ്ജു അതിജീവിതയ്ക്കൊപ്പം ശക്തമായി നിന്നു. അതേസമയം നടിക്കു പിന്തുണയറിയിക്കുന്നതായിരുന്നു ദിലീപിന്റെയും പ്രസംഗം. ഇരുവരുടെയും പ്രസംഗങ്ങളിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ:
ഇവിടെ ഇരിക്കുന്ന പലരെയും, ഞാനടക്കമുള്ള പലരെയും പല അര്‍ധരാത്രികളിലും അസമയങ്ങളിലും ഞങ്ങളുടെ വീടുകളില്‍ സുരക്ഷിതരായി കൊണ്ടാക്കിയ ഡ്രൈവര്‍മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരെയും അങ്ങനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പക്ഷേ, ഇതിനുപിന്നില്‍ നടന്നിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്.
ഈ ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങേയറ്റം പൂര്‍ണമായ പിന്തുണ നല്‍കുക എന്നതാണ് നമുക്കിവിടെ ചെയ്യാന്‍ സാധിക്കുക. അതു മാത്രമല്ല, ഒരു സ്ത്രീക്ക് വീടിനകത്തും പുറത്തും അവള് പുരുഷന് നല്കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചുകിട്ടാനുള്ള അര്‍ഹതയുണ്ട്.
ആ ഒരു സന്ദേശമാണ് ഞാനിവിടെ എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സമൂഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടേയെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.
എന്റെ കൂടെ ഏറ്റവും കൂടുതൽ സിനിമ ചെയ്തിട്ടുള്ള കുട്ടികൂടിയാണ് ആക്രമിക്കപ്പെട്ടത്. ശരിക്കു പറഞ്ഞാല്‍ നമ്മള് ഉടനെ നമ്മുടെ വീടിന്റെ അകത്തേക്കുതന്നെയാണ് നോക്കിപ്പോകുന്നത്. വളരെ ഭയക്കുന്നത്, ഇതു സിനിമയില്‍ സംഭവിച്ചു എന്നതിനെക്കാളേറെ നമ്മുടെ നാട്ടില്‍ സംഭവിച്ചു എന്നതാണ്.
സത്യസന്ധമായ രീതിയിലാണ് പോലീസ് അതിന്റെ അന്വേഷണമെല്ലാം മുന്നോട്ടു കൊണ്ടുപോകുന്നത്. എല്ലാവരും വളരെ സജീവമായി ഇതിന്റെ പിന്നിലുള്ള ആളുകളുടെ പിന്നാലെതന്നെയുണ്ട്. മീഡിയക്കാരോട് പ്രത്യേകിച്ചു പറയാനുള്ളത്, വാര്‍ത്തകള്‍ വളച്ചൊടിക്കാനല്ല ശ്രമിക്കേണ്ടത്. ഇത് സിനിമയില്‍ സംഭവിച്ചുവെന്ന് പറയുമ്പോള്‍ അതില്‍ ഇത്രയും കൂട്ടായ്മയുണ്ടായി.
പക്ഷേ, നമ്മുടെ ഒരു സാധാരണക്കാരന്റെ വീട്ടില്‍ നടക്കുന്ന സംഭവമായി എടുത്ത് ഇനി ഈ നാട്ടില്‍ ഇതു സംഭവിക്കാതിരിക്കാന്‍ നമുക്ക് ഒരുമിച്ചു നില്ക്കാം. അതിന്റെ ഭാഗത്ത് ഞാനുമുണ്ടാകും.
Movies
വിമർശനങ്ങൾ തുടരുന്നതിനിടയിലും കൈയടി നേടി മുന്നേറുകയാണ് രഞ്ജിത്ത് ഒരുക്കിയ ഹ്രസ്വചിത്രം ആരോ. ശ്യാമപ്രസാദും മഞ്ജു വാര്യരും കഥാപാത്രങ്ങളായ ചിത്രം രണ്ടു ദിവസം കൊണ്ട് പത്ത് ലക്ഷം പേരാണ് കണ്ടുതീർത്തത്.
മമ്മൂട്ടി കമ്പനി ആദ്യമായി നിർമിച്ച ഹ്രസ്വചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തില്‍ അസീസ് നെടുമങ്ങാടും അഭിനയിക്കുന്നു. 21 മിനിറ്റാണ് ദൈർഘ്യം.
മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ക്യാപിറ്റോൾ തിയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമിച്ചത്.
ഒരു ഇടവേളയ്ക്ക് ശേഷം ആരോയിലൂടെ രഞ്ജിത്ത് വീണ്ടും സംവിധാന വേഷത്തിൽ എത്തിയ ചിത്രം കൂടിയാണിത്. ആരോയുടെ കഥയും സംഭാഷണവും വി.ആർ. സുധീഷിന്റേതാണ്. ദേശീയ, രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ ചിത്രം പ്രദർശിപ്പിക്കും. പശ്ചാത്തല സംഗീതം- ബിജിബാൽ. ആർട്-സന്തോഷ് രാമൻ. എഡിറ്റിംഗ്- രതിൻ രാധാകൃഷ്ണൻ. കോസ്റ്റ്യൂം- സമീറ സനീഷ്. മേക്കപ്പ്- രഞ്ജിത്ത് അമ്പാടി.
Movies
ശ്യാമപ്രസാദിനെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ ‘ആരോ’ എന്ന ഹ്രസ്വചിത്രത്തെ പ്രശംസിച്ച് ജോയ് മാത്യു. ആൺ പെൺ വ്യത്യാസമില്ലാതെ ഇത്രയധികം വ്യാജ ബുജികൾ ഭൂമി മലയാളത്തിൽ ഉണ്ടെന്നറിഞ്ഞത് ‘ആരോ’ എന്ന ചിത്രം യൂട്യൂബിൽ എത്തിയ ശേഷമാണെന്ന് അദ്ദേഹം പറയുന്നു.
ജോയ് മാത്യുവിന്റെ കുറിപ്പ്
‘ആരോ’, ആൺ പെൺ വ്യത്യാസമില്ലാതെ ഇത്രയധികം വ്യാജ ബുജികൾ ഭൂമി മലയാളത്തിൽ ഉണ്ടെന്നറിഞ്ഞത് രഞ്ജിത്തിന്റെ ‘ആരോ’ എന്ന ഷോർട് ഫിക്ഷന്റെ യൂട്യൂബ് റിലീസിംഗ് കഴിഞ്ഞപ്പോഴാണ്. ചിലർക്ക് അസഹിഷ്ണുത, ചിലർക്ക് വ്യക്തി വിരോധം, ചിലർക്ക് വെറും പരിഹാസം.
തർക്കോവ്സ്കി തലക്ക് പിടിച്ചവർക്കും കിസ്ലോവ്സ്കിയെ കീശയിലാക്കി കൊണ്ടുനടക്കുന്നവർക്കും ഗൊദാർദിൽ പിഎച്ച്ഡി എടുത്തവർക്കും ഉള്ളതല്ല ആരോ എന്ന് ആരെങ്കിലും ഇവർക്ക് പറഞ്ഞുകൊടുക്കുന്നത് നന്നായിരിക്കും.
ചില തോന്നലുകൾ, ഭ്രമങ്ങൾ അല്ലെങ്കിൽ വിഭ്രമങ്ങൾ ഇതൊക്കെ എല്ലാ മനുഷ്യരിലും കൂടിയും കുറഞ്ഞുമിരിക്കും-ആ അർഥത്തിൽ രണ്ടാമതും മൂന്നാമതും കാണുവാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് നല്ല കലാസൃഷ്ടികളുടെ പ്രത്യേകതയാണ്-അതുകൊണ്ടാണ് അത്ര വ്യാജൻ അല്ലാത്ത ഞാൻ ഈ കാവ്യത്തെ ഇഷ്ടപ്പെടുന്നത്. അത് എത്ര ജനപ്രിയമായി എന്ന് അതിൽ തന്നെ അറിയാനും കഴിയും.
Movies
സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസ്. അച്യുതാനന്ദന്റെ നിലപാടുകള്‍ കാലത്തിന്റെ ആവശ്യകതയായിരുന്നുവെന്ന് നടി മഞ്ജു വാര്യർ. മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പങ്കുവച്ച കുറിപ്പിലാണ് നടി ഇക്കാര്യം പങ്കുവച്ചത്.
""വി.എസ്.അച്യുതാനന്ദന്റെ കാൽപാദത്തില് ഒരു മുറിവിന്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നു. പുന്നപ്ര- വയലാര്‍ സമരത്തിന്റെ ഓര്‍മയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്.
അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിന്റെ നിലപാടുകള്‍ കാലത്തിന്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി.'' മഞ്ജു കുറിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 3:20-നാണ് വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് എന്ന വി.എസ്. അച്യുതാനന്ദന് വിടവാങ്ങിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ജൂണ്‍ 23 മുതല്‍ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും ഒപ്പമുണ്ടായിരുന്നു.