പുതിയ കഴിവുകൾ സായത്തമാക്കാൻ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിലാണ് നടി മഞ്ജു വാര്യറും. അഭിനയത്തിനും നൃത്തത്തിനുമൊപ്പം ബൈക്ക് റൈഡിംഗും മഞ്ജുവിന്റെ ഇഷ്ടങ്ങളിലൊന്നാണ്. ഇപ്പോഴിതാ നടിയുടെ കുതിര സവാരിയിലാണ് പരിശീലനം നേടിയിരിക്കുന്നത്.
ആലുവ ശിവരാത്രി മണപ്പുറത്താണ് താരം പരിശീലനം നടത്തിയത്. ഏകദേശം ഒരു മാസത്തോളം നീണ്ട പരിശീലനമായിരുന്നു നടത്തിയത്. ആലുവ തോട്ടക്കാട്ടുകര ആലപ്പാട്ട് ജോര്‍ജ് ഡയസാണ് മഞ്ജുവിന് കുതിര സവാരിയിൽ പരിശീലനം നൽകിയത്. ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ലോറഎന്ന പെണ് കുതിരയിലാണ് താരം കുതിര സവാരി പഠിച്ചത്.
പുലര്‍ച്ചെ അഞ്ച് മണിയോടെ മണപ്പുറത്ത് എത്തിയിരുന്ന മഞ്ജു എന്നും രണ്ട് മണിക്കൂറാണ് കുതിര സവാരി പരിശീലനം നടത്തിയത്. ഒരാഴ്ചയ്ക്കകം തന്നെ മഞ്ജു കുതിര സവാരി പഠിച്ചെടുത്തുവെന്ന് പരിശീലകൻ ജോർജ് പറയുന്നു. തുടർന്നുള്ള ദിവസങ്ങളില്‍ ഒറ്റയ്ക്ക് സവാരി നടത്തി തുടങ്ങി.
മണപ്പുറത്ത് തിരക്കാകുന്നതിന് മുൻപ് നടി പഠനം കഴിഞ്ഞ് മടങ്ങും. എറണാകുളത്തെ ഫ്ലാറ്റില്‍ നിന്നുമാണ് ആലുവയില്‍ നടി എത്തിയിരുന്നത്. ജാക്കറ്റും തൊപ്പിയും ധരിച്ച് ബൈക്കില്‍ എത്തുന്ന മഞ്ജുവിനെ അധികം ആരും തിരിച്ചറിഞ്ഞിരുന്നില്ല. പരിശീലന ശേഷം ഓൾഡ് ദേശം റോഡിലെ കടകളിലെത്തിയായിരുന്നു ഭക്ഷണം.
ചലച്ചിത്രതാരങ്ങളായ സണ്ണി വെയിൻ, സിജു വിൽസൺ, നിർമാതാവ് ബിനീഷ് ചന്ദ്രൻ എന്നിവരും മഞ്ജുവിനൊപ്പം കുതിരസവാരി പഠിക്കാൻ മണപ്പുറത്ത് എത്തിയിരുന്നു. ആലുവ സ്വദേശി കൂടിയായ സിജു വിൽസൺ മുഖാന്തരമാണ് മഞ്ജു കുതിര സവാരി പഠനത്തിന് ജോർജിനെ സമീപിച്ചത്.