ചന്തു സലിം കുമാർ, മഞ്ജു വാര്യർ
സിവിക് സെൻസ് തീരെ ഇല്ലാത്തൊരു സമൂഹമാണ് ഇവിടെയുള്ളതെന്നും പൗരബോധം ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നും നടി മഞ്ജു വാര്യർ.
ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള ഹൈബി ഈഡൻ എംപിയുടെ അവാർഡുവിതരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മഞ്ജു. മുഖ്യമന്ത്രി വി.ഡി. സതീശനും ചടങ്ങിൽ പങ്കെടുത്തിരുന്നു.
‘‘സിവിക് സെന്‍സ് എന്നൊരു വാക്കുണ്ട്. പാഠ പുസ്തകങ്ങളിലൂടെയും മറ്റും പലപ്പോഴും നമ്മള് കേട്ടിട്ടുള്ള വാക്കുമാണത്. അത് വാക്കില്‍ ഉണ്ടെങ്കിലും നമ്മുടെ സമൂഹത്തില്‍ എത്ര മാത്രം അത് പ്രായോഗികമായിട്ടുണ്ട് എന്നത് ചില അവസരങ്ങളില്‍ ഞാന്‍ ചിന്തിച്ച് പോകാറുണ്ട്. തിയറ്ററിക്കലായി പറയുന്നതിലും നല്ലത്, ചില ഉദാഹരണങ്ങള്‍ പറയുന്നതായിരിക്കും.
സമൂഹ മാധ്യമങ്ങളിലൂടെ ഈ അടുത്ത് നമ്മള് കണ്ട ചില കാഴ്ചകളുണ്ട്. നമ്മുടെ പ്രിയപ്പെട്ട നടന് സലിം കുമാര്‍. അദ്ദേഹം അടുത്തിടെ നമ്മളെ വിട്ട് പിരിഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങുകളില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അടക്കം, സലീമേട്ടന്റെ മകന് ചന്തു അടക്കം അവിടെ ഔചിത്യം ഇല്ലാതെ, അവസരോചിതമല്ലാതെ നിന്നവരോട് കയര്‍ത്ത് സംസാരിക്കേണ്ടി വന്ന ഒരു സങ്കടകരമായ കാഴ്ച സോഷ്യല്‍ മീഡിയയില്‍ കണ്ടു.
അത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞ് തമിഴിലെ വളരെ പ്രശസ്തനായ ഭാഗ്യരാജ് അദ്ദേഹം അന്തരിച്ച സമയം. അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ മൊബൈലില്‍ ഇതെല്ലാം പകര്‍ത്താന്‍ വന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ നിന്ന നടി രാധികയെ തട്ടി താഴെ ഇടുന്നതും അതും മൊബൈലില്‍ പകര്‍ത്തുന്ന കാഴ്ചയും ഒരുപാട് സങ്കടത്തോടെ ഞാന്‍ കണ്ടു. ഞാൻ കണ്ടത് വേറാരോ ഫോണില്‍ പകര്‍ത്തിയ കാഴ്ചയാണ് എന്ന സത്യം അവിടെ നിലനില്‍ക്കെ, ചില കാര്യങ്ങൾ ശക്തമായി ചിന്തിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി.
നമ്മൾ എവിടെ നിൽക്കുന്നുവെന്നും ഏത് അവസരത്തിൽ നിൽക്കുന്നുവെന്നും സ്വയം പാലിക്കേണ്ട നിയന്ത്രണങ്ങളെന്തെന്നും ബോധ്യമുണ്ടാകണം.
ജോലിയുടെ ഭാഗമായും അല്ലാതെയും പല വിദേശ രാജ്യങ്ങളിലും സഞ്ചരിക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. അവിടെയൊക്കെ ഞാൻ ശ്രദ്ധിച്ചൊരു കാര്യമുണ്ട്.
അനുമതി ചോദിച്ചശേഷമാണ് വിദേശങ്ങളിൽ ഒരാളുടെ ചിത്രം പകർത്തുന്നത്. കുട്ടികളുടെയോ എന്തിന് വളർത്തു മൃഗങ്ങളുടെയോ പോലും ചിത്രമെടുക്കുക, ഒരാളോട് അനുവാദം ചോദിച്ച ശേഷമാകും.
എല്ലാവരുടെ സ്വകാര്യതയും മാനിക്കപ്പെടേണ്ടതാണെന്ന അവബോധം വേണം. അത് നമ്മുടെ സമൂഹത്തിൽ എത്രമാത്രം ഉണ്ടെന്ന് അറിയില്ല. മാലിന്യം സംസ്കരിക്കേണ്ടതെങ്ങനെയെന്ന പല അവബോധം നാട്ടിൽ ഉണ്ട്.
പക്ഷേ ഈയൊരു സിവിക് സെൻസ് ഉണർന്നു പ്രവർത്തിക്കേണ്ട പല അടിയന്തരഘട്ടങ്ങളും നമ്മുടെ സമൂഹത്തിലും ജീവിതത്തിലും ഇന്ന് ഉണ്ടാകുന്നുണ്ടെന്ന് ഇവിടെ ഓർമിപ്പിക്കണമെന്ന് തോന്നി.
അതിനുള്ള അവസരമായി ഈ വേദി ഉപയോഗിക്കുന്നു. ആ പൗരബോധം ജീവിതത്തിൽ എത്രത്തോളം പ്രാവർത്തികമാക്കണം എന്ന ഉറച്ച തീരുമാനമെടുക്കാനുള്ള വേദിയായി ഇത് മാറട്ടെ.’’മഞ്ജു വാര്യർ പറഞ്ഞു.
Tags : Chandu Manju Warrier civic sense